- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഷഹബാസിനെ ആക്രമിക്കാന്‍ ഉപയോഗിച്ച നഞ്ചക്ക് കണ്ടെടുത്ത പ്രധാനപ്രതിയുടെ പിതാവ് സ്വര്‍ണക്കടത്ത്, ക്വട്ടേഷന്‍ കേസുകളിലെ പ്രതി; ടിപി വധക്കേസ് പ്രതി ടികെ രജീഷിനൊപ്പം നില്‍ക്കുന്ന ചിത്രം പുറത്ത്; ആക്രമണ സമയം ഇയാള്‍ സ്ഥലത്ത് ഉണ്ടായിരുന്നുവെന്നും ഷഹബാസിന്റെ പിതാവ്; പ്രതികളുടെ രക്ഷിതാക്കളുടെ ഗുണ്ടാ ബന്ധം ചര്‍ച്ചയില്‍
ഷഹബാസിന്റെ കൊലപാതകം: പ്രതിയുടെ പിതാവ് ടിപി വധക്കേസ് പ്രതിക്കൊപ്പമുള്ള ചിത്രം പുറത്ത്
കോഴിക്കോട്: താമരശ്ശേരിയില്‍ പത്താംക്ലാസുകാരന്‍ ഷഹബാസിനെ മര്‍ദിച്ചു കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രധാന തെളിവായ നഞ്ചക്ക് പൊലീസ് കണ്ടെടുത്തതിന് പിന്നാലെ പ്രധാന പ്രതിയുടെ പിതാവിന് ക്വട്ടേഷന്‍, രാഷ്ട്രീയ ബന്ധമുണ്ടെന്ന വിവരവും പുറത്ത്. ഷഹബാസിനെ ആക്രമിക്കാന്‍ ഉപയോഗിച്ച നഞ്ചക്ക് കിട്ടിയതും ഇയാളുടെ വീട്ടില്‍ നിന്നായിരുന്നു.
പ്രധാന പ്രതിയുടെ പിതാവിന് ക്വട്ടേഷന്‍, രാഷ്ട്രീയ ബന്ധങ്ങളുണ്ടെന്ന വിവരമാണ് പുറത്തുവന്നിട്ടുള്ളത്. പ്രധാന പ്രതിയുടെ പിതാവ് ടിപി വധക്കേസ് പ്രതി ടികെ രജീഷിനൊപ്പം നില്‍ക്കുന്ന ചിത്രമാണ് പുറത്തുവന്നത്. ഇയാള്‍ സ്വര്‍ണക്കടത്ത്, ക്വട്ടേഷന്‍ കേസുകളില്‍ പ്രതിയാണ്. ആക്രമണ സമയം ഇയാള്‍ സ്ഥലത്ത് ഉണ്ടായിരുന്നതായി ഷഹബാസിന്റെ പിതാവ് ആരോപിച്ചിരുന്നു.
വിദ്യാര്‍ഥികള്‍ ആക്രമണത്തിന് ഉപയോഗിച്ച നഞ്ചക്കും നാല് മൊബൈല്‍ ഫോണുകളുമാണ് പ്രധാന പ്രതിയുടെ വീട്ടില്‍ നിന്നും കണ്ടെത്തിയത്. ഞായറാഴ്ച പ്രതികളായ അഞ്ച് വിദ്യാര്‍ഥികളുടെ വീടുകളിലും അന്വേഷണസംഘം വിവിധ സ്‌ക്വാഡുകളായി തിരിഞ്ഞ് ഒരേസമയം പരിശോധന നടത്തിയിരുന്നു. ഈ പരിശോധനയിലാണ് അക്രമണത്തിന് ഉപയോഗിച്ച ആയുധവും സന്ദേശങ്ങള്‍ ഫോണുകളും കണ്ടെത്തിയത്. വധം ആസൂത്രണം ചെയ്തതിന്റെ കൂടുതല്‍ തെളിവുകള്‍ ഈ ഫോണുകളില്‍ കണ്ടെത്തിയിട്ടുണ്ട്. ഓഡിയോ സന്ദേശങ്ങളും ചിത്രങ്ങളുമാണ് ഫോണുകളില്‍ നിന്ന് കണ്ടെത്തിയത്.
ആക്രമണം നടത്താന്‍ വാട്സാപ്പ് ഗ്രൂപ്പും ഇന്‍സ്റ്റഗ്രാം ഗ്രൂപ്പും വിദ്യാര്‍ഥികള്‍ ഉണ്ടാക്കിയിരുന്നു. ഇതിന് ഉപയോഗിച്ച ഫോണുകളാണ് കണ്ടെത്തിയത്. ഈ ഫോണുകള്‍ പരിശോധിക്കുന്നതിലൂടെ എങ്ങനെയാണ് പ്രതികള്‍ കൃത്യം ആസൂത്രണം ചെയ്തത്, ആരെല്ലാം ഗൂഢാലോചനയിലും ആക്രമണത്തിലും പങ്കെടുത്തു, മുതിര്‍ന്നവരുടെ സഹായം കിട്ടിയോ തുടങ്ങിയ കാര്യങ്ങളില്‍ വ്യക്തത വരും. കൂടുതല്‍ ആളുകളുടെ പങ്ക് കണ്ടെത്താനായി പൊലീസ് കൂടുതല്‍ സിസിടിവി ദൃശ്യങ്ങള്‍ ശേഖരിച്ച് പരിശോധിച്ചുവരികയാണ്.
തലയോട്ടിക്കേറ്റ മാരകമുറിവാണ് ഷഹബാസിന്റെ മരണത്തിന് കാരണമായതെന്നായിരുന്നു പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. ഇത് ആയുധം ഉപയോഗിച്ചുള്ള മുറിവാണെന്നും കണ്ടെത്തിയിരുന്നു.
എളേറ്റില്‍ എം.ജെ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പത്താംക്ലാസ് വിദ്യാര്‍ഥിയായ മുഹമ്മദ് ഷഹബാസി(15)നെ മര്‍ദിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതികളായ അഞ്ച് വിദ്യാര്‍ഥികള്‍ക്കെതിരേ കഴിഞ്ഞദിവസം കൊലക്കുറ്റം ചുമത്തിയിരുന്നു. കഴിഞ്ഞ ഞായറാഴ്ച ട്രിസ് ട്യൂഷന്‍ സെന്ററിലെ യാത്രയയപ്പ് പരിപാടിയിലുണ്ടായ പ്രശ്നങ്ങളെത്തുടര്‍ന്നായിരുന്നു ഷഹബാസിന്റെ മരണത്തിനിടയാക്കിയ അക്രമങ്ങള്‍ നടന്നത്.
ട്യൂഷന്‍ സെന്ററില്‍ പഠിക്കുന്ന താമരശ്ശേരി ജി.വി.എച്ച്.എസ്.എസ്. വിദ്യാര്‍ഥികളും എളേറ്റില്‍ സ്‌കൂള്‍ വിദ്യാര്‍ഥികളും ഏറ്റുമുട്ടുകയായിരുന്നു. ട്യൂഷന്‍ സെന്ററിലെ വിദ്യാര്‍ഥിയായിരുന്നില്ലെങ്കിലും എളേറ്റില്‍ സ്‌കൂളിലെ സഹപാഠികള്‍ക്കൊപ്പം ഷഹബാസും വിഷയത്തില്‍ ഇടപെടുകയായിരുന്നു. ഈ സംഘര്‍ഷത്തിലാണ് ഷഹബാസിന് ഗുരുതര പരിക്കേറ്റത്.
വ്യാഴാഴ്ച രാത്രിയോടെയാണ് ഷഹബാസിനെ താമരശ്ശേരി താലൂക്ക് ആശുപത്രിയില്‍നിന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയത്. ഐ.സി.യുവില്‍ പ്രവേശിപ്പിച്ച ഷഹബാസിന് വെള്ളിയാഴ്ച രണ്ടുവട്ടം ഹൃദയാഘാതമുണ്ടായി. വെന്റിലേറ്റര്‍ സഹായത്തോടെ തുടര്‍ന്ന ഷഹബാസ് ശനിയാഴ്ച പുലര്‍ച്ചെ ഒരുമണിയോടെ മരിച്ചു.
തലയ്ക്കേറ്റ പരിക്കാണ് മരണകാരണം. വലതു ചെവിയുടെ മുകളിലായി തലയോട്ടിയുമായി ചേരുന്ന ടെംപറല്‍ എല്ലിന് കാര്യമായ പരിക്കേറ്റു. ഈ ഭാഗത്ത് രക്തം കട്ടപിടിച്ചു. തലയോട്ടി തകര്‍ന്ന അവസ്ഥയിലായിരുന്നുവെന്നും പോസ്റ്റ്മോര്‍ട്ടത്തില്‍ കണ്ടെത്തിയിരുന്നു.
അതേസമയം രാഷ്ട്രീയ സ്വാധീനത്തില്‍ പ്രതികള്‍ രക്ഷപ്പെടുന്ന സാഹചര്യമുണ്ടാകരുതെന്നും നീതി വേണമെന്നും ഷഹബാസിന്റെ പിതാവ് ഇഖ്ബാല്‍ പറഞ്ഞു. പ്രതികളെ പരീക്ഷ എഴുതാന്‍ അനുവദിക്കരുത്. ആക്രമണത്തില്‍ മുതിര്‍ന്നവരുടെ പങ്കിനെക്കുറിച്ചും അന്വേഷിക്കണം. ഇനിയൊരു കുട്ടിക്കും രക്ഷിതാവിനും ഈ ഗതി ഉണ്ടാകരുതെന്നും ഇഖ്ബാല്‍ പറയുന്നു. ആക്രമണത്തിന് പിന്നില്‍ ലഹരിയുടെ സാന്നിധ്യം ഉണ്ടാകാനുള്ള സാധ്യതയും കുടുംബം തള്ളിക്കളയുന്നില്ല.
കേസില്‍ കൂടുതല്‍ കുട്ടികളെ പ്രതിചേര്‍ക്കാനാണ് പ്രതിചേര്‍ക്കാനാണ് തീരുമാനം. സംഘര്‍ഷനായി ഒത്തുകൂടിയ 40 പേരില്‍ 15 പേര്‍ക്കെതിരെ കൂടി കേസെടുക്കും. ഇതിനോടകം ലഭിച്ച ഡിജിറ്റല്‍ തെളിവുകള്‍ വിശദമായി പരിശോധിക്കുകയാണ്. ഈ പരിശോധന പൂര്‍ത്തിയാകുന്ന മുറയ്ക്കാകും തുടര്‍നടപടി. പിടിയിലായ കുട്ടികള്‍ കഴിഞ്ഞവര്‍ഷം എട്ടാം ക്ലാസ് വിദ്യാര്‍ത്ഥികളെ മര്‍ദിച്ച കേസിലും പ്രതികളാണ്. ഈ സംഘര്‍ഷത്തില്‍ രണ്ടു കുട്ടികള്‍ക്ക് പരുക്കേറ്റിരുന്നു.