ബാങ്കോക്ക്: മ്യാന്‍മറിലും തായ്ലാന്‍ഡിലും കനത്ത നാശനഷ്ടങ്ങള്‍ വിതച്ച ഭൂചലനത്തില്‍ രക്ഷാപ്രവര്‍നത്തനം തുടരുന്നതിനിടെ ബാങ്കോക്കിലെ സ്റ്റേറ്റ് ഓഡിറ്റ് ഓഫീസേഴ്സ് ബഹുനില കെട്ടിടം തകര്‍ന്നതില്‍ അന്വേഷണത്തിന് ഉത്തരവിട്ട് പബ്ലിക് വര്‍ക്ക്സ് ആന്‍ഡ് ടൗണ്‍ ആന്‍ഡ് കണ്‍ട്രി പ്ലാനിങ് ഡിപ്പാര്‍ട്ട്മെന്റ്. സംഭവത്തെക്കുറിച്ച് അന്വേഷിച്ച് ഒരാഴ്ചയ്ക്കകം റിപ്പോര്‍ട്ട് നല്‍കാന്‍ സമിതിയുണ്ടാക്കുമെന്ന് പ്രധാനമന്ത്രി പെയ്തോങ്താന്‍ ഷിനാവത്ര അറിയിച്ചു. കെട്ടിടം നിര്‍മിച്ചത് ചൈന ബന്ധമുള്ള ഒരു കമ്പനിയാണെന്ന വിവരം പുറത്തുവന്നിരുന്നു. അപകടത്തിന് പിന്നാലെ കമ്പനിയുടെ സാമൂഹികമാധ്യമ അക്കൗണ്ടുകളില്‍നിന്ന് കെട്ടിടത്തെക്കുറിച്ചുള്ള പോസ്റ്റുകള്‍ ഡിലീറ്റ് ചെയ്യപ്പെട്ടതായി കണ്ടെത്തിയതില്‍ ദുരൂഹതയുണ്ട്.

വെള്ളിയാഴ്ചത്തെ ഭൂകമ്പത്തില്‍ സമീപത്തെ ബഹുനില കെട്ടിടങ്ങള്‍ അതിജീവിക്കുകയും കാര്യമായ കേടുപാടുകള്‍ ഉണ്ടാവാതിരിക്കുകയും ചെയ്തപ്പോള്‍ നിലവില്‍ നിര്‍മാണത്തിലിരിക്കുന്ന കെട്ടിടം മാത്രം തകര്‍ന്നുവീഴുകയായിരുന്നു. നിര്‍മാണത്തിലെ അപാകതയടക്കം ചൂണ്ടിക്കാട്ടി ജനങ്ങള്‍ രംഗത്തെത്തിയതോടെയാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. മൂന്നുവര്‍ഷമായി നിര്‍മാണത്തിലിരിക്കുന്ന കെട്ടിടത്തിന്റെ കരാറും ഡിസൈനുമടക്കം അന്വേഷണത്തിന്റെ പരിധിയില്‍ ഉള്‍പ്പെടും

ഇറ്റാലിയന്‍- തായ് ഡെവലപ്മെന്റ് പബ്ലിക് ലിമിറ്റഡ് കമ്പനിയും ചൈന റെയില്‍വേ നമ്പര്‍ 10 എന്‍ജിനീയറിങ് ഗ്രൂപ്പുമാണ് സംയുക്തമായി കെട്ടിടം നിര്‍മിക്കുന്നത്. ചൈനീസ് സര്‍ക്കാരിന് കീഴിലെ ചൈന റെയില്‍വേ എന്‍ജിനീയറിങ് കോര്‍പ്പറേഷന് കീഴിലുള്ളതാണ് ചൈന റെയില്‍വേ നമ്പര്‍ 10 എന്‍ജിനീയറിങ് ഗ്രൂപ്പ്.

33 നില കെട്ടിടം തകര്‍ന്നുള്ള അപകടത്തില്‍ 17 പേര്‍ മരിക്കുകയും 32 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. 83 പേരെ കണ്ടെത്താന്‍ ഇതുവരെയും സാധിച്ചിട്ടില്ല. ഇവര്‍ക്കായി തിരിച്ചില്‍ തുടരുകയാണ്. ഇവരില്‍ 15 എങ്കിലും ജീവനോടെ അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുകയാണെന്നാണ് തെര്‍മല്‍ ഇമേജിങ് ഡ്രോണുകള്‍ ഉപയോഗിച്ചുള്ള പരിശോധനയില്‍ വ്യക്തമായിരുന്നു.

മ്യന്‍മറില്‍ 7.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായപ്പോള്‍ അതിന്റെ പ്രത്യാഘാതം ഏറ്റവും അധികം നേരിട്ട രാജ്യമാണ് തായ്ലന്‍ഡ്. ബാങ്കോക്കിലെ നിര്‍മാണത്തിലിരുന്ന 30 നില കെട്ടിടം തകര്‍ന്നുവീണപ്പോള്‍ 117 തൊഴിലാളികളാണ് കുടുങ്ങിയത്. പത്തുനിലയോളം ഉയരത്തില്‍ കുമിഞ്ഞുകൂടിയ അവശിഷ്ടങ്ങള്‍ നീക്കുന്ന ജോലികള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ തുടരുകയാണ്. പരുക്കേറ്റനിലയില്‍ ചിലരെ കണ്ടെത്താന്‍ കഴിഞ്ഞതാണ് കാണാതായവരുടെ കുടുബങ്ങളുടെ പ്രതീക്ഷ.

മ്യാന്‍മറിലുണ്ടായ ഭൂകമ്പത്തിന്റെ ആഘാതം 334 ആറ്റം ബോംബുകള്‍ക്കു തുല്യമാണെന്ന് യുഎസ് ജിയോളജിസ്റ്റ് ജെസ് ഫീനിക്‌സ് അറിയിച്ചു. 7.7 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം 28ന് പ്രാദേശിക സമയം ഉച്ചയ്ക്കു 12.50നാണ് ഉണ്ടായത്. പിന്നാലെ 6.4 തീവ്രതയുള്ള മറ്റൊരു ഭൂകമ്പവുമുണ്ടായി.

''334 ആറ്റം ബോംബുകളുടേതിനു തുല്യമായ ആഘാതമാണ് ഭൂകമ്പത്തിലുണ്ടായത്. തുടര്‍ചലനങ്ങള്‍ മാസങ്ങളോളം നീണ്ടു നില്‍ക്കാം'' ജിയോളജിസ്റ്റ് ജെസ് ഫീനിക്‌സ് സിഎന്‍എന്നിനോട് പറഞ്ഞു. ഭൂകമ്പത്തില്‍ മരണം 1,600 കടന്നുവെന്നാണ് റിപ്പോര്‍ട്ട്. സൈനിക ഭരണകൂടമായതിനാലും ആഭ്യന്തരയുദ്ധം രൂക്ഷമായതിനാലും ഭൂകമ്പത്തിന്റെ ആഘാതം എത്രയാണെന്നു കൃത്യമായി വിലയിരുത്താന്‍ കഴിയാത്ത സാഹചര്യമാണ്. മ്യാന്‍മറിലെ സാഗെയിങ് നഗരത്തിനു സമീപത്താണു പ്രഭവകേന്ദ്രമെന്ന് യുഎസ് ജിയോളജിക്കല്‍ സര്‍വേ പറയുന്നു. രാജ്യത്തെ രണ്ടാമത്തെ വലിയ നഗരമായ മാന്‍ഡലെയില്‍ കനത്ത നാശനഷ്ടമുണ്ടായിട്ടുണ്ട്.

പതിനായിരത്തിലേറെപ്പേര്‍ മരിച്ചിട്ടുണ്ടാകുമെന്നാണ് യുഎസ് ജിയോളജിക്കല്‍ സര്‍വേയുടെ നിഗമനം. 3,400 പേര്‍ക്കു പരുക്കേറ്റിട്ടുണ്ടെന്നും മരണസംഖ്യ ഇനിയും ഉയരാമെന്നും സൈനിക ഭരണകൂടം വ്യക്തമാക്കി. നയ്പീഡോയില്‍ ഗതാഗത, വൈദ്യുത, ഇന്റര്‍നെറ്റ് സംവിധാനങ്ങള്‍ തകരാറിലായി. രാജ്യാന്തര വിമാനത്താവളത്തിലെ എയര്‍ ട്രാഫിക് കണ്‍ട്രോള്‍ ടവറടക്കം തകര്‍ന്നു. മ്യാന്‍മറിനു സഹായമെത്തിക്കാന്‍ 'ഓപ്പറേഷന്‍ ബ്രഹ്‌മ'യുമായി ഇന്ത്യ രംഗത്തെത്തിയിട്ടുണ്ട്. ദേശീയ ദുരന്ത നിവാരണ സേനയിലെ 80 അംഗങ്ങളെയും കരസേനയുടെ ഫീല്‍ഡ് ഹോസ്പിറ്റല്‍ യൂണിറ്റിലെ 118 പേരെയും മ്യാന്‍മറിലേക്ക് ഇന്ത്യ അയച്ചു.

രക്ഷാപ്രവര്‍ത്തനം തുടരുന്നു

ഭൂചലന ദുരന്തം അനുഭവിയ്ക്കുന്ന മ്യാന്മറില്‍ മരുന്നുകള്‍ക്കും ഭക്ഷണത്തിനും അവശ്യ വസ്തുക്കള്‍ക്കും ക്ഷാമം. രണ്ടു കോടിയിലധികം പേര്‍ ദുരിതത്തിലാണെന്നും കഴിയുന്നത്ര സഹായം എത്തേണ്ടതുണ്ടെന്നും യുഎന്‍ വ്യക്തമാക്കി. തകര്‍ന്ന കെട്ടിടങ്ങളുടെ കൂനകള്‍ക്ക് അടിയില്‍ നിന്ന് ഇന്നും പലരെയും ജീവനോടെ പുറത്തെടുത്തു. പാലങ്ങളും റോഡുകളും തകര്‍ന്നതിനാല്‍ പല ദുരന്ത മേഖലകളിലും രക്ഷാപ്രവര്‍ത്തകര്‍ക്ക് എത്താനായിട്ടില്ല.

45 ടണ്‍ അവശ്യ വസ്തുക്കളുമായി ഇന്ത്യ അയച്ച മൂന്നു വിമാനങ്ങള്‍ മ്യാന്മറിലെത്തി. ഇന്ത്യ അയച്ച എണ്‍പതംഗ എന്‍ഡിആര്‍എഫ് സംഘവും 118 അംഗ വൈദ്യ സംഘവും മ്യാന്മറിന് വലിയ സഹായമാകും. സഹായ സാമഗ്രികളുമായി നാലു കപ്പലുകളും ഇന്ത്യ അയക്കും. സാധ്യമായ എല്ലാ സഹായവുമെത്തിക്കുമെന്ന് ഇന്ത്യ ഇന്നലെ അറിയിച്ചിരുന്നു.