തിരുവനന്തപുരം: അധ്യാപകര്‍ക്ക് സമരത്തില്‍ പങ്കെടുക്കാന്‍ വട്ടിയൂര്‍ക്കാവ് ഗവ. എല്‍ പി എസിന് അനധികൃതമായി അവധി നല്‍കിയ സംഭവത്തില്‍ കടുത്ത നടപടിയുമായി വിദ്യാഭ്യാസ വകുപ്പ്. പ്രഥമാധ്യാപകനെ അന്വേഷണവിധേയമായി സസ്‌പെന്‍ഡ് ചെയ്തായി മന്ത്രി അറിയിച്ചു.

പ്രഥമ അദ്ധ്യാപകനായ ജിനില്‍ ജോസിനെയാണ് തിരുവനന്തപുരം നോര്‍ത്ത് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസറുടെ റിപ്പോര്‍ട്ട് പ്രകാരം സസ്പെന്‍ഡ് ചെയ്തതായി വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി അറിയിച്ചത്. നേരത്തെ സംഭവത്തില്‍ അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു.

തിരുവനന്തപുരം വട്ടിയൂര്‍ക്കാവ് ഗവ എല്‍ പി സ്‌കൂളിന് അവധി നല്‍കി അധ്യാപകര്‍ സമരത്തിന് പോവുകയായിരുന്നു. തുടര്‍ന്ന് നോര്‍ത്ത് എഇഒയുടെ നേതൃത്വത്തില്‍ എത്തിയാണ് സ്‌കൂള്‍ തുറന്നത്. ഇന്ന് ക്ലാസ് ഉണ്ടാവില്ല എന്ന് വാട്‌സപ്പ് ഗ്രൂപ്പ് വഴി കുട്ടികളെ അധ്യാപകര്‍ അറിയിച്ചിരുന്നു.

സമരം ചെയ്യുന്നതിനാല്‍ സ്‌കൂളിന് അവധി നല്‍കുന്നതായി അധികൃതര്‍ വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ സന്ദേശമിടുകയായിരുന്നു. സംഭവമറിഞ്ഞ് എഇഒ സ്‌കൂളിലെത്തി. ഇരുന്നൂറോളം കുട്ടികളാണ് സ്‌കൂളില്‍ പഠിക്കുന്നത്. സ്‌കൂള്‍ തുറക്കാത്തതിനാല്‍ വിദ്യാര്‍ത്ഥികള്‍ തിരികെ പോവുകയായിരുന്നു.

അദ്ധ്യാപകര്‍ ക്ലാസെടുക്കുന്നുണ്ടോയെന്ന് അറിയാനായാണ് എഇഒ സ്‌കൂളിലെത്തിയത്. അടഞ്ഞ് കിടക്കുകയാണെന്ന് അറിഞ്ഞതോടെ ബന്ധപ്പെട്ടവരെ അറിയിച്ചെന്നും റിപ്പോര്‍ട്ട് സമര്‍പ്പിച്ചെന്നും എഇഒ വ്യക്തമാക്കിയിരുന്നു.

അനധികൃതമായി ഇത്തരത്തില്‍ അവധി നല്‍കിയതിനെതിരെയാണ് ഇപ്പോള്‍ നടപടി സ്വീകരിച്ചിട്ടുള്ളത്. അധ്യാപകരും ജീവനക്കാരും സമരത്തില്‍ പങ്കെടുക്കുന്നതിനാല്‍ ഇന്ന് ക്ലാസ് ഉണ്ടായിരിക്കുന്നതല്ലെന്ന് വാട്‌സാപ്പില്‍ സന്ദേശം അയച്ചിരുന്നു. ശമ്പളപരിഷ്‌കരണം നടത്തുക, ലീവ് സറണ്ടര്‍ അനുവദിക്കുക, ഡിഎ കുടിശ്ശിക നല്‍കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് അധ്യാപകരും ജീവനക്കാരും പണിമുടക്കുന്നത്.

പ്രതിപക്ഷ പാര്‍ട്ടികളുടെ സര്‍വീസ് സംഘടനാ കൂട്ടായ്മയായ സെറ്റോ, സി.പി.ഐ സംഘടനയായ ജോയിന്റ് കൗണ്‍സില്‍ എന്നിവയുടെ നേതൃത്വത്തിലാണ് സര്‍ക്കാര്‍ ജീവനക്കാരും അദ്ധ്യാപകരും ഇന്ന് സൂചനാപണിമുടക്ക് നടത്തിയത്. പണിമുടക്കിനെ നേരിടാന്‍ സര്‍ക്കാര്‍ ഡയസ് നോണ്‍ പ്രഖ്യാപിച്ചിരുന്നു. പണിമുടക്ക് ദിവസത്തെ ശമ്പളം 2025 ഫെബ്രുവരി മാസത്തെ ശമ്പളത്തില്‍ നിന്ന് കുറയ്ക്കുമെന്നാണ് അറിയിച്ചിട്ടുള്ളത്.