തിരുവനന്തപുരം: സെക്രട്ടേറിയേറ്റ് പടിക്കല്‍ സമരം ചെയ്യുന്ന ആശ പ്രവര്‍ത്തകരുമായി സംസ്ഥാന സര്‍ക്കാര്‍ നടത്തിയ ചര്‍ച്ച പരാജയപ്പെട്ടു. എന്‍എച്ച്എം മിഷന്‍ സ്റ്റേറ്റ് കോര്‍ഡിനേറ്ററുമായുള്ള ചര്‍ച്ചയില്‍ സമരക്കാരുടെ ആവശ്യങ്ങളൊന്നും ചര്‍ച്ച ചെയ്യപ്പെട്ടില്ല. നാളെ നിരാഹാര സമരം ആരംഭിക്കുമെന്ന് ചര്‍ച്ച പരാജയപ്പെട്ട സാഹചര്യത്തില്‍ സമരക്കാര്‍ വ്യക്തമാക്കി.

വരും ദിവസങ്ങളില്‍ അതിശക്തമായ സമരം തുടരുമെന്ന് ആശാവര്‍ക്കേഴ്സ് അറിയിച്ചു. സംസ്ഥാന എന്‍എച്ച്എം ഓഫീസിലാണ് ചര്‍ച്ച നടന്നത്. എന്‍എച്ച്എം ഡയറക്ടറാണ് ചര്‍ച്ചയ്ക്ക് വിളിച്ചത്. എന്‍എച്ച്എം ഡയറക്ടര്‍ വിനോയ് ഗോയലിന്റെ നേതൃത്വത്തിലാണ് ചര്‍ച്ച നടന്നത്. നിരാഹാര സമരത്തിലേക്ക് ഉള്‍പ്പെടെ കടന്ന് സമരം ശക്തമാക്കാനിരിക്കെയാണ് ആശാവര്‍ക്കര്‍മാരെ ചര്‍ച്ചയ്ക്ക് സര്‍ക്കാര്‍ വിളിച്ചത്.

ആവശ്യങ്ങളില്‍ നിന്ന് ഒരടി പിന്നോട്ടില്ലെന്നം ചര്‍ച്ചയ്ക്ക് വിളിച്ചതില്‍ സന്തോഷമുണ്ടെന്നും പ്രതീക്ഷയുണ്ടെന്നും ആശാ വര്‍ക്കര്‍മാര്‍ പ്രതികരിച്ചു.ഒരു മാസത്തിലധികം സമരം നീണ്ടുനിന്നശേഷമാണ് സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് വിളിപ്പിച്ചത്. രണ്ടാം വട്ടമാണ് എന്‍എച്ച്എം ഓഫീസില്‍ ചര്‍ച്ച നടക്കുന്നത്. നേരത്തെ ചര്‍ച്ച നടന്നിരുന്നെങ്കിലും പരിഹാരമായിരുന്നില്ല. ശക്തമായ സമരവുമായി മുന്നോട്ട് പോകും.

സമരത്തില്‍ നിന്ന് പിന്നോട്ട് പോകണമെന്നാണ് ഇന്ന് എന്‍എച്ച്എം മിഷന്‍ സ്റ്റേറ്റ് കോര്‍ഡിനേറ്റര്‍ ആവശ്യപ്പെട്ടതെന്ന് സമര സമിതി നേതാവ് എസ് മിനി പ്രതികരിച്ചു. ആരോഗ്യമന്ത്രിയുമായി ചര്‍ച്ചയ്ക്ക് അവസരം ഉണ്ടാക്കാം എന്നാണ് പറഞ്ഞത്. ഓണറേറിയം മാനദണ്ഡം മാത്രമാണ് സംസാരിച്ചത്. സമരം ശക്തമായി മുന്നോട്ട് പോകും. പ്രതീക്ഷയോടെയാണ് തങ്ങള്‍ ചര്‍ച്ചയ്ക്ക് വന്നതെന്നും എന്നാല്‍ നിരാശയോടെയാണ് മടങ്ങുന്നതെന്നും മിനി പറഞ്ഞു.

മിനിമം കൂലി, പെന്‍ഷന്‍, ഉപാധികളില്ലാതെ ഫികസ്ഡ് ഇന്‍സെന്റീവ്, ഫിക്‌സ്ഡ് ഓണറേറിയം തുടങ്ങിയ വിവിധ ആവശ്യങ്ങളുന്നയിച്ചാണ് ആശാ വര്‍ക്കര്‍മാര്‍ സെക്രട്ടേറിയറ്റിന് മുന്നില്‍ സമരം ചെയ്യുന്നത്. സമരം 38 ദിവസത്തിലേക്ക് കടന്നതിനിടെയാണ് സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് വിളിച്ചത്. ഇന്നലെ വൈകിട്ടത്തെ കനത്ത മഴയിലും പോരാട്ടവീര്യം ചോരാതെ ആശമാര്‍ സമരം തുടര്‍ന്നിരുന്നു. ചര്‍ച്ചയില്‍ തങ്ങളുടെ ആവശ്യങ്ങള്‍ സര്‍ക്കാര്‍ പരിഗണിക്കുന്നത് വരെ സമരം തുടരുമെന്ന് ആശമാര്‍ അറിയിച്ചു.