ന്യൂഡല്‍ഹി: കേരളത്തിലെ രാഷ്ട്രീയ മാഫിയയെ പാഠം പഠിപ്പിക്കാന്‍ പുതിയ തന്ത്രവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. കേരളത്തിലെ ചില കേസുകളുടെ അന്വേഷണം എത്തിയത് ദുബായിലാണ്. സ്വര്‍ണ്ണ കടത്ത് അന്വേഷണത്തില്‍ അടക്കം നിര്‍ണ്ണായക വിവരങ്ങള്‍ കേന്ദ്ര ഏജന്‍സിക്ക് കിട്ടി. രാജ്യത്തെ പല അഴിമതിയുടേയും കൈക്കൂലി പണം കൈമാറുന്നത് ദുബായിലാണ്. പിന്നീട് ഇത് സ്വര്‍ണ്ണമായും മറ്റും കേരളത്തിലേക്ക് എത്തുന്നു. കള്ളപണം വെളുപ്പിക്കാന്‍ ദുബായില്‍ ബിസിനസ്സ് നടത്തുന്ന രീതിയുമുണ്ട്. ഈ സാഹചര്യം തിരിച്ചറിഞ്ഞ് വിദേശ വിനിമയ വ്യവസ്ഥകള്‍ ലംഘിച്ച് ദുബായിയില്‍ വസ്തു വാങ്ങിയവരെ പിടികൂടാന്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് പദ്ധതിയൊരുക്കുകയാണ്. കേരളത്തിലെ ഉന്നതരെയാണ് ഇതിലൂടെ പ്രധാനമായും ലക്ഷ്യമിടുന്നത്. രാഷ്ട്രീയക്കാര്‍ക്കും സിനിമാക്കാര്‍ക്കും അടക്കം ദുബായില്‍ വന്‍ അനധികൃത നിക്ഷേമുണ്ടെന്ന് ഇഡി കണ്ടെത്തിയിരുന്നു. സമാനമായി മറ്റ് സംസ്ഥാനങ്ങളിലെ പ്രമുഖരും ദുബായിയെ കള്ളപ്പണം വെളുപ്പിക്കാനുള്ള കേന്ദ്രമാക്കുന്നുണ്ട്. യുഎഇ സര്‍ക്കാരിന്റെ സഹായത്തോടെയാകും ദുബായിലെ ഇഡി അന്വേഷണം. പ്രധാനമന്ത്രി മോദിയുടെ നിര്‍ദ്ദേശ പ്രകാരമാണ് ഈ നീക്കം. ഈ അന്വേഷണം ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ നേരിട്ട് നിരീക്ഷിക്കും.

ദുബായില്‍ കള്ളപ്പണം വെളുപ്പിക്കല്‍ ഇടപാടുകള്‍ നടത്തിയിട്ടുണ്ടെയന്നാകും പ്രധാനമായും അന്വേഷിക്കുക. ഫെമ ലംഘനത്തിനും നടപടി നേരിടേണ്ടിവന്നേക്കാം. ആദായ നികുതി വകുപ്പില്‍നിന്നും റിസര്‍വ് ബാങ്കില്‍നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഇ.ഡിയുടെ അന്വേഷണം. റിയല്‍ എസ്റ്റേറ്റ് വിപണി ആകര്‍ഷകമായതിനെ തുടര്‍ന്ന് നിരവധി ഇന്ത്യന്‍ കുടുംബങ്ങള്‍ ദുബായിയില്‍ വസ്തു വാങ്ങിക്കൂട്ടിയിട്ടുണ്ട്. ഡെവലപ്പര്‍മാരുടെ ഓഫറുകളും കുറഞ്ഞതോതിലുള്ള തിരിച്ചടവുമൊക്കെ വാഗ്ദാനം ചെയ്യുന്നതിനാല്‍ വന്‍തോതില്‍ വസ്തുക്കച്ചവടം നടക്കുന്നുണ്ട്. ഈ സാഹചര്യത്തില്‍ അറിഞ്ഞോ അറിയാതെയോ വിദേശ കറന്‍സി വിനിമയ വവ്യസ്ഥകള്‍ പലരും ലഘിച്ചിട്ടുള്ളതായി സൂചന ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് കൂടുതല്‍ പരിശോധന നടത്തുന്നതെന്ന് മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്യുന്നത്. കേരളത്തിലെ രാഷ്ട്രീയക്കാരില്‍ മിക്കവാറും പേരുടെ ബന്ധുക്കള്‍ ദുബായിലാണുള്ളത്. കേരളത്തിലെ പ്രമുഖ നേതാവിന്റെ മകന്‍ അടുത്ത കാലത്തൊന്നും കേരളത്തില്‍ വന്നിട്ടു പോലുമില്ല. അച്ഛനും അമ്മയും മകനെ ദുബായില്‍ പോയി കാണുന്നു.

കേരളത്തിലെ പല പ്രമുഖര്‍ക്കും ബന്ധു ബലം ദുബായില്‍ കൂടുതലാണ്. ഇന്ത്യയില്‍ കൊണ്ടുവരുന്നതിന് പകരം കയറ്റുമതി വരുമാനം ഉപയോഗിച്ച് വിദേശത്ത് സ്വത്ത് വാങ്ങുക, പ്രവാസിയായ ബന്ധുവില്‍നിന്ന് സമ്മാനമായി ലഭിച്ച പണം ഉപയോഗിച്ച് വിദേശത്ത് സ്വത്ത് വാങ്ങുക, ആര്‍ബിഐയുടെ ലിബറലൈഡ്സ് റെമിറ്റന്‍സ് സ്‌കീം (എല്‍.ആര്‍.എസ്) വഴി ബാങ്കിങ് സംവിധാനത്തിലൂടെ പണം കൈമാറുന്നതിന് പകരം ഹവാല ഇടപാടുകള്‍ നടത്തുക തുടങ്ങിയവയൊക്കെ ഈ വിഭാഗത്തില്‍പ്പെടും. വിദേശത്ത് ആസ്തികള്‍ സ്വന്തമാക്കുന്നതിന് പ്രതിവര്‍ഷം 2,50,000 ഡോളര്‍വരെ നിക്ഷേപിക്കാനാണ് എല്‍ആര്‍എസ് വഴി അനുവാദമുള്ളത്. എന്നാല്‍ ഈ പരിധി പലരും ലംഘിക്കുന്നുണ്ട്. ഇന്ത്യയിലെ നൂലാമാലകള്‍ ഒഴിവാക്കാന്‍ മിക്ക രാഷ്ട്രീയക്കാരും ബന്ധുക്കളെ വിദേശ പൗരന്മാരാക്കുന്ന രീതിയും ഉണ്ട്. തല്‍കാലം ദുബായില്‍ മാത്രമാകും ആദ്യ ഇഡി ഇടപെടല്‍. പിന്നീട് മറ്റ് രാജ്യങ്ങളിലെ സമാന സംഭവങ്ങളും പരിശോധിക്കും. ഇന്ത്യയിലെ പല നേതാക്കളേയും കേന്ദ്ര സര്‍ക്കാരിന്റെ വരുതിയിലാക്കാനാണ് ഈ അന്വേഷണമെന്നും സൂചനയുണ്ട്. യുഎഇ സര്‍ക്കാരിന്റെ സഹകരണം ഈ അന്വേഷണത്തിന് ഇന്ത്യ ഉറപ്പാക്കും.

വിദേശ എക്സ്ചേഞ്ചുകള്‍, ബ്ലോക്ക് ചെയിന്‍ ശൃംഖലകള്‍ എന്നിവ വഴി ക്രിപ്റ്റോകറന്‍സിയില്‍ നിക്ഷേപം നടത്തി ഡെവലപര്‍മാര്‍ക്ക് കൈമാറി സ്വത്ത് സ്വന്തമാക്കിയവര്‍ക്കെതിരെയും നടപടിയുണ്ടാകും. ഇത്തരം ഇടപാടുകളുടെ ഹബ്ബായി ദുബായ് മറിക്കഴിഞ്ഞു. സ്വത്തില്‍നിന്ന് വായ്പയെടുത്തോ വാടക വരുമാനത്തില്‍നിന്ന് മുന്‍കൂര്‍ കടമായി വാങ്ങിയോ ഇടപാട് നടത്തിയവരും ഫെമ വ്യവസ്ഥകള്‍ ലംഘിച്ചതായി കണക്കാക്കുമെന്നാണ് വിലയിരുത്തല്‍. ദുബായിയിലെ സ്വത്ത് വാങ്ങാന്‍ ഉപയോഗിച്ച പണത്തിന്റെ ഉറവിടം തെളിയിക്കാന്‍ കഴിയാത്ത സാഹചര്യമുണ്ടായാലും നടപടി നേരിടേണ്ടിവന്നേക്കാമെന്നാണ് മാതൃഭൂമി റിപ്പോര്‍ട്ട്. നേരത്തെ കള്ളപ്പണം വെളുപ്പിക്കലിനെതിരെ പരിശോധന ശക്തമാക്കാനുള്ള കര്‍മസമിതിക്കു യുഎഇ അംഗീകാരം നല്‍കിയിരുന്നു.

കള്ളപ്പണം വെളുപ്പിക്കല്‍ അന്വേഷണത്തെ സഹായിക്കുക, പരിശോധനയുമായി സഹകരിക്കാത്ത ധനകാര്യ സ്ഥാപനങ്ങള്‍ക്ക് ഉപരോധം ഏര്‍പ്പെടുത്തുക, നിയമനടപടി സ്വീകരിക്കുക തുടങ്ങിയ കാര്യങ്ങളില്‍ യുഎഇ പുരോഗതി നേടി. എല്ലാ തരം സാമ്പത്തിക കുറ്റകൃത്യങ്ങളും കണ്ടെത്തി തടയുന്നതിനുള്ള ആഗോള സഹകരണം ഈ നീക്കത്തിനു കരുത്തുപകരാനാണ് കര്‍മ്മ സമിതി. സാമ്പത്തിക കുറ്റകൃത്യങ്ങളെ ചെറുക്കുന്നതിനും സ്വദേശത്തും വിദേശത്തുമുള്ള അനധികൃത ശൃംഖലകളെ തടയുന്നതിനും ആവശ്യമായ നടപടി യുഎഇ സ്വീകരിച്ചിട്ടുണ്ടെന്ന് സെന്‍ട്രല്‍ ബാങ്ക് ഓഫ് യുഎഇ (സിബിയുഎഇ) ഗവര്‍ണറും യുഎഇ ദേശീയ കള്ളപ്പണം വെളുപ്പിക്കല്‍ വിരുദ്ധ സമിതി ചെയര്‍മാനുമായ ഖാലിദ് മുഹമ്മദ് ബലാമ അറിയിച്ചിരുന്നു.

കള്ളപ്പണം വെളുപ്പിക്കുന്നതിനും തീവ്രവാദത്തിന് ധനസഹായം നല്‍കുന്നതിനും എതിരെയുള്ള പോരാട്ടം ശക്തമാക്കിയതിനാല്‍ 2023 മാര്‍ച്ച് മുതല്‍ ജൂലൈ പകുതി വരെ 130 കോടി ദിര്‍ഹത്തിന്റെ സ്വത്തുക്കള്‍ യുഎഇ കണ്ടുകെട്ടിയിരുന്നു. നിയമലംഘകര്‍ക്കെതിരെ ഈ വര്‍ഷം ആദ്യ 6 മാസത്തിനിടെ 19.9 കോടി ദിര്‍ഹം പിഴ ചുമത്തി, 2022ല്‍ ഇത് 7.62 കോടിയായിരുന്നു. ഈ സാഹചര്യം തിരിച്ചറിഞ്ഞാണ് ഇന്ത്യയും ദുബായിലേക്ക് അന്വേഷണം നീട്ടുന്നത്.