വാഷിങ്ടണ്‍: അപകടത്തില്‍ പെട്ട ഹെലികോപ്റ്ററിലെ വനിത കോ-പൈലറ്റിന്റെ പേരുവിവരങ്ങള്‍ വെളിപ്പെടുത്താന്‍ അമേരിക്കന്‍ സൈന്യം വിസമ്മതം രേഖപ്പെടുത്തുന്നത് വിവാദത്തില്‍. അവരുടെ കുടുംബത്തിന്റെ ആവശ്യപ്രകാരമാണ് ഇതെന്നാണ് സൈന്യം പറയുന്നത്. ചീഫ് വാറന്റ് ഓഫീസ് 2 ആന്‍ഡ്രു ഈവ്‌സ്, ക്രൂ ചീഫ് സ്റ്റാഫ് സെര്‍ജന്റ് റയാന്‍ ഒ ഹാര എന്നിവരുടെ പേരുകള്‍ കഴിഞ്ഞ ദിവസം സൈന്യം വെളിപ്പെടുത്തിയിരുന്നു. ബുധനാഴ്ച രാത്രി 9 മണിയോടെ റീഗന്‍ ദേശീയ വിമാനത്താവളത്തില്‍ ഇറങ്ങാന്‍ എത്തിയ അമേരിക്കന്‍ എയര്‍ലൈന്‍സിന്റെ 5342 വിമാനത്തിലേക്ക് നേരെ പറന്നു കയറുകയായിരുന്നു ബ്ലാക്ക് ഹോക്ക് ഹെലികോപ്റ്റര്‍.

ഹെലികോപ്റ്ററിലുണ്ടായിരുന്ന മൂന്ന് സൈനികരും കൊല്ലപ്പെട്ടു. അതോടൊപ്പം കന്‍സാസില്‍നിന്നും വരികയായിരുന്ന വിമാനത്തിലെ 60 യാത്രക്കാരും നാല് ജീവനക്കാരും അപകടത്തില്‍ മരണമടഞ്ഞിരുന്നു. സാധാരണയായി, അപകടങ്ങളിലോ, യുദ്ധത്തിലോ സൈനികര്‍ മരിച്ചാല്‍, അവരുടെ കുടുംബങ്ങളെ വിവരം അറിയിച്ഛ് 24 മണിക്കൂറുകള്‍ക്കകം അവരുടെ പേരും മറ്റ് വിവരങ്ങളും പുറത്തു വിടുകയാണ് പതിവ്. ഇത്തരത്തില്‍ മറച്ചു വയ്ക്കുന്നത് തികച്ചും അസാധാരണ നടപടിയാണ്.

കുടുംബം ആവശ്യപ്പെട്ടതനുസരിച്ച്, അപകടത്തില്‍ മരണമടഞ്ഞ മൂന്നാമത്തെ സേനാംഗത്തിന്റെ പേര് ഇപ്പോള്‍ വെളിപ്പെടുത്താന്‍ നിര്‍വ്വാഹമില്ല എന്നായിരുന്നു അമേരിക്കന്‍ സൈനിക വക്താവ് അറിയിച്ചത്. ഈ കോപൈലറ്റിന്റെയും ഓ ഹാരയുടെയും മൃതദേഹങ്ങള്‍ ലഭിച്ചിട്ടുണ്ട്. ഈവ്‌സിന്റെ മൃതശരീരം ഇനിയും കണ്ടു കിട്ടേതുണ്ട്. എന്തിനാണ് കോപൈലറ്റിന്റെ പേര്‍ വെളിപ്പെടുത്തരുതെന്ന് അവരുടെ കുടുംബം ആവശ്യപ്പെട്ടതെന്നും, സൈന്യം അത് എന്തിന് അനുവദിച്ചു എന്നതും ദുരൂഹതയാണെന്ന് ചില മാധ്യമങ്ങള്‍ പറയുന്നു.

ജോലി സമയത്ത് മരണമടയുന്ന സൈനികരുടെ കുടുംബങ്ങള്‍ക്ക്, അവരുടെപേര്‍ വെളിപ്പെടുത്തരുതെന്ന് ആവശ്യപ്പെടാന്‍ നിയമപരമായി തന്നെ സാധിക്കും. എന്നാല്‍, ഈ വനിത കോപൈലറ്റിന്റെ പേര് വെളിപ്പെടുത്താത്ത തീരുമാനം ഇപ്പോള്‍ തന്നെ നിരവധി ഗൂഢാലോചനാ സിദ്ധാന്തങ്ങള്‍ക്ക് വഴിമരുന്നിട്ട ഈ അപകടത്തെ കൂടുതല്‍ വിവാദത്തിലേക്ക് വലിച്ചിഴയ്ക്കുകയാണ്. നേരത്തെ, ജോ എല്ലിസ് എന്ന ട്രാന്‍സ്‌ജെന്‍ഡര്‍ വനിതയാണ് അപകട സമയത്ത് ഹെലികോപ്റ്ററില്‍ ഉണ്ടായിരുന്ന വനിത എന്ന തെറ്റായ വാര്‍ത്ത പരന്നിരുന്നു.

ബുധനാഴ്ച രാത്രി ഉണ്ടായ അപകടത്തെ കുറിച്ച് കൂടുതല്‍ അന്വേഷണങ്ങള്‍ നടന്നു കൊണ്ടിരിക്കുകയാണ്. വിമാനത്തിന്റെ പാതയിലേക്ക് ഹെലികോപ്റ്റര്‍ കടന്നു വരുന്നതും അതിനെ ഇടിക്കുന്നതുമാണ് കാണുന്നത്.മാത്രമല്ല, ഹെലികോപ്റ്ററിന്റെ പൈലറ്റ് നിര്‍ദ്ദിഷ്ട പാതയില്‍ നിന്നും വ്യതിചലിച്ച്, കൂടുതല്‍ ഉയരത്തില്‍ പറന്നതായും ആരോപണമുണ്ട്. കൂട്ടിയിടിച്ച വിമാനവും ഹെലികോപ്റ്ററും പോട്ടോമാക് നദിയിലേക്ക് പതിക്കുകയായിരുന്നു.