- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ന്യുമോണിയ നിയന്ത്രണവിധേയം; എങ്കിലും അണുബാധ രക്തത്തിലേക്ക് വ്യാപിച്ച് 'സെപ്സിസ്' എന്ന അവസ്ഥയിലേക്ക് നീങ്ങാൻ സാധ്യത; രക്തത്തില്‍ പ്ലേറ്റ്ലെറ്റിന്റെ അളവും കുറവ്; രാപ്പകൽ വ്യത്യാസമില്ലാതെ കാവൽ മാലാഖമാരെ പോലെ പ്രവർത്തിച്ച് ഡോക്ടർമാർ; ഫ്രാന്‍സിസ് മാര്‍പാപ്പയുടെ നില അതീവ ഗുരുതരം തന്നെയെന്ന് വത്തിക്കാൻ; പ്രാര്‍ത്ഥനയോടെ വിശ്വാസികൾ
വത്തിക്കാന്‍ സിറ്റി: കുറച്ച് ദിവസങ്ങളായി വത്തിക്കാനിൽ നിന്നും അത്ര ശുഭകരമല്ലാത്ത വാർത്തകളാണ് പുറത്തുവരുന്നത്. ന്യുമോണിയ ബാധയേറ്റ ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ആരോഗ്യനില വളരെ ഗുരുതരമെന്നാണ് ലഭിക്കുന്ന റിപ്പോർട്ടുകൾ. പുതിയ റിപ്പോർട്ടുകൾ പ്രകാരം ന്യുമോണിയ നിയന്ത്രണവിധേയമായിട്ടുണ്ടെങ്കിലും അണുബാധ രക്തത്തിലേക്ക് വ്യാപിച്ച് 'സെപ്സിസ്' എന്ന അവസ്ഥയിലേക്ക് നയിക്കാന്‍ സാധ്യതയുള്ളതിനാല്‍ അദ്ദേഹം ആശുപത്രിയില്‍ നിരീക്ഷണത്തില്‍ തുടരുമെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഫ്രാന്‍സിസ് മാര്‍പാപ്പയെ ദീര്‍ഘകാലമായി ശ്വാസകോശ സംബന്ധമായ രോഗം അലട്ടുകയാണെന്നും മാര്‍പാപ്പയുടെ രക്തത്തില്‍ പ്ലേറ്റ്ലെറ്റിന്റെ അളവ് കുറഞ്ഞതിനാല്‍ വെള്ളിയാഴ്ച അദ്ദേഹത്തിന് രക്തംമാറ്റിവെച്ചിരുന്നുവെന്നും വത്തിക്കാന്‍ വെളിപ്പെടുത്തി.
ന്യുമോണിയ ബാധ ഗുരുതരമായതിനെ തുടർന്ന് റോമിലെ ജെമെല്ലൈ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ആരോഗ്യനില അപകടനിലയില്‍ തുടരുന്നതായി റിപ്പോര്‍ട്ട്. ഫെബ്രുവരി 14 നാണ് ബ്രോങ്കൈറ്റിസിനെ തുടര്‍ന്ന് മാര്‍പാപ്പയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പിന്നീട് ഇരുശ്വാസകോശങ്ങളിലും കടുത്ത അണുബാധ വ്യാപിക്കുകയായിരുന്നു. രക്തത്തില്‍ പ്ലേറ്റ്ലെറ്റിന്റെ അളവ് കുറയുന്ന 'ത്രോംബോസൈറ്റോഫീനിയ' എന്ന അവസ്ഥയോടൊപ്പം വിളര്‍ച്ചയും ബാധിച്ചതിനാലാണ് ആരോഗ്യനിലയില്‍ പുരോഗതിയുണ്ടാകാത്തതെന്നാണ് റിപ്പോര്‍ട്ട്.
ആരോഗ്യനില ഗുരുതരമാണെങ്കിലും അദ്ദേഹം കിടപ്പിലല്ലെന്നും അധികസമയവും ചാരുകസേരയില്‍ വിശ്രമിക്കുകയാണെന്നും അതേ സമയം കൂടുതല്‍ ക്ഷീണിതനായാണ് കാണപ്പെടുന്നതെന്നുമാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ഞായറാഴ്ച കുര്‍ബാനയ്ക്ക പങ്കെടുക്കുന്നില്ലെങ്കിലും അദ്ദേഹത്തിന്റെ സന്ദേശം വത്തിക്കാന്‍ പ്രസിദ്ധീകരിച്ചു. ആരോഗ്യനില മോശമാണെങ്കിലും ആശുപത്രി മുറിക്കുള്ളിലിരുന്ന് മാര്‍പാപ്പ തന്റെ ചുമതലകള്‍ പരമാവധി നിറവേറ്റാന്‍ ശ്രമിക്കുന്നുണ്ടെന്നും വത്തിക്കാന്‍ അറിയിച്ചു.
ഡോക്ടര്‍ സെര്‍ഗൈയോ ആല്‍ഫേറിയുടെ നേതൃത്വത്തിലുള്ള മെഡിക്കല്‍ സംഘത്തിന്റെ നിരന്തരനിരീക്ഷണത്തിലാണ് മാര്‍പാപ്പ ആശുപത്രിയില്‍ കഴിയുന്നത്. മാര്‍പാപ്പയ്ക്ക് വെന്റിലേറ്ററിന്റെ സഹായം നല്‍കിയിട്ടില്ലെന്നും ശ്വാസതടസ്സമുള്ളതിനാല്‍ പരിമിതമായി മാത്രയേ ശരീരചലനം നടത്തുന്നുള്ളുവെന്നും ഡോ.സെര്‍ഗൈയോ ആല്‍ഫേറി അറിയിച്ചു. ഈയവസ്ഥയിലും മാര്‍പാപ്പ അദ്ദേഹത്തിന്റെ സ്വതസിദ്ധമായ നര്‍മ്മസംഭാഷണം തുടരുന്നതായും ഡോക്ടർമാർ പറയുന്നു.
മാര്‍പാപ്പയുടെ ആരോഗ്യനിലയെ സംബന്ധിച്ച വാര്‍ത്തകളെ തുടര്‍ന്ന് ജെമെല്ലൈ ആശുപത്രിയ്ക്ക് പുറത്തും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലും പ്രത്യേക പ്രാര്‍ഥനകള്‍ നടക്കുന്നുണ്ട്. മാര്‍പാപ്പയുടെ ആരോഗ്യത്തിനായി മെഴുകുതിരികള്‍ കൊളുത്തിയും സങ്കീര്‍ത്തനങ്ങള്‍ ചൊല്ലിയും കന്യാസ്ത്രീകളും പുരോഹിതന്മാരും ആശുപത്രിയ്ക്ക് പുറത്ത് കഴിയുകയാണ്. മാര്‍പാപ്പ ആരോഗ്യവാനായി മടങ്ങിയെത്തുമെന്നുള്ള പ്രതീക്ഷ റോമിലെത്തുന്ന തീര്‍ഥാടകരും പങ്കുവെച്ചു.
അതേസമയം, രോഗാവസ്ഥയെ തുടര്‍ന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ സ്ഥാനമൊഴിഞ്ഞേക്കുമെന്നുള്ള ചര്‍ച്ചകള്‍ ഉയര്‍ന്നിട്ടുണ്ട്. ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് 2013 ല്‍ ബെനഡിക്ട് നാലാമന് മാര്‍പാപ്പ സ്ഥാനമൊഴിഞ്ഞതിനെ ചൂണ്ടിക്കാട്ടിയാണ് ഇത്തരം ചര്‍ച്ചകള്‍ ഉയരുന്നത്. എന്നാല്‍ കതോലിക്കസഭയുടെ നേതൃസ്ഥാനത്ത് ആജീവനാന്തം തുടരുന്നത് തന്റെ പ്രതിബദ്ധതയാണെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ ആവര്‍ത്തിച്ച് വ്യക്തമാക്കിയിട്ടുണ്ട്. നിലവില്‍ വത്തിക്കാന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് കര്‍ദിനാള്‍ സ്റ്റേറ്റ് സെക്രട്ടറി പിയത്രോ പറോലിലാണ് നേതൃത്വം നല്‍കുന്നത്. 2025 വിശുദ്ധവര്‍ഷമായി ആചരിക്കുന്നതിനാല്‍ സെന്റ് പീറ്റേഴ്സ് ബസലിക്കയില്‍ അടുത്തിടെ നടക്കുന്ന കുര്‍ബാനയ്ക്ക് ഫ്രാന്‍സിസ് മാര്‍പാപ്പയ്ക്ക് പകരം ആര്‍ച്ച് ബിഷപ് റീനോ ഫിസിക്കെല്ല നേതൃത്വം നല്‍കും.
ഇതിനിടെ, ആരോഗ്യനില മെച്ചപ്പെട്ടില്ലെങ്കില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ സ്ഥാനം ഒഴിയുമോയെന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് 'എല്ലാത്തിനും സാധ്യതയുണ്ട്' എന്നായിരുന്നു ഫ്രാന്‍സിലെ മാര്‍സെ ആര്‍ച്ച് ബിഷപ് ജീന്‍ മാര്‍ക് അവേലിന്‍ പ്രതികരിച്ചത്. ഫ്രാന്‍സിസ് മാര്‍പാപ്പ ആശുപത്രിയിലാണെങ്കിലും സഭയുടെ ജീവിതം തുടരും എന്നാണ് ബാഴ്സലോണ ആര്‍ച്ച് ബിഷപ് ജുവാന്‍ ജോസ ഒമെല്ല മറുപടി നല്‍കിയത്. കര്‍ദിനാള്‍ ജിയാന്‍ഫ്രാങ്കോ രവാസിയും സമാനമായ രീതിയില്‍ പ്രതികരിച്ചിരുന്നു. വിശ്വാസികളുമായി നേരിട്ട് ഇടപഴകാന്‍ കഴിയുന്നില്ലെങ്കില്‍ രാജിവയ്ക്കാന്‍ ഫ്രാന്‍സിസ് മാര്‍പാപ്പ തീരുമാനിക്കുമെന്ന് ഉറപ്പാണ്- എന്നാണ് കര്‍ദിനാള്‍ പ്രതികരിച്ചത്. ആരോഗ്യനില മോശമായാല്‍ പദവിയൊഴിയുന്നതിനായി നല്‍കേണ്ട രാജിക്കത്ത് തയ്യാറാക്കി വച്ചിട്ടുണ്ടെന്ന് മാര്‍പാപ്പ മുമ്പ് വെളിപ്പെടുത്തിയിരുന്നു.ഇതിനിടെയാണ് ഫ്രാന്‍സിസ് മാര്‍പാപ്പ അപകടനില പൂര്‍ണമായും തരണം ചെയ്തിട്ടില്ലെന്ന് മെഡിക്കല്‍ സംഘം അറിയിക്കുന്നത്.
ഇറ്റലിയുടെ പ്രധാനമന്ത്രിയായ ജോര്‍ജിയ മെലോനി ആശുപത്രിയിലെത്തി മാര്‍പാപ്പയെ കഴിഞ്ഞ ദിവസം സന്ദര്‍ശിച്ചിരുന്നു. ഇരുപത് മിനിറ്റോളം നീണ്ട കൂടിക്കാഴ്ചയ്ക്കു ശേഷമാണ് മെലോനി മടങ്ങിയത്. ആരോഗ്യപ്രശ്നങ്ങളെ തുടര്‍ന്ന് കഴിഞ്ഞ വെള്ളിയാഴ്ചയാണ് മാര്‍പാപ്പയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. രണ്ടു ശ്വാസകോശങ്ങളിലും കടുത്ത ന്യൂമോണിയ ബാധിച്ചതോടെ ആരോഗ്യനില സങ്കീര്‍ണമാകുകയായിരുന്നു.