- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആള് താമസം കുറവുള്ള 23 പ്രദേശങ്ങളില്‍ രണ്ടു വര്‍ഷമായി ഒഴിഞ്ഞു കിടക്കുന്ന വീട് വാങ്ങുന്നവര്‍ക്ക് 70 ലക്ഷം രൂപ സബ്സിഡി അനുവദിച്ച് ഐറിഷ് സര്‍ക്കാര്‍; മലയാളികള്‍ അടക്കമുള്ളവര്‍ക്ക് പ്രയോജനം; മുതലാക്കാന്‍ മറ്റ് രാജ്യക്കാരും
രാജ്യത്തെ, ആള്‍ത്താമസമില്ലാത്ത ദ്വീപുകളില്‍ വീടുകള്‍ വാങ്ങി താമസിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് 69,650 പൗണ്ടിന് (ഏകദേശം 70 ലക്ഷം രൂപ) തുല്യമായ തുക ഗ്രാന്റായി നല്‍കാന്‍ ഐറിഷ് സര്‍ക്കാര്‍ പദ്ധതി. വേക്കന്റ് പ്രോപ്പര്‍ട്ടി റീഫര്‍ബിഷ്‌മെന്റ് ഗ്രാന്റ് എന്നറിയപ്പെടുന്ന ഈ ധനസഹായം, രാജ്യത്തെ ചില ദ്വീപുകളില്‍ ആളൊഴിഞ്ഞതോ ഉപേക്ഷിക്കപ്പെട്ടതോ ആയ വീടുകള്‍ വാങ്ങുന്നവര്‍ക്കാണ് ലഭിക്കുക. ദ്വീപുകളില്‍ ജനസംഖ്യ വര്‍ദ്ധിപ്പിക്കുക എന്നതാണ് ഈ പദ്ധതിയുടെ ഉദ്ദേശം.
അതോടൊപ്പം അടിസ്ഥാന സൗകര്യ വികസനവും, വിദ്യാഭ്യാസം ആരോഗ്യം തുടങ്ങിയ മേഖലകളുടെ വികസനവും സര്‍ക്കാര്‍ ഉന്നംവയ്ക്കുന്നുണ്ട്. എന്നാല്‍, ഈ വന്‍ ധനസഹായം 2007 ന് ശേഷം പണികഴിപ്പിച്ച വീടുകള്‍ വാങ്ങുന്നവര്‍ക്ക് മാത്രമെ ലഭിക്കുകയുള്ളു. മാത്രമല്ല, ആ വീട് കഴിഞ്ഞ രണ്ടു വര്‍ഷക്കാലമായെങ്കിലും ഒഴിഞ്ഞു കിടക്കുന്നതുമായിരിക്കണം. ഐറിഷ് വന്‍കരയില്‍ നിന്നകന്ന്, ഗ്രാമീണ ജീവിതം കൊതിക്കുന്നവര്‍ പക്ഷെ ഈ വീടുകള്‍ പുതുക്കി പണിയുവാന്‍ പണം മുടക്കേണ്ടി വരുമെന്നും അറിഞ്ഞിരിക്കണം.
ഐറിഷ് തീരത്തു നിന്നും മാറി ആള്‍ത്താമസം കുറഞ്ഞ 23 ദ്വീപുകളാണ് ഈ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. 2016 ലെ കണക്കനുസരിച്ച് ഈ ദ്വീപുകളിലെല്ലാം കൂടി 2,734 പേര്‍ മാത്രമാണ് താമസിക്കുന്നത്. എന്നാല്‍, ഈ ധനസഹായ പദ്ധതി നിലവില്‍ വന്നതിന് ശേഷം ഇവിടങ്ങളില്‍ ജനസംഖ്യ വര്‍ദ്ധിക്കുന്നുണ്ട്. ഇതുവരെ കൃത്യം എത്രപേര്‍ക്ക് ധനസഹായം നല്‍കി എന്നത് സര്‍ക്കാര്‍ വെളിപ്പെടുത്തുന്നില്ലെങ്കിലും ഇതുവരെ മൊത്തം 10,000 പേര്‍ ഇതിനായി അപേക്ഷിച്ചിട്ടുണ്ട് എന്നാണ് ലഭ്യമായ കണക്കുകള്‍ പറയുന്നത്.
അയര്‍ലന്‍ഡിന്റെ പടിഞ്ഞാറന്‍ തീരത്തു നിന്നും മാറിയുള്ള ആരാന്‍ ദ്വീപ് സമൂഹത്തിലെ ഏറ്റവും വലിയ ദ്വീപായ ഐനിഷ്‌മോര്‍ ദ്വീപും ഈ പദ്ധതിയില്‍ ഉള്‍പ്പെടുന്നുണ്ട്. നിലവില്‍ ഇവിടത്തെ ജനസംഖ്യ 762 ആണെന്നാണ് കണക്കാക്കുന്നത്. അയര്‍ലന്‍ഡിന്റെ ഏറ്റവും തെക്കെ അറ്റത്തെ ദ്വീപായ കേപ് ക്ലിയര്‍ ദ്വീപും ഈ പദ്ധതിയില്‍ ഉള്‍പ്പെടുന്നു. 2016 ലെ സെന്‍സസ് പ്രകാരം കേവലം 147 പേരാണ് ഇവിടെ താമസിക്കുന്നത്. അയര്‍ലന്‍ഡില്‍ സ്ഥിരതാമസമാണോ എന്ന് നോക്കാതെ ആര്‍ക്കും ഈ പദ്ധതിക്ക് കീഴിലുള്ള ധന സഹായത്തിനായി അപെക്ഷിക്കാവുന്നതാണ്.
അവിടെ സ്ഥിരതാമസമാക്കുന്നതിനോ, ഹോളിഡേ ഹോം ആക്കുന്നതിനോ അതല്ലെങ്കില്‍ വാടകക്ക് നല്‍കുന്നതിനോ നിങ്ങള്‍ക്ക് വീട് വാങ്ങാവുന്നതാണ്. ഐറിഷ് സര്‍ക്കാരിനു വേണ്ടി ലോക്കല്‍ അഥോറിറ്റികളാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. അതുകൊണ്ടു തന്നെ നിങ്ങള്‍ വീട് വാങ്ങുവാന്‍ ഉദ്ദേശിക്കുന്ന ദ്വീപിലെ ലോക്കല്‍ അഥോറിറ്റിയുമായാണ് ധന സഹായത്തിനായി ബന്ധപ്പെടേണ്ടത്. വേക്കന്റ് പ്രോപ്പര്‍ട്ടി റിഫര്‍ബിഷ്‌മെന്റ് ഗ്രാന്റിന് മാത്രമായാണോ അതോ അതിനൊപ്പം ഡെറിലിക്റ്റ് പ്രോപ്പര്‍ട്ടി ടോപ് അപ് ഗ്രാന്റിനും അപേക്ഷിക്കുന്നുണ്ടോ എന്ന് അപേക്ഷ സമയത്ത് വ്യക്തമാക്കണം.
ഗ്രാന്റ് ലഭിക്കുന്ന തീയതി മുതല്‍ കുറഞ്ഞത് പത്ത് വര്‍ഷത്തേക്കെങ്കിലും വീട് നിങ്ങളുടെ കൈവശം തന്നെ ഉണ്ടായിരിക്കണം. ഇക്കാലയളവില്‍ അത് വില്‍ക്കാന്‍ സാധിക്കുകയില്ല. എന്നാല്‍, ഗ്രാന്റ് തുകയുടെ 75 ശതമാനം തിരികെ നല്‍കി അഞ്ചു വര്‍ഷത്തിന് ശേഷം ഇത് വില്‍ക്കാം എന്നൊരു ഉപാധി കൂടിയുണ്ട്.