- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
മുല്ലപ്പെരിയാറില്‍ പുതിയ ഡാം വേണമെന്ന് കേരളം; നിരീക്ഷണ സമിതിയുടെ നിര്‍ദ്ദേശങ്ങള്‍ കേരളം പാലിക്കുന്നില്ലെന്ന് തമിഴ്നാട്; മേല്‍നോട്ടസമിതിയുടെ നിര്‍ദേശങ്ങള്‍ ഇരു സംസ്ഥാനങ്ങളും നടപ്പാക്കണമെന്ന് സുപ്രീം കോടതി
മുല്ലപ്പെരിയാര്‍: മേല്‍നോട്ടസമിതിയുടെ നിര്‍ദേശങ്ങള്‍ നടപ്പാക്കണമെന്ന് സുപ്രീം കോടതി
ന്യൂഡല്‍ഹി: മുല്ലപ്പെരിയാര്‍ മേല്‍നോട്ട സമിതിയുടെ നിര്‍ദ്ദേശങ്ങള്‍ നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതി. കേരളവും തമിഴ്‌നാടും രണ്ടാഴ്ചയ്ക്കകം തുടര്‍ നടപടികളെടുക്കണമെന്നും സുപ്രീം കോടതി നിര്‍ദേശിച്ചു. മുല്ലപ്പെരിയാറില്‍ പുതിയ ഡാം വേണമെന്ന് സുപ്രീം കോടതിയില്‍ കേരളം വീണ്ടും ആവര്‍ത്തിച്ചു. നിലവിലെ ഡാമിന്റെ പുനപരിശോധന നടത്തേണ്ട സമയം കഴിഞ്ഞുവെന്നും കേരളം വാദിച്ചു.
നേരത്തെ തന്നെ മുല്ലപ്പെരിയാര്‍ ഡാമുമായി ബന്ധപ്പെട്ട തര്‍ക്കങ്ങളില്‍ മേല്‍നോട്ട സമിതി പരിഹാരം കാണണമെന്ന് സുപ്രീം കോടതി നിര്‍ദേശിച്ചിരുന്നു. കേരളവും തമിഴ്‌നാടും തമ്മിലുള്ള തര്‍ക്കങ്ങള്‍ പുതിയ മേല്‍നോട്ട സമിതിക്ക് മുന്നില്‍ ഉന്നയിക്കാനും സുപ്രീം കോടതി നിര്‍ദ്ദേശിച്ചിരുന്നു. മേല്‍നോട്ട സമിതിയിലൂടെയും വിഷയങ്ങള്‍ പരിഹരിക്കാനാകുമെന്നായിരുന്നു സുപ്രീം കോടതിയുടെ നിരീക്ഷണം.
മേല്‍നോട്ട സമിതിക്ക് തീരുമാനമെടുക്കാനായില്ലെങ്കില്‍ ഇടപെടാമെന്നായിരുന്നു സുപ്രീംകോടതി വ്യക്തമാക്കിയത്. തമിഴ്‌നാടിന്റെ പ്രവര്‍ത്തികള്‍ കേരളത്തെ പ്രതികൂലമായി ബാധിക്കുമെന്ന് ചിലര്‍ പ്രചരിപ്പിക്കുന്നുവെന്നും സുപ്രീം കോടതി വിമര്‍ശിച്ചിരുന്നു. നിരീക്ഷണ സമിതിയുടെ നിര്‍ദ്ദേശങ്ങള്‍ കേരളം പാലിക്കുന്നില്ലെന്നായിരുന്നു തമിഴ്‌നാട് ഉയര്‍ത്തിയ പ്രധാന വിമര്‍ശനം.
മേല്‍നോട്ടസമിതി കഴിഞ്ഞദിവസം കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലെ ശുപാര്‍ശകള്‍ നടപ്പാക്കാനാണ് സുപ്രീംകോടതി കേരള സര്‍ക്കാരിനോടും തമിഴ്നാട് സര്‍ക്കാരിനോടും ആവശ്യപ്പെട്ടിരിക്കുന്നത്. ഇതുസംബന്ധിച്ച് ഇരുസര്‍ക്കാരുകള്‍ക്കും എന്തെങ്കിലും പരാതികളുണ്ടെങ്കില്‍ രണ്ടാഴ്ചയ്ക്കുള്ളില്‍ അറിയിക്കണമെന്നും സുപ്രീംകോടതി നിര്‍ദേശിച്ചിട്ടുണ്ട്.
മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ബേബി ഡാം ശക്തിപ്പെടുത്തുന്നതിനായി മരങ്ങള്‍ മുറിക്കണം എന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ക്ക് അനുമതി നല്‍കണമെന്ന് തമിഴ്നാട് സര്‍ക്കാര്‍ കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. ഇതിനുള്ള അനുമതിക്കായി വീണ്ടും കേന്ദ്രസര്‍ക്കാരിന് അപേക്ഷ നല്‍കണം. ഇത്തരത്തില്‍ തമിഴ്നാട് അപേക്ഷ നല്‍കുമ്പോള്‍, നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ നടപടിക്രമങ്ങള്‍ കേരളത്തില്‍ വേഗത്തിലാക്കണം എന്നതുള്‍പ്പെടെയുള്ള നിര്‍ദേശങ്ങളായിരുന്നു ശുപാര്‍ശയില്‍ ഉണ്ടായിരുന്നത്.
ഇതിനുപുറമേ, അണക്കെട്ടിന്റെ അറ്റകുറ്റ പണികള്‍ക്ക് അനുമതി നല്‍കുക, അണക്കെട്ടിലേക്ക് പോകുന്ന ഗാട്ട് റോഡിന്റെ നവീകരണം നടത്തുക തുടങ്ങി വ്യത്യസ്തമായ നിര്‍ദേശങ്ങളായിരുന്നു ശുപാര്‍ശയില്‍ ഉണ്ടായിരുന്നത്. ഉന്നതാധികാര സമിതിയുടെ ഈ ശുപാര്‍ശകള്‍ നടപ്പിലാക്കാന്‍ ഇരുസംസ്ഥാനങ്ങള്‍ക്കും ഉത്തരവാദിത്തമുണ്ടെന്നാണ് സുപ്രീംകോടതി ഇന്ന് വ്യക്തമാക്കിയത്.
ഉദ്യോഗസ്ഥ തലത്തിലുള്ള വീഴ്ചകള്‍ വരുത്താന്‍ പാടില്ലെന്നും കേരളവും തമിഴ്നാടും കോടതി ഉത്തരവ് നടപ്പിലാക്കാനുള്ള നടപടികള്‍ വൈകാതെ സ്വീകരിക്കണം എന്നും സുപ്രീംകോടതി ആവശ്യപ്പെട്ടു. സംസ്ഥാനങ്ങള്‍ക്ക് ഇതുസംബന്ധിച്ച് എന്തെങ്കിലും പരാതികളോ ആക്ഷേപങ്ങളോ ഉണ്ടെങ്കില്‍ രണ്ടാഴ്ചയ്ക്കുള്ളില്‍ കോടതിയെ അറിയിക്കണമെന്നും സുപ്രീംകോടതി നിര്‍ദേശിച്ചു.
സുപ്രീംകോടതി നിര്‍ദേശ പ്രകാരമാണ് പുതിയ മേല്‍നോട്ട സമിതി രൂപീകരിച്ചത്. സമിതിയുടെ ശുപാര്‍ശകള്‍ നടപ്പാക്കാന്‍ കേരളവും തമിഴ്‌നാടും തയ്യാറാവണം എന്ന് സുപ്രീം കോടതി പറഞ്ഞിട്ടുണ്ട്. ദേശീയ അണക്കെട്ട് സുരക്ഷാ അതോറിറ്റി ചെയര്‍മാന്‍ അനില്‍ ജെയിന്‍ അധ്യക്ഷനായ ഏഴംഗങ്ങളാണ് സമിതിയില്‍ ഉണ്ടായിരുന്നത്. എന്നാല്‍ സമിതിയുടെ യോഗത്തിന് ശേഷവും നിര്‍ദേശങ്ങള്‍ ഒന്നും നടപ്പാക്കാന്‍ കഴിഞ്ഞിട്ടില്ല. കേരള,തമിഴ്‌നാട് സര്‍ക്കാര്‍ പ്രതിനിധികളും, ഇന്ത്യന്‍ ഇന്‍സ്റ്റ്യൂട്ട് ഓഫ് സയന്‍സ് ബാംഗളൂരിലെ ഗവേഷണ ഉദ്യോഗസ്ഥനും, ഡല്‍ഹിയിലെ ദേശീയ ദുരന്തനിവാരണ അതോറിറ്റി ഉദ്യോഗസ്ഥനും ഏഴംഗസമിതിയിലെ അംഗങ്ങളാണ്.
ഇതിനിടെ, പുതിയ അണക്കെട്ട് എന്ന ആവശ്യം കേരളം ഇന്ന് സുപ്രീംകോടതിയില്‍ ഉന്നയിച്ചിരുന്നു. എന്നാല്‍, ഇപ്പോള്‍ ഉന്നതാധികാര സമിതി മുന്നോട്ടുവെച്ചിട്ടുള്ള ശുപാര്‍ശകളുടെ നടത്തിപ്പുമായി മുന്നോട്ടുപോകാനാണ് കോടതി നിര്‍ദേശിച്ചത്. സംസ്ഥാനങ്ങള്‍ക്ക് എന്തെങ്കിലും തരത്തിലുള്ള എതിര്‍പ്പുണ്ടെങ്കില്‍ അത് കേള്‍ക്കുന്നതിനായി ഈ മാസം 19-ന് വീണ്ടും കോടതി ഈ ഹര്‍ജിയില്‍ വാദം കേള്‍ക്കും.