വാഷിങ്ടന്‍: ഇലോണ്‍ മസ്‌കിന്റെ ഉടമസ്ഥതയിലുള്ള സ്പേസ് എക്സ് സ്റ്റാര്‍ഷിപ്പിന്റെ എട്ടാം പരീക്ഷണ പറക്കലും പരാജയം. വിക്ഷേപണത്തിന് ശേഷം റോക്കറ്റിന്റെ ഹെവി ബൂസ്റ്റര്‍ ഭാഗം മൂന്നാംവട്ടവും ഭൂമിയിലെ യന്ത്രക്കൈയില്‍ സുരക്ഷിതമായി ലാന്‍ഡ് ചെയ്തെങ്കിലും മുകളിലെ ഷിപ്പ് ഭാഗം നിയന്ത്രണം നഷ്ടമായതിനെ തുടര്‍ന്ന് പൊട്ടിത്തെറിച്ചു. സ്റ്റാര്‍ഷിപ്പിന്റെ കഴിഞ്ഞ ഏഴാം പരീക്ഷണ വിക്ഷേപണത്തിലും സമാനമായി ബൂസ്റ്റര്‍ മെക്കാസില്ല പിടികൂടുകയും, ഷിപ്പ് പൊട്ടിത്തെറിക്കുകയും ചെയ്തിരുന്നു.വിക്ഷേപിച്ചു മിനിറ്റുകള്‍ക്കകമായിരുന്നു ബന്ധം നഷ്ടപ്പെട്ട് പേടകത്തിന്റെ മുകള്‍ ഭാഗമായ സ്റ്റാര്‍ഷിപ്പ് സ്പേസ്‌ക്രാഫ്റ്റ് (ഷിപ്പ്) പൊട്ടിത്തെറിച്ചത്.

പേടകം പൊട്ടിത്തെറിച്ചതിന്റെ അവശിഷ്ടങ്ങള്‍ ഫ്ലോറിഡയിലും ബഹാമാസിലും ആകാശത്തിലൂടെ നീങ്ങുന്ന വിഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.സ്റ്റാര്‍ഷിപ്പിന്റെ എട്ടാം പരീക്ഷണ വിക്ഷേപണത്തില്‍ ബൂസ്റ്ററില്‍ നിന്ന് വേര്‍പെട്ട ശേഷം ഷിപ്പുമായുള്ള ബന്ധം വിച്ഛേദിക്കപ്പെട്ടതായി സ്പേസ് എക്സ് സ്ഥിരീകരിച്ചു.സ്റ്റാര്‍ഷിപ്പിന്റെ കഴിഞ്ഞ പരീക്ഷണത്തിലും ഇതേ തിരിച്ചടി സംഭവിച്ചിരുന്നു എന്നുമാണ് സ്പേസ് എക്സ് അധികൃതരുടെ ആദ്യ ഔദ്യോഗിക പ്രതികരണം.

ഇത് മൂന്നാം തവണയാണ് സ്റ്റാര്‍ഷിപ്പ് മെഗാ റോക്കറ്റിന്റെ ഭീമാകാരന്‍ ബൂസ്റ്റര്‍ ഭാഗം സ്പേസ് എക്സ് യന്ത്രക്കൈ ഉപയോഗിച്ച് വായുവില്‍ വച്ച് വിജയകരമായി പിടികൂടുന്നത്.എന്നാല്‍ ബൂസ്റ്ററിന് മുകളിലെ ഷിപ്പ് ഭാഗം വീണ്ടും പൊട്ടിത്തെറിച്ചത് സ്പേസ് എക്സിന് തിരിച്ചടിയായി.രണ്ടു തവണ നീട്ടിവച്ചതിനു ശേഷമാണ് സ്റ്റാര്‍ഷിപ്പ് എട്ടാം പരീക്ഷണ വിക്ഷേപണം വ്യാഴാഴ്ച നടത്തിയത്. സ്റ്റാര്‍ഷിപ്പ് മെഗാ റോക്കറ്റിന്റെ ഏഴാം പരീക്ഷണ പറക്കലും വലിയ പൊട്ടിത്തെറിയിലാണ് അവസാനിച്ചത്.

പരീക്ഷണം പരാജയപ്പെട്ടതിനു പിന്നിലെ കാരണം മനസ്സിലാക്കാന്‍ പരീക്ഷണ പറക്കലില്‍ നിന്നു ലഭിച്ച ഡേറ്റ അവലോകനം ചെയ്യുമെന്നു സ്പേസ് എക്സ് വ്യക്തമാക്കി.അതേസമയം സ്പേസ് എക്സിന്റെ സ്റ്റാര്‍ഷിപ്പ് മെഗാ റോക്കറ്റിന്റെ എട്ടാം പരീക്ഷണ വിക്ഷേപണം പൊട്ടിത്തെറിയില്‍ അവസാനിച്ചതോടെ അമേരിക്കയില്‍ വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു.ടെക്സസിലെ ബൊക്ക ചിക്ക ബീച്ചിന് സമീപമുള്ള സ്റ്റാര്‍ ബേസില്‍ നിന്ന് കുതിച്ചുയര്‍ന്ന് മിനിറ്റുകള്‍ക്ക് ശേഷം സ്റ്റാര്‍ഷിപ്പിന്റെ ഏറ്റവും മുകളിലെ ഷിപ്പ് ഭാഗം ചിന്നഭിന്നമാവുകയായിരുന്നു. ഇതോടെ ബഹിരാകാശത്ത് റോക്കറ്റ് മാലിന്യങ്ങള്‍ നിറഞ്ഞതാണ് വിമാന സര്‍വീസുകള്‍ വൈകിപ്പിക്കാനും വഴിതിരിച്ചുവിടാനും കാരണമായത്.

റോക്കറ്റ് അവശിഷ്ടങ്ങള്‍ പതിച്ച് വിമാനങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിക്കാതിരിക്കാനാണ് ഈ മുന്നൊരുക്കം യുഎസ് ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്‌ട്രേഷന്‍ നടത്തിയത്.സ്റ്റാര്‍ഷിപ്പിന്റെ കഴിഞ്ഞ ഏഴാം പരീക്ഷണ വിക്ഷേപണത്തിലും സമാനമായി ബൂസ്റ്റര്‍ മെക്കാസില്ല പിടികൂടുകയും, ഷിപ്പ് പൊട്ടിത്തെറിക്കുകയും ചെയ്തിരുന്നു.അന്നും ബഹിരാകാശ അവശിഷ്ടങ്ങള്‍ കൊണ്ടുള്ള അപകടങ്ങള്‍ ഒഴിവാക്കാന്‍ വിമാനങ്ങള്‍ യുഎസ് ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്‌ട്രേഷന്‍ വഴിതിരിച്ചുവിട്ടിരുന്നു. ബഹിരാകാശത്ത് വച്ചാണ് ഷിപ്പിന്റെ പൊട്ടിത്തെറി സംഭവിച്ചതെങ്കിലും അവശിഷ്ടങ്ങളുടെ ചെറിയ ഭാഗങ്ങള്‍ ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് പ്രവേശിക്കാനുള്ള സാധ്യത മുന്നില്‍ കണ്ടാണ് ഈ ജാഗ്രതാ നടപടി സ്വീകരിച്ചത്.

മനുഷ്യന്‍ ഇതുവരെ നിര്‍മ്മിച്ച ഏറ്റവും വലിയ റോക്കറ്റാണ് സ്പേസ് എക്സിന്റെ സ്റ്റാര്‍ഷിപ്പ്. 121 മീറ്ററാണ് സ്റ്റാര്‍ഷിപ്പ് മെഗാ റോക്കറ്റിന്റെ ആകെ ഉയരം.താഴെയുള്ള സൂപ്പര്‍ ഹെവി ബൂസ്റ്റര്‍, മുകളിലെ സ്റ്റാര്‍ഷിപ്പ് സ്പേസ്‌ക്രാഫ്റ്റ് (ഷിപ്പ്) എന്നീ രണ്ട് ഭാഗങ്ങളാണ് ഈ ബഹിരാകാശ വിക്ഷേപണ വാഹനത്തിനുള്ളത്. സൂപ്പര്‍ ഹെവി ബൂസ്റ്ററിന് മാത്രം 71 മീറ്ററാണ് ഉയരം. 33 റാപ്റ്റര്‍ എഞ്ചിനുകളാണ് സൂപ്പര്‍ ഹെവി ബൂസ്റ്ററിന്റെ കരുത്ത്. സൂപ്പര്‍ ഹെവി ബൂസ്റ്ററിന് വലിയ പേലോഡുകള്‍ ബഹിരാകാശത്തേക്ക് ഉയര്‍ത്താന്‍ കഴിയും. 52 മീറ്ററാണ് ഏറ്റവും മുകളിലെ ഷിപ്പ് ഭാഗത്തിന്റെ ഉയരം.

ഈ ബൂസ്റ്റര്‍, ഷിപ്പ് ഭാഗങ്ങള്‍ പൂര്‍ണമായും പുനരുപയോഗിക്കാന്‍ കഴിയുന്ന സ്റ്റാര്‍ഷിപ്പ് റോക്കറ്റ് സ്പേസ് എക്സ് ചൊവ്വയിലേക്കും ചന്ദ്രനിലേക്കുമുള്ള യാത്രകള്‍ മനസില്‍ കണ്ടാണ് തയ്യാറാക്കുന്നത്.