- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഹര്‍ഷാരവം മുഴക്കിയ വിശ്വാസികള്‍ നിറഞ്ഞ സെന്റ് പീറ്റേഴ്‌സ് ചത്വരത്തിലേക്ക് ഇറങ്ങും മുമ്പ് ഫ്രാന്‍സിസ് മാര്‍പ്പാപ്പ ഒന്നാലോചിച്ചു; വിശ്വസ്തനായ നഴ്‌സ് മാസ്സിമിലിയാനോ സ്ട്രോപ്പെറ്റിയോട് ഒരു ചോദ്യം ചോദിച്ചു; മറുപടി കേട്ടതോടെ സധൈര്യം ആള്‍ക്കൂട്ടത്തിലേക്ക്; തന്റെ നഴ്‌സിനോട് പോപ്പിന്റെ അവസാന വാക്കുകള്‍ ഇങ്ങനെ
തന്റെ നഴ്‌സിനോട് പോപ്പിന്റെ അവസാന വാക്കുകള്‍ ഇങ്ങനെ
വത്തിക്കാന്‍ സിറ്റി: ' സഹോദരീ സഹോദരന്മാരെ ഈസ്റ്റര്‍ ആശംസകള്‍' : എന്നും പീഡിതര്‍ക്കൊപ്പം നിന്ന ഫ്രാന്‍സിസ് മാര്‍പ്പാപ്പ, അവസാനമായി വിശ്വാസികളോട് ഉച്ചരിച്ചത് ഈ വാക്കുകളായിരുന്നു. ഗസ്സയില്‍ വെടിനിര്‍ത്തുക എന്ന ആഹ്വാനവും അദ്ദേഹം തന്റെ ഈസ്റ്റര്‍ പ്രസംഗത്തില്‍ നല്‍കി. അതേസമയം, ഈസ്റ്റര്‍ ഞായറാഴ്ച സെന്റ് പീറ്റേഴ്‌സ് ചത്വരത്തില്‍ വിശ്വാസികളെ ആശീര്‍വദിക്കാന്‍ ഇറങ്ങും മുമ്പ് തന്റെ പേഴ്‌സണല്‍ നഴ്‌സിനോട് അദ്ദേഹം പറഞ്ഞ അവസാന വാക്കുകളാണ് ഇപ്പോള്‍ പുറത്തുവന്നത്.
' എന്നെ സെന്റ് പീറ്റേഴ്‌സ് ചത്വരത്തിലേക്ക് മടക്കി കൊണ്ടുവന്നതിന് നന്ദി'- ഇങ്ങനെയായിരുന്നു നഴ്‌സ് മാസ്സിമിലിയാനോ സ്ട്രാപ്പെറ്റിയോട് പോപ്പിന്റെ വാക്കുകള്‍. വീല്‍ച്ചെയറില്‍ സഞ്ചരിച്ച് വിശ്വാസികളെ അഭിവാദ്യം ചെയ്യാന്‍ തന്നെ പ്രോത്സാഹിപ്പിച്ചതിന് കൂടിയാണ് അദ്ദേഹം നന്ദി അറിയിച്ചത്.
ആര്‍പ്പുവിളിച്ച ആയിരക്കണക്കിന് വിശ്വാസികള്‍ക്കിടയിലേക്ക് ഇറങ്ങുമ്പോള്‍ അദ്ദേഹം പതിവിലേറെ ക്ഷീണിതനായിരുന്നു. ' എനിക്കിത് സാധിക്കുമെന്ന് നിങ്ങള്‍ക്ക് തോന്നുണ്ടോ?' യാത്രയ്ക്കിറങ്ങും മുമ്പ് പോപ്പ് നഴ്‌സിനോട് ചോദിച്ചതായി വത്തിക്കാന്‍ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. അപ്പോള്‍, സ്ട്രാപ്പെറ്റി അദ്ദേഹത്തിന് എല്ലാ ധൈര്യവും കൊടുത്തു കൊണ്ട് ഉറപ്പായും അതുസാധിക്കുമെന്ന് ആത്മവിശ്വാസം ചൊരിഞ്ഞു.
പിന്നീട് അംഗരക്ഷകരുടെ അകമ്പടിയോടെ, 'പോപ് മൊബൈലില്‍' 15 മിനിറ്റോളം അദ്ദേഹം ആള്‍ക്കൂട്ടത്തിനിടയിലൂടെ നീങ്ങി. കൈവീശി കാണിച്ചും, കുഞ്ഞുങ്ങളെ അനുഗ്രഹിച്ചും വലിയ ഇടയന്‍ ഒരിക്കല്‍ കൂടി ഹൃദയം കവര്‍ന്നു.
ഞായറാഴ്ച ഉച്ച കഴിഞ്ഞ് വത്തിക്കാനിലെ വസതിയായ കാസ സാന്ത മാര്‍ത്തയില്‍ അദ്ദേഹം വിശ്രമിച്ചു. ശാന്തമായി അത്താഴം കഴിച്ചു. തിങ്കളാഴ്ച പുലര്‍ച്ചെ 5.30 ഓടെ അസുഖത്തിന്റെ ആദ്യ ലക്ഷണങ്ങള്‍ കണ്ടുതുടങ്ങി. ഒരുമണിക്കൂറിന് ശേഷം മാര്‍പ്പാപ്പ കിടക്കയില്‍ കിടന്നുകൊണ്ട് സ്ട്രാപ്പെറ്റിയെ കൈവീശി കാണിച്ചു. അതൊരു വിടപറയല്‍ പോലെയായി. അതിന് ശേഷം അദ്ദേഹം കോമയിലേക്ക് വീഴുകയായിരുന്നു. രാവിലെ 7.35 ഓടെ അദ്ദേഹം കാലം ചെയ്തതായി പ്രഖ്യാപിച്ചു.
'അദ്ദേഹം ദുരിതം ഒന്നും അനുഭവിച്ചില്ല. എല്ലാം പെട്ടെന്ന് സംഭവിച്ചു', പോപ്പിനൊപ്പം അവസാന നിമിഷങ്ങളില്‍ ഉണ്ടായിരുന്നവരെ ഉദ്ധരിച്ച് വത്തിക്കാന്‍ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. രണ്ടുമാസം മുമ്പ് എഴുതിയ ലേഖനത്തില്‍, താന്‍ മരണത്തെ ഭയക്കുന്നില്ലെന്ന് മാര്‍പ്പാപ്പ കുറിച്ചിരുന്നു.