ന്യൂഡല്‍ഹി: പഹല്‍ഗാം ഭീകരാക്രമണത്തിന് ഇന്ത്യ നല്‍കിയ കനത്ത തിരിച്ചടിയില്‍ ഞെട്ടി പാക്കിസ്ഥാന്‍. ഇന്ത്യയുടെ രഹസ്യാന്വേഷണ മികവിന്റെ വിജയം കൂടിയാണ് ഇത്. ബുധനാഴ്ച നടക്കാനിരുന്ന മോക്ഡ്രില്ലിന് മണിക്കൂറുകള്‍ക്ക് മുന്‍പേയാണ് ആക്രമണം. മോക് ഡ്രില്ലിന് ശേഷം ഇന്ത്യ പ്രത്യക്ഷ ആക്രമണം നടത്തുമെന്നായിരുന്നു വിലയിരുത്തല്‍. ഇന്ത്യ-പാക് അതിര്‍ത്തിയോട് ചേര്‍ന്ന് ബുധനാഴ്ച യുദ്ധാഭ്യാസം നടത്തുമെന്നായിരുന്നു കഴിഞ്ഞദിവസം വ്യോമസേന വ്യക്തമാക്കിയിരുന്നത്. ഇതെല്ലാം പാക്കിസ്ഥാന്‍ വിശ്വസിച്ചു. എന്നാല്‍ ഇന്ത്യ അണിയറയില്‍ ഒരുക്കിയത് ഓപ്പറേഷന്‍ സിന്ദുര്‍ ആയിരുന്നു. പഹല്‍ഗാമില്‍ ചിന്നി ചിതറിയെ സിന്ദുരത്തിനുള്ള മറുപടി. അണ്വായുധം പ്രയോഗിക്കുമെന്ന ഭീഷണിയില്‍ ഇന്ത്യയെ വിരട്ടാനും പാക്കിസ്ഥാന്‍ ശ്രമിച്ചു. ഒരു പരിശീലനത്തിനൊരുങ്ങുന്നു എന്ന പ്രതീതി സൃഷ്ടിച്ചുകൊണ്ട്, ആ പരിശീലനം നടക്കുന്നതിനുമുന്നെത്തന്നെ ഇന്ത്യ പാക് അതിര്‍ത്തി കടന്ന് ആക്രമണം നടത്തി. ഓപ്പറേഷന്‍ സിന്ദൂര്‍ എന്ന് പേരിട്ട സംയുക്ത സൈനിക ആക്രമണത്തില്‍ പാക് അതിര്‍ത്തി കടന്നും പാക് അധീന കശ്മീരിലുമുള്ള ഒന്‍പത് ഭീകരകേന്ദ്രങ്ങള്‍ തകര്‍ത്തതായി സൈന്യം അറിയിച്ചു. പുലര്‍ച്ചെ 1.44-നായിരുന്നു സൈനിക നടപടി. എന്നാല്‍ പാക്കിസ്ഥാന്‍ പറയുന്നത് 23 കേന്ദ്രങ്ങള്‍ തകര്‍ത്തുവെന്നാണ്. പത്താന്‍കോട്ടിലും ബലാകോട്ടിലും ഇന്ത്യ നടത്തിയ സര്‍ജിക്കല്‍ സട്രൈക്കുകളെ നിഷേധിച്ച പാക്കിസ്ഥാന്‍ ഇവിടെ ആക്രമിക്കപ്പെട്ടത് പുലര്‍ച്ചെ തന്നെ സ്ഥിരീകരിച്ചു.

ഇന്ന് (ബുധന്‍) രാത്രി ഒന്‍പതു മണിക്കും വ്യാഴാഴ്ച പുലര്‍ച്ചെ മൂന്നുമണിക്കുമായാണ് മോക്ക് ഡ്രില്‍ തീരുമാനിച്ചിരുന്നത്. യുദ്ധാഭ്യാസം നടത്തുന്നതുമായി ബന്ധപ്പെട്ട് സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രം മുന്നറിയിപ്പ് നല്‍കുകയും ചെയ്തിരുന്നു. രാജ്യത്തെ തിരഞ്ഞെടുത്ത 244 ജില്ലകളിലാണ് മോക്ഡ്രില്‍ പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ യുദ്ധാഭ്യാസ പരിശീലനത്തിനു മുന്നേ ആക്രമണം നടത്തുകയായിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി ഡല്‍ഹിയിലിരുന്ന് രാത്രി മുഴുവന്‍ സമയവും ഉറക്കമൊഴിച്ച് ഓപ്പറേഷന്‍ സിന്ദൂര്‍ നിരീക്ഷിച്ചു. ഉന്നത പ്രതിരോധ ഉദ്യോഗസ്ഥര്‍, മുതിര്‍ന്ന ഇന്റലിജന്‍സ് ഉദ്യോഗസ്ഥര്‍, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ എന്നിവര്‍ പ്രധാനമന്ത്രിയെ തത്സമയം വിവരങ്ങള്‍ അറിയിച്ചുകൊണ്ടിരുന്നു. ചൊവ്വാഴ്ച വൈകുന്നേരം മുതല്‍ ബുധനാഴ്ച്ച പുലര്‍ച്ചെ വരെ കരസേന-വ്യോമസേന-നാവികസേനാ മേധാവികള്‍ തമ്മില്‍ പല റൗണ്ട് ആശയവിനിമയങ്ങള്‍ നടന്നു. മോദിക്കൊപ്പം രാത്രി മുഴുവന്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും ഉണ്ടായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. മോദിയും ഡോവലും ചേര്‍ന്ന് ഓപ്പറേഷന്‍ സിന്ദൂര്‍ വിജയമാണെന്ന് ഉറപ്പിച്ചു. ഇന്ത്യന്‍ മണ്ണില്‍ നിന്ന് തന്നെയായിരുന്നു ആക്രമണങ്ങള്‍. ഇതും പാക്കിസ്ഥാന്‍ പ്രതീക്ഷിച്ചിരുന്നില്ല. മറ്റൊരു സര്‍ജിക്കല്‍ സ്‌ട്രൈക്കായിരുന്നു അവര്‍ പ്രതീക്ഷിച്ചത്. എന്നാല്‍ ഇത്തവണ മിന്നല്‍ മിസൈല്‍ ആക്രമണമായി മാറി. കാശ്മീരിന്റെ സൗന്ദര്യം ആസ്വദിക്കാന്‍ പോയ പാവങ്ങളെ മതം ചോദിച്ച് കൊന്ന് തള്ളിയതിനുള്ള ആദ്യ പ്രതികാരമായി ഇതു മാറി.

ഇന്ത്യ ലക്ഷ്യമിട്ട ഒന്‍പത് കേന്ദ്രങ്ങളിലും ഉദ്ദേശിച്ച രീതിയില്‍ ആക്രമണം നടത്തി. ഭീകര സംഘടനകളായ ജയ്ഷെ മുഹമ്മദിന്റെയും ലഷ്‌കറെ ത്വയ്ബയുടെയും നേതാക്കള്‍ അധിവസിക്കുന്ന ഇടമാണ് ഇന്ത്യ തിരിച്ചടിക്കായി തിരഞ്ഞെടുത്തത്. ബഹാവല്‍പുര്‍ ഉള്‍പ്പെടെയുള്ള പ്രദേശങ്ങള്‍ തിരഞ്ഞെടുത്തവയുണ്ട്. ഈ സ്ഥലങ്ങളില്‍നിന്നാണ് ഇന്ത്യക്കെതിരായ ഭീകരാക്രമണങ്ങളുടെ ആസൂത്രണങ്ങള്‍ നടക്കുന്നതെന്നാണ് പ്രതിരോധ മന്ത്രാലയം വ്യക്തമാക്കുന്നത്. പാക്കിസ്ഥാനിലെ നാല് ഭീകരകേന്ദ്രങ്ങളിലും പാക് അധീന കശ്മീരിലെ അഞ്ച് കേന്ദ്രങ്ങളിലുമാണ് ഇന്ത്യ ആക്രമണം നടത്തിയത്. എന്നാല്‍ പാക്കിസ്ഥാന്‍ പറയുന്നത് 23 ഇടങ്ങളില്‍ മിസൈല്‍ പതിച്ചുവെന്നാണ്. പാക്കിസ്ഥാന്‍ സൈനിക കേന്ദ്രങ്ങളൊന്നും ഇന്ത്യ ലക്ഷ്യമിട്ടിട്ടില്ലെന്നാണ് പ്രതിരോധ മന്ത്രാലയം വ്യക്തമാക്കുന്നത്. പക്ഷേ പാക്കിസ്ഥാന്റെ സൈനിക കേന്ദ്രങ്ങളും കറാച്ചിയും ഇസ്ലാമാബാദും എല്ലാം ആക്രമിക്കാന്‍ കരുത്തുണ്ടെന്ന് വ്യക്തമാക്കുകയാണ് ഇന്ത്യ. ലക്ഷ്യങ്ങള്‍ നിര്‍ണയിക്കുന്നതിലും തിരിച്ചടി നടപ്പാക്കുന്ന രീതിയിലും ഇന്ത്യ ഗണ്യമായ സംയമനം പാലിച്ചു. ശ്രദ്ധാപൂര്‍വ്വമായ ആക്രമണമായിരുന്നു ഇന്ത്യയുടേതെന്നും മന്ത്രാലയം അറിയിക്കുന്നു. 1971 ലെ യുദ്ധത്തിന് ശേഷം ഇന്ത്യന്‍ കര, വ്യോമ, നാവിക സേനകള്‍ സംയുക്തമായി പാകിസ്താനില്‍ നടത്തിയ ഓപ്പറേഷനാണഅ ഓപ്പറേഷന്‍ സിന്ദൂര്‍. പരിമിതമായ ഓപ്പറേഷനാണ് ഇന്ത്യ നടത്തിയതെന്ന് സേന വിശദീകരിക്കുന്നുണ്ട്.

2019 ഫെബ്രുവരി 14 ന് പുല്‍വാമയില്‍ 40 ഇന്ത്യന്‍ സൈനികരെ പാക്ക് പിന്തുണയുള്ള ഭീകരര്‍ കൊലപ്പെടുത്തിയതിന്റെ തിരിച്ചടി ഇന്ത്യ നല്‍കിയത് ഒരു പുലര്‍ച്ചെയായിരുന്നു. 12 ദിവസത്തിനുശേഷം ഫെബ്രുവരി 26 ന് പാക്കിസ്ഥാനിലെ ബാലാക്കോട്ടില്‍ ഭീകരകേന്ദ്രങ്ങളില്‍ ഇന്ത്യ ബോംബിട്ടു. ഇത്തവണ പഹല്‍ഗാം ഭീകരാക്രമണത്തിനു 15-ാം ദിവസമാണ് ഇന്ത്യയുടെ തിരിച്ചടി. ബാലാക്കോട്ടിലെ ഇന്ത്യയുടെ സര്‍ജിക്കല്‍ സ്‌ട്രൈക്ക് പുലര്‍ച്ചെ 2.45 നും 4.05നും ഇടയിലായിരുന്നുവെങ്കില്‍ ഓപ്പറേഷന്‍ സിന്ദൂര്‍ അര്‍ധരാത്രിക്കു ശേഷമാണ്.