ഗ്രനോബിള്‍: രണ്ടുവര്‍ഷം മുമ്പ് മുത്തശ്ശനും മുത്തശ്ശിക്കും ഒപ്പം വേനലവധി അടിച്ചുപൊളിക്കാന്‍ എത്തിയതായിരുന്നു കുഞ്ഞു എമില്‍. 2023 ജൂലൈയില്‍, ഫ്രഞ്ച് ആല്‍പ്‌സിലെ ഗ്രാമമായ ലേ ഹോ വെര്‍നെയിലെ അമ്മയുടെ മാതാപിതാക്കളുടെ വേനല്‍ക്കാല വസതിയില്‍ എത്തിയ എമില്‍ സോലൈലിനെ അവിടുത്തെ പൂന്തോട്ടത്തില്‍ വച്ചാണ് കാണാതാകുന്നത്. 9 മാസത്തിന് ശേഷം ഗ്രാമത്തിനടുത്ത് നിന്ന് ഒരു കാല്‍നടയാത്രക്കാരന്‍ കുട്ടിയുടെ മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തുകയായിരുന്നു. നീണ്ടനാളത്തെ അന്വേഷണത്തിന് ശേഷം എമിലിന്റെ മാതാപിതാക്കളെ ഞെട്ടിച്ചുകൊണ്ട് അറസ്റ്റിലായത് മുത്തച്ഛനും മുത്തശ്ശിയും അവരുടെ രണ്ട് മുതിര്‍ന്ന കുട്ടികളുമാണ്. ഇവരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിരിക്കുകയാണ്. അതിനിടെ, എമിലിന്റെ മുത്തച്ഛന്റെ കുടുംബവുമായി അടുത്ത ബന്ധമുണ്ടായിരുന്ന റോമന്‍ കത്തോലിക്ക പുരോഹിതന്‍ ആത്മഹത്യ ചെയ്തതും സംഭവത്തിന്റെ ദുരൂഹത കൂട്ടി.

എമിലിന്റെ മുത്തച്ഛന്‍ ഫിലിപ്പെ വെഡോവിനിയും ഭാര്യയും അവരുടെ രണ്ടുമക്കളുമാണ് അറസ്റ്റിലായത്. കുറ്റകരമായ നരഹത്യ, മൃതദേഹം ഒളിപ്പിക്കല്‍ എന്നീ കുറ്റങ്ങളാണ് ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. എമിലിന്റെ കാണാതാകല്‍ രാജ്യത്തെ നടുക്കുകയും വലിയ വാര്‍ത്തയാകുകയും ചെയ്തിരുന്നു. കുട്ടിയെ കാണാതായ ദിവസം അവന്റെ മാതാപതാക്കള്‍ സ്ഥലത്തില്ലായിരുന്നു. കാണാതായ സമയത്ത് കുട്ടിയെ കണ്ടെത്താന്‍ ആകുമെന്ന് കരുതിയ ഇരുവരും അദ്ഭുതങ്ങള്‍ സംഭവിക്കുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍, 9 മാസത്തിന് ശേഷം കുട്ടിയുടെ മൃതദേഹാവശിഷ്ടങ്ങളാണ് കിട്ടിയത്.




എമിലിന്റെ മുത്തച്ഛന്‍ സംശയനിഴലില്‍

എമിലിന്റെ മുത്തച്ഛന്‍ ഫിലിപ്പെ വെഡോവിനിയെ 1990 കളില്‍ ഒരു സ്വകാര്യ സ്‌കൂളില്‍ ജോലി നോക്കവേ ലൈംഗിക പീഡനത്തിനും അക്രമത്തിനും പൊലീസ് ചോദ്യം ചെയ്തിരുന്നു. എമിലിന്റെ ദാരുണ മരണത്തിലും മോശം ഭൂതകാലമുള്ള മുത്തച്ഛനെയാണ് പൊലീസ് സംശയിച്ചത്. കുഞ്ഞ് കളിക്കാന്‍ പോയപ്പോള്‍ ചെന്നായ്ക്കള്‍ കൊന്നുഭക്ഷിച്ചു എന്നാണ് നാട്ടുകാര്‍ ആദ്യം കരുതിയത്. എന്നാല്‍, പിന്നീടുള്ള സംഭവങ്ങള്‍ കര്യങ്ങളെ തകിടം മറിച്ചു.

ഈ മാസമാദ്യം. ഫോറന്‍സിക് സംഘങ്ങള്‍ മേഖലയില്‍ അരിച്ചുപെറുക്കി പരിശോധന നടത്തിയിരുന്നു. തകര്‍ന്ന തലയോട്ടി അടക്കമുള്ള മൃതദേഹാവശിഷ്ടങ്ങളാണ് സംഭവം നടന്ന് 9 മാസത്തിന് ശേഷം കണ്ടുകിട്ടിയിരുന്നത്. മുത്തച്ഛന്റെ കുടുംബത്തിന്റെ ഫോണ്‍ സംഭാഷണം ചോര്‍ത്തിയതിനെ തുടര്‍ന്നാണ് അറസ്‌റ്റെന്ന് പൊലീസ് പറയുന്നു. കുടുംബാംഗങ്ങളുടെ സംഭാഷണം മാസങ്ങളോളം രഹസ്യമായി ചോര്‍ത്തിയെടുത്ത് കേട്ടതിനെ തുടര്‍ന്നുള്ള അന്വേഷണത്തിലാണ് പിടിവീണത്.




താന്‍ ഒരു കുറ്റവും ചെയ്തിട്ടില്ലെന്നാണ് എമിലിന്റെ മുത്തച്ഛനായ വെഡോവിനി പറയുന്നത്. പൗരോഹിത്യ പരിശീലനം ഉപേക്ഷിച്ച് വിവാഹം കഴിച്ചയാളാണ് അദ്ദേഹം. എമിലിയുടെ അമ്മ അടക്കം വെഡോവിനി- ആന്‍ ദമ്പതികള്‍ക്ക് 10 മക്കള്‍. എമിലിന്റെ അമ്മയുടെ പേര് മാരി സൊലൈല്‍. അച്ഛന്‍ കൊളംബന്‍ സോലൈല്‍.




റോമന്‍ കത്തോലിക്ക പുരോഹിതന്റെ ദുരൂഹ മരണം

എമിലിന്റെ മുത്തച്ഛന്റെ കുടുംബവുമായി വളരെ അടുപ്പമുണ്ടായിരുന്ന പുരോഹിതനാണ് 85 കാരനായ ഫാ.ക്ലോഡ് ഗില്ല്യട്ട്. കഴിഞ്ഞ ഞായറാഴ്ചയാണ് എയ്ക്‌സന്‍ പ്രോവന്‍സിലെ വസതിയില്‍ അദ്ദേഹം ജീവനൊടുക്കിയത്. ആത്മഹത്യയെ പാപമായി കരുതുന്ന റോമന്‍ കത്തോലിക്ക പുരോഹിതര്‍ക്കിടയില്‍ ഇതൊരു അപൂര്‍വ സംഭവമാണ്.




രണ്ടുവയസുകാരനായ എമിലിനെ മാമോദീസ മുക്കിയത് ഫാദര്‍ ഗില്ല്യട്ടായിരുന്നു. ഫിലിപ്പെ വെഡോവിനിയും ഭാര്യ ആനുമായും ഫാ.ഗില്ല്യട്ട് വളരെ സ്‌നേഹത്തിലാണ് കഴിഞ്ഞിരുന്നത്. കുഞ്ഞിനെ കാണാതായത് മുതല്‍ ഫാ. ഗില്ല്യട്ട് വളരെ അസ്വസ്ഥനായിരുന്നു. കുട്ടിയെ കണ്ടെത്താന്‍ വേണ്ടി എമിലിന്റെ ഫോട്ടോ മാധ്യമങ്ങള്‍ക്ക് കൊടുത്തതോടെയാണ് ഫാദറും വെഡെവിനി കുടുംബവുമായി തെറ്റിയതെന്ന് പറയപ്പെടുന്നു. ഇതേ തുടര്‍ന്ന് വെഡോവിനി കുടുംബം പളളി ബഹിഷ്‌കരിക്കുക പോലും ചെയ്തു. എന്തായായാലും കുഴഞ്ഞുമറിഞ്ഞ ഈ കേസിന്റെ കൂടൂതല്‍ വിവരങ്ങള്‍ ഇനി പുറത്തുവരാനിരിക്കുന്നതേയുള്ളു.