ശ്രീനഗര്‍: പഹല്‍ഗാം ഭീകരാക്രമണത്തില്‍ പ്രതിഷേധിച്ച് തെരുവിലിറങ്ങി കാശ്മീര്‍ ജനത പ്രതിഷേധിക്കുമ്പോള്‍ അമ്പരന്ന് പാകിസ്ഥാന്‍. ജമ്മുവിലും കാശ്മീരിലും കൂറ്റന്‍ പ്രതിഷേധ റാലി നടന്നു. പ്ലക്കാര്‍ഡുകള്‍ കൈയിലേന്തിയും പാക്കിസ്ഥാനെതിരേ മുദ്രാവാക്യം വിളിച്ചുമായിരുന്നു പ്രതിഷേധം. ജമ്മുവിലെ ഉധംപൂരില്‍ പാക് പതാക കത്തിച്ചും പ്രദേശവാസികള്‍ പ്രതിഷേധിച്ചു. ഇതെല്ലാം ഭീകരാക്രമണത്തിന് ശേഷം കാശ്മീരിലെ പുതു കാഴ്ചകളായിരുന്നു. മുമ്പ് ഇന്ത്യയ്‌ക്കെതിരെ വികാരം കത്തിക്കുന്ന ആക്രമണങ്ങള്‍ നടത്തിയ ആത്മവിശ്വാസം പാകിസ്ഥാന് നല്‍കുന്നതായിരുന്നു തീവ്രവാദ ആക്രമണങ്ങള്‍. ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്തം ദി റെസിസ്റ്റന്‍സ് ഫ്രണ്ട് (ടിആര്‍എഫ്) ഏറ്റെടുത്തിട്ടുണ്ട്. ഇത് പാകിസ്ഥാന്‍ ഭീകര സംഘടനയായ ലഷ്‌കര്‍-ഇ-ത്വയ്ബ (എല്‍ഇടി) യുടെ നിഴല്‍ ഗ്രൂപ്പെന്നാണ് റിപ്പോര്‍ട്ട്.

ടിആര്‍എഫ് അംഗങ്ങള്‍ ജമ്മുവിലെ കിഷ്ത്വാറില്‍ നിന്ന് കടന്ന് ദക്ഷിണ കശ്മീരിലെ കൊക്കര്‍നാഗ് വഴി ബൈസരനില്‍ ഭീകരകര്‍ എത്തിയിരിക്കാനാണ് സാധ്യതയെന്ന് ഉദ്യോഗസ്ഥര്‍ വിലയിരുത്തുന്നു. ലഷ്‌കര്‍ ഇ തോയിബയ്ക്കും ജെയ്ഷെ മുഹമ്മദിനും മതപരമായ അര്‍ത്ഥങ്ങളുണ്ടായിരുന്നു. കശ്മീര്‍ തീവ്രവാദംം തദ്ദേശീയമാണെനന് വരുത്താനാണ് പാകിസ്ഥാന്‍ ആഗ്രഹിച്ചത്. അതുകൊണ്ടുതന്നെ ആഗോള രാഷ്ട്രീയത്തില്‍ ശ്രദ്ധിക്കപ്പെടുന്ന 'പ്രതിരോധം' എന്ന പേര് അവര്‍ തിരഞ്ഞെടുത്തുവെന്നും മുതിര്‍ന്ന ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു. പക്ഷേ ആ തന്ത്രം പാളുകയാണ്. പഹല്‍ഗാമിലേത് റെസിസ്റ്റന്‍സ് അല്ല ഭീകരവാദമാണെന്ന് വിളിച്ചു പറയുകയാണ് പ്രതിഷേധത്തിലൂടെ ജനങ്ങള്‍. കാശ്മീരില്‍ വിനോദ സഞ്ചാരം ഏറെ വളര്‍ന്നു. അതിന്റെ ഗുണം കിട്ടിയത് നാട്ടുകാര്‍ക്കായിരുന്നു. അവരുടെ കൈയ്യിലേക്ക് പണമെത്തി. അങ്ങനെ സുഖകരമായി കഴിയുമ്പോഴാണ് തീവ്രവാദികള്‍ വിനോദ സഞ്ചാരത്തെ തകര്‍ക്കാര്‍ പഹല്‍ഗാമിലെത്തിയത്. ഇത് ചതിയാണെന്ന് കാശ്മീരികള്‍ ഒന്നടങ്കം പറയുമ്പോള്‍ പാക് തീവ്രാവാദവും പ്രതിസന്ധിയിലാകുന്നു. തിരിച്ചടിയിലൂടെ അതിന്റെ വേരറുക്കാനാണ് ഇന്ത്യന്‍ തീരുമാനം.

പഹല്‍ഗാം ആക്രമണത്തിന്റെ സൂത്രധാരന്‍ ലഷ്‌കര്‍- ഇ- തൊയ്ബ ഭീകരന്‍ സൈഫുള്ള കസൂരിയെന്ന് വ്യക്തമാണ്. ആക്രമണം നിയന്ത്രിച്ചത് പാക്കിസ്ഥാനില്‍ നിന്നാണെന്നാണ് രഹസ്യാന്വേഷണ ഏജന്‍സികള്‍ക്ക് ലഭിച്ച വിവരം. അക്രമികളുടെ ചിത്രം അടക്കം അതിവേഗം തയ്യാറാക്കി. ഇതും പാകിസ്ഥാനെ ഞെട്ടിച്ചിട്ടുണ്ട്. വിനോദസഞ്ചാരികള്‍ക്ക് നേരേ നിറയൊഴിച്ച ആറംഗ സംഘത്തില്‍ രണ്ട് പ്രാദേശിക ഭീകരരും ഉണ്ടായിരുന്നു. ഇതില്‍ ഒരാള്‍ കാഷ്മീരിലെ ബിജ് ബഹേര സ്വദേശി ആദില്‍ തോക്കറാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. കാഷ്മീരില്‍ നിന്ന് ഭീകരപരിശീലനം നേടിയവരാണ് ആക്രമണം നടത്തിയത്. ഇവര്‍ ലഷ്‌കര്‍-ഇ- തോയിബയുമായി ബന്ധം പുലര്‍ത്തിയിരുന്നതായി സൂചന ലഭിച്ചിട്ടുണ്ട്. പഹല്‍ഗാമിലെ കൂട്ടക്കൊലയില്‍ പങ്കില്ലെന്നാണ് പാകിസ്ഥാന്‍ പറയുന്നത്. അതിനൊരു പ്രാദേശിക വിഷയമായും അവതരിപ്പിച്ചു. എന്നാല്‍ തെരുവിലിറങ്ങിയ കാശ്മീര്‍ ജനത ആ പാക് പ്രതികരണത്തിന് കൂടിയുള്ള മറുപടിയാവുകയാണ്.

ഭീകരരുടെ സംഘത്തില്‍ അഫ്ഗാന്‍ ഭാഷയായ പഷ്‌തോ സംസാരിക്കുന്നവരുമുണ്ടായിരുന്നുവെന്ന് അന്വേഷണ സംഘം പറഞ്ഞു. ആഭ്യന്തര മന്ത്രാലയത്തിന്റെ (എംഎച്ച്എ) 2023 ലെ വിജ്ഞാപനം അനുസരിച്ച്, ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കല്‍, 2019 ഓഗസ്റ്റില്‍ ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളയല്‍ എന്നീ നടപടികള്‍ക്ക് ശേഷമാണ് ടിആര്‍എഫ് എന്ന സംഘടന രൂപം കൊണ്ടത്. എല്‍ഇടി, തെഹ്രീക്-ഇ-മില്ലത്ത് ഇസ്ലാമിയ, ഗസ്നവി ഹിന്ദ് എന്നിവയുള്‍പ്പെടെ നിരവധി ഭീകര സംഘടനകളുടെ സംയോജനമായ ഇതിന്റെ നേതൃത്വത്തില്‍ സാജിദ് ജാട്ട്, സജ്ജാദ് ഗുല്‍, സലിം റഹ്‌മാനി എന്നിവരാണ് പ്രധാനികള്‍. ഇവരെല്ലാം ലഷ്‌കറുമായി ബന്ധമുള്ളവരാണ്. ജമ്മു കശ്മീരിലെ സമാധാനാന്തരീക്ഷം ഇല്ലാതാക്കല്‍, നിരോധിത ഭീകര സംഘടനകളെ പിന്തുണയ്ക്കുന്നതിനായി ആയുധ വിതരണം, തീവ്രവാദികളെ റിക്രൂട്ട് ചെയ്യുക, തീവ്രവാദികളുടെ നുഴഞ്ഞുകയറ്റം, അതിര്‍ത്തിക്കപ്പുറത്ത് നിന്ന് ആയുധങ്ങളും മയക്കുമരുന്നുകളും കടത്തുക തുടങ്ങിയ പ്രവര്‍ത്തനങ്ങളാണ് (ടിആര്‍എഫ്) നേതൃത്വത്തില്‍ നടക്കുന്നത്. ടെലിഗ്രാം, വാട്ട്സ്ആപ്പ്, ട്വിറ്റര്‍, ഫേസ്ബുക്ക്, ടാംടാം, ചിര്‍പ്വയര്‍ തുടങ്ങിയ പ്ലാറ്റ്ഫോമുകളിലൂടെ മേഖലയില്‍ റാഡിക്കലൈസേഷനും റിക്രൂട്ട്മെന്റും നടത്തുന്നതെന്നാണ് സൂചന.

ഫിനാന്‍ഷ്യല്‍ ആക്ഷന്‍ ടാസ്‌ക് ഫോഴ്സിന് (എഫ്എടിഎഫ്) കീഴിലുള്ള പരിശോധന ഒഴിവാക്കാന്‍ പാകിസ്ഥാന്‍ ശ്രമിച്ച സമയത്താണ് ടിആര്‍എഫിനെ രൂപീകരിച്ചതെന്നാണ് വിലയിരുത്തല്‍. 2020-ല്‍ ഈ സംഘം ആക്രമണങ്ങളുടെ ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ തുടങ്ങി. ഇത് 1967-ലെ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ (തടയല്‍) നിയമപ്രകാരം 2023 ജനുവരിയില്‍ ആഭ്യന്തര മന്ത്രാലയം (എംഎച്ച്എ) ടിആര്‍എഫിനെയും അതിന്റെ എല്ലാ ഘടകങ്ങളെയും നിരോധിച്ചു.