ശ്രീനഗര്‍: ബൈസരന്‍ എന്ന് മനോഹരമായ പ്രദേശം രക്തകളമായത് വളരെ പെട്ടെന്നായിരുന്നു.സമാധാനവും സന്തോഷവും നിറഞ്ഞതായിരുന്നു പഹല്‍ഗാമിലെ ബൈസരന്‍ താഴ്വര. മിനി സ്വിറ്റ്‌സര്‍ലന്റ് എന്നറിയപ്പെട്ട സ്ഥലം. ഇന്നലെ ഉച്ചക്ക് രണ്ടരയോടെ ഭീകരര്‍ കടന്നു കയറി വെടിയുതിര്‍ത്തതോടെ കൊടും ഭീകരതയുടെ മുഖമായി ലോകത്തിന് മുന്നില്‍ ഇവിടം മാറുകയായിരുന്നു. ഇന്നലെയുണ്ടായ ഭീകരാക്രമണത്തില്‍ 26 കൊല്ലപ്പെട്ടുവെന്നാണ് ഔദ്യോഗികമായ റിപ്പോര്‍ട്ടുകള്‍. ഇതുമായി ബന്ധപ്പെട്ട് പുറത്തുവന്നവീഡിയോകളില്‍ പരിക്കേറ്റ വിനോദസഞ്ചാരികള്‍ രക്തത്തില്‍ കുളിച്ചു കിടക്കുന്നതും അവരുടെ ബന്ധുക്കള്‍ നിലവിളിക്കുകയും സഹായത്തിനായി അപേക്ഷിക്കുന്നതുമായ ദയനീയ കാഴ്ചകളായിരുന്നു ഉണ്ടായിരുന്നത്.

പഹല്‍ഗാം സംഭവം ഉള്‍പ്പടെ ശ്രദ്ധിക്കേണ്ടുന്ന വസതുത പലപ്പോഴും വിദേശ നേതാക്കള്‍ ഇന്ത്യ സന്ദര്‍ശിക്കുന്ന സമയമാണ് ഭീകരര്‍ ആക്രമണങ്ങള്‍ക്കായി തെരഞ്ഞെടുക്കുന്നത്. ഇപ്പോള്‍ ഈ ആക്രമണം ഉണ്ടായതും അമേരിക്കന്‍ വൈസ് പ്രസിഡന്റ് ജെ.ഡി. വാന്‍സ് ഇന്ത്യയിലുണ്ടായിരിക്കുമ്പോഴാണ്. നാല് ദിവസത്തെ സന്ദര്‍ശനത്തിന്റെ ഭാഗമായി അദ്ദേഹം ജയ്പൂരിലെത്തിയിരുന്നു. 2000 ത്തിലും, 2002 ലും ഉണ്ടായ ആക്രമണത്തിലും അന്ന് മറ്റ് വിദേശ നേതാക്കള്‍ രാജ്യത്തുണ്ടായിരുന്നു.ഇതുമായി ബന്ധപ്പെട്ട് മറ്റ് ചില കാര്യങ്ങള്‍ കൂടി പരിശോധിക്കാം.

റിപ്പോര്‍ട്ടുകള്‍ പ്രകാരം 1.30 നും 2 നും ഇടയിലാണ് ഇന്നലെ ആക്രമണമുണ്ടായത്. ഈ സമയം ജെ ഡി വാന്‍സ് ഇന്ത്യ - യുഎസ് ബന്ധത്തെക്കുറിച്ച് ജയ്പൂരില്‍ സംസാരിക്കുകയായിരുന്നു. പിന്നീട് അദ്ദേഹം ഭീകരാക്രമണത്തോട് പ്രതികരിക്കുകയും മരണപ്പെട്ടവര്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും അനുശോചനം രേഖപ്പെടുത്തുകയും ചെയ്തു.

'ഇന്ത്യയിലെ പഹല്‍ഗാമില്‍ നടന്ന ഭീകരാക്രമണത്തിന്റെ ഇരകള്‍ക്ക് ഉഷയും ഞാനും ഞങ്ങളുടെ അനുശോചനം അറിയിക്കുന്നു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി, ഈ രാജ്യത്തിന്റെ മനോഹാരിത ഞങ്ങള്‍ ആസ്വദിച്ചു. ഇപ്പോള്‍ ഈആക്രമണത്തില്‍ അവര്‍ ദുഃഖിക്കുമ്പോള്‍ ഞങ്ങളുടെ ചിന്തകളും പ്രാര്‍ത്ഥനകളും അവരോടൊപ്പമുണ്ട്' എന്ന് അദ്ദേഹം എക്‌സില്‍ കുറിച്ചു.

പഹല്‍ഗാം ആക്രമണം ഓര്‍മ്മിപ്പിക്കുന്ന മറ്റൊരു സംഭവം 2000 മാര്‍ച്ച് 20 ന് ഉണ്ടായ ഛത്തിസിങ്‌പോര ഭീകരാക്രമണമാണ്. ജമ്മു-കാശ്മീരിലെ അനന്ത്‌നാഗ് ജില്ലയിലെ ചത്തിസിങ്‌പോര ഗ്രാമത്തില്‍ 36 സിഖ് ഗ്രാമീണരെ തീവ്രവാദികള്‍ കൂട്ടക്കൊല ചെയ്തത്. അന്നത്തെ യുഎസ് പ്രസിഡന്റ് ബില്‍ ക്ലിന്റന്റെ ഇന്ത്യ സന്ദര്‍ശനത്തിന് തൊട്ടു തൊട്ടുമുമ്പായിരുന്നു അത്. ക്ലിന്റണ്‍ ഇന്ത്യ സന്ദര്‍ശിച്ച സമയത്ത് പാകിസ്ഥാന് ഭീകരാക്രമണത്തിലുള്ള ബന്ധത്തെക്കുറിച്ച് അന്നത്തെ ഇന്ത്യന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്പേയ് ചര്‍ച്ച നടത്തിയിരുന്നു.

ഈ കൂട്ടക്കൊലയ്ക്ക് പിന്നില്‍ ഭീകര സംഘടനയായ ലഷ്‌കര്‍-ഇ-തൊയ്ബയാണെന്നായിരുന്നു കണ്ടെത്തല്‍. സൈനിക വേഷം ധരിച്ച ഭീകരര്‍ ഇന്ത്യന്‍ സൈനികരാണെന്ന് ഗ്രാമങ്ങളിലുള്ളവരോട് പറഞ്ഞു. തുടര്‍ന്ന് അവിടെയുണ്ടായിരുന്ന വീട്ടിലെ എല്ലാ പുരുഷന്മാരോടും സുരക്ഷാ പരിശോധനകള്‍ക്കായി പുറത്തിറങ്ങാന്‍ ആവശ്യപ്പെട്ടു. ഗുരുദ്വാരകള്‍ക്ക് മുന്നില്‍ അണിനിരക്കാന്‍ അവര്‍ അവരോട് ആവശ്യപ്പെട്ടു,തുടര്‍ന്ന് വെടിയുതിര്‍ത്തു, അങ്ങനെ 36 പേര്‍ കൊല്ലപ്പെട്ടു. ഇന്നലെയുണ്ടായ ആക്രമണത്തിലും സൈനിക വേഷത്തിലാണ് ഭീകരരെത്തിയത്.

മറ്റൊന്ന്, രണ്ട് വര്‍ഷത്തിന് ശേഷം 2002ല്‍ യുഎസ് അസിസ്റ്റന്റ് സെക്രട്ടറി ക്രിസ്റ്റീന ബി റോക്ക ഇന്ത്യ സന്ദര്‍ശനത്തിനിടെയായിരുന്നു. 2002 മെയ് 14 ന് ജമ്മു കശ്മീരിലെ കാലുചകിന് സമീപമാണ് ഈ ഭീകരാക്രമണം നടന്നത്. മണാലിയില്‍ നിന്ന് ജമ്മുവിലേക്കുള്ള ഹിമാചല്‍ റോഡ് ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷന്‍ ബസ് ആക്രമിച്ച മൂന്ന് തീവ്രവാദികള്‍ ഏഴ് പേരെയാണ് കൊലപ്പെടുത്തിയത്. തുടര്‍ന്ന് സൈനിക ക്വാര്‍ട്ടേഴ്‌സില്‍ അതിക്രമിച്ച് കയറി വെടിയുതിര്‍ക്കുകയും ചെയ്തു. 10 കുട്ടികളും എട്ട് സ്ത്രീകളും അഞ്ച് സൈനിക ഉദ്യോഗസ്ഥരും ഉള്‍പ്പെടെ 23 പേര്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്. അന്നത്തെ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയി ഇതിനെ 'ഏറ്റവും മനുഷ്യത്വരഹിതവും ക്രൂരവുമായ കൂട്ടക്കൊല' എന്ന് വിശേഷിപ്പിച്ചത്.