- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഡികെ മുരളി എംഎല്‍എയെ കണ്ട് ആദ്യം നന്ദി അറിയിച്ചു; പിന്നെ ഗോകുലത്തില്‍ എത്തി ഭാര്യയെ ആശ്വസിപ്പിച്ചു; ഭര്‍ത്താവിനോടു പോലും മകന്റെ ക്രൂരത പറയാത്ത മാതൃസ്നേഹം; കട്ടിലില്‍ നിന്ന് വീണ് പരിക്കേറ്റെന്ന് വിശദീകരിച്ച ഷെമി; പിന്നെ എത്തിയത് ഖബറുകള്‍ക്ക് മുന്നില്‍; ആശ്വസിപ്പിക്കാന്‍ കഴിയാതെ ബന്ധുക്കള്‍; വെഞ്ഞാറമൂട്ടിലേക്ക് ഏഴ് വര്‍ഷത്തിന് ശേഷം റഹീം എത്തിയത് കണ്ണീര് കടലാകുമ്പോള്‍
തിരുവനന്തപുരം : വിമാനമിറങ്ങി ആദ്യം പോയത് ഡികെ മുരളി എംഎല്‍എയ്ക്ക് നന്ദി പറയാന്‍. പിന്നെ ഗോകുലം മെഡിക്കല്‍ കോളേജിലെത്തി ഭാര്യയെ കണ്ടു. അവിടെ നിന്നും ഉറ്റവരുടെ ഖബറിന് അടുത്തേക്ക്. വെഞ്ഞാറമ്മൂട്ടില്‍ കൂട്ടക്കൊലക്കേസ് പ്രതി അഫാന്റെ പിതാവ് അബ്ദുല്‍ റഹീം തലസ്ഥാനത്തെ ബന്ധു വീട്ടിലെത്തി. സഹോദരി അടക്കമുള്ളവരാണ് വീട്ടിലുണ്ടായിരുന്നത്. വൈകാരികമായ രംഗങ്ങളാണ് വീട്ടിലുണ്ടായത്. ശേഷം കൊല്ലപ്പെട്ട രണ്ടാമത്തെ മകന്‍ അഫ്‌നാന്‍, ഉമ്മ ആസിയാബി, സഹോദരന്‍ ലത്തീഫ്, ലത്തീഫിന്റെ ഭാര്യ തുടങ്ങിയ ബന്ധുക്കളെ അടക്കിയ കബറിടത്തിലെത്തി പ്രാര്‍ത്ഥന നടത്തി. കബറിടത്തില്‍ പൊട്ടിക്കരഞ്ഞ അബ്ദുല്‍ റഹീമിനെ ബന്ധുക്കളും സുഹൃത്തുക്കളും ആശ്വസിപ്പിക്കാനറിയാതെ കുഴങ്ങി.
രാവിലെ 7.45 നാണ് സൌദിയില്‍ നിന്നും റഹീം തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയത്. ആദ്യം ചികിത്സയില്‍ കഴിയുന്ന ഭാര്യ ഷെമീനയെ കണ്ടു. കട്ടിലില്‍ നിന്ന് വീണ് പരിക്കേറ്റെന്നാണ് ഷെമീന റഹീമിനോട് പറഞ്ഞത്. ഇളയമകന്‍ അഫ്‌സാനെ കാണണം എന്ന് ഷെമീന ആവശ്യപ്പെട്ടു. കൊലപാതകങ്ങളെല്ലാം നടത്തിയ അഫാനെയും ഉമ്മ അന്വേഷിച്ചു. ഏറെ നേരം ഭാര്യയ്ക്ക് അടുത്ത് ചെലവഴിച്ചു. അതിന് ശേഷം പുറത്തേക്ക്. ദുരന്തങ്ങളൊന്നും ഭാര്യയെ അറിയിക്കാതെ ആശ്വസിപ്പിക്കുകയായിരുന്നു റഹീം. അതിന് ശേഷമാണ് ഖബറിലേക്ക് പോയത്. ഷമീനയുടെ ആരോഗ്യനിലയില്‍ പുരോഗതിയുണ്ട്. 7 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് റഹീം നാട്ടിലെത്തിയത്. രണ്ടര വര്‍ഷമായി ഇഖാമ കാലാവധി തീര്‍ന്നെങ്കിലും യാത്രാവിലക്ക് നേരിടുകയായിരുന്നു. വിമാനത്താവളത്തില്‍നിന്ന് നേരെ ഡി.കെ.മുരളി എംഎല്‍എയെ സന്ദര്‍ശിച്ച് മടങ്ങിയെത്താന്‍ സഹായിച്ചതിനു നന്ദി അറിയിക്കുകയായിരുന്നു റഹീം ചെയ്തത്.
പ്രതി അഫാന്റേത് അസാധാരണ പെരുമാറ്റമെന്നാണ് പൊലീസ് വിലയിരുത്തല്‍. അഫാനെ മാനസിക വിദഗ്ധരുടെ സാന്നിധ്യത്തില്‍ ചോദ്യം ചെയ്യും. മാനസിക നില പരിശോധിക്കും. ഫര്‍സാനയോട് അഫാന് എന്തെങ്കിലും വിരോധമുള്ളതായി കണ്ടെത്തിയിട്ടില്ല. താന്‍ മരിച്ചാല്‍ ഒറ്റയ്ക്കാകുമെന്ന് കരുതിയാണ് ഫര്‍സാനയെ അഫാന്‍ കൊലപ്പെടുത്തിയത്. കൂട്ട ആത്മഹത്യയുടെ കാര്യം അഫാന്‍ ഫര്‍സാനയോട് പറഞ്ഞിട്ടില്ലെന്നും പൊലീസ് കണ്ടെത്തി. റഹിമിന്റെ മാനസിക അവസ്ഥ കൂടി പരിഗണിച്ച് ചോദ്യം ചെയ്യാനാണ് പൊലീസ് തീരുമാനിച്ചിരിക്കുന്നത്. റഹിമിന്റെ മൊഴി കേസില്‍ നിര്‍ണായകമാണ്. ഇത്രത്തോളം സാമ്പത്തിക ബാധ്യത കുടുംബത്തിന് എങ്ങനെ ഉണ്ടായി എന്നതടക്കമുള്ള വിവരങ്ങള്‍ റഹിമില്‍നിന്നു പൊലീസ് ചോദിച്ചറിയും. 65 ലക്ഷത്തോളം രൂപ ബാധ്യതയുണ്ടെന്നാണ് അഫാന്‍ പറഞ്ഞത്.
എന്നാല്‍ 15 ലക്ഷം രൂപ മാത്രമേ തനിക്കു ബാധ്യതയുള്ളുവെന്നാണ് റഹിമിം വ്യക്തമാക്കിയത്. ബാക്കി തുകയുടെ ബാധ്യത എങ്ങനെ ഉണ്ടായി എന്നതറിയാനുള്ള ശ്രമത്തിലാണ് പൊലീസ്. കൂട്ടആത്മഹത്യാശ്രമത്തില്‍നിന്നു മാതാവ് പിന്മാറിയതും വെഞ്ഞാറമൂട്ടിലെ കൂട്ടക്കുരുതിക്കു പ്രേരണയായെന്നു പ്രതി അഫാന്റെ മൊഴി. ഗള്‍ഫില്‍ പിതാവിന്റെ ബിസിനസ് തകര്‍ന്നതിനേത്തുടര്‍ന്നുണ്ടായ സാമ്പത്തികത്തകര്‍ച്ചയില്‍ സഹായിക്കാന്‍ മുത്തശ്ശിയും പിതൃസഹോദരനും ഭാര്യയും മടിച്ചു. പതിമൂന്നുകാരനായ സഹോദരനെയും പെണ്‍സുഹൃത്തിനെയും കൊലപ്പെടുത്തിയതു 'സ്നേഹക്കൂടുതല്‍' കൊണ്ടാണെന്നും പ്രതി പോലീസിനു മൊഴിനല്‍കി.
ബിസിനസ് തകര്‍ന്നതോടെ ഗള്‍ഫില്‍ വാപ്പ ജയിലിലാകുമെന്നു ഭയന്നു. അപമാനഭയവും സാമ്പത്തികത്തകര്‍ച്ചയില്‍നിന്നു കരകയറാനുള്ള ശ്രമങ്ങള്‍ പരാജയപ്പെട്ടതും കൊടുംക്രൂരതയ്ക്കു പ്രേരണയായി. കൂട്ടആത്മഹത്യക്കു കുടുംബം തീരുമാനിച്ചിരുന്നതായും ഇക്കാര്യം സുഹൃത്ത് ഫര്‍സാനയെ അറിയിച്ചിരുന്നതായും അഫാന്‍ വെളിപ്പെടുത്തി. 'കൂടെ വരണ'മെന്നു ഫര്‍സാനയോട് ആവശ്യപ്പെടുകയും ചെയ്തു. കടം വീട്ടാന്‍ പിതൃസഹോദരന്‍ ലത്തീഫ്, ലത്തീഫിന്റെ ഭാര്യ സജിതാ ബീവി, മുത്തശ്ശി സല്‍മാ ബീവി എന്നിവരോടു പണമാവശ്യപ്പെട്ടെങ്കിലും ലഭിച്ചില്ല. താന്‍ മരിച്ചാല്‍ പ്രിയപ്പെട്ടവര്‍ ഒറ്റപ്പെടുമെന്നും കടം നല്‍കിയവര്‍ അവരെ വേട്ടയാടുമെന്നും ഭയന്നു. വിഷം കഴിച്ച് എല്ലാവരും ജീവനൊടുക്കാനായിരുന്നു തീരുമാനം. എന്നാല്‍, അതില്‍നിന്നു മാതാവ് ഷമി പിന്മാറിയത് തനിക്കു സഹിക്കാനായില്ലെന്നും അഫാന്‍ പറഞ്ഞു.
മകന്റെ കുത്തേറ്റ ഷമി ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്. പണം നല്‍കാത്തതിലുള്ള വിരോധം മൂലമാണു ലത്തീഫിനെയും സജിതയേയും മുത്തശ്ശി സല്‍മയേയും കൊലപ്പെടുത്തിയത്. ഇവരെ കൊലപ്പെടുത്തിയശേഷം ആത്മഹത്യ ചെയ്യാനായിരുന്നു ഉദ്ദേശ്യം. എന്നാല്‍, അതോടെ ജീവനുതുല്യം സ്നേഹിക്കുന്ന അനുജന്‍ അഫ്സാന്‍ ഒറ്റയ്ക്കാകുമെന്നു ഭയന്നു. കൂട്ടുകാരിയായ ഫര്‍സാനയേയും വിട്ടുപിരിയാനാവില്ലായിരുന്നു. അതിനാല്‍ അവരെക്കൂടി കൊലപ്പെടുത്താന്‍ തീരുമാനിച്ചു. പണമാണ് എല്ലാത്തിനും കാരണം. അതുകൊണ്ടാണ് അനുജനെ കൊലപ്പെടുത്തിയശേഷം അവനു ചുറ്റും രൂപ വിതറിയതെന്നും അഫാന്‍ പറഞ്ഞു. മദ്യമോ മയക്കുമരുന്നോ കൊലപാതകത്തിനു കാരണമല്ലെന്നാണു പോലീസ് നിഗമനം.