- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
ശുചിമുറിയില്‍ പോകാനെന്ന വ്യാജേന രാത്രിയില്‍ എഴുന്നേറ്റു; അമ്മയ്ക്കൊപ്പം ഉറങ്ങിക്കിടന്ന കുഞ്ഞിനെ എടുത്തുകൊണ്ടുപോയി കിണറ്റിലെറിഞ്ഞു; അരുംകൊല കഴിഞ്ഞ് കരഞ്ഞുവിളിച്ച് ആ പന്ത്രണ്ടുകാരി; ആ കുഞ്ഞിനെ കൊന്നത് സ്‌നേഹം നഷ്ടമാകാതിരിക്കാന്‍; ചോദ്യം ചെയ്യലില്‍ കുറ്റസമ്മതം
ആ കുഞ്ഞിനെ കൊന്നത് സ്‌നേഹം നഷ്ടമാകാതിരിക്കാന്‍
കണ്ണൂര്‍: പാപ്പിനിശ്ശേരിയില്‍ നാലുമാസം പ്രായമുള്ള കുഞ്ഞിന്റെ മൃതദേഹം കിണറ്റില്‍ കണ്ടെത്തിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. കുഞ്ഞിന്റെ പിതാവിന്റെ സഹോദരന്റെ മകളായ പന്ത്രണ്ടുകാരിയാണ് കൊലപാതകം നടത്തിയത്. പന്ത്രണ്ടുകാരി ചോദ്യം ചെയ്യലില്‍ പൊലീസിനോട് കുറ്റം സമ്മതിച്ചു. കുട്ടിയെ ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിന് മുന്നില്‍ ഹാജരാക്കും. തിങ്കളാഴ്ച രാത്രിയാണ് തമിഴ്നാട് സ്വദേശികളുടെ നാല് മാസം പ്രായമുള്ള കുഞ്ഞിനെ കാണാതായത്. പിന്നീട് തിരച്ചിലിനിടെയാണ് അടുത്തുള്ള കിണറ്റില്‍ കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയത്. കുഞ്ഞിന്റെ മരണം കൊലപാതകമാണെന്ന് നേരത്തേ തന്നെ പോലീസിന് സംശയമുണ്ടായിരുന്നു.
കുഞ്ഞിനെ കാണാതായ സമയം വീട്ടില്‍ കുഞ്ഞിന്റെ ബന്ധുവായ പെണ്‍കുട്ടിയും ഉണ്ടായിരുന്നു. രാത്രി ശൗചാലയത്തില്‍ പോയി തിരികെ വരുമ്പോള്‍ കുഞ്ഞിനെ കണ്ടില്ല എന്നാണ് 12-കാരി ആദ്യം പോലീസിന് നല്‍കിയ മൊഴി. എന്നാല്‍ ഈ മൊഴിയില്‍ പോലീസിന് സംശയമുണ്ടായിരുന്നു. പിന്നീട് ഈ പെണ്‍കുട്ടി താന്‍ തന്നെയാണ് കുഞ്ഞിനെ കൊന്നതെന്ന് സമ്മതിക്കുകയായിരുന്നു. കണ്ണൂര്‍ എസിപി രത്നകുമാറാണ് കുട്ടിയേയും അമ്മയേയും ചോദ്യം ചെയ്തത്.
മരിച്ച കുഞ്ഞിന്റെ പിതാവിന്റെ സഹോദരന്റെ മകളായ 12 വയസുകാരി മാതാപിതാക്കളില്ലാത്തതിനാല്‍ ദമ്പതികള്‍ക്കൊപ്പമാണ് താമസിച്ചിരുന്നത്. ഇവരുടെ ജീവിതത്തിലേക്ക് പുതിയ കുഞ്ഞ് വന്നതോടെ തന്നോടുള്ള സ്‌നേഹം കുറയുമോയെന്ന് പന്ത്രണ്ടുകാരി ഭയന്നു. സ്‌നേഹം കുറഞ്ഞുപോയതിലെ വൈരാഗ്യമാണ് കൊലപാതകത്തിലേക്ക് വഴിയൊരുക്കിയത്.
ദമ്പതികള്‍ക്ക് അരികെയാണ് 4 മാസം പ്രായമായ കുഞ്ഞ് ഇന്നലെ രാത്രി കിടന്നിരുന്നത്. ഇടയ്ക്ക് കുഞ്ഞിനെ കാണാതാവുകയായിരുന്നു. താന്‍ മൂത്രം ഒഴിക്കാന്‍ വേണ്ടി ഉണര്‍ന്നപ്പോള്‍ കുഞ്ഞ് ഉറങ്ങുന്നത് കണ്ടിരുന്നതായാണ് പന്ത്രണ്ടുകാരി ആദ്യം പൊലീസിനു നല്‍കിയ മൊഴി. തിരികെ വന്നപ്പോള്‍ കുഞ്ഞിനെ അവിടെ കണ്ടില്ലെന്നും പെണ്‍കുട്ടി പൊലീസിനോട് പറഞ്ഞു.
കുഞ്ഞിനെ കാണാതായതിനു പിന്നാലെ മുത്തുവും ഭാര്യയും സമീപത്തുള്ള ഇതര സംസ്ഥാന തൊഴിലാളികളെ വിളിച്ചു കൂട്ടി. പൊന്ത കാടുകളില്‍ ഉള്‍പ്പെടെ കുഞ്ഞിനായി പരിശോധന നടന്നു. ഇതിനിടെ ഒരാള്‍ കിണറ്റിലേക്ക് നോക്കിയപ്പോഴാണ് വെള്ളത്തില്‍ പൊങ്ങി കിടക്കുന്ന കുഞ്ഞിനെ കണ്ടെത്തിയത്. ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
ദീര്‍ഘനാളത്തെ കാത്തിരിപ്പിനൊടുവിലാണ് ദമ്പതികള്‍ക്ക് കുഞ്ഞുണ്ടായത്. മൂന്നുവര്‍ഷം മുമ്പാണ് കുടുംബം കേരളത്തിലെത്തിയത്.പന്ത്രണ്ടുകാരിക്ക് മാതാപിതാക്കളില്ല. ദമ്പതികളുടെ കൂടെയാണ് പന്ത്രണ്ടുകാരിയും അനുജത്തിയും കഴിയുന്നത്. കുഞ്ഞ് വന്നതോടെ തന്നോടുള്ള ഇഷ്ടം കുറയുമോയെന്ന് പെണ്‍കുട്ടി പേടിച്ചിരുന്നു. ഇതാണ് കൊലപാതകത്തിലേക്ക് നയിച്ചത്.
ശുചിമുറിയില്‍ പോകാനെന്ന വ്യാജേന എഴുന്നേറ്റ പെണ്‍കുട്ടി, അമ്മയ്ക്കൊപ്പം ഉറങ്ങിക്കിടന്ന കുഞ്ഞിനെ എടുത്തുകൊണ്ടുപോയി കിണറ്റിലിടുകയായിരുന്നു. അതുകഴിഞ്ഞ് ദമ്പതികളെ വിളിച്ചുണര്‍ത്തി കുഞ്ഞിനെ കാണാനില്ലെന്ന് പറയുകയായിരുന്നു.സമീപ പ്രദേശങ്ങളിലൊക്കെ നോക്കിയെങ്കിലും കുഞ്ഞിനെ കണ്ടെത്താനായില്ല. തുടര്‍ന്ന് കിണറ്റില്‍ പരിശോധന നടത്തിയപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്.
കൊലപാതകം നടക്കുന്ന സമയം നാലുമാസം പ്രായമുള്ള കുഞ്ഞും മാതാപിതാക്കളും പന്ത്രണ്ടുകാരിയും അനുജത്തിയും മാത്രമേ വീട്ടിലുണ്ടായിരുന്നുള്ളൂ. വീട്ടിലുള്ള ആരോ തന്നെയാണ് അരുംകൊല നടത്തിയതെന്ന് പൊലീസ് ആദ്യം മുതലേ സംശയിച്ചിരുന്നു. ചോദ്യം ചെയ്തതോടെ പെണ്‍കുട്ടി കുറ്റം സമ്മതിച്ചു.മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി പരിയാരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് വന്നതിന് ശേഷം മാത്രമേ മരണത്തില്‍ കൂടുതല്‍ വ്യക്തത വരികയുള്ളൂ. പൊലീസ് കുഞ്ഞിന്റെ മാതാപിതാക്കളില്‍ നിന്ന് മൊഴിയെടുക്കുകയാണ്. കൊലപാതകത്തിന് മറ്റെന്തെങ്കിലും കാരണമുണ്ടോയെന്നും പരിശോധിച്ചുവരികയാണ്.