ലാഹോര്‍: 'പാക്കിസ്ഥാന്റെ കഴുത്തിലെ രക്തക്കുഴലാണ് കശ്മീര്‍, ഹിന്ദുക്കളില്‍ നിന്ന് വ്യത്യസ്തരാണ് നാം, ഇരുരാജ്യങ്ങളും ഒരിക്കലും യോജിച്ചുപോവില്ല' പാക്കിസ്ഥാന്‍ സൈനിക മേധാവി അസീം മുനീര്‍ നടത്തിയ ഈ വിഷ പ്രസ്താവന കഴിഞ്ഞ് ഒരാഴ്ച തികയുന്നതിന് മുമ്പാണ് ഇന്ത്യയെ നടുക്കിയ 26 പേരുടെ ജീവനെടുത്ത പഹല്‍ഗാം ഭീകരാക്രമണം ഉണ്ടായത്. ഏപ്രില്‍ 17 നായിരുന്നു അസീം മുനീര്‍ വിവാദ പരാമര്‍ശം നടത്തിയത്. ഈ വിഷവാക്കുകളാണ് പാക്ക് ഭീകരന്മാര്‍ക്ക് പ്രചോദനമായതെന്നാണ് വിലയിരുത്തപ്പെടുന്നത്.

സ്‌കൂള്‍ അദ്ധ്യാപകനും ഇമാമും ആയിരുന്ന ഒരു പിതാവിന്റെ മകനായിട്ടാണ് അസീം മുനീര്‍ ജനിക്കുന്നത്. സയ്യിദ് സര്‍വാര്‍ മുനീറെന്നാണ് അസീമിന്റെ പിതാവിന്റെ പേര്. റാവല്‍പിണ്ടിയിലെ ലാല്‍കുര്‍ത്തിയിലുള്ള എഫ്.ജി. ടെക്നിക്കല്‍ ഹൈസ്‌കൂളിന്റെ പ്രിന്‍സിപ്പലും, ധേരി ഹസ്സനാബാദിലെ ഒരു പ്രദേശത്ത് സ്ഥിതി ചെയ്യുന്ന മസ്ജിദ്-അല്‍-ഖുറൈശ് എന്ന പള്ളിയുടെ ഇമാമുമായിരുന്നു.

അവിടെ അദ്ദേഹം പലപ്പോഴും വെള്ളിയാഴ്ച ഖുത്ബ പ്രഭാഷണം നടത്താറുണ്ടായിരുന്നു. സയ്യിദ് ഖാസിം മുനീര്‍, സയ്യിദ് ഹാഷിം മുനീര്‍ എന്നീ രണ്ട് സഹോദരങ്ങളുണ്ട് അസീം മുനീറിന്.അതായത് അസീം മുനീറിന്റെ ബാല്യവും കൗമാരവും യൗവനവുമെല്ലാം ഒരു മത അന്തരീക്ഷത്തിലായിരുന്നു. ഇത് അസീം മുനീറിന്റെ ജീവിതത്തെ സ്വാധീനിച്ചിട്ടുണ്ടാകാമെന്ന് കരുതപ്പെടുന്നു. പലപ്പോഴും അസീം മുനീര്‍ തന്റെ പ്രസംഗങ്ങളില്‍ ഇസ്ലാമിക വാക്യങ്ങള്‍ ഉപയോഗിക്കാറുണ്ടായിരുന്നു.

ഇസ്ലാമിക ഗ്രന്ഥം മുഴുവനായും മനഃപാഠമാക്കിയ അസീം മുനീര്‍ അതുമായി ബന്ധപ്പെട്ട പ്രത്യയശാസ്ത്രത്തെയും തന്റെ കാഴ്ചപ്പാടുകളെയും പ്രോത്സാഹിപ്പിക്കുന്ന പ്രസംഗങ്ങള്‍ പലപ്പോഴും നടത്തിയിട്ടുണ്ട് കശ്മീരിനെക്കുറിച്ചുള്ള അസീമിന്റെ മുന്‍ പ്രസംഗങ്ങളും സമാനമായി പ്രകോപനപരമായ സ്വഭാവമുള്ളവയാണ്.

1986ല്‍ സിയാ-ഉല്‍-ഹഖ് ഭരണത്തിന്‍ കീഴിലാണ് അസീം മുനീര്‍ തന്റെ സൈനിക ജീവിതം ആരംഭിച്ചത്. മംഗ്ലയിലെ ഓഫീസേഴ്‌സ് ട്രെയിനിംഗ് സ്‌കൂളില്‍ (ഒടിഎസ്) നിന്ന് ബിരുദം നേടി. ശേഷം പാക്കിസ്ഥാനിലെ ഉന്നത പദവികളിലൊന്നായ സ്വോര്‍ഡ് ഓഫ് ഓണര്‍ നേടിയ ശേഷം, മുനീര്‍ ഫ്രോണ്ടിയര്‍ ഫോഴ്‌സ് റെജിമെന്റിന്റെ 23-ാമത് ബറ്റാലിയനിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു.

2018 ലാണ് പാകിസ്ഥാന്‍ ചാര ഏജന്‍സിയായ ഇന്റര്‍-സര്‍വീസ് ഇന്റലിജന്‍സ് (ഐഎസ്‌ഐ) യുടെ ഉന്നത സ്ഥാനത്തേക്ക് അസീം മുനീര്‍ എത്തുന്നത്. എന്നാല്‍ അധികനാള്‍ ആ സ്ഥാനത്ത് തുടരാന്‍ അസീമിന് സാധിച്ചില്ല. എട്ട് മാസങ്ങള്‍ക്ക് ശേഷം അന്നത്തെ പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ നിര്‍ദ്ദേശപ്രകാരം ലെഫ്റ്റനന്റ് ജനറല്‍ ഫൈസ് ഹമീദ് ആ സ്ഥാനത്ത് നിന്ന് മാറ്റുകയായിരുന്നു. എന്നാല്‍ ഖാന്‍ സര്‍ക്കാര്‍ താഴെ വീണതിന് ശേഷം അസീം മുനീര്‍ വീണ്ടും മടങ്ങിയെത്തി, പാക്ക് സൈന്യത്തിന്റെ മേധാവിയായി മാറുകയായിരുന്നു.

വീണ്ടും പട്ടാള ഭരണത്തിലേക്കോ?

പാക്കിസ്ഥാനിലെ രാഷ്ട്രീയ നേതാക്കള്‍ പോലും കശ്മീരിന്റെ കാര്യത്തില്‍ കടുത്ത പ്രസ്താവനകള്‍ നടത്താതിരിക്കുന്ന സമയത്താണ്, പാകിസ്ഥാന്‍ ആര്‍മി ചീഫ് ജനറല്‍ ഇന്ത്യയ്ക്കും ഹിന്ദുമതത്തിനും എതിരെ പ്രകോപനപരമായ വാക്കുകള്‍ ഉപയോഗിച്ചത്. 'മതമായാലും എന്തായാലും എല്ലാ കാര്യങ്ങളിലും ഞങ്ങള്‍ ഹിന്ദുക്കളില്‍ നിന്ന് വ്യത്യസ്തരാണ് ' എന്ന് അസീം മുനീര്‍ പറഞ്ഞത് വലിയ വാര്‍ത്തയായി. ഇസ്ലാമാബാദില്‍ നടന്ന ഓവര്‍സീസ് പാകിസ്ഥാനീസ് പ്രോഗ്രാം കോണ്‍ഫറന്‍സിലാണ് അസിം മുനീറിന്റെ ഈ പ്രസ്താവന.

'പാകിസ്ഥാനികള്‍ അവരുടെ ഭാവി തലമുറയ്ക്ക് വിഭജനത്തിന്റെ കഥ പറഞ്ഞു കൊടുക്കണം. അങ്ങനെ അവര്‍ ഒരിക്കലും അവരുടെ രാജ്യത്തിന്റെ കഥ മറക്കാതിരിക്കുകയും അതുമായി ബന്ധപ്പെട്ട ബന്ധം അനുഭവിക്കുകയും ചെയ്യും. പാകിസ്ഥാനും ഇന്ത്യയും രണ്ട് വ്യത്യസ്ത രാജ്യങ്ങളാണ്, അവരുടെ സംസ്‌കാരം, മതം, ചിന്ത എന്നിവയ്ക്ക് യാതൊരു സാമ്യവുമില്ല. നമ്മുടെ മതം വ്യത്യസ്തമാണ്, നമ്മുടെ ആചാരങ്ങള്‍ വ്യത്യസ്തമാണ്. നമ്മുടെ സംസ്‌കാരം വ്യത്യസ്തമാണ്. നമ്മുടെ ചിന്ത വ്യത്യസ്തമാണ്. നമ്മുടെ അഭിലാഷങ്ങള്‍ വ്യത്യസ്തമാണ്. ഇതാണ് ദ്വിരാഷ്ട്ര സിദ്ധാന്തത്തിന്റെ അടിത്തറ, അത് അത് സ്ഥാപിക്കപ്പെട്ടു. നമ്മള്‍ രണ്ട് രാജ്യങ്ങളാണ്, നമ്മള്‍ ഒരു രാജ്യമല്ല. നമ്മുടെ പൂര്‍വ്വികര്‍ ഈ രാജ്യത്തിനായി ത്യാഗങ്ങള്‍ ചെയ്തിട്ടുണ്ട്. അതിനെ എങ്ങനെ സംരക്ഷിക്കണമെന്ന് ഞങ്ങള്‍ക്കറിയാം. കശ്മീര്‍ പാക്കിസ്ഥാന്റെ ജഗുലാര്‍ വെയിന്‍ ആണ്. കഴുത്തിലെ രക്തക്കുഴല്‍) ഒരു ശക്തിക്കും പാക്കിസ്ഥാനെ കശ്മീരില്‍നിന്ന് വേര്‍പെടുത്താനവില്ല.

ഒരു സൈനിക മേധാവിയെപ്പോലെയല്ല, മറിച്ച് ഒരു ഇമാമിന്റെ മതപ്രഭാഷണം നടത്തുന്നതുപോലെയായിരുന്നു മുനീറിന്റെ ഈ പ്രസംഗം. പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ് ഉള്‍പ്പെടെ പാകിസ്ഥാനിലെ എല്ലാ പ്രധാന നേതാക്കളും ഈ സമ്മേളനത്തില്‍ പങ്കെടുത്തിരുന്നു. എന്നാല്‍ എല്ലാവരും അസീം മുനീറിന്റെ വാക്കുകള്‍ ശരിവെക്കുകായായിരുന്നു.

പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നാലെ മറ്റൊരുപേടിയും ജനാധിപത്യ ഭരണകൂടത്തിനുണ്ട്. നിരവധി പട്ടാള അട്ടിമറികള്‍ക്ക് സാക്ഷ്യം വഹിച്ച നാടാണ് പാക്കിസ്ഥാന്‍. മുനീര്‍ കരുത്താര്‍ജിച്ച് വരുന്നത് ഭാവിയെ പട്ടാള അട്ടിമറിയിലേക്കുള്ള സൂചകമാണെന്നും സംശയമുണ്ട്. മുനീറിന്റെ ഈ വാക്കുകളാണ് ആത്മവിശ്വാസം നഷ്ടപ്പെട്ട് ജീവിക്കുകയായിരുന്ന കാശ്മീര്‍ ഭീകരര്‍ക്ക് പ്രേരണയായത് എന്ന് ഇന്ത്യടുഡെയക്കമുള്ള മാധ്യമങ്ങള്‍ ചൂണ്ടിക്കാട്ടിയിരുന്നു.