മാധ്യമപ്രവര്‍ത്തകര്‍ വൈകാരികമായി വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നതും അവതരിപ്പിക്കുന്നതും ഒന്നും പതിവുള്ള കാര്യമല്ല. എന്നാല്‍ ഇന്ന് ഓസ്ട്രേലിയ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പ്രമുഖ അന്താരാഷ്ട്ര ചാനലായ സ്‌കൈ ന്യൂസിലെ വളരെ മുതിര്‍ന്ന ഒരു മാധ്യമപ്രവര്‍ത്തകന്‍ വിങ്ങിക്കരഞ്ഞു കൊണ്ടാണ് ഒരു വാര്‍ത്ത അവതരിപ്പിച്ചത്.

ഹമാസ് തീവ്രവാദികള്‍ 2023 ഒക്ടോബര്‍ ഏഴിന് തട്ടിക്കൊണ്ടു പോയി ബന്ദികളാക്കിയ ഒരു ഒമ്പത് മാസം പ്രായമുള്ള കുഞ്ഞും നാല് വയസ് പ്രായമുള്ള സഹോദരനും അവരുടെ അമ്മയും കൊല്ലപ്പെട്ടതായി കഴിഞ്ഞ ദിവസം ഹമാസ് തന്നെ സ്ഥിരീകരിച്ചിരുന്നു. ഒമ്പത് മാസം പ്രായമുള്ള കെഫിര്‍ ബിബാസ് സഹോദരന്‍ ഏരിയല്‍ അവരുടെ അമ്മ ഷിരി എന്നിവരുടെ മൃതദേഹങ്ങള്‍ ഇസ്രയേലിലേക്ക് കൊണ്ട് വരുന്ന വാര്‍ത്ത വായിച്ചപ്പോഴാണ് മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും അവതാരകനുമായ ക്രിസ് കെന്നി കരഞ്ഞു പോയത്. തൊണ്ട ഇടറി കൊണ്ടാണ് അദ്ദേഹം ഈ വാര്‍ത്താ വായന പൂര്‍ത്തിയാക്കിയത്.

തന്റെ മാധ്യമ ജീവിതത്തിലെ ഏറ്റവും വേദനാജനകമായ ഒരു സംഭവമാണ് വായിക്കേണ്ടി വന്നതെന്നാണ് ക്രിസ് കെന്നി പ്രേക്ഷകരോട് പറഞ്ഞത്. കുട്ടികളും അമ്മയും പൂര്‍ണ ആരോഗ്യത്തോടെയിരുന്ന സമയത്താണ് അവരെ തട്ടിക്കൊണ്ട് പോയതന്ന കാര്യം അദ്ദേഹം ഓര്‍മ്മിപ്പിച്ചു. എന്നാല്‍ ആ കുടുംബത്തിന് ഉണ്ടായത് ഭീകരമായ ദുരന്തമായിരുന്നു. ഹമാസ് അവരെ വധിച്ചത് തന്നെയാണെന്നാണ് ക്രിസ് കെന്നി അഭിപ്രായപ്പെടുന്നത്.

ഹമാസ് അവകാശപ്പെടുന്നത് പോലെ ഇസ്രയേല്‍ നടത്തിയ ബോംബാക്രമണത്തിലാണ് അവര്‍ കൊല്ലപ്പെട്ടതെങ്കില്‍ അതിനും ഉത്തരവാദി ഹമാസ് തന്നെയാണ്. കാരണം നിരപരാധികളായ അവരെ തട്ടിക്കൊണ്ട് പോയി രഹസ്യ കേന്ദ്രങ്ങളില്‍ ബന്ദികളാക്കിയ ഹമാസ് തന്നെയാണ് അതിന് ഉത്തരവാദിയെന്ന് അദ്ദേഹം പ്രേക്ഷകരോട് പറഞ്ഞു.

കുട്ടികളെ തട്ടിക്കൊണ്ട് പോയി ഇത്രയും നാളായിട്ടും ലോകനേതാക്കള്‍ ആരെങ്കിലും അവരുടെ മോചനത്തിന് വേണ്ടി ശ്രമം നടത്തിയോ എന്നും ക്രിസ് ചോദിച്ചു. ഹമാസിന്റെ ബന്ദികളായി കഴിയുന്ന 36 പേര്‍ക്കും കൊല്ലപ്പെട്ട 34 പേര്‍ക്കും വേണ്ടി താന്‍ ഒരു ബാഡ്ജ് ധരിച്ചാണ് വാര്‍ത്തകള്‍ അവതരിപ്പിക്കുന്നതെന്ന കാര്യവും അദ്ദേഹം വെളിപ്പെടുത്തി. ഹമാസുമായി ഒത്തുതീര്‍പ്പ് ചര്‍ച്ചയല്ല നടത്തേണ്ടത് എന്നും അവരെ ഇല്ലാതാക്കുകയാണ് ചെയ്യേണ്ടതെന്നും പറഞ്ഞ ക്രിസ് തട്ടിക്കൊണ്ടു പോയ കുട്ടികളുടെ മൃതദേഹങ്ങള്‍ വെച്ചാണ് തീവ്രവാദികളെ മോചിപ്പിക്കാന്‍ വിലപേശല്‍ നടത്തുന്നതെന്നും കുറ്റപ്പെടുത്തി.

ഇതാദ്യമായാണ് ബന്ദികളുടെ മൃതദേഹങ്ങള്‍ ഹമാസ് കൈമാറുന്നത്. ഇസ്രയേല്‍ ഗാസയില്‍ നടത്തിയ ആക്രമണങ്ങളിലാണ് ബന്ദികള്‍ കൊല്ലപ്പെട്ടത് എന്നാണ് ഹമാസ് നല്‍കുന്ന വിശദീകരണം. തെക്കന്‍ ഗാസയിലെ ഖാന്‍ യൂനിസിലെ പ്രാന്തപ്രദേശത്ത് വച്ചായിരുന്നു മൃതദേഹങ്ങള്‍ കൈമാറിയത്. ആയുധധാരികളായ ഹമാസ് പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ നൂറുകണക്കിനാളുകള്‍ ചടങ്ങില്‍ പങ്കെടുത്തു.

2023 ഒക്ടോബര്‍ 23 ന് ഹമാസ് ഇസ്രയേല്‍ പ്രദേശങ്ങളില്‍ നടത്തിയ അപ്രതീക്ഷിത ആക്രമണത്തിന് പിന്നാലെ ബന്ദികളാക്കിയവരില്‍ ഉള്‍പ്പെട്ടവരാണ് കൊല്ലപ്പെട്ടവരും. ബന്ദികളാക്കപ്പെട്ടവരുടെ ചിത്രങ്ങളില്‍ ചുവന്ന തലമുടിയും മോണകാട്ടി ചിരിച്ചുമുള്ള കെഫിര്‍ ബിബാസിന്റെ ചിത്രം ആഗോള തലത്തില്‍ തന്നെ ശ്രദ്ധനേടിയിരുന്നു. ബന്ദികളുടെ മരണം സ്ഥിരീകരിച്ച ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ഇസ്രയേലിന്റെ ദുഃഖകരമായ ദിനം എന്നാണ് പ്രതികരിച്ചത്. രാജ്യത്തിന്റെ ഹൃദയം തകര്‍ന്ന ദിവസമാണ്. വീര മൃത്യുവരിച്ചവരെ ഞങ്ങള്‍ നാട്ടിലേക്ക് മടക്കിക്കൊണ്ടുവരുന്നു എന്നും നെതന്യാഹു പറഞ്ഞു.