മലപ്പുറം: കടം കയറി കുടുംബം പട്ടിണിയിലായതോടെയാണ് ഷരീഫ ഉണ്ണിയപ്പം നിര്‍മിച്ച് വില്‍ക്കാന്‍ തീരുമാനിച്ചത്. എന്നാല്‍ കയ്യില്‍ അഞ്ചിന്റെ പൈസയും ഇല്ല. അയല്‍വീട്ടില്‍നിന്നു നൂറു രൂപ കടം വാങ്ങി ഉണ്ണിയപ്പം നിര്‍മ്മിച്ച് വില്‍പ്പനയ്ക്കിറങ്ങി. കുടുംബം പട്ടിണിയില്ലാതെ കഴിയണമെന്ന് മാത്രമായിരുന്നു ഷെരീഫയുടെ അപ്പോഴത്തെ ചിന്ത. എന്നാല്‍ ഇന്ന് മൂന്ന് ലക്ഷം രൂപ മാസ വരുമാനം നേടുന്ന ഒരു സംരംഭകയായി മാറിയിരിക്കുകയാണ് ഷെരീഫ. വീട്ടമ്മയില്‍ നിന്നും സംരംഭകയിലേക്കുള്ള ആരെയും അതിശയിപ്പിക്കുന്ന വളര്‍ച്ചയാണ് മലപ്പുറം കോല്‍മണ്ണ സ്വദേശിനി കളത്തിങ്ങല്‍ ഷരീഫ സക്കീര്‍ കൈവരിച്ചത്.

കുടുംബശ്രീയുടെ സ്ത്രീശാക്തീകരണം എന്ന ലക്ഷ്യത്തിന്റെ മികച്ച ഉദാഹരണമാണ് ഷെരീഫ. സംസ്ഥാനത്തെ ഏറ്റവും മികച്ച കുടുംബശ്രീ സംരംഭകയ്ക്കുള്ള പുരസ്‌കാരം, മലപ്പുറം സിഡിഎസ് രണ്ടില്‍ പ്രവര്‍ത്തിക്കുന്ന ഷരീഫയെ തേടിയെത്തിയപ്പോള്‍ അതിനു പിന്നില്‍ പട്ടിണിയുടെയും കഠിനാധ്വാനത്തിന്റെയും കണ്ണീര്‍ക്കഥയുണ്ട്. ഒരുകാലത്തു വീടിന്റെ വാടക പോലും കൃത്യമായി നല്‍കാന്‍ കഴിയാതിരുന്ന ഷരീഫയുടെ ഇപ്പോഴത്തെ പ്രതിമാസ വരുമാനം മൂന്നു ലക്ഷം രൂപയാണ്.

വാടകവീട്ടിലെ പ്രാരാബ്ദങ്ങള്‍ക്ക് നടുവിലായിരുന്നു ഷരീഫയുടെയും കുടുംബത്തിന്റെയും താമസം. ഭര്‍ത്താവ് പെയ്ന്റിങ് ജോലിക്കാരന്‍. മഴക്കാലത്തു ഭര്‍ത്താവിനു ജോലിയില്ലാതെ വന്നതോടെ ജീവിതം എങ്ങനെ മുന്നോട്ടുപോകുമെന്ന ആശങ്കയില്‍നിന്നാണ് ഉണ്ണിയപ്പം ഉണ്ടാക്കിവില്‍ക്കാന്‍ തീരുമാനിച്ചത്. തൊട്ടടുത്ത കടയില്‍നിന്ന് ഓര്‍ഡര്‍ എടുത്തു വിതരണം ചെയ്തു. ഉണ്ണിയപ്പം ചൂടപ്പം പോലെ വിറ്റു പോയതോടെ വേറെയും പലഹാരങ്ങള്‍ ഉണ്ടാക്കി വിവിധ കടകളിലേക്കു വിതരണം ചെയ്യാന്‍ തുടങ്ങി. അതിനിടെ കുടുംബശ്രീ ജില്ലാ മിഷന്റെ സഹകരണത്തോടെ 'ഡബ്ബാവാല' എന്ന പേരില്‍ പൊതിച്ചോര്‍ വിതരണം ആരംഭിച്ചു. ഇതോടെ ജീവിതം മാറി മറിഞ്ഞു.

കലക്ടറേറ്റിലെ ജീവനക്കാര്‍ക്ക് ഓര്‍ഡര്‍ അനുസരിച്ചു പൊതിച്ചോര്‍ വിതരണം ചെയ്യലായിരുന്നു ഡബ്ബാവാല പദ്ധതി. പിന്നീടു തിരിഞ്ഞു നോക്കേണ്ടിവന്നിട്ടില്ല.വീട്ടില്‍ തുടങ്ങിയ മുത്തൂസ് കേറ്ററിങ് സര്‍വീസ്, കുടുംബശ്രീ പ്രീമിയം കഫെറ്റീരിയ അടക്കം നാലോളം സംരംഭങ്ങള്‍ ഷരീഫയുടെ നേതൃത്വത്തില്‍ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഒരുകാലത്തു വീടിന്റെ വാടക പോലും കൃത്യമായി നല്‍കാന്‍ കഴിയാതിരുന്ന ഷരീഫയുടെ ഇപ്പോഴത്തെ പ്രതിമാസ വരുമാനം മൂന്നു ലക്ഷം രൂപയാണ്. കോവിഡ് കാലത്തു മഞ്ചേരി മെഡിക്കല്‍ കോളജിലെ രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും സൗജന്യമായി ഭക്ഷണം വിതരണം ചെയ്ത ഷരീഫ ഇന്നും അതു മുടക്കമില്ലാതെ തുടരുന്നുണ്ട്.