നെയ്റോബി: ദേശീയ പാർക്കിൽ നിന്നും ചാടിയ സിംഹം പെൺകുട്ടിയെ കടിച്ചു കൊന്നു. കെനിയയുടെ തലസ്ഥാനമായ നെയ്റോബിയിലാണ് നടുക്കിയ സംഭവം നടന്നത്.പിന്നാലെ നെയ്റോബിയ്ക്ക് സമീപത്തെ ജനസാന്ദ്രതയേറെ പ്രദേശത്ത് എത്തിയ സിംഹം. ആദ്യം കണ്ട വീട്ടില്‍ കയറി 14 -കാരിയെ കടിച്ചെടുത്ത് കൊണ്ട് പോയെന്നാണ് റിപ്പോർട്ടുകൾ. സിംഹം നെയ്റോബി ദേശീയ പാര്‍ക്കില്‍ നിന്നും രക്ഷപ്പെട്ടതാണെന്ന് കരുതുന്നതായിയാണ് വിവരങ്ങൾ.

ദേശീയ പാര്‍ക്കിന്‍റെ തെക്കന്‍ പ്രദേശത്തെ മേച്ചില്‍പുറത്തേക്കാണ് സിംഹം കുട്ടിയെ കടിച്ചെടുത്ത് കടന്ന് കളഞ്ഞത്. വീട്ടില്‍ കയറിയാണ് സിംഹം കുട്ടിയെ അക്രമിച്ചതെന്ന് റിപ്പോര്‍ട്ടുകൾ പറയുന്നു. സിംഹം വീട്ടിലെത്തി കുട്ടിയെ അക്രമിക്കുമ്പോൾ കൂട്ടുകാരി മാത്രമാണ് ഒപ്പമുണ്ടായിരുന്നത്. സിംഹത്തിന്‍റെ ആക്രമണം നേരില്‍ കണ്ട കുട്ടി നിലവിളിച്ച് സമീപവാസികളെ വിവരം അറിയിക്കുകയായിരുന്നു.

സിംഹത്തെ പ്രകോപിപ്പിച്ചതിന്‍റെ ലക്ഷണങ്ങൾ ഒന്നും കണ്ടെത്താന്‍ കഴിഞ്ഞില്ലെന്ന് സംഭവ ശേഷം കെനിയ വൈല്‍ഡ് ലൈഫ് സര്‍വ്വീസ് സീനിയര്‍ കോര്‍പ്പറേറ്റ് കമ്മ്യൂണിക്കേഷന്‍ മാനേജരായ പോൾ ഉഡോട്ടോ പറഞ്ഞു. വിവരം അറിഞ്ഞ് കെഡബ്യുഎസ് ഉദ്യോഗസ്ഥരെത്തി പരിശോധിച്ചപ്പോൾ, ദേശീയ പാര്‍ക്കിന് സമീപത്തെ എംബാഗത്തി നദിവരെ നീണ്ടു കിടന്ന ചോരപാടുകൾ കണ്ടെത്തുകയും ചെയ്തിട്ടുണ്ട്. ചോരപാടുകൾ പിന്തുടർന്ന സംഘം നദിക്ക് സമീപത്ത് നിന്നും കുട്ടിയുടെ മൃതദേഹം കണ്ടെത്തി. സിംഹം വലിച്ചിഴച്ചതിന്‍റെ പാടുകൾ മൃതദേഹത്തിൽ ഉണ്ടായിരുന്നു.

സിംഹം, പുള്ളിപ്പുലി, ജിറാഫ്, മുതലകൾ തുടങ്ങിയ വന്യജീവികളെയാണ് നെയ്റോബി ദേശീയ പാര്‍ക്കില്‍ സംരക്ഷിക്കുന്നത്. ദേശീയ പാര്‍ക്കിന്‍റെ മൂന്ന് വശത്ത് മാത്രമാണ് ഫെന്‍സിംഗ് ഉള്ളത്. താല്‍ക്കാലിക വേലി മാത്രമുള്ള തെക്ക് വശത്ത് കൂടി മൃഗങ്ങൾ പാര്‍ക്കിന് വെളിയില്‍ കടക്കുന്നത് സാധാരണമാണെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

തെക്കന്‍ പ്രദേശത്തെ മൃഗങ്ങളുടെ നീക്കങ്ങളെക്കുറിച്ച് താമസക്കാർക്ക് മുന്നറിയിപ്പ് നൽകുന്നതിന് ഇലക്ട്രിക് ഫെൻസിംഗ്, ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് സംവിധാനങ്ങൾ എന്നിവയുൾപ്പെടെയുള്ള സുരക്ഷാ നടപടികൾ ശക്തിപ്പെടുത്താൻ കെഡബ്ല്യുഎസ് ശ്രമിക്കുന്നുണ്ടെന്ന് ഉഡോട്ടോ വ്യക്തമാക്കി. സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്തുമെന്നും അറിയിച്ചു.