ഒട്ടാവ: കാനഡയെ തന്നെ ഒന്നടങ്കം ഞെട്ടിച്ചുകൊണ്ടാണ് കഴിഞ്ഞ ദിവസം ടൊറന്റോയിൽ 'ഡെൽറ്റ' എയർലൈൻസ് വിമാനാപകടം ഉണ്ടായത്. വലിയൊരു ദുരന്തത്തിൽ നിന്നും തലനാരിഴയ്ക്കാണ് യാത്രക്കാർ എല്ലാവരും രക്ഷപ്പെട്ടത്. പക്ഷെ പലരുടെയും പരിക്ക് ഗുരുതരമെന്നും റിപ്പോർട്ടുകൾ ഉണ്ട്. പ്രാദേശിക സമയം തിങ്കളാഴ്ച വൈകീട്ട് 3.30നായിരുന്നു സംഭവം നടന്നത്. മഞ്ഞുമൂടിയ റൺവേയിലാണ് വിമാനം തലകീഴായി മറിയുകയായിരിന്നു. പക്ഷെ പെട്ടെന്ന് തന്നെ രക്ഷാപ്രവർത്തനം തുടങ്ങിയതിനാൽ വൻ അപകടം ഒഴിവാക്കി. പരിക്കേറ്റവരെ പെട്ടെന്ന് തന്നെ അടുത്തുള്ള ആശുപത്രികളിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഇപ്പോഴിതാ, അപകടത്തിന്റെ കൃത്യമായ ദൃശ്യങ്ങൾ അധികൃതർ പുറത്തുവിട്ടിരിക്കുകയാണ്. ഭയപ്പെടുത്തുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. മറ്റൊരു എയർക്രഫ്റ്റിലെ ഓഫീസറാണ് വീഡിയോ എക്സിലൂടെ പുറത്തുവിട്ടിരിക്കുന്നത്. കുറച്ച് നെഞ്ചിടിപ്പോടെ അല്ലാതെ വീഡിയോ കണ്ട് തീർക്കാൻ സാധിക്കില്ല.


മണിക്കൂറിൽ ഏകദേശം 65 കിലോമീറ്റർ വേഗതയിൽ വീശിയടിക്കുന്ന കാറ്റിനിടയിലാണ് 'ഡെൽറ്റ' എയർലൈൻസിന്റെ വിമാനവും ലാൻഡ് ചെയ്യാനായി എത്തുന്നത്. ശേഷം മഞ്ഞിലേക്ക് ഇടിച്ചുഇറങ്ങിയപ്പോൾ തന്നെ വിമാനത്തിന്റെ ടയറുകൾ തെന്നി തീ പിടിക്കുകയായിരുന്നു. നേരെ കുറച്ച് കൂടി മുൻപോട്ട് പോയ ശേഷം വിമാനം പെടുന്നനെ തലകീഴ് ആയി മറിയുകയായിരുന്നു. ആ സമയം ദൃശ്യങ്ങൾ എടുക്കുന്ന എയർക്രഫ്റ്റിലെ ഓഫീസർ 'ഓ ഷിറ്റ്' എന്ന് വിളിക്കുന്നതും വിഡിയോയിൽ വ്യക്തമാണ്.തലകീഴായി മറിഞ്ഞപ്പോൾ തന്നെ വിമാനത്തിന്റെ പാതി ഭാഗവും അഗ്നിക്കിരയായി. അതിനുശേഷമാണ് പരിക്കേറ്റവരെ അതിവേഗം ആശുപത്രിയിലേക്ക് മാറ്റുന്നത്. വിമാനം മറിഞ്ഞപ്പോൾ തന്നെ വവ്വാലുകളെ പോലെ തൂങ്ങി കിടക്കേണ്ടി വന്നുവെന്ന് ഒരു യാത്രക്കാരൻ പറഞ്ഞു. ഭാഗ്യം കൊണ്ടാണ് രക്ഷപ്പെട്ടെതെന്നും അദ്ദേഹം പറയുന്നു.വടക്കേ അമേരിക്കയിൽ ഉടനീളം നടക്കുന്ന ഭീകരമായ ഏവിയേഷൻ ദുരന്തങ്ങൾക്ക് ശേഷമാണ് വീണ്ടും മറ്റൊരു വിമാനാപകടത്തിന് സാക്ഷിയാകുന്നത്. അപകടത്തിന്റെ കൃത്യമായ കാരണം കണ്ടെത്താൻ ഇതുവരെ സാധിച്ചിട്ടില്ല. അന്വേഷണം തുടരുകയാണെന്നും അധികൃതർ വ്യക്തമാക്കി. റൺവേയിൽ നിന്നും തെന്നിമാറി വിമാനം കത്തിക്കരിഞ്ഞപ്പോൾ പുക കൊണ്ട് അവസാനം കാഴ്ച മറയ്ക്കുന്നതും വീഡിയോയിൽ ദൃശ്യമാകുന്നു.


അതേസമയം,വിമാനാപകടത്തിൽ പരിക്കേറ്റവരുടെ എണ്ണം 19 ആയിട്ടുണ്ട്. പരിക്കേറ്റ 60 വയസ്സായ ഒരു പുരുഷന്റെയും 40 വയസ്സുള്ള സ്ത്രീയുടെയും ഒരു കുട്ടിയുടെയും ആരോഗ്യനില ഗുരുതരമായി തുടരുകയാണ്. മഞ്ഞുമൂടിയ റൺവേയിലാണ് വിമാനം തലകീഴായി മറിഞ്ഞത്. കനത്ത കാറ്റിനെ തുടർന്നാണ് അപകടമുണ്ടായത് എന്നാണ് പ്രാഥമിക നിഗമനം. നാല് കാബിൻ ക്രൂ അടക്കം 80 പേരാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. മിനിയാപൊളിസിൽ നിന്ന് ടൊറോന്റോയിലേക്കുള്ള ഡെൽറ്റ 4819 വിമാനമാണ് അപകടത്തിൽപ്പെട്ടത്. കനത്ത മഞ്ഞുവീഴ്ച മൂലം വിമാനത്താവളത്തിലെ കാഴ്ചപരിധിയും കുറവായിരുന്നുവെന്നാണ് ലഭിക്കുന്ന വിവരങ്ങൾ. ഹെലികോപ്റ്ററും ആംബുലൻസുകളും ഉപോയഗിച്ച് പരുക്കേറ്റവരെ എത്രയും വേഗം സമീപത്തുള്ള ആശുപത്രികളിൽ പ്രവേശിപ്പിച്ചതിനാൽ വലിയ ദുരന്തം ഒഴിവായി.


അതേസമയം, വിമാനത്തിനുള്ളിൽ ഉണ്ടായിരുന്ന ഒരു യാത്രക്കാരന്‍ പകര്‍ത്തിയ വിമാനത്തിൽ നിന്നും ആളുകളെ രക്ഷപ്പെട്ടുത്തുന്ന ദൃശ്യങ്ങൾ നവമാധ്യമങ്ങളിൽ വൈറലായി. ജോൺ നെൽസൺ എന്ന യാത്രക്കാരനാണ് താന്‍ സഞ്ചരിച്ചിരുന്ന വിമാനം അപകടത്തിൽപ്പെട്ടുവെന്ന കുറിപ്പോടെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചത്. വിമാനത്തിൽ നിന്ന് യാത്രക്കാരെ ഒഴിപ്പിക്കുന്നതും രക്ഷാപ്രവർത്തനങ്ങൾ നടത്തുന്നതും വീഡിയോ ദൃശ്യങ്ങളിൽ കാണാം. വിമാനത്തിന്‍റെ അവശിഷ്ടങ്ങൾക്കിടയിലൂടെ യാത്രക്കാർ നടന്നു നീങ്ങുന്നതും ദൃശ്യങ്ങളിൽ കാണാം.


'ജീവിച്ചിരിക്കുന്നതില്‍ ഇന്ന് വല്ലാത്ത സന്തോഷം തോന്നുന്നു' എന്നാണ് മറ്റൊരു യാത്രക്കാരി വീഡിയോക്ക് ക്യാപ്ഷന്‍ നല്‍കിയിരിക്കുന്നത്. പീറ്റ് കുക്കോവ് എന്ന യാത്രക്കാരി തന്റെ മൊബൈലിൽ പകർത്തിയ ചിത്രങ്ങളാണ് എക്സിലും ഇൻസ്റ്റ​ഗ്രാമിലുമടക്കം വൈറലായിരുന്നു. വിമാനം തകർന്നതിനെ തുടർന്ന് വിമാനത്തിനുള്ളിൽ നിന്ന് യാത്രക്കാരെ രക്ഷപ്പെടുത്തിയതിന്‍റെ വീഡിയോ ആണ് യുവതി പോസ്റ്റ് ചെയ്തത്. ഫയർ എഞ്ചിന് പുറത്തേക്ക് വെള്ളം ശക്തമായി ഒഴിക്കുന്നതും ദൃശ്യങ്ങളിൽ ഉണ്ട്.

ശക്തമായ കാാറ്റില്‍ വിമാനം ആടിയുലഞ്ഞതാവാം അപകട കാരണം എന്നാണ് ഇപ്പോള്‍ അനുമാനിക്കുന്നത്. യാത്രക്കാരുടെ അനുഭവവും ഇത്തരമൊരു സാധ്യതയെയാണ് ശരി വയ്ക്കുന്നത്. ബൊംബാര്‍ഡിയര്‍ സി ആര്‍ 900 വിമാനം എന്‍ഡെവര്‍ എയര്‍ എന്ന ഒരു പ്രാദേശിക വിമാനക്കമ്പനിയായിരുന്നു പ്രവര്‍ത്തിപ്പിച്ചിരുന്നത്. മിനപോലിസ് ആസ്ഥാനമായുള്ള ഡെല്‍റ്റ എയര്‍ ലൈന്‍സിന്റെ പൂര്‍ണ്ണ ഉടമസ്ഥതയിലുള്ള സ്ഥാപനമാണിത്. 76 യാത്രകാരും നാല് ജീവനക്കാരുമാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്.

സെയിന്റ് പോളില്‍ നിന്നും ടൊറന്റോ പിയേഴ്‌സണ്‍ ഇന്റര്‍നാഷണല്‍ വിമാനത്താവളത്തിലേക്കുള്ള എന്‍ഡേവര്‍ 4819 വിമാനം അപകടത്തില്‍ പെട്ടതായി ഡെല്‍റ്റ എയര്‍ലൈന്‍സും സ്ഥിരീകരിച്ചിട്ടുണ്ട്. അപകടത്തെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ക്കായി കാത്തിരിക്കുകയാണെന്നും, വിവരങ്ങള്‍ ലഭ്യമാകുന്ന മുറയ്ക്ക് അവ പരസ്യപ്പെടുത്തുമെന്നും കമ്പനി അറിയിച്ചു. വിമാനം ക്രാഷ് ലാന്‍ഡിംഗ് നടത്തിയതിനെ തുടര്‍ന്ന് വിമാനത്താവളത്തിലെ പ്രവര്‍ത്തനങ്ങള്‍ ഏതാണ്ട് പൂര്‍ണ്ണമായും തന്നെ നിര്‍ത്തിവെച്ചിരുന്നു.