കൊച്ചി: വയനാട് ഉരുള്‍പൊട്ടല്‍ ദുരിത കേന്ദ്രസഹായത്തിന്റെ കാര്യത്തില്‍ വ്യക്തത വരുത്താത്തതിന് കേന്ദ്രസര്‍ക്കാരിന് ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശം. കേന്ദ്രം അനുവദിച്ച തുക ചെലവഴിക്കുന്നതില്‍ കൃത്യമായ മറുപടി നല്‍കാത്തതിലാണ് വിമര്‍ശം. കേന്ദ്രസര്‍ക്കാര്‍ കലക്കവെള്ളത്തില്‍ മീന്‍ പിടിക്കുകയാണോ എന്ന് കോടതി ചോദിച്ചു. വലിയ സമ്മര്‍ദ്ദവും പ്രതിഷേധവും ഉണ്ടായപ്പോഴായിരുന്നു പുനരധിവാസവുമായി ബന്ധപ്പെട്ട് 520 കോടി രൂപയുടെ സഹായം കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചത്. അതുമായി ബന്ധപ്പെട്ട് 16 പദ്ധതികള്‍ക്കാണ് പണം ചെലവഴിക്കാന്‍ തീരുമാനിച്ചത്. പണം മാര്‍ച്ച് 31-നകം ചെലവഴിക്കണം എന്നായിരുന്നു വ്യവസ്ഥ. ഈ പശ്ചാത്തലത്തിലാണ് ഹൈക്കോടതി കേന്ദ്രസര്‍ക്കാരിന്റെ വിശദീകരണം തേടിയത്.

ഈ തുക മാര്‍ച്ച് 31-നകം പുനരധിവാസം നടത്തുന്ന ഏജന്‍സികളുടെ അക്കൗണ്ടുകളിലേക്ക് കൈമാറിയാല്‍ മതിയോ എന്നാണ് ഹൈക്കോടതി ചോദിച്ചത്. ഇക്കാര്യത്തില്‍ വ്യക്തത വരുത്തണമെന്നായിരുന്നു കോടതി കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടത്. എന്നാല്‍, ഡിസംബര്‍ 31- വരെ സമയം നീട്ടി എന്നാണ് കേന്ദ്രം കോടതിയില്‍ വിശദീകരിച്ചത്. ഈ തുക പുനരധിവാസം നടത്തുന്ന ഏജന്‍സികളുടെ അക്കൗണ്ടുകളിലേക്ക് കൈമാറിയാല്‍ മതിയോ എന്നായിരുന്നു കോടതിക്ക് അറിയേണ്ടിയിരുന്നത്. ഇക്കാര്യത്തില്‍ വ്യക്തത വരുത്താന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറായില്ല. അതോടെയാണ് കലക്കവെള്ളത്തില്‍ മീന്‍ പിടിക്കാന്‍ ശ്രമിക്കുകയാണോ എന്ന് കോടതി കേന്ദ്രസര്‍ക്കാരിനോട് ചോദിച്ചത്. നിങ്ങള്‍ക്ക് മറ്റെന്തെങ്കിലും അജണ്ടയുണ്ടോ എന്ന് പോലും കോടതി ഒരു ഘട്ടത്തില്‍ ചോദിച്ചു.

കൃത്യമായ ഉത്തരം നല്‍കാന്‍ ഡല്‍ഹിയില്‍ ഇരിക്കുന്ന ഉദ്യോഗസ്ഥര്‍ തയ്യാറായില്ലെങ്കില്‍ അടുത്ത വിമാനത്തില്‍ അവരെ കൊച്ചിയില്‍ എത്തിക്കാന്‍ അറിയാമെന്നും ഡിവിഷന്‍ ബെഞ്ച് പറഞ്ഞു. വെറുതേ കോടതിയുടെ സമയം കളയരുതെന്നും കോടതി പറഞ്ഞു. അടുത്ത ബുധനാഴ്ചയ്ക്കകം ഇക്കാര്യത്തില്‍ വ്യക്ത വരുത്തണമെന്നതാണ് ഹൈക്കോടതി കേന്ദ്രത്തിന് നല്‍കിയിരിക്കുന്ന നിര്‍ദേശം. ഉപാധി എന്തെന്ന് എന്നതിനെ സംബന്ധിച്ച് സത്യവാങ്മൂലം സമര്‍പ്പിച്ചിട്ടില്ല, ഡല്‍ഹിയിലുള്ള ഉദ്യോഗസ്ഥര്‍ കോടതിയുടെ മുകളിലാണെന്നാണോ കരുതുന്നതെന്ന് കോടതി ചോദിച്ചു. ഇത്തരം പ്രവണത തുടരുകയാണെങ്കില്‍ ഡല്‍ഹിയിലുള്ള ആ ഉദ്യോഗസ്ഥനെ അടുത്ത ഫ്‌ലൈറ്റില്‍ ഇവിടെ എത്തിക്കാന്‍ സാധിക്കുമെന്നും കോടതി ചൂണ്ടിക്കാട്ടി.

സമയപരിധി നീട്ടിയതില്‍ വ്യക്തത വരുത്തി സത്യവാങ്മൂലം സമര്‍പ്പിക്കണമെന്ന് കോടതി ഉത്തരവിട്ടു. അതേസമയം ബാങ്ക് ഓഫ് ബറോഡ വായ്പ തിരിച്ച് പിടിക്കല്‍ നടപടി ആരംഭിച്ചു എന്ന വാര്‍ത്തകള്‍ വരുന്നുണ്ടെന്നും അതില്‍ കേന്ദ്രം മറുപടി നല്‍കണമെന്നും കോടതി പറഞ്ഞു. വായ്പ എഴുതി തള്ളുന്നതില്‍ കേന്ദ്രം തീരുമാനമെടുക്കണമെന്നും കോടതി പറഞ്ഞു. 2025 മാര്‍ച്ച് 31നകം വായ്പ വിനിയോഗിക്കണമെന്നായിരുന്നു കേന്ദ്രം ആദ്യം നിര്‍ദേശം നല്‍കിയത്. എന്നാല്‍ കേന്ദ്രത്തിന്റെ നിര്‍ദേശം അപ്രായോഗികമാണെന്ന് കോടതി പറഞ്ഞു. ദുരന്തബാധിതരുടെ വായ്പകള്‍ എഴുതിത്തള്ളണമെന്ന ആവശ്യവും കോടതി മുന്നോട്ടുവെച്ചു. 529.50 കോടി രൂപയാണ് വായ്പ ഇനത്തില്‍ കേന്ദ്രം കേരളത്തിന് അനുവദിച്ചത്.

16 പദ്ധതികള്‍ക്കായാണ് കേന്ദ്രം വായ്പ അനുവദിച്ചത്. സംസ്ഥാന സര്‍ക്കാരിന്റെ ടൗണ്‍ഷിപ്പ് പദ്ധതിക്കായി കണ്ടെത്തുന്ന ഭൂമിയില്‍ പൊതുകെട്ടിടങ്ങള്‍, റോഡ് തുടങ്ങിയവയുടെ നിര്‍മാണത്തിനായാണ് വായ്പ തുക വിനിയോഗിക്കാന്‍ കഴിയുക. വയനാട് മുണ്ടക്കൈ-ചൂരല്‍മല ദുരന്ത നിവാരണത്തിനും പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്കുമായി 2000 കോടിയുടെ പാക്കേജാണ് സംസ്ഥാനം ആവശ്യപ്പെട്ടത്. ദുരന്തബാധിതരുടെ കടങ്ങള്‍ എഴുതിത്തള്ളണമെന്നും കേരളം ആവശ്യപ്പെട്ടിരുന്നു. റിക്കവറി നടപടികള്‍ ഒഴിവാക്കണമെന്നും സംസ്ഥാനം നിര്‍ദേശിച്ചിരുന്നു.