- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വര്‍ഷങ്ങളായി എല്ലുമുറിയെ പണിയെടുക്കുന്നവരുടെ അമേരിക്കന്‍ സ്വപ്‌നം പൊലിയുമോ? ഫെബ്രുവരി 20 ന് മുമ്പ് കുഞ്ഞുങ്ങള്‍ക്ക് പൗരത്വം നേടിയെടുക്കാന്‍ സിസേറിയനായി നെട്ടോട്ടമോടി അമേരിക്കയിലെ ഇന്ത്യന്‍ ദമ്പതികള്‍; മാസം തികയാതെയുള്ള പ്രസവത്തിന് പോലും തയ്യാറെടുത്ത് ചിലര്‍; ജന്മാവകാശ പൗരത്വം റദ്ദാക്കാനുള്ള ട്രംപിന്റെ തീരുമാനം കൊണ്ടുവന്ന ഗുലുമാലുകള്
ഫെബ്രുവരി 20 ന് മുമ്പ് കുഞ്ഞുങ്ങള്‍ക്ക് പൗരത്വം നേടിയെടുക്കാന്‍ സിസേറിയനായി നെട്ടോട്ടമോടി അമേരിക്കയിലെ ഇന്ത്യന്‍ ദമ്പതികള്‍
വാഷിങ്ടണ്‍: അമേരിക്കയില്‍ ജനിക്കുന്ന എല്ലാവര്‍ക്കും പൗരത്വം നല്‍കുന്ന ജന്മാവകാശ പൗരത്വ സംവിധാനം റദ്ദാക്കിയതിനെതിരെ അമേരിക്കന്‍ സംസ്ഥാനങ്ങള്‍ നിയമപോരാട്ടത്തിന് ഇറങ്ങിയിരിക്കുകയാണ്. അതിനിടെ മറ്റൊരു പോരാട്ടത്തിലാണ് ഇന്ത്യന്‍ ദമ്പതികള്‍. ഫെബ്രുവരി 20 ന് മുമ്പ് സിസേറിയന്‍ വഴിയുള്ള പ്രസവത്തിലൂടെ തങ്ങളുടെ കുഞ്ഞുങ്ങള്‍ക്ക് പൗരത്വം ഉറപ്പിക്കാന്‍ പെടാപ്പാട് പെടുകയാണ്.
അതിനുവേണ്ടി മാറ്റേണിറ്റി ക്ലിനിക്കുകളിലേക്ക് ഇന്ത്യന്‍ ദമ്പതികളുടെ നെട്ടോട്ടമാണ്. യുഎസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപിന്റെ എക്‌സിക്യൂട്ടീവ് ഉത്തരവ് മിക്ക ദമ്പതികള്‍ക്കും വെള്ളിടി പോലെയായിരുന്നു. കാരണം ഫെബ്രുവരി 20 ഓടെ ജന്മാവകാശ പൗരത്വം അവസാനിപ്പിക്കും എന്നാണ് ട്രംപിന്റെ മുന്നറിയിപ്പ്.
തനിക്ക് 20 ഓളം ദമ്പതികളില്‍ നിന്ന് കോളുകള്‍ കിട്ടിയെന്ന് ഇന്ത്യന്‍ വംശജനായ ഗൈനക്കോളജിസ്റ്റ് പറഞ്ഞു. ഫെബ്രുവരി 19 ന് ശേഷം ജനിക്കുന്ന അമേരിക്കന്‍ ഇതര ദമ്പതികളുടെ കുട്ടികള്‍ക്ക് സ്വാഭാവികമായി പൗരത്വം കിട്ടില്ല. താല്‍ക്കാലിക എച്ച് 1 -ബി , എല്‍ 1 വിസകളുമായി ജോലി ചെയ്യുന്ന ആയിരക്കണക്കിന് ഇന്ത്യാക്കാരുണ്ട് അമേരിക്കയില്‍. ഇവരില്‍ പലരും സ്ഥിരതാമസത്തിനുളള ഗ്രീന്‍ കാര്‍ഡിനായും ക്യു നില്‍ക്കുന്നവരാണ്.
ഗ്രീന്‍ കാര്‍ഡില്ലാത്തവരോ, ഒരാള്‍ക്കെങ്കിലും അമേരിക്കന്‍ പൗരത്വം ഇല്ലാത്തവരോ ആയ ദമ്പതികളുടെ മക്കളാണ് ജന്മനാ യുഎസ് പൗരത്വം കിട്ടാതെ വിഷമിക്കാന്‍ പോകുന്നത്. ഇക്കാരണത്താലാണ് ഫെബ്രുവരി 20 ന് മുമ്പ് സിസേറിയന്‍ വഴി പ്രസവിക്കാന്‍ ഇന്ത്യന്‍ ദമ്പതികള്‍ തിരക്കുകൂട്ടുന്നത്.
എട്ടാം മാസത്തിലും 9 ാം മാസത്തിലുമൊക്കെയായ സ്ത്രീകള്‍ സിസേറിയന്‍ ചെയ്യണമെന്ന് ആവശ്യപ്പെട്ട് വിളിക്കുന്ന കോളുകള്‍ അനവധിയാണെന്ന് ന്യൂജഴ്‌സിയിലേ മാറ്റേണിറ്റി ക്ലിനിക്കിലെ ഡോ. എസ്. ഡി. രമ പറഞ്ഞു. ചിലരൊക്കെ മാസം തികയാതെ തന്നെ പ്രസവിക്കണമെന്ന് ശാഠ്യം പിടിക്കുന്നു.
ഏഴുമാസം ഗര്‍ഭമുള്ള യുവതി ഭര്‍ത്താവിനൊപ്പം എത്തി മാസം തികയാതെ ഉള്ള പ്രസവത്തിന് സമ്മതം അറിയിച്ചെന്ന് ഡോ. രമ ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു. അമേരിക്കയില്‍ ജനിക്കുന്ന തങ്ങളുടെ കുഞ്ഞുങ്ങളില്‍ പൗരത്വത്തിനായി പ്രതീക്ഷ അര്‍പ്പിക്കുന്ന ഇന്ത്യാക്കാരുമുണ്ട്. ഈ അമേരിക്കന്‍- ഇന്ത്യാക്കാരായ കുട്ടികള്‍ക്ക് 21 വയസുതികയുമ്പോള്‍, അത് അവരുടെ മാതാപിതാക്കള്‍്ക്ക് കൂടി അമേരിക്കന്‍ പൗരത്വത്തിനുളള ടിക്കറ്റാണ്. ഇതൊക്കെയാണ് തിരക്കിന് കാരണം.
എന്നാല്‍, ഇത്തരത്തില്‍, മാസം തികയാതെയുള്ള പ്രസവത്തിലെ അപകടങ്ങളെ കുറിച്ച് ടെക്‌സാസിലെ ഡോ. എസ് ജി മുക്കാല എന്ന ഗൈനക്കോളജിസ്റ്റ് ആശങ്ക രേഖപ്പെടുത്തുന്നു. അമ്മയ്ക്കും കുഞ്ഞിനും മാസം തികയാതെയുള്ള പ്രസവം അപകടകരമാണെന്ന് ദമ്പതികളെ പറഞ്ഞുമനസ്സിലാക്കാന്‍ ശ്രമിക്കുന്നുണ്ട്. ജനിക്കുമ്പോള്‍ കുഞ്ഞിന് ഭാരക്കുറവ്, നാഡീസംബന്ധമായ പ്രശ്‌നങ്ങള്‍, പൂര്‍ണമായി വികസിക്കാത്ത ശ്വാസകോശം തുടങ്ങിയ സങ്കീര്‍ണതകള്‍ ഉണ്ടാകാമെന്ന് ഡോക്ടര്‍ മുന്നറിയിപ്പ് നല്‍കുന്നു. അമേരിക്കന്‍ സ്വപ്‌നം സഫലമാക്കാന്‍ ഏതറ്റം വരെയും പോകാന്‍ പലരും തയ്യാറാണ്. അവരുടേതായ സാഹചര്യങ്ങള്‍ വച്ചുനോക്കുമ്പോള്‍ ഒറ്റശ്വാസത്തില്‍ വിമര്‍ശിക്കാനും സാധ്യമല്ല.
പതിറ്റാണ്ടുകളോളം പഴക്കമുള്ളതാണ് അമേരിക്കയിലെ ജന്മാവകാശ പൗരത്വം. ട്രംപിന്റെ ഉത്തരവിനെതിരെ ഡെമോക്രാറ്റുകളും ആക്ടിവിസ്റ്റുകളും രംഗത്ത് വന്നിരുന്നു. നിയമം വഴി നിലവില്‍ വന്നതും ഭരണഘടനയുടെ ഭാഗവുമായ ഒരു സംവിധാനത്തെ വെറുമൊരു ഉത്തരവിലൂടെ ഇല്ലാതാക്കാനാകില്ലെന്നാണ് തീരുമാനത്തെ എതിര്‍ക്കുന്നവര്‍ പറയുന്നത്. ഉത്തരവിറക്കാന്‍ പ്രസിഡന്റിന് അധികാരമുള്ളപ്പോഴും അവര്‍ രാജാക്കന്മാരല്ല എന്നാണ് ആക്ടിവിസ്റ്റുകള്‍ പറയുന്നത്. 22 സംസ്ഥാനങ്ങളിലെ അറ്റോര്‍ണി ജനറലുകള്‍ ട്രംപിന്റെ തീരുമാനത്തിനെതിരെ കോടതിയെ സമീപിച്ചിരിക്കുകയാണ്