- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
ചികില്‍സ തേടി കേരളത്തിലെത്തിയ അമ്പതോളം പാക് പൗരന്‍മാര്‍ ഉടന്‍ മടങ്ങണം; കേരളത്തിലുള്ള 102 പാക്കിസ്ഥാനികള്‍ക്കും രാജ്യം വിടാനുള്ള നിര്‍ദ്ദേശം കൈമാറി; വിദ്യാര്‍ത്ഥി വിസയും മെഡിക്കല്‍ വിസയും പോലും റദ്ദാക്കും; ഇന്ത്യയുടെ നയതന്ത്ര നീക്കത്തില്‍ പാകിസ്ഥാന് വലയും; സിന്ധു നിദിയും സിംലാ കരാറും അപ്രസക്തമാകുമ്പോള്‍
തിരുവനന്തപുരം: ചികില്‍സ തേടി കേരളത്തിലെത്തിയ 56 പാക് പൗരന്മാര്‍ക്ക് ഉടന്‍ നാട്ടിലേക്ക് മടങ്ങേണ്ടിവരും. നിലവില്‍ കേരളത്തിലുള്ള പാക്കിസ്ഥാനി പൗരന്‍മാര്‍ 102 പേര്‍ ഉണ്ടെന്നാണ് ഔദ്യോഗിക കണക്ക്. ഇതില്‍ പകുതി പേരും ചികിത്സാ സംബന്ധമായ മെഡിക്കല്‍ വീസയില്‍ എത്തിയവരാണ്. കുറച്ചുപേര്‍ വ്യാപാര ആവശ്യങ്ങള്‍ക്കായി എത്തിയവരാണ്. ഇവരെല്ലാം ഉടന്‍ രാജ്യം വിടേണ്ടി വരും. മെഡിക്കല്‍ വീസയിലെത്തിയവര്‍ ഈ മാസം 29നും മറ്റുള്ളവര്‍ 27നും മുന്‍പും രാജ്യം വിടണമെന്നാണ് നിര്‍ദ്ദേശം. തമിഴ്‌നാട്ടിലുള്ള ഇരുനൂറോളം പാക്ക് പൗരന്മാരും മടങ്ങേണ്ടി വരും. പഹല്‍ഗാം ആക്രമണത്തിന്റെ പശ്ചാത്തലത്തിലെ ഇന്ത്യന്‍ തീരുമാനങ്ങളാണ് ഇതിന് കാരണം. അതിവേഗം മടങ്ങാനുള്ള നടപടികള്‍ എടുക്കാന്‍ വിദേശ കാര്യമന്ത്രാലയം ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
പാക്കിസ്ഥാന്‍ പൗരര്‍ക്കുള്ള എല്ലാത്തരം വീസ സേവനങ്ങളും ഇന്ത്യ സസ്‌പെന്‍ഡ് ചെയ്തിരുന്നു. വിദ്യാര്‍ഥി വീസയിലും മെഡിക്കല്‍ വീസയിലും എത്തിയവര്‍ ഉള്‍പ്പെടെ മടങ്ങണം. പാക്കിസ്ഥാനില്‍ ആരോഗ്യ സംവിധാനം ദുര്‍ബ്ബലമാണ്. അതുകൊണ്ട് തന്നെ പലരും ഇന്ത്യയെയാണ് ചികില്‍സയ്ക്കായി ഉപയോഗിക്കുന്നത്. കേരളത്തില്‍ എത്തുന്നവരും ഏറെയാണ്. ഇതില്‍ പലരും ചികില്‍സയ്ക്കിടെയാകും. ഇതിനിടെയാണ് മടങ്ങി പോകാനുള്ള നിര്‍ദ്ദേശം എത്തുന്നത്. നിരവധി വിദ്യാര്‍ത്ഥികളും വിവിധ സര്‍വ്വകലാശാലകളില്‍ പാക്കിസ്ഥാനില്‍ നിന്നെത്തി പഠിക്കുന്നുണ്ട്. പാക്കിസ്ഥാനിലേക്കുള്ള യാത്ര ഒഴിവാക്കാന്‍ ഇന്ത്യക്കാരോടും ആവശ്യപ്പെട്ടിട്ടുണ്ട്. പാക്ക് പൗരര്‍ക്കു നിലവില്‍ അനുവദിച്ച എല്ലാ വീസകളുടെയും കാലാവധി ഈ മാസം 27നു കഴിഞ്ഞതായി കണക്കാകും. മെഡിക്കല്‍ വീസ ലഭിച്ചവര്‍ക്കു മടങ്ങാന്‍ 29 വരെ സമയമുണ്ട്. ഹിന്ദുക്കളായ പാക്ക് പൗരര്‍ക്കുള്ള ദീര്‍ഘകാല വീസയ്ക്കു മാത്രം വിലക്കില്ല. ബാക്കിയുള്ളവരെ അറസ്റ്റു ചെയ്യാന്‍ പോലും സാധ്യതയുണ്ട്. ഇന്ത്യയിലുള്ള പാക് പൗരന്മാരുടെ വിശദാംശങ്ങള്‍ ഇന്റലിജന്‍സ് ബ്യൂറോയും ശേഖരിക്കുന്നുണ്ട്.
സാര്‍ക്ക് വീസാ ഇളവു പദ്ധതിയിലൂടെ പാക്ക് പൗരര്‍ക്ക് ഇന്ത്യയില്‍ പ്രവേശിക്കാനാകില്ലെന്നും അത്തരത്തില്‍ ഇതിനകം എത്തിയവര്‍ 48 മണിക്കൂറിനകം രാജ്യം വിടണമെന്നും കഴിഞ്ഞദിവസം നിര്‍ദേശിച്ചിരുന്നു. ഇവര്‍ക്കുള്ള സമയപരിധി ഇന്നാണ് അവസാനിക്കുന്നത്. സിന്ധു നദീജലക്കരാര്‍ മരവിപ്പിച്ചുകൊണ്ടുള്ള വിജ്ഞാപനവും കേന്ദ്ര സര്‍ക്കാര്‍ ഇറക്കി. പഞ്ചാബിലെ അട്ടാരി, ഹുസൈനിവാല, സഡ്കി അതിര്‍ത്തികളില്‍ പാക്കിസ്ഥാന്‍ റേഞ്ചേഴ്‌സുമായി ചേര്‍ന്ന് ബിഎസ്എഫ് ദിവസേന വൈകിട്ടു നടത്താറുള്ള റിട്രീറ്റ് സെറിമണി ഒഴിവാക്കി. ഇരു രാജ്യങ്ങളുടെയും സൈനിക കമാന്‍ഡര്‍മാര്‍ നടത്തിവന്നിരുന്ന പ്രതീകാത്മക ഹസ്തദാനം വേണ്ടെന്ന് വച്ചു. ഇരുഭാഗത്തെയും ഗേറ്റുകളും പരേഡില്‍ ഉടനീളം അടഞ്ഞുകിടക്കും.
സിംല കരാര്‍ ഒരിക്കല്‍കൂടി ചര്‍ച്ചയാവുകയാണ്. 1972ല്‍ ഒപ്പുവച്ച ഈ സമാധാനക്കരാര്‍ മരവിപ്പിക്കാന്‍ പാക്കിസ്ഥാന്‍ തീരുമാനിച്ചത് ഇരുരാജ്യങ്ങളും തമ്മിലുള്ള സംഘര്‍ഷസാധ്യത വര്‍ധിപ്പിച്ചിരിക്കുന്നു. പഹല്‍ഗാം ഭീകരാക്രമണത്തെത്തുടര്‍ന്ന് ഇന്ത്യ സ്വീകരിച്ച കടുത്ത നടപടികള്‍ക്കു ബദലായാണ് സിംല കരാര്‍ മരവിപ്പിക്കുന്നതടക്കമുള്ള പാക് നടപടികള്‍. 1971ലെ ഇന്ത്യ-പാക്കിസ്ഥാന്‍ യുദ്ധത്തെത്തുടര്‍ന്നുണ്ടായ സമാധാന ഉടന്പടിയാണ് സിംല കരാര്‍. 1972 ജൂലൈ രണ്ടിനാണ് അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയും പാക് പ്രധാനമന്ത്രി സുള്‍ഫിക്കര്‍ അലി ഭൂട്ടോയും കരാറില്‍ ഒപ്പുവച്ചത്. ബംഗ്ലാദേശിനെ മോചിപ്പിച്ച യുദ്ധത്തില്‍ സന്പൂര്‍ണജയം ഇന്ത്യക്കായിരുന്നു. രണ്ടു രാജ്യങ്ങളും തമ്മിലുള്ള ബന്ധം സാധാരണ നിലയിലാക്കാനും സംഘര്‍ഷം അവസാനിപ്പിക്കാനുമാണ് രണ്ടു നേതാക്കളും സിംലയില്‍ സമ്മേളിച്ചത്. ഉഭയകക്ഷി ചര്‍ച്ചകളിലൂടെ പ്രശ്‌നം പരിഹരിക്കാന്‍ രണ്ടു കൂട്ടരും സമ്മതിക്കുകയായിരുന്നു.
സിന്ധുനദീജല കരാര്‍ മരവിപ്പിക്കുന്നത് പാക്കിസ്ഥാന്റെ കാര്‍ഷിക സമ്പദ്വ്യവസ്ഥയ്ക്കു കനത്ത തിരിച്ചടിയാകുമെന്നും വിലയിരുത്തലുണ്ട്. നിര്‍ണായക ജലവിഭവ ഡാറ്റാ കൈമാറ്റത്തെയും സുപ്രധാന വിള സീസണിലെ ജലമൊഴുക്കിനെയും ഇതു ബാധിക്കുമെന്ന് വിദഗ്ധര്‍ മുന്നറിയിപ്പു നല്കുന്നു. എന്നിരുന്നാലും സിന്ധു നദീതടത്തിലെ പടിഞ്ഞാറന്‍ നദികളുടെ മുഴുവന്‍ വിഹിതവും ഉപയോഗപ്പെടുത്തുന്നതിന് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ വേഗത്തില്‍ വികസിപ്പിക്കാനുള്ള ഇന്ത്യയുടെ കഴിവിനെ ആശ്രയിച്ചാവും ദീര്‍ഘകാല ആഘാതം. ഈ പ്രക്രിയയ്ക്ക് ഒരു ദശാബ്ദമോ അതില്‍ കൂടുതലോ എടുത്തേക്കാം എന്ന് വിദഗ്ധര്‍ പറഞ്ഞു.