കൊച്ചി: മാസപ്പടി കേസില്‍ വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ടുള്ള റിവിഷന്‍ ഹര്‍ജിയില്‍ ഹൈക്കോടതി വിധി നാളെ. സിഎംആര്‍എല്‍- എക്സാലോജിക് കരാറില്‍ വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ടാണ് ഹര്‍ജി. മുഖ്യമന്ത്രി പിണറായി വിജയന്‍ അടക്കമുള്ളവര്‍ക്ക് എതിരെ അന്വേഷണം ആവശ്യപ്പെട്ടുകൊണ്ടാണ് ഹര്‍ജി. ഗിരീഷ് ബാബുവും മാത്യു കുഴല്‍നാടനും നല്‍കിയ റിവിഷന്‍ ഹര്‍ജിയിലാണ് ഹൈക്കോടതി വിധി പറയാന്‍ പോകുന്നത്.

നിലവില്‍ കേസില്‍ കേന്ദ്ര അന്വേഷണ ഏജന്‍സിയായ എസ്എഫ്‌ഐഒ അന്വേഷണം നടക്കുന്നുണ്ട്. ഇതിന് തത്തുല്യമായി സംസ്ഥാനത്ത് വിജിലന്‍സ് അന്വേഷണം വേണമെന്നാണ് ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുള്ളത്. മൂവാറ്റുപുഴ വിജിലന്‍സ് കോടതിയും ഹൈക്കോടതി സിംഗിള്‍ ബെഞ്ചും നേരത്തെ ഈ ആവശ്യം തളളിയിരുന്നു. മുഖ്യമന്ത്രിയുടെ മകള്‍ എന്ന സ്ഥാനം ഉപയോഗിച്ചാണ് വീണയുടെ ഉടമസ്ഥതയിലുളള എക്‌സാലോജിക് കമ്പനി സി എംആര്‍ എല്ലില്‍ നിന്ന് പണം ഈടാക്കിയതെന്നായിരുന്നു വാദം. വിജിലന്‍സ് കോടതി ഉത്തരവിനെതിരായ റിവിഷന്‍ പെറ്റീഷനിലാണ് ഉത്തരവ്. വാദം കേട്ട ശേഷം ഉത്തരവിനായി മാറ്റിയിരിക്കുകയായിരുന്നു.

സിഎംആര്‍എല്‍ മാസപ്പടി കേസില്‍ 185 കോടി രൂപയുടെ അഴിമതിയെന്ന് കേന്ദ്ര സര്‍ക്കാര്‍ ജനുവരിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. എസ്എഫ്‌ഐഒ -ഐടി വകുപ്പുകളുടെ അന്വേഷണത്തിലെ കണ്ടെത്തലാണ് ഡല്‍ഹി ഹൈക്കോടതിയില്‍ കേന്ദ്രം സമര്‍പ്പിച്ചത്. അഴിമതി രാജ്യത്തിന്റെ സാമ്പത്തിക ഭദ്രതയ്ക്ക് ഭീഷണിയാണെന്നും കേന്ദ്രവും ആദായനികുതി വകുപ്പും ഡല്‍ഹി ഹൈക്കോടതിയില്‍ എഴുതി നല്‍കിയ വാദങ്ങളില്‍ പറയുന്നത്.

മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണയ്ക്ക് കൊച്ചിന്‍ മിനറല്‍സ് ആന്‍ഡ് റൂട്ടൈല്‍ ലിമിറ്റഡ് എന്ന കമ്പനിയില്‍ നിന്ന് മാസപ്പടി ഇനത്തില്‍ 3 വര്‍ഷത്തിനിടെ 1.72 കോടി രൂപ നല്‍കിയെന്നാണ് വിവാദം. ഒരു സേവനവും കിട്ടാതെ തന്നെ കമ്പനി വീണയ്ക്ക് പണം നല്‍കിയത് പ്രമുഖ വ്യക്തിയുമായുള്ള ബന്ധം കാരണമാണ് എന്ന് ആദായനികുതി ഇന്ററിം സെറ്റില്‍മെന്റ് ബോര്‍ഡ് നേരത്തെ കണ്ടെത്തിയിരുന്നു.

ഹര്‍ജിക്കാരനായ ഗിരീഷ് ബാബു മരിച്ചിരുന്നു. എന്നാല്‍ മാത്യു കുഴല്‍നാടന്‍ ഹര്‍ജിയുമായി മുന്നോട്ടുപോകുകയായിരുന്നു. മുഖ്യമന്ത്രി പിണറായി വിജയന്‍, മകളും എക്‌സാലോജിക് കമ്പനിയുടമയുമായ വീണ വിജയന്‍ എന്നിവരാണ് കേസിലെ എതിര്‍കക്ഷികള്‍. സിഎംആര്‍എല്‍ കമ്പനിയും കേസിലെ എതിര്‍കക്ഷികളാണ്.