ഇസ്ലാമാബാദ്: പാക് സൈന്യത്തിനു തലവേദനയായി ബലൂചിസ്ഥാനില്‍ വിമതരുടെ മുന്നേറ്റവും. തങ്ങളെ സ്വതന്ത്ര രാഷ്ട്രമായി അംഗീകരിക്കണമെന്നതാണ് അവരുടെ ആവശ്യം. കഴിഞ്ഞ ദിവസം ബലൂച് നഗരമായ ക്വറ്റയുടെ നിയന്ത്രണം ബലൂച് ലിബറേഷന്‍ ഫ്രണ്ട് (ബിഎല്‍എ) ഏറ്റെടുത്തുവെന്ന് അവര്‍ അവകാശപ്പെട്ടിരുന്നു. ഇന്ത്യയുമായുള്ള സംഘര്‍ഷം രൂക്ഷമാകുന്നതിനിടെ ഇതെല്ലാം പാക്കിസ്ഥാന് തലവേദനയാണ്. പഹല്‍ഗാം ആക്രമണത്തിന് ഇന്ത്യ പ്രതികാരം ചെയ്യുമെന്ന പ്രഖ്യാപനത്തിനു പിന്നാലെ പാക് സൈന്യത്തിനെതിരേ ബലൂച് വിമതര്‍ പോരാട്ടം ശക്തമാക്കിയിരുന്നു. ക്വറ്റയിലെ ജംഗിള്‍ബാഗില്‍ അജ്ഞാതസംഘം പാക് സൈന്യത്തിന്റെ ക്യാന്പ് ആക്രമിച്ചു. രണ്ടു തവണ സ്ഥലത്ത് സ്‌ഫോടനം ഉണ്ടായി. സായുധസംഘം ക്വറ്റയിലെ ഹസാര നഗരത്തിലും ആക്രമണം നടത്തി. വെടിയൊച്ചകളും സ്‌ഫോടനശബ്ദവും പലതവണ മുഴങ്ങിയെന്നാണു റിപ്പോര്‍ട്ടുകള്‍. പാക്കിസ്ഥാന്‍ സേനയ്ക്കും അവരെ സഹായിക്കുന്നവര്‍ക്കുമെതിരേ ആറ് സ്ഥലങ്ങളില്‍ ആക്രമണം നടത്തിയതായി വിമതര്‍ പ്രസ്താവനയില്‍ പറഞ്ഞു. ഇങ്ങനെ ആഭ്യന്തരയുദ്ധവും പാക്കിസ്ഥാന് തലവേദനയാവുകയാണ്.

അര്‍ധമരുഭൂമിയെങ്കിലും ധാതുസമ്പത്തിനു പേരുകേട്ടതും വികസനത്തില്‍ ഏറ്റവും പിന്നാക്കം നില്‍ക്കുന്നതുമായ ബലൂചിസ്ഥാന്‍ മേഖലയിലാണു പാക്കിസ്ഥാന്റെ 44% ഭൂപ്രദേശം. എന്നാല്‍, 5% ജനങ്ങള്‍ മാത്രമാണ് ഇവിടെ താമസിക്കുന്നത്. ഇന്ത്യയോടാണ് ഇവിടെയുള്ളവര്‍ക്ക് കൂടുതല്‍ ആഭിമുഖ്യം. പാകിസ്ഥാനില്‍നിന്ന് സ്വാതന്ത്ര്യം നേടി ബലൂചിസ്താനെ ഒരു രാജ്യമായി പ്രഖ്യാപിക്കാനുള്ള പോരാട്ടങ്ങളാണ് ബിഎല്‍എ അടക്കം നടത്തുന്നത്. 1948 മുതല്‍ ബലൂചിസ്താനില്‍ പലതരം കലാപങ്ങള്‍ നടക്കുന്നുണ്ട്. രാഷ്ട്രീയപരമായ അവകാശങ്ങള്‍ക്കും പ്രകൃതി വിഭവങ്ങളുടെ മേലുള്ള നിയന്ത്രണത്തിനും വേണ്ടിയാണ് ബലൂചിസ്താന്‍ പോരാട്ടം നടത്തുന്നത്. 2003 മുതല്‍ തുടങ്ങിയ കലാപം അടുത്ത കാലത്ത് കൂടുതല്‍ ശക്തമായി. ഇതിനാണ് ഇപ്പോള്‍ കൂടുതല്‍ കരുത്ത് വരുന്നത്.

ബലൂചിസ്ഥാന്‍ ലിബറേഷന്‍ ആര്‍മി (ബിഎല്‍എ) പ്രാദേശികമായി നടത്തുന്ന ആക്രമണങ്ങള്‍ പാക്കിസ്ഥാന് തലവേദനയാണ്. ഏതാനും ദിവസം മുന്‍പു ബലൂചിസ്ഥാന്‍ മേഖലയില്‍ ബോംബാക്രമണത്തില്‍ 7 പാക്ക് സൈനികര്‍ കൊല്ലപ്പെട്ടിരുന്നു. ഇതിനു പിന്നില്‍ ഇന്ത്യയാണെന്ന് പാക്ക് സൈനിക ഉദ്യോഗസ്ഥര്‍ ആരോപിച്ചിരുന്നു. ബലൂചിസ്ഥാനിലും വടക്കു പടിഞ്ഞാറന്‍ പാക്കിസ്ഥാനിലെ ഖൈബര്‍ പഖ്തൂണ്‍ഖ്വ മേഖലയിലും വിഘടനവാദികള്‍ ഈ വര്‍ഷം നടത്തിയ ആക്രമണങ്ങളില്‍ ഇരുനൂറിലേറെപ്പേരാണു കൊല്ലപ്പെട്ടത്. ഇതില്‍ ഭൂരിഭാഗവും പാക്ക് സൈനികരായിരുന്നു. ജാഫര്‍ ട്രെയിനാക്രമണ സംഭവത്തില്‍ മാത്രം 31 പേരാണു കൊല്ലപ്പെട്ടത്. പ്രവിശ്യയിലെ യുവാക്കള്‍ക്കിടയില്‍ കൂടുതല്‍ സജീവമായ ബലൂചിസ്ഥാന്‍ ലിബറേഷന്‍ ഫ്രണ്ട് (ബിഎല്‍എഫ്), ബലൂച് റിപ്പബ്ലിക്കന്‍ ഗാര്‍ഡ്‌സ്(ബിആര്‍ജി) എന്നിവയും ബോലന്‍, ക്വറ്റ, സിബി, നസീറാബാദ് എന്നീ മേഖലകളില്‍ സജീവമാകുന്നതും ശ്രദ്ധേയമാണ്. ഏതാനും വര്‍ഷം മുന്‍പ് ഈ സംഘടനകളും സിന്ധുദേശ് റവല്യൂഷനറി ആര്‍മിയും (എസ്ആര്‍എ) ചേര്‍ന്നു ബലൂച് രാജ് അജോയ് സംഗാര്‍ (ബിആര്‍എഎസ്) എന്ന കൂട്ടായ്മ രൂപീകരിച്ചിരുന്നു. പാക്കിസ്ഥാന്‍ സൈനികര്‍ക്കും മിലിറ്ററി കേന്ദ്രങ്ങള്‍ക്കുമെതിരെ പോരാടുകയെന്ന ലക്ഷ്യത്തോടെയായിരുന്നു ഇത്.

പാകിസ്ഥാനിലെ ഏറ്റവും വലിയ പ്രവിശ്യയാണെങ്കിലും വികസനത്തിന്റെ കാര്യത്തില്‍ ഏറ്റവും പിന്നിലാണ് ബലൂചിസ്താന്‍. രാഷ്ട്രീയപരമായ അവഗണനയും സാമ്പത്തിക ചൂഷണവും സൈന്യത്തിന്റെ ഇടപെടലുകളുമാണ് ബലൂചിസ്താനിലെ പ്രശ്‌നങ്ങള്‍ക്ക് പ്രധാന കാരണം. ധാതു സമ്പന്നമായ ബലൂചിസ്താനില്‍ നിന്ന് അവ തട്ടിയെടുത്ത് പ്രദേശത്തെ മനപൂര്‍വം അവഗണിക്കുന്നു എന്നാണ് പ്രധാന ആരോപണം. പാകിസ്ഥാന്‍ സര്‍ക്കാരും സൈന്യവും ചേര്‍ന്ന് തങ്ങള്‍ക്ക് ഇഷ്ടമുള്ളവരെയാണ് പ്രവിശ്യാ സര്‍ക്കാരില്‍ നിയമിക്കുന്നു എന്നും ബലൂചിസ്താന്‍ സ്വദേശികളുടെ പ്രധാന വാദങ്ങളില്‍ ഒന്നാണ്. അതിനാല്‍ ബലൂചിസ്താനില്‍ നിന്നുള്ള പല നേതാക്കളും യുവാക്കള്‍ തെരഞ്ഞെടുപ്പുകളില്‍നിന്ന് വിട്ടുനില്‍ക്കുന്നു.

പാക്കിസ്ഥാനിലെ പഞ്ചാബ് പ്രവശ്യയിലുള്ളവരുടേയും ചൈനക്കാരുടെയും ആധിപത്യത്തിനെതിരെ കൂടിയാണ് ബലൂചുകളുടെ പോരാട്ടം. സായുധ സംഘം പ്രധാന റോഡുകള്‍ തടസ്സപ്പെടുത്തുന്നതിന് പുറമേ സുരക്ഷാ ഉദ്യോഗസ്ഥരെയും ചൈനീസ് പൗരന്മാരെയും ആക്രമിക്കുന്നതും പതിവാണ്. രാഷ്ട്രീയ തടവുകാരെ വിട്ടയക്കണമെന്നും ബലൂചിസ്താനില്‍ നടപ്പാക്കുന്ന നയങ്ങള്‍ പാക്കിസ്ഥാന്‍ മാറ്റണമെന്നും ബിഎല്‍എ ആവശ്യപ്പെടുന്നു. അത്യാധുനിക സാങ്കേതിക വിദ്യ ഉപയോഗിക്കുന്ന ഇവര്‍ക്ക് സാധാരണക്കാരുടെയും സ്ത്രീകളുടെയും വരെ പിന്തുണയുണ്ട്.