കാഠ്മണ്ഡു: എവറസ്റ്റിന്റെ ഉച്ചിയിലെത്താന്‍ ഇപ്പോള്‍ പര്‍വ്വതാരോഹകരുടെ വലിയ തിരക്കാണ്. 1953 ല്‍ എഡ്മണ്ട് ഹിലാരിയും ടെന്‍സിങ് നോര്‍ഗേയും എവറസ്റ്റ് കീഴടക്കിയ ശേഷം വര്‍ഷങ്ങള്‍ ഇത്രയും പിന്നിട്ടിട്ടും പര്‍വ്വതാരോഹകര്‍ക്ക് ആവേശം കൂടുന്നതേയുള്ളു. മഞ്ഞുമലയിടിഞ്ഞുള്ള അപകടങ്ങളെ പോലും കണക്കാക്കാതെ, പര്‍വതാരോഹകര്‍ വലിയ ഗതാഗത കുരുക്കുണ്ടാക്കുന്നതിലേക്ക് കാര്യങ്ങള്‍ എത്തിയിരിക്കുന്നു.

സമുദ്രനിരപ്പില്‍ നിന്ന് ഏറ്റവും ഉയരം കൂടിയ കൊടുമുടിയായ എവറസ്റ്റിന്റെ ഉയരം 8,848 മീറ്ററാണ്. എന്നാല്‍, പര്‍വ്വതാരോഹകരെ അമ്പരപ്പിക്കുന്ന ഒരു വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. എവറസ്റ്റിനേക്കാള്‍ 100 മടങ്ങ് ഉയരമുളള രണ്ടുരഹസ്യ പര്‍വ്വതങ്ങളെ ശാസ്ത്രജ്ഞര്‍ കണ്ടുപിടിച്ചിരിക്കുന്നു.

നെതര്‍ലന്‍ഡ്‌സിലെ യൂട്രെക്റ്റ് സര്‍വകലാശാലയിലെ ശാസ്ത്രജ്ഞരാണ് ഈ ഭീമാകാരന്മാരെ കണ്ടെത്തിയത്. എന്നാല്‍ പര്‍വ്വതാരോഹകര്‍ സാഹസത്തിന് ഇറങ്ങി തിരിക്കാന്‍ വരട്ടെ. ഈ രണ്ട് രഹസ്യ പര്‍വ്വതങ്ങളും ഭൂമിയുടെ പ്രതലത്തിലല്ല സ്ഥിതി ചെയ്യുന്നത്. അവ നമ്മുടെ കാലടിക്ക് താഴെ ഭൂമിക്കടിയില്‍ 2000 കിലോമീറ്ററോളം ആഴത്തില്‍ ആണ്ടുകിടക്കുന്നു.

മുഖ്യ ഗവേഷകനായ ഡോ. അര്‍വെന്‍ ഡ്യൂസ് പറയുന്നത് ഇങ്ങനെ: ' ആര്‍ക്കും അറിയില്ല ആ പര്‍വ്വതങ്ങള്‍ എന്താണെന്ന്. അതൊരു താല്‍ക്കാലിക പ്രതിഭാസം മാത്രമാണോ, അതോ അനേക കോടി വര്‍ഷങ്ങളായി അവിടെ തന്നെയുണ്ടായിരുന്നിരിക്കാം'.


നിലവിലെ കണ്ടെത്തല്‍ വെച്ച് ഭൂമിയുടെ പ്രായം 454 കോടി വര്‍ഷമാണെന്നാണ് അറിയാന്‍ കഴിയുന്നത്. ചില രേഖകളില്‍ 460 കോടി വര്‍ഷം എന്നും രേഖപ്പെടുത്തിയിരിക്കുന്നു.അത്രത്തോളം തന്നെ പ്രായം ഈ രണ്ട് പര്‍വ്വതങ്ങള്‍ക്കും ഉണ്ടാകാം എന്നാണ് ഏകദേശ കണക്ക്‌

ക്രസ്റ്റ്, മാന്റില്‍, ഔട്ടര്‍ കോര്‍, ഇന്നര്‍ കോര്‍ എന്നിങ്ങനെ നാല് പാളികളാണ് ഭൂമിക്ക് ഉള്ളത്. ഔട്ടര്‍ കോര്‍ മാന്റിലുമായി ചേരുന്നിടത്താണ് ഈ പര്‍വ്വതങ്ങള്‍ സ്ഥിതി ചെയ്യുന്നത്.

ഭൂമിയുടെ മാന്റിലിനുള്ളില്‍ ആഴത്തില്‍ ഒളിഞ്ഞുകിടക്കുന്ന വിശാലമായ ഘടനകള്‍ ഉണ്ടെന്ന് പതിറ്റാണ്ടുകളായി ശാസ്ത്രജ്ഞര്‍ക്ക് അറിയാമായിരുന്നു. ഭൂമിക്ക് നാല് പാളികള്‍ കൂടാതെ അഞ്ചാമതൊരു പാളി കൂടി ഓസ്ട്രേലിയന്‍ ദേശീയ സര്‍വകലാശാലയിലെ ഗവേഷകരുടെ സംഘം രണ്ടുവര്‍ഷം മുമ്പ് കണ്ടെത്തിയതായി അവകാശപ്പെട്ടിരുന്നു. ഭൂകമ്പങ്ങള്‍ ഉണ്ടാകുമ്പോള്‍ രൂപപ്പെടുന്ന തരംഗങ്ങള്‍ ഉപയോഗിച്ച് നടത്തിയ പഠനത്തിലായിരുന്നു ആ കണ്ടെത്തല്‍. ഭൂകമ്പ തരംഗങ്ങള്‍ കടന്നു പോകുമ്പോഴുണ്ടാകുന്ന വേഗത അളന്നാണ് പഠനം നടത്തിയത്. ഭൂമിയുടെ അകക്കാമ്പിലൂടെ( ഇന്നര്‍ കോര്‍) ഭൂകമ്പ തരംഗം കടന്നു പോകുമ്പോള്‍ വേഗതയില്‍ മാറ്റം വരുന്നതായാണ് നിഗമനം. ഇതോടെ അകക്കാമ്പിന്റെ അകഭാഗത്ത് പ്രത്യേക പാളിയുണ്ടെന്ന വിലയിരുത്തലിലേക്ക് ഗവേഷകരെത്തി.

ശക്തമായൊരു ഭൂചലനം ഉണ്ടാകുമ്പോള്‍ അത് ഒരു മണി പോലെ തരംഗങ്ങളെ ഭൂമിയുടെ ഒരുഭാഗത്ത് നിന്ന് മറ്റൊരു ഭാഗത്തേക്ക് അയയ്ക്കുന്നു. മുമ്പ് പരാമര്‍ശിച്ച മാന്റിലിന്റെ രണ്ടുവലിയ ഭാഗങ്ങളില്‍ എത്തുമ്പോള്‍ ഭൂചലനത്തിന്റെ ഷോക്ക് തരംഗങ്ങള്‍ക്ക് നാടകീയമായി വേഗത കുറയുന്നതായി കണ്ടെത്തി. ഇതാണ് രഹസ്യ പര്‍വതങ്ങളുടെ കണ്ടെത്തലിലേക്ക് നയിച്ചത്.