ബെയ്‌ജിങ്‌: ഒരു കൂട്ടം കൗമാരക്കാർ മദ്യപിച്ച് ബോധമില്ലാതെ ഹോട്ടലിൽ കയറിയപ്പോൾ നടന്നത് നാടകീയ രംഗങ്ങൾ. സൂപ്പും മറ്റ് വിഭവങ്ങൾക്കും അടിസ്ഥാനമായ ദ്രാവകത്തിൽ കൗമാരക്കാർ മൂത്രമൊഴിക്കുന്ന വീഡിയോ പുറത്തായി. ഹോട്ടലിൽ ഭക്ഷണം കഴിക്കാനെത്തിയ 4000 പേർക്ക് നഷ്ടപരിഹാരം വാഗ്ദാനം ചെയ്ത് ചൈനയിലെ പ്രശസ്തമായ ഹോട്ടൽ ശൃംഖല.

ചൈനയിലെ വളരെ പ്രശസ്തമായ ഹൈദിലാവോയുടെ ഷാംഗ്ഷായിലെ ഔട്ട്ലെറ്റിലാണ് തയ്യാറാക്കിയ ബ്രോത്തിലേക്ക് 17 വയസുള്ള രണ്ട് പേർ മൂത്രമൊഴിച്ചത്. മദ്യപിച്ച് ബോധമില്ലാത്ത അവസ്ഥയിലായിരുന്നു കൗമാരക്കാർ. സംഭവത്തെ തുടർന്ന് ഇവരെ പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. ഇവർ മൂത്രമൊഴിക്കുന്നതിന്റെ വീഡിയോ സഹിതം ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്.

സ്വകാര്യ ടേബിളിൽ എത്തിയ ഭക്ഷണത്തിലെ ബ്രോത്തിലേക്കാണ് 17-കാരൻ കസേരയിൽ കയറി നിന്ന് മൂത്രമൊഴിച്ചത്. ഇവർ മൂത്രമൊഴിച്ച ബ്രോത്ത് ഭക്ഷണം കഴിക്കാനെത്തിയവർക്ക് അറിയാതെ വിതരണം ചെയ്തിട്ടുണ്ടോയെന്നുള്ളത് ഇനിയും വ്യക്തമല്ല. സംഭവത്തിൽ ഉപഭോക്താക്കളോട് ക്ഷമാപണം നടത്തിയ ശേഷമാണ് നഷ്ടപരിഹാരം ഔട്ട്ലെറ്റ് വാഗ്ദാനം ചെയ്തത്. ഹോട്ട്പോട്ട് അനുബന്ധമായ എല്ലാ ഉപകരണങ്ങളും പാത്രങ്ങളും മാറ്റിയതായും ഭക്ഷണം വിളമ്പുന്ന പാത്രങ്ങൾ അടക്കം മാറ്റിയതായും ഹൈദിലാവോ വിശദമാക്കുകയും ചെയ്തിട്ടുണ്ട്.

ഫെബ്രുവരിയിലാണ് വീഡിയോ വൈറലായത്. ദിവസങ്ങളോളം വീഡിയോ നവമാധ്യമങ്ങളിൽ വൈറലായ ശേഷമാണ് ഇത് ഹോട്ടൽ അധികൃതരുടെ ശ്രദ്ധയിൽ വന്നത്. ബ്രോത്ത് അലങ്കോലമാക്കുന്നതിൽ നിന്ന് കൗമാരക്കാരെ തടയാൻ ജീവനക്കാർക്ക് സാധിച്ചില്ലെന്നാണ് ഹൈദിലാവോ വിശദമാക്കുന്ന്. വീഡിയോ ശ്രദ്ധയിൽ വന്നതിന് പിന്നീട് ഒരു ആഴ്ചയെടുത്താണ് ഏത് ഔട്ട്ലെറ്റിലാണ് സംഭവമുണ്ടായതെന്ന് കണ്ടുപിടിക്കാൻ സാധിച്ചതെന്നും ഹൈദിലാവോ കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് പ്രതികരിക്കുകയും ചെയ്തു. നിരവധി ഔട്ട്ലെറ്റുകളുള്ള ഭക്ഷണ ശാലയാണ് ഹൈദിലാവോ.

സാധാരണ ഗതിയിൽ ഒരു കസ്റ്റമറിന് നൽകിയ ബ്രോത്ത് മറ്റൊരാൾക്ക് നൽകാറില്ലെങ്കിലും സംഭവം വലിയ രീതിയിൽ വിമർശനത്തിന് കാരണമായിരുന്നു. സംഭവം തങ്ങളുടെ ഭക്ഷണപ്രേമികൾക്ക് കടുത്ത മാനസിക ബുദ്ധിമുട്ട് സൃഷ്ടിച്ചതായി വ്യക്തമായതിനാൽ 24 ഫെബ്രുവരി മുതൽ മാർച്ച് 8 വരെ ഹൈദിലാവോയിൽ നിന്ന് ഭക്ഷണം കഴിച്ചവർക്ക് നഷ്ടപരിഹാരം നൽകുമെന്നാണ് അധികൃതർ വിശദമാക്കിയിട്ടുള്ളത്. ബില്ലിൽ നൽകിയ തുകയുടെ പത്ത് മടങ്ങ് പണം നൽകുമെന്നാണ് പ്രഖ്യാപിച്ചിട്ടുള്ളത്. ആഗോളതലത്തിൽ ആയിരത്തിലേറെ ഔട്ട്ലെറ്റുകളാണ് ഹൈദിലാവോയ്ക്കുള്ളത്. സംഭവം ഇപ്പോൾ സോഷ്യൽ മീഡിയയിൽ അടക്കം വലിയ ചർച്ച വിഷയം ആയിരിക്കുകയാണ്.