കോഴിക്കോട്: കോഴിക്കോട് കൊയിലാണ്ടിയില്‍ ആന എഴുന്നള്ളിപ്പില്‍ ചട്ടലംഘനമുണ്ടായതായുള്ള വനംവകുപ്പ് അന്വേഷണ റിപ്പോര്‍ട്ട് നിര്‍ണ്ണായകം. ആനയിടഞ്ഞ് മൂന്ന് പേര്‍ മരിച്ച സംഭവത്തില്‍ വനം വകുപ്പ് അന്വേഷണം നടത്തിയാണ് വനം മന്ത്രി എ കെ ശശീന്ദ്രന് റിപ്പോര്‍ട്ട് കൈമാറിയത്. കൊയിലാണ്ടി മണക്കുളങ്ങര ക്ഷേത്രത്തിലാണ് ഇന്നലെ ആന ഇടഞ്ഞ് അപകടമുണ്ടായത്. ക്ഷേത്രത്തിലെ ഉത്സവത്തില്‍ നാട്ടാന പരിപാലന ചട്ടം ലംഘിച്ചെന്നാണ് വനം വകുപ്പ് നിലപാട്. പടക്കം പൊട്ടിച്ചതാണ് അപകടമുണ്ടാക്കിയത്. അപകടസമയത്ത് ആനയ്ക്ക് ചങ്ങല ഇട്ടിരുന്നില്ല. തുടര്‍ച്ചയായ വെടിക്കെട്ടിലാണ് ആന പ്രകോപിതനായതെന്നാണ് റിപ്പോര്‍ട്ട്. പടക്കം പൊട്ടുന്ന ഉഗ്രശബ്ദം കേട്ടതോടെ എഴുന്നള്ളത്തിനെത്തിയ ഒരു ആന ഇടയുകയായിരുന്നു. ഈ ആന വിരണ്ട് തൊട്ടടുത്തുള്ള ആനയെ കുത്തുകയും, ഈ ആന കമ്മിറ്റി ഓഫീസിന് മുകളിലേക്ക് മറിഞ്ഞുവീഴുകയായിരുന്നു. ആന മറിഞ്ഞുവീണ ഓഫീസിനുള്ളിലുള്ളവരാണ് ദുരന്തത്തില്‍ പെട്ടത്.

അപകടത്തില്‍ നടപടി എടുക്കാന്‍ മന്ത്രി എ കെ ശശീന്ദ്രന്‍ നിര്‍ദേശം നല്‍കി. വെടിക്കെട്ട് നടത്തിയത് അശ്രദ്ധമായാണ്. കേസെടുക്കാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. ആനയുടെ ഉടമകളും ക്ഷേത്രം ഭാരവാഹികളും പ്രതികളാകുമെന്നും മന്ത്രി അറിയിച്ചു. എന്നാല്‍ പടക്കം പൊട്ടിച്ചത് നാട്ടുകാരാണെന്നും അതുമായി ബന്ധമില്ല എന്നുമാണ് ക്ഷേത്ര ഭരണ സമിതി പറയുന്നത്. ചട്ടം ലംഘിച്ചിട്ടില്ല. ക്ഷേത്ര ആചാരത്തിന്റെ ഭാഗമായി കതിന പൊട്ടിക്കുകയാണ് ചെയ്തത്. കേസെടുത്താല്‍ നിയമപരമായി നേരിടുമെന്നും ക്ഷേത്ര ട്രസ്റ്റി ചെയര്‍മാന്‍ എല്‍ ജി ഷെനിത് പറഞ്ഞു. പിതാംബരന്‍, ഗോകുല്‍ എന്നീ ആനകളാണ് വിരണ്ടത്. ആന വിരണ്ടതോടെ അവിടെ തടിച്ചുകൂടിയിരുന്ന ആളുകളും ചിതറിയോടി. ആനകളിടഞ്ഞതിനെ തുടര്‍ന്നുണ്ടായ തിക്കിലും തിരക്കിലും പെട്ടാണ് മൂന്ന് പേര്‍ മരിച്ചത്. മുപ്പതിലധികം പേര്‍ക്ക് അപകടത്തില്‍ പരിക്കേറ്റു.

നകള്‍ ഇടഞ്ഞ് ക്ഷേത്രം ഓഫിസ് കെട്ടിടം തകര്‍ന്ന് വീണ് മരിച്ചവരുടെ കുടുംബാംഗങ്ങളെയും പരുക്കേറ്റവരെയും സഹായിക്കാന്‍ സര്‍ക്കാരും ഗുരുവായൂര്‍ ദേവസ്വവും നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ ദേവസ്വം മന്ത്രിക്ക് കത്ത് നല്‍കിയിട്ടുണ്ട്. ഗുരുവായൂര്‍ ദേവസ്വത്തിന്റെ ഉടമസ്ഥതയിലുള്ള ആനകളെയാണ് മണിക്കുളങ്ങര ക്ഷേത്രത്തിലെ ഉത്സവത്തിനായി എത്തിച്ചിരുന്നത്. ദേവസ്വവുമായി ബന്ധപ്പെട്ട അത്യാഹിതങ്ങളില്‍ ഇന്‍ഷുറന്‍സ് പരിരക്ഷയ്ക്കു പുറമെ ആശ്രിതരെ സഹായിക്കുന്ന കീഴ്?വഴക്കം ഗുരൂവായൂര്‍ ദേവസ്വത്തിനുണ്ട്. ഇതുമായി ബന്ധപ്പെട്ട് നിരവധി കോടതി ഉത്തരവുകളും ഉണ്ട്. ഈ സാഹചര്യത്തില്‍ മരിച്ചവരുടെ കുടുംബ സാഹചര്യങ്ങള്‍ കൂടി പരിഗണിച്ച് അവരുടെ ആശ്രിതര്‍ക്ക് ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് ജോലി നല്‍കണമെന്നും മരിച്ചവരുടെ കുടുംബങ്ങളെയും പരുക്കേറ്റവരെയും സാമ്പത്തികമായി സഹായിക്കണമെന്നും പ്രതിപക്ഷ നേതാവ് കത്തില്‍ പറയുന്നു.

സംഭവത്തില്‍ കേസെടുത്ത് അന്വേഷണം നടത്താനാണ് തീരുമാനം. സംഭവത്തെക്കുറിച്ച് അന്വേഷിച്ച സോഷ്യല്‍ ഫോറസ്ട്രി വിഭാഗത്തിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. ആന എഴുന്നെള്ളിപ്പിനുള്ള 2012ലെ നാട്ടാന പരിപാലന ചട്ടം ഇവിടെ പാലിക്കപ്പെട്ടില്ല എന്നാണ് വനം വകുപ്പിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നത്. ഭാവിയില്‍ ഇത്തരം ദുരന്തങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള മാതൃകാപരമായ ശിക്ഷാനടപടികളുമായി മുന്നോട്ടു പോകുമെന്നു വനംവകുപ്പ് മന്ത്രി എ.കെ.ശശീന്ദ്രന്‍ പറഞ്ഞു. ആനയുടെ ഉടമസ്ഥര്‍, ക്ഷേത്രം ഭാരവാഹികള്‍ എന്നിവര്‍ക്കെതിരെയാണ് കേസെടുക്കുന്നത്. ''കേസ് റജിസ്റ്റര്‍ ചെയ്ത് അന്വേഷിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. അതോടൊപ്പം ഈ ക്ഷേത്രത്തിന് ആനയെ എഴുന്നള്ളിക്കാന്‍ അനുമതി നല്‍കിക്കൊണ്ടുള്ള ഉത്തരവ് റദ്ദാക്കാന്‍ നിര്‍ദേശം നല്‍കി. പൊലീസും നിയമനടപടി സ്വീകരിക്കുന്നുണ്ട്'' - മന്ത്രി ശശീന്ദ്രന്‍ വ്യക്തമാക്കി.

ഉത്സവങ്ങള്‍ക്കും ആഘോഷങ്ങള്‍ക്കും ആനകളെ എഴുന്നള്ളിപ്പിക്കുന്ന ആചാരത്തിന് എതിരാണ് തങ്ങളെന്നു മന്ത്രി പറഞ്ഞു. ''അതു നാട്ടിലെ ഉത്സവത്തിന്റെ ഭാഗമാണ്. സര്‍ക്കാര്‍ അതിനോട് അനുകൂലവുമാണ്. എന്നാല്‍ അതിനുള്ള നിബന്ധനകള്‍ ലംഘിച്ചാല്‍ ആരാധനാലയങ്ങളാണെങ്കിലും അല്ലെങ്കിലും അത് ജനങ്ങള്‍ക്ക് ദുരിതമായി മാറും. അതിനാലാണ് ആ നിബന്ധനകള്‍ കര്‍ശനമായി നടപ്പാക്കുന്നത്. കോടതിയും ഇക്കാര്യത്തില്‍ സമാനമായാണ് പറഞ്ഞിരിക്കുന്നത്. സോഷ്യല്‍ ഫോറസ്ട്രി നല്‍കിയ റിപ്പോര്‍ട്ടില്‍ ആനയ്ക്ക് ഇടച്ചങ്ങല ഇട്ടിരുന്നില്ല എന്നു വ്യക്തമാക്കിയിട്ടുണ്ട്. ഇത് ക്ഷേത്രം ഭാരവാഹികളുടെയും ആന ഉടമസ്ഥരുടെയും ഭാഗത്തു നിന്നുണ്ടായ വീഴ്ചയാണ്.'' മന്ത്രി പറഞ്ഞു.