ന്യൂഡല്‍ഹി: പാക്കിസ്ഥാനെതിരായ പോരാട്ടം ഇന്ത്യ കടുപ്പിക്കും. ഇതിനായി ഇന്ത്യന്‍ യുദ്ധക്കപ്പല്‍ കറാച്ചിയിലോട്ട് നീങ്ങി. എട്ടു ദിവസം മുമ്പ് തന്നെ കറാച്ചിയിലേക്ക് പോകാന്‍ യുദ്ധകപ്പല്‍ തയ്യാറായി നിന്നിരുന്നു. ബ്രഹ്‌മോസ് മിസൈല്‍ അടക്കം കപ്പലിലുണ്ടെന്നാണ് സൂചന. പാക്കിസ്ഥാനെ കടലില്‍ നിന്നും ആക്രമിച്ച് ചാരമാക്കുകയാണ് ഇന്ത്യയുടെ ലക്ഷ്യം. കറാച്ചി തുറമുഖത്ത് കഴിഞ്ഞ ദിവസങ്ങളില്‍ ഇന്ത്യന്‍ സേന മിസൈല്‍ ആക്രമണം നടത്തിയെന്ന വാര്‍ത്ത തള്ളി പാകിസ്ഥാന്‍ രംഗത്തു വന്നിരുന്നു. എന്നാല്‍ കറാച്ചിയെ ഇന്നലെ ആക്രമിച്ചെന്നോ ഇല്ലെന്നോ ഇന്ത്യ ഇതുവരെ വ്യക്തമാക്കിയിട്ടില്ല. പാക്കിസ്ഥാനിലെ തന്ത്ര പ്രധാന നഗരമായ കറാച്ചിയെ വീഴ്ത്തിയാണ് 1971ലെ യുദ്ധത്തില്‍ ഇന്ത്യ പാകിസ്ഥാനെ തകര്‍ത്തത്. ഇതേ യുദ്ധ തന്ത്രം 2025ലും ഇന്ത്യ പുറത്തെടുത്തേക്കും. ഇതിന് വേണ്ടിയാണ് യുദ്ധക്കപ്പിലന്റെ യാത്ര.

പാകിസ്ഥാന്‍ ഡ്രോണ്‍ ആക്രമണം തുടരുന്നതിനിടെ തിരിച്ചടിക്കാനാണ് നാവിക സേനയും രംഗത്ത് സജീവമാകുന്നത്. ഇന്ത്യന്‍ യുദ്ധക്കപ്പലുകള്‍ കറാച്ചി ലക്ഷ്യമാക്കി പുറപ്പെട്ടെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. സൂപ്പര്‍സോണിക് ക്രൂയിസ് മിസൈലുകളടക്കം ഘടിപ്പിച്ച യുദ്ധക്കപ്പലുകള്‍ കറാച്ചി തുറമുഖം ലക്ഷ്യമിട്ട് പുറപ്പെട്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇന്ത്യക്ക് നേരെ കടുത്ത ആക്രമണം അഴിച്ചുവിട്ടിരിക്കുകയാണ് പാകിസ്ഥാന്‍. അതിര്‍ത്തിയില്‍ അതിരൂക്ഷമായ വെടിവയ്പ്പ് തുടങ്ങിയതിന് പിന്നാലെ ജമ്മുവിലും സമീപ പ്രദേശങ്ങളിലുമായി ഡ്രോണ്‍ ആക്രമണവും പാകിസ്ഥാന്‍ തുടരുകയാണ്. പാകിസ്ഥാനെതിരെ ഇന്ത്യ ശക്തമായി തിരിച്ചടിക്കുന്നുണ്ടെന്ന് പ്രതിരോധ വൃത്തങ്ങള്‍ അറിയിച്ചു. അന്താരാഷ്ട്ര അതിര്‍ത്തിയിലും, നിയന്ത്രണ രേഖയിലും സൈന്യം പാകിസ്ഥാന് ശക്തമായ തിരിച്ചടി നല്‍കി. രാത്രി ജമ്മുവിലേക്ക് മാത്രം എത്തിയത് 100 ഓളം ഡ്രോണുകളാണ്. പാക് ഡ്രോണുകളെ നിലം തൊടീക്കാതെ തകര്‍ത്ത സൈന്യം ശക്തമായ പ്രതിരോധമാണ് തീര്‍ക്കുന്നത്.

പാകിസ്ഥാന്റെ നട്ടെല്ലാണ് കറാച്ചി തുറമുഖവും കറാച്ചി നഗരവും. പാകിസ്ഥാന്റെ നികുതി വരുമാനത്തിന്റെ 35 ശതമാനവും നല്‍കുന്ന നഗരമാണ് കറാച്ചി. തുറമുഖമാണ് പ്രധാന വരുമാനം. പാകിസ്ഥാന്റെ വ്യാപാരത്തിന്റെ 60 ശതമാനത്തോളം ഈ തുറമുഖം വഴിയാണ് നടക്കുന്നത്. പാകിസ്ഥാനിലെ പ്രധാന റിഫൈനറിയും കറാച്ചിയിലാണ്. കറാച്ചി തുറമുഖം തകര്‍ന്നാല്‍ പാകിസ്ഥാന് വലിയ ആഘാതമാകുമെന്ന് സൈനിക കേന്ദ്രങ്ങള്‍ നേരത്തെ തന്നെ വിലയിരുത്തിയതാണ്. 1971ലെ യുദ്ധത്തില്‍ പാക്കിസ്ഥാനെ ഇന്ത്യ മുട്ടുകുത്തിച്ചത് കറാച്ചിയെ വീഴ്ത്തിക്കൊണ്ടാണ്. അന്ന് ഇന്ത്യന്‍ നാവിക സേന നടത്തിയ മിന്നല്‍ ആക്രമണത്തില്‍ കറാച്ചി തുറമുഖത്തിന് കാര്യമായ കേടുപറ്റി. തുറമുഖത്തുണ്ടായിരുന്ന നിരവധി കപ്പലുകള്‍ ഇന്ത്യന്‍ നാവിക സേന കടലില്‍ മുക്കിക്കളഞ്ഞു. അന്നത്തെ സോവിയറ്റ് യൂണിയനില്‍ നിന്നും നാവിക സേന വാങ്ങിയ മിസൈല്‍ ബോട്ടുകളാണ് ഇതിനായി ഉപയോഗിച്ചത്.

മലയാളിയായ ക്യാപ്ടന്‍ കെകെ നായരുടെ നേതൃത്വത്തിലായിരുന്നു അന്ന് നാവിക സേന സംഘം മിസൈല്‍ ബോട്ട് യുദ്ധ രീതി പരിശീലിക്കാന്‍ സോവിയറ്റ് യൂണിയനില്‍ പോയത്. അന്നത്തെ നാവിക സേന മേധാവിയായിരുന്ന അഡ്മിറല്‍ എസ്എം നന്ദ ദി മാന്‍ ഹൂ ബോംബ്ഡ് കറാച്ചി എന്ന ആത്മകഥയില്‍ കറാച്ചി തുറമുഖം ആക്രമിച്ച സംഭവങ്ങള്‍ വിശദീകരിക്കുന്നുമുണ്ട്. നാവിക സേനയുടെ കറാച്ചി ആക്രമണം നിരവധി ബോളിവുഡ് സിനിമകള്‍ക്കും വിഷയമായിട്ടുണ്ട്. സമാനമായ ആക്രമണം ഇന്ത്യന്‍ നാവിക സേന വീണ്ടും പദ്ധതിയിടുകയാണ്. നാവികസേനയും തിരിച്ചടിക്ക് സജ്ജമായി അറേബ്യന്‍ കടലില്‍ യുദ്ധ കപ്പലുകള്‍ വ്യന്യസിച്ചിട്ടുണ്ട്. സമുദ്ര പട്രോളിങ് വിമാനങ്ങളും കപ്പല്‍ സഹായക വിമാനങ്ങളുമുള്ള വെസ്റ്റേണ്‍ ഫ്ലീറ്റിന്റെ എല്ലാ പ്രവര്‍ത്തനക്ഷമമായ മുന്‍നിര യുദ്ധക്കപ്പലുകളും കടലില്‍ ഉണ്ടെന്നാണ് റിപ്പോര്‍ട്ട്. സര്‍ക്കാരിന്റെ നിര്‍ദേശം ലഭിച്ചാലുടന്‍ പാക്കിസ്ഥാന് നാവിക സേന കനത്ത തിരിച്ചടി നല്‍കുമെന്ന് പ്രതിരോധ മന്ത്രാലയ വൃത്തങ്ങള്‍ വ്യക്തമാക്കി.

ദിവസങ്ങള്‍ക്ക് മുമ്പ് വ്യോമസേനാ മേധാവി എയര്‍ മാര്‍ഷല്‍ എ.പി. സിങ്ങും നാവികസേനാ മേധാവി അഡ്മിറല്‍ ദിനേശ് കെ. ത്രിപാഠിയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കണ്ടിരുന്നു. ഈ കൂടികാഴ്ചകളിലാണ് പാകിസ്താനെതിരായ സൈനിക നടപടികള്‍ക്ക് സേനാവിഭാഗങ്ങള്‍ സജ്ജമാണെന്ന് സേനാ മേധാവികള്‍ പ്രധാനമന്ത്രിയെ ധരിപ്പിച്ചത്. അതിവേഗ ആക്രമണത്തിന് വ്യോമസേനാ റഫാല്‍ പോര്‍ വിമാനങ്ങള്‍ സജ്ജമാക്കിയെന്ന റിപ്പോര്‍ട്ടുകളും പുറത്തുവന്നു. റഫാല്‍ പോര്‍ വിമാനങ്ങളില്‍നിന്ന് സ്‌കാല്‍പ്പ്, മീറ്റിയോര്‍, ഹാമ്മര്‍ മിസൈലുകള്‍ ലക്ഷ്യസ്ഥാനത്തേക്ക് തൊടുക്കാന്‍ കഴിയും. 450 കിലോ പോര്‍മുന വഹിച്ച് 300 കിലോമീറ്റര്‍ ദൂരത്തില്‍ ആക്രമണംനടത്താന്‍ ശേഷിയുള്ളതാണ് റഫാലില്‍നിന്ന് തൊടുക്കാന്‍കഴിയുന്ന എയര്‍-ടു-ഗ്രൗണ്ട് സ്‌കാല്‍പ്പ് മിസൈലുകള്‍. 120 മുതല്‍ 150 കിലോമീറ്റര്‍ ദൂരത്തില്‍ പ്രഹരിക്കാന്‍ ശേഷിയുള്ളതാണ് എയര്‍-ടു-എയര്‍ മീറ്റിയോര്‍ മിസൈലുകള്‍. പാകിസ്ഥാന്‍ യുദ്ധവിമാനങ്ങളെ നേരിടാന്‍ റഫാല്‍ യുദ്ധവിമാനങ്ങള്‍ക്ക് ഇതിലൂടെ സാധിക്കും. ഈ സംവിധാനം ഉപയോഗിച്ചായിരുന്നു പാക്കിസ്ഥാനിലെ 9 ഭീകര കന്ദ്രങ്ങള്‍ ഇന്ത്യ തകര്‍ത്തത്.

ഇതിനിടെ പടിഞ്ഞാറന്‍ മേഖലയിലെ എയര്‍ ബേസുകളിലെ ഓപ്പറേഷന്‍ റെഡിനെസ്സ് പ്ലാറ്റഫോമുകളുടെ എണ്ണം വ്യോമസേന വര്‍ദ്ധിപ്പിച്ചു. ഇതോടെ എപ്പോള്‍ വേണമെങ്കിലും ടേക് ഓഫ് ചെയ്യാന്‍ പാകത്തിന് മിസൈലുകള്‍ ഉള്‍പ്പടെ സജ്ജമാക്കിയ രണ്ടോ മൂന്നോ പോര്‍ വിമാനങ്ങള്‍ എയര്‍ ബേസിന് സമീപത്തെ ഈ പ്ലാറ്റ്‌ഫോമുകളില്‍ സജ്ജമാക്കി നിറുത്തിയിരിക്കുകയാണ്.