ശ്രീനഗര്‍: പാക് അധിനിവേശ കാഷ്മീരിലെ വിവിധ ഭാഗങ്ങളില്‍ സ്ഥിതി ചെയ്യുന്ന പ്രത്യേക ഭീകര വിക്ഷേപണ പാഡുകളിലും പരിശീലന ക്യാമ്പുകളിലും ഇന്ത്യന്‍ സുരക്ഷാ സേന നിരീക്ഷണം ശക്തമാക്കി. ഈ കേന്ദ്രങ്ങള്‍ മാസങ്ങളായി ഇന്ത്യന്‍ ഏജന്‍സികള്‍ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയായിരുന്നു. ഇതുമായി ബന്ധപ്പെട്ട് സമഗ്രമായ ഒരു വിശദീകരണം സൈന്യം പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗിന് നല്കിയിട്ടുണ്ട്. പഹല്‍ഗാമില്‍ തിരിച്ചടി നല്‍കാന്‍ ഇന്ത്യ അതിവേഗ തീരുമാനങ്ങളിലേക്ക് കടക്കും. ഇതിനിടെയാണ് വിശദ റിപ്പോര്‍ട്ട് കേന്ദ്ര മന്ത്രിക്ക് കൈമാറുന്നത്. ഈ ഭീകരകേന്ദ്രങ്ങളുമായി ബന്ധപ്പെട്ട സംഭവവികാസങ്ങള്‍ സൈന്യം സൂക്ഷ്മമായി നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. ഈ ലോഞ്ച് പാഡുകളില്‍ ഏകദേശം 130 ഭീകരര്‍ ഉണ്ടെന്ന് സംശയിക്കുന്നു. വിവിധ ക്യാമ്പുകളിലായി പരിശീലനം ലഭിച്ച 150 മുതല്‍ 200 വരെ ഭീകരര്‍ തമ്പടിച്ചിട്ടുണ്ടെന്ന് ഇന്റലിജന്‍സ് പറയുന്നു. പാക്കിസ്ഥാന്‍ സൈന്യം ഈ നുഴഞ്ഞുകയറ്റത്തിന് സൗകര്യമൊരുക്കുന്നുണ്ടെന്നും ഇന്ത്യ കണ്ടെത്തി കഴിഞ്ഞു.

തിരിച്ചടിക്കുമ്പോള്‍ പാക്കിസ്ഥാനിലെ ഏതെല്ലാം കേന്ദ്രങ്ങളിലായിരിക്കണം ശക്തമായ ആക്രമണം നടത്തേണ്ടെതെന്നകാര്യത്തില്‍ ഇന്ത്യന്‍ സൈന്യം ഇതിനകം തീരുമാനമെടുത്തിട്ടുണ്ടാവും എന്നാണ് കരുതുന്നത്. പാക്കിസ്ഥാന്‍ സ്വപ്നത്തില്‍പ്പാേലും കരുതാത്ത കേന്ദ്രങ്ങളിലായിരിക്കും കനത്ത പ്രഹരം ഏല്‍പ്പിക്കാന്‍ ശ്രമിക്കുക എന്നാണ് വിദഗ്ദ്ധര്‍ വ്യക്തമാക്കുന്നത്. അതിര്‍ത്തികടന്നുള്ള കരസേനാ നീക്കം ഉണ്ടാവാന്‍ ഇടയില്ലെന്നാണ് സൂചന. പഹല്‍ഗാമില്‍ കൂട്ടക്കൊല ചെയ്ത ഭീകരര്‍ക്കായി ഹെലികോപ്റ്ററുകളും ഡ്രോണുകളും ഉപയോഗിച്ച് തിരച്ചില്‍ ഊര്‍ജിതമായി തുടരുകയാണ്. ഭീകരര്‍ പ്രദേശത്തെ വനമേഖലയിലേക്ക് കടന്നുവെന്നാണ് സൈന്യത്തിന്റെ നിഗമനം. പഹല്‍ഗാം, ബൈസരണ്‍, അനന്ത്‌നാഗ് തുടങ്ങിയ മേഖലകളില്‍ വ്യാപക തിരച്ചില്‍ നടത്തി വരികയാണ്. പഹല്‍ഗാം ആക്രമണത്തിന്റെ സൂത്രധാരന്‍ ലഷ്‌കര്‍ ഇ തയ്ബ ഡെപ്യൂട്ടി കമാന്‍ഡര്‍ സൈഫുള്ള കസൂരി പാകിസ്ഥാനില്‍ സുരക്ഷിത കേന്ദ്രത്തിലുണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്.

പഹല്‍ഗാം ഭീകരാക്രമണത്തില്‍ പാക്കിസ്ഥാനില്‍ നിന്ന് സഹായം ലഭിച്ചെന്ന വിലയിരുത്തലാണ് ഇന്ത്യയുടെ കടുത്ത നടപടികള്‍ക്ക് കാരണം എന്ന് വിവരം. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന രണ്ടര മണിക്കൂര്‍ നീണ്ട മന്ത്രി സഭ സമിതി യോഗത്തിലാണ് കടുത്ത തീരുമാനങ്ങളുണ്ടായത്. ഇന്ത്യ-പാക് യുദ്ധങ്ങള്‍ നടന്നപ്പോള്‍ പോലും റദ്ദാക്കാത്ത , സിന്ധു നദീ ജല കാരാറാണ് 65 വര്‍ഷങ്ങള്‍ക്കിപ്പുറം മരവിപ്പിക്കാന്‍ തീരുമാനിച്ചത്. പഹല്‍ഗാം ആക്രമണത്തിന് ഹമാസിന്റെ സഹായം കിട്ടിയെന്ന സംശയവും ഇപ്പോള്‍ ഉയരുന്നുണ്ട്. ഹമാസ് നേതാക്കള്‍ പാക് രഹസ്വാന്വേഷണവിഭാഗവുമായി നിരന്തരം സമ്പര്‍ക്കം പുലര്‍ത്തിയിരുന്നു എന്നാണ് ഒടുവില്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ഇന്ത്യയ്‌ക്കെതിരെ നിലപാട് എടുത്ത പല ഭീകരരും ്അടുത്ത കാലത്ത് അജ്ഞാതരുടെ വെടിയേറ്റ് കൊല്ലപ്പെടിരുന്നു. കസൂരിയ്ക്കും അത് സംഭവിക്കുമോ എന്ന ആശങ്ക പാകിസ്ഥാനുണ്ട്. അതിനാല്‍ കസൂരിയെ അതീവ സുരക്ഷിതത്വത്തിലാണ് പാര്‍പ്പിച്ചിട്ടുള്ളത്. ഇതിനിടെയാണ് ഹമാസ് ഘടകവും ചര്‍ച്ചകളില്‍ എത്തുന്നത്. ഇതോടെ അമേരിക്കയും ഇസ്രയേലുമെല്ലാം ഇന്ത്യയ്‌ക്കൊപ്പം അടിയുറച്ച് നില്‍ക്കുമെന്നു കൂടി വ്യക്തമാകുകയാണ്.

ഒരുവര്‍ഷത്തിനിടെ ഹമാസിന്റെ മുതിര്‍ന്ന നേതാക്കള്‍ പാക്കിസ്ഥാനില്‍ പലതവണ സന്ദര്‍ശനം നടത്തിയെന്നതിന് വ്യക്തമായ തെളിവുകള്‍ ഇന്റലിജന്‍സിന് ലഭിച്ചിട്ടുണ്ട്. ഹമാസ് സംഘം അടുത്തിടെ ബഹവല്‍പൂരിലെ ജയ്ഷെ മുഹമ്മദിന്റെ ആസ്ഥാനം സന്ദര്‍ശിച്ചിരുന്നു. ഇതിനാെപ്പം അതിര്‍ത്തിയിലെ തന്ത്രപ്രധാന പാക് സൈനിക കേന്ദ്രങ്ങളും ഹമാസ് നേതാക്കള്‍ സന്ദര്‍ശിച്ചു എന്നാണ് സൂചന. ശക്തമായ തെളിവുകള്‍ ലഭിച്ചാലേ വിഷയം അന്താരാഷ്ട്രതലത്തില്‍ ഉയര്‍ത്തിക്കൊണ്ടുവരാന്‍ ഇന്ത്യയ്ക്ക് കഴിയൂ. അതിനിടെ പഹല്‍ഗാമിലേത് ഹമാസ് ഒക്ടോബര്‍ 7 ന് ഇസ്രായേലില്‍ നടത്തിയ ആക്രമണത്തിന് സമാനമാണെന്ന് മുന്‍ പെന്റഗണ്‍ ഉദ്യോഗസ്ഥന്‍ മൈക്കല്‍ റൂബിന്‍ വിശദീകരിക്കുന്നുണ്ട്. ഒരു പ്രത്യേക മത വിഭാഗത്തെ മാത്രം തിരഞ്ഞുപിടിച്ച് ആക്രമിക്കുന്ന രീതിയായിരുന്നു ഹമാസ് സ്വീകരിച്ചത്. ജൂതന്മാരെയാണ് ഹമാസ് തിരഞ്ഞുപിടിച്ച് ആക്രമിച്ചത്. പഹല്‍ഗാമിലെ ആക്രമണത്തില്‍ ജീവന്‍ നഷ്ടമായതില്‍ ഒരാളൊഴികെ മറ്റെല്ലാവരും ഹിന്ദുക്കളായിരുന്നു.

ഭീകരരുടെ കൈയില്‍ നിന്ന് തോക്ക് പിടിച്ചുവാങ്ങി തിരിച്ചാക്രമിക്കാന്‍ ശ്രമിച്ച കുതിര സവാരിക്കാന്‍ സയ്യിദ് ആദില്‍ ഹുസൈന്‍ ഷാ മാത്രമാണ് കൊല്ലപ്പെട്ടവരിലെ ഏക മുസ്ലീം. മറ്റുള്ളവരെയെല്ലാം പേരുചോദിച്ച് ഹിന്ദുക്കളെന്ന് ഉറപ്പുവരുത്തിയാണ് കൊലപ്പെടുത്തിയതെന്നാണ് റിപ്പോര്‍ട്ട്. ഇത്തരമൊരു സാഹചര്യത്തില്‍ ഹമാസിനെതിരെ ഇസ്രയേല്‍ നടത്തിയതുപോലുള്ള ഒരു തിരിച്ചടി പാക്കിസ്ഥാനെതിരെ ഇന്ത്യ നടത്തുകയാണ് വേണ്ടതെന്നും മൈക്കല്‍ റൂബിന്‍ വിശദീകരിക്കുന്നു. 'സത്യസന്ധമായി പറഞ്ഞാല്‍, ഇസ്രായേല്‍ ഹമാസിനോട് ചെയ്തതുപോലെ പാക്കിസ്ഥാനോടും അവരുടെ രഹസ്യന്വേഷണ ഏജന്‍സിയായ ഐഎസ്‌ഐയോടും ഇന്ത്യ ചെയ്യുകയാണ് വേണ്ടത് എന്നാണ് മൈക്കല്‍ റൂബിന്‍ വിശദീകരിച്ചത്.

പാക്കിസ്താന്റെ പടിഞ്ഞാറ്, ബലൂചിസ്താന്‍ ലിബറേഷന്‍ ആര്‍മിയോടും തെഹരികെ താലിബാന്‍ പാക്കിസ്താനോടും ഏറ്റുമുട്ടിയ ക്ഷീണത്തിലാണ് പാക്കിസ്ഥാന്‍ സൈന്യം. ഒരാഴ്ചമുന്‍പാണ് പാക്കിസ്താന്‍ ആര്‍മി ചീഫ് ജനറല്‍ അസിം മുനീര്‍ കശ്മീര്‍സംബന്ധിയായി ചില പരാമര്‍ശങ്ങള്‍ നടത്തിയത്. കശ്മീര്‍ പാക്കിസ്താന്റെ കര്‍ണഞരമ്പാണ് എന്നും ലോകത്തെ ഒരു ശക്തിക്കും കശ്മീരിനെ പാക്കിസ്താനില്‍നിന്നു വേര്‍പെടുത്താനാവില്ല എന്നുമാണ് അദ്ദേഹം പറഞ്ഞത്. മാത്രവുമല്ല ഇന്ത്യയുടെയും പാക്കിിസ്താന്റെയും സാംസ്‌കാരിക പശ്ചാത്തലം വ്യത്യസ്തമാണെന്നും ഇസ്ലാം ആണ് പാക്കിസ്താന്റെ കാതലായ സ്വത്വം എന്നും അതിനെ പ്രതിരോധിക്കേണ്ടത് ഓരോ പാക് പൗരന്റെയും കടമയാണെന്നും ജനറല്‍ അസിം മുനീര്‍ പറഞ്ഞു വച്ചിരുന്നു. ഈ ആഹ്വാനത്തിന്റെ തുടര്‍ച്ചയാണ് പഹല്‍ഗാമില്‍ കണ്ടത്. ജനറല്‍ അസിം മുനീറിന്റെ പ്രസ്താവനയെ ഓള്‍ ഇന്ത്യ ഹുറിയത് കോണ്‍ഫറന്‍സ് സ്വാഗതംചെയ്തിരുന്നു. കശ്മീരില്‍ വിഘടനവാദാനുകൂലികളുടെ സംഘടനയാണ് ഹുറിയത് കോണ്‍ഫറന്‍സ്.

ആസൂത്രണം ഏറെ ആവശ്യമുള്ള ഒന്നാണ് ഇത്തരം ആക്രമണങ്ങള്‍. സ്ഥലം, സമയം, സന്ദര്‍ഭം എല്ലാം പ്രധാനമാണിവിടെ. അമേരിക്കന്‍ വൈസ് പ്രസിഡന്റ് ജെ.ഡി. വാന്‍സ് കുടുംബസമേതം ഇന്ത്യയില്‍ സന്ദര്‍ശനം നടത്തുമ്പോഴാണ് പഹല്‍ഗാമിലെ കൂട്ടക്കൊല. കശ്മീര്‍പ്രശ്നം അവസാനിച്ചിട്ടില്ലെന്ന് ലോകത്തെ അറിയിക്കാന്‍ പാക്കിസ്താനു സാധിച്ചു. 'അന്താരാഷ്ട്ര മാധ്യമങ്ങളില്‍ കശ്മീര്‍ വീണ്ടും തലക്കെട്ടായി' എന്നാണ് പാക്കിസ്താനിലെ നിരീക്ഷകര്‍ പറയുന്നത്. പക്ഷേ, അമേരിക്കയും റഷ്യയും ഒരേസ്വരത്തിലാണ് ഈ ഭീകരാക്രമണത്തെ അപലപിച്ചത്. ഇത് പാക്കിസ്ഥാന് തിരിച്ചടിയുമായി.