- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ചെന്താമരയെ കൂടരഞ്ഞിയില്‍ കണ്ടെന്ന് നാട്ടുകാരുടെ മൊഴി; സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് പൊലീസ്; കാക്കാടംപൊയില്‍ തെരച്ചില്‍ തുടരുന്നു; രണ്ടുപേരെ കൂടി കൊല്ലുമെന്ന് പറഞ്ഞുവെന്ന് ക്വാറി ജീവനക്കാര്‍; എസ്.പിയുടെ റിപ്പോര്‍ട്ടിന് പിന്നാലെ എസ്.എച്ച്.ഒക്ക് സസ്പെന്ഷന്
ചെന്താമരയെ കൂടരഞ്ഞിയില്‍ കണ്ടെന്ന് നാട്ടുകാരുടെ മൊഴി
കോഴിക്കോട്: നെന്മാറ ഇരട്ടക്കൊല കേസിലെ പ്രതി ചെന്താമരയെ കൂടാരഞ്ഞിയില്‍ കണ്ടെന്ന് നാട്ടുകാര്‍ അറിയിച്ചതിന് പിന്നാലെ പ്രദേശമാകെ തിരച്ചില്‍ തുടര്‍ന്ന് പൊലീസ്. ചെന്താമരയെ പ്രദേശത്ത് കണ്ടെന്ന് നാട്ടുകാര്‍ പൊലീസിന് വിവരം നല്‍കുകയായിരുന്നു. മേഖലയിലെ സിസിടിവികള്‍ കേന്ദ്രീകരിച്ച് പൊലീസ് തിരച്ചില്‍ വ്യാപിപ്പിച്ചു. ഇന്നലെ വൈകുന്നേരം കാക്കാടം പൊയില്‍ ഭാഗത്ത് കണ്ടെന്നാണ് നാട്ടുകാര്‍ പറയുന്നത്. കാക്കാടംപൊയില്‍ കേന്ദ്രീകരിച്ചാണ് തെരച്ചില്‍ പുരോഗമിക്കുന്നത്.
അതേ സമയം നെന്മാറ ഇരട്ടക്കൊല കേസുമായി ബന്ധപ്പെട്ട് വീഴ്ച വരുത്തിയ സ്റ്റേഷന്‍ ഹൗസ് ഓഫിസറെ (എസ്.എച്ച്.ഒ) സസ്‌പെന്‍ഡ് ചെയ്തു. എസ്.എച്ച്.ഒക്ക് വീഴ്ച പറ്റിയെന്ന എസ്.പിയുടെ റിപ്പോര്‍ട്ടിനു പിന്നാലെയാണ് നടപടി. പ്രതി ചെന്താമര ജാമ്യ വ്യവസ്ഥ ലംഘിച്ച് നെന്മാറയില്‍ താമസിച്ച കാര്യം കോടതിയെ അറിയിച്ചില്ലെന്നും പരാതി ലഭിച്ചിട്ടും നടപടി സ്വീകരിച്ചില്ലെന്നും എസ്.പിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. എസ്.എച്ച്.ഒക്ക് വീഴ്ച പറ്റിയോ എന്ന് വ്യക്തമാക്കണമെന്നാവശ്യപ്പെട്ട് എ.ഡി.ജി.പി ചൊവ്വാഴ്ച രാവിലെയാണ് ജില്ലാ പൊലീസ് മേധാവിയോട് റിപ്പോര്‍ട്ട് തേടിയത്.
പ്രതി നെന്മാറ വന്ന് ഒരു മാസത്തോളം താമസിച്ചിട്ടും കോടതിയെ അറിയിക്കാന്‍ പൊലീസിന് കഴിഞ്ഞില്ല എന്നതാണ് പ്രധാന വീഴ്ചയായി ചൂണ്ടിക്കാണിക്കുന്നത്. ഇയാള്‍ ജാമ്യ വ്യവസ്ഥ ലംഘിച്ചുവെന്ന് ശ്രദ്ധയില്‍പെട്ടിട്ടും നടപടിയെടുത്തില്ല, ജാമ്യ ഉത്തരവിലെ ഉപാധികള്‍ എസ്.എച്ച്.ഒ ഗൗനിച്ചില്ല.
പഞ്ചായത്തില്‍ പ്രവേശിക്കാനുള്ള അനുമതിയില്ലെന്നിരിക്കെ ഒരു മാസത്തോളം ഇയാള്‍ വീട്ടില്‍ വന്ന് താമസിച്ച കാര്യം സുധാകരന്റെ മകള്‍ അഖില അറിയിച്ചിട്ടും വേണ്ട ഗൗരവം കൊടുത്തില്ല. സജിത കൊലപാതക കേസിലെ സാക്ഷികളായ സുധാകരനെയും കുടുംബത്തെയും കൊല്ലുമെന്ന് പ്രതി ഭീഷണിപ്പെടുത്തി എന്ന പരാതി ലഭിച്ചിട്ടും ഈ വിവരം കോടതിയെ അറിയിച്ചില്ലെന്നും ഉത്തര മേഖല ഐ.ജിക്ക് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.
ഇരട്ടക്കൊല നടന്ന് രണ്ടാം ദിവസവും പ്രതി ചെന്താമരയെ പൊലീസിന് കണ്ടെത്താനായില്ല. വിവിധയിടങ്ങളില്‍ തിരച്ചില്‍ തുടരുകയാണെന്നാണ് പൊലീസിന്റെ പ്രതികരണം. വീഴ്ച ഉണ്ടായെങ്കില്‍ അന്വേഷിക്കുമെന്ന് എസ്.പി വ്യക്തമാക്കി. കൊല്ലപ്പെട്ട സുധാകരന്റെയും അമ്മ ലക്ഷ്മിയുടെയും മൃതദേഹം ചൊവ്വാഴ്ച സംസ്‌കരിച്ചിരുന്നു.
ചെന്താമരയുടെ കൈയില്‍ മൂന്ന് ഫോണുകളാണ് ഉണ്ടായിരുന്നതെന്നും പൊലീസിന് വിവരം ലഭിച്ചു. ഇതില്‍ ഒരെണ്ണം പൊട്ടിച്ചുകളഞ്ഞെന്നും മറ്റൊന്ന് സുഹൃത്തിന് കൈമാറിയെന്നുമാണ് പൊലീസിന് ലഭിച്ചിരിക്കുന്ന വിവരം. അതിനിടെ തിരുവമ്പാടിയിലെ ക്വാറിയില്‍ ചെന്താമര ജോലി ചെയ്തിരുന്നതായി സ്ഥിരീകരിച്ച പൊലീസ് ഇവിടെ ഒപ്പം ജോലി ചെയ്ത സുഹൃത്തിനെ ചോദ്യം ചെയ്യുന്നുണ്ട്. ഇയാളെ ഒരാഴ്ച മുന്‍പ് വിളിച്ച് ഉടന്‍ തിരുവമ്പാടിയിലേക്ക് വരുമെന്ന് പറഞ്ഞിരുന്നതായി സുഹൃത്ത് മൊഴി നല്‍കിയിട്ടുണ്ട്. പ്രതി സംസ്ഥാനത്തിന് പുറത്തേക്ക് കടക്കാനുള്ള സാധ്യതയും പൊലീസ് തള്ളിക്കളയുന്നില്ല. ബെംഗളൂരുവില്‍ ഇയാള്‍ക്കായി പൊലീസ് തെരച്ചില്‍ തുടങ്ങിയിട്ടുണ്ട്.
തിരുവമ്പാടിയിലെ ക്വാറിയിലെ സെക്യൂരിറ്റി ജീവനക്കാരനായിരുന്നു ചെന്താമര. കഴിഞ്ഞ പൊങ്കല്‍ അവധിക്ക് അസുഖ ബാധിതനെന്ന കാരണം പറഞ്ഞ് ഇവിടുത്തെ ജോലി മതിയാക്കി പ്രതി നെന്മാറയിലേക്ക് വരുകയായിരുന്നു. താന്‍ കൊലക്കേസ് പ്രതിയാണെന്ന കാര്യം ഇയാള്‍ ഇവിടെയുള്ള മണികണ്ഠനെന്ന സുഹൃത്തിനോട് മാത്രമാണ് പറഞ്ഞത്. ഇയാള്‍ക്കാണ് ജോലി മതിയാക്കി പോകുമ്പോള്‍ കൈയ്യിലുണ്ടായിരുന്ന ഒരു മോട്ടോറോള ഫോണ്‍ ചെന്താമര നല്‍കിയത്. തന്നെ ജീവിക്കാന്‍ അനുവദിക്കാത്തവരെ കൊലപ്പെടുത്തുമെന്ന് ഇയാളോട് ചെന്താമറ പറഞ്ഞിരുന്നതായും പൊലീസ് പറയുന്നു. ഈ സുഹൃത്ത് മണികണ്ഠനാണ് ഇപ്പോള്‍ കസ്റ്റഡിയിലുള്ളത്.
ചെന്താമര രണ്ടുപേരെ കൂടി കൊല്ലുമെന്ന് പറഞ്ഞതായാണ് സഹപ്രവര്‍ത്തകനായിരുന്ന മണികണ്ഠന്‍ പറയുന്നത്. ചെന്താമര ജോലി ചെയ്തിരുന്ന കോഴിക്കോട് കൂമ്പാറ മാതാ ക്വാറിയിലെ സെക്യൂരിറ്റി ജീവനക്കാരനായ മണികണ്ഠനാണ് പൊലീസിനെ ഇക്കാര്യം അറിയിച്ചത്. നേരത്തെ ഒരാളെ കൊലപ്പെടുത്തിയ വിവരവും ജയില്‍വാസം അനുഭവിച്ച കാര്യവും ചെന്താമര തന്നോട് പറഞ്ഞതായി മണികണ്ഠന്‍ പറഞ്ഞു. സൗഹൃദത്തിന്റെ പേരില്‍ തനിക്ക് ചെന്താമര ഒരു മൊബൈല്‍ ഫോണ്‍ നല്‍കിയിരുന്നെന്നും മണികണ്ഠന്‍ കൂട്ടിച്ചേര്‍ത്തു.
ജോലിസംബന്ധമായല്ലാതെ തനിക്ക് ചെന്താമരയുമായി യാതൊരു ബന്ധമില്ലെന്നും മണികണ്ഠന്‍ കൂട്ടിച്ചേര്‍ത്തു. ഓര്‍മ്മയ്ക്കായി വെച്ചോ എന്നുപറഞ്ഞാണ് തനിക്ക് ഫോണ്‍ തന്നതെന്നും അതല്ലാതെ മറ്റൊരു ബന്ധവുമില്ലെന്നും മണികണ്ഠന്‍ പറഞ്ഞു. തന്റെ കുടുംബം തകര്‍ത്തതാണ്, അതിന് രണ്ടുപേരെ കൂടി പൂശിയിട്ടേ മരിക്കൂ എന്ന് പറഞ്ഞിരുന്നതായും അസുഖമായാണ് പോയതെന്നും മണികണ്ഠന്‍ കൂട്ടിച്ചേര്‍ത്തു.
പാലക്കാട്ടുള്ള ഒരു സെക്യൂരിറ്റി ഏജന്‍സി വഴിയാണ് ചെന്താമര കൂമ്പാറയില്‍ ജോലിക്കെത്തിയതെന്ന് മാതാ ഇന്‍ഡസ്ട്രീസ് മാനേജര്‍ മോഹന്‍ദാസ് പറഞ്ഞു. 2023 പകുതി മുതല്‍ 2024 ഡിസംബര്‍ ആദ്യം വരെ ക്വാറിയില്‍ ജോലിചെയ്തിരുന്നു. വയറിന് അസുഖം വന്നതോടെ ചികിത്സയ്ക്കായി പോയതാണെന്നും പിന്നീട് തിരികെ വന്നിട്ടില്ലെന്നും മോഹന്‍ദാസ് പറഞ്ഞു. ജോലിക്കാര്യത്തില്‍ വീഴ്ച വരുത്തിയിട്ടില്ലെന്നും അധികം സംസാരിക്കാത്തതും തല കുനിച്ച നടക്കുന്നതുമായ ഒരാളായിരുന്നു. ഗൗരവക്കാരനായിരുന്നു.
സ്ത്രീവിരോധിയായിട്ടാണ് സംസാരത്തില്‍നിന്ന് മനസ്സിലാക്കാന്‍ കഴിഞ്ഞത്. കുടുംബജീവിതത്തിലുണ്ടായ പരാജയം കൊണ്ടാണ് അങ്ങനെയായത് എന്നാണ് കരുതിയത്. ഭാര്യയും മകളും കൂടി തന്നെ ചതിച്ചു എന്ന രീതിയില്‍ പലപ്പോഴും സംസാരിച്ചിരുന്നു. അതിനപ്പുറം ചെന്താമരയുടെ ജീവിതത്തെ കുറിച്ച് കൂടുതല്‍ അന്വേഷിച്ചിട്ടില്ലെന്നും മോഹന്‍ദാസ് കൂട്ടിച്ചേര്‍ത്തു.