ന്യൂഡല്‍ഹി: 'ഡല്‍ഹി'യേയും പാക്കിസ്ഥാന്‍ കഴിഞ്ഞ ദിവസം രാത്രി ലക്ഷ്യം വച്ചുവെന്ന് റിപ്പോര്‍ട്ട്. എന്നാല്‍ രാജ്യ തലസ്ഥാനത്തെ ലക്ഷ്യമിട്ടെത്തിയ മിസൈലിനെ ഇന്ത്യന്‍ ആകാശ പ്രതിരോധം തര്‍ത്തു. ന്യൂഡല്‍ഹിയെ ലക്ഷ്യം വച്ചു പാകിസ്ഥാന്‍ വിക്ഷേപിച്ച ദീര്‍ഘദൂര ഫത്താ-2 ബാലിസ്റ്റിക് മിസൈല്‍ സേന നശിപ്പിച്ചു. ഹരിയാനയിലെ സിര്‍സയ്ക്ക് മുകളില്‍ മിസൈല്‍ വെടിവച്ചു വീഴ്ത്തിയെന്നാണ് റിപ്പോര്‍ട്ട്. ജമ്മു കശ്മീരിലും പഞ്ചാബിലും ജനങ്ങള്‍ക്കിടയില്‍ ഭിന്നിപ്പുണ്ടാക്കാന്‍ മതകേന്ദ്രങ്ങള്‍ പാകിസ്ഥാന്‍ ആക്രമിക്കുന്നുണ്ടെന്നതാണ് വസ്തുത. പാക്കിസ്ഥാന്റെ ആളില്ലാ ചെറു വിമാനങ്ങള്‍, സായുധ ഡ്രോണുകള്‍, ലോയിറ്ററിംഗ് മെഷിനുകള്‍, ഫൈറ്റര്‍ ജെറ്റുകള്‍ എന്നിവ ജനവാസമേഖലകളെയും സൈനികത്താവളങ്ങളെയും ഒരു പോലെ ലക്ഷ്യമിട്ടിരുന്നു. പല തവണ വ്യോമാതിര്‍ത്തി ഭേദിച്ചെത്തിയായിരുന്നു ആക്രമണങ്ങള്‍. ശ്രീനഗര്‍ മുതല്‍ നല്യ വരെ 26 ഇടങ്ങളില്‍ വ്യാപക ആക്രമണങ്ങള്‍. ഉദ്ധംപൂര്‍, പഠാന്‍കോട്ട്, ആദംകോട്ട്, ഭുജ് എന്നിവയായിരുന്നു പാകിസ്ഥാന്റെ ഉന്നം. പഞ്ചാബിലെ പല വ്യോമത്താവളങ്ങള്‍ക്കും നേരെ പുലര്‍ച്ചെ 1.40-ന് ശേഷം മിസൈലാക്രമണമുണ്ടായി. ഇതിന് ഇന്ത്യ നല്‍കിയ തിരിച്ചടി പാക്കിസ്ഥാനെ നടുക്കിയിട്ടുണ്ട്.

ഡല്‍ഹിയെ പാക്കിസ്ഥാന്‍ ലക്ഷ്യം വച്ചോ എന്ന് പ്രതിരോധ വകുപ്പ് വ്യക്തമാക്കിയിട്ടില്ല. എന്നാല്‍ അന്താരാഷ്ട്ര മാധ്യമങ്ങള്‍ അടക്കം ഇത് റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. ഇസ്ലാമാബാദില്‍ ഇന്ത്യയുടെ ആക്രമണം ഉണ്ടായി എന്ന റിപ്പോര്‍ട്ടുണ്ട്. ഈ ആക്രമണത്തിന് പ്രതികാരം വീട്ടാനാണ് ഡല്‍ഹിയിലേക്ക് ബാലസ്റ്റിക് മിസൈല്‍ പാക്കിസ്ഥാന്‍ അയച്ചത്. ഏതായാലും ഇന്ത്യയുടെ ആകാശ പ്രതിരോധത്തിന് മുന്നില്‍ ഇത് ചൂളിയെന്നാണ് റിപ്പോര്‍ട്ട്. ഹരിയാനയിലെ സിര്‍സയില്‍ മിസൈലിന്റെ ഭാഗങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. ലോഹഭാഗങ്ങള്‍ സുരക്ഷാസേന കണ്ടുക്കെട്ടി. ഫത്താ ബാലിസ്റ്റിക് മിസൈലിന്റെ ഭാഗങ്ങളാണ് കണ്ടെത്തിയത്. ഡല്‍ഹി ലക്ഷ്യമാക്കിയായിരുന്നു പാക്കിസ്ഥാന്റെ ഈ മിസൈല്‍ ആക്രമണം എന്ന് വ്യക്തമാണ്. ജയ്‌സാല്‍മീരിലും മിസൈലിന്റെ ഭാഗങ്ങള്‍ കണ്ടെത്തി. ഇന്ത്യയിലെ എയര്‍ ബെയ്സുകള്‍ തകര്‍ക്കാനുള്ള പാക്കിസ്ഥാന്‍ ശ്രമം ഇന്ത്യ പരാജയപ്പെടുത്തി. രാജസ്ഥാനിലെ ഉള്‍പ്പെടെ എയര്‍ ബെയ്സുകളാണ് പാക്കിസ്ഥാന്‍ ലക്ഷ്യം ഇട്ടിരുന്നത്. അമൃത്സറിലെ ഖാസ കാന്റിന് മുകളിലൂടെ പറക്കുന്ന ഒന്നിലധികം ഡ്രോണുകള്‍ കണ്ടെത്തിയെന്നും അത് തകര്‍ത്തെന്നും പ്രതിരോധ മന്ത്രാലയം അറിയിച്ചു.

സാധാരണജനങ്ങളെ ലക്ഷ്യം വെച്ചുള്ള ആക്രമണമാണ് പാകിസ്ഥാന്‍ നടത്തുന്നതെന്ന് സംയുക്തസേന വിശദീകരിച്ചിട്ടുണ്ട്. അവര്‍ സ്‌കൂളുകളും ആരോഗ്യകേന്ദ്രങ്ങളും ആരാധനാലയങ്ങളും ആക്രമിക്കുന്നു. ശ്രീനഗര്‍, അവന്തിപൂര്‍, ഉദംപൂര്‍ എന്നിവിടങ്ങളിലെ മെഡികെയര്‍ സെന്ററും സ്‌കൂള്‍ പരിസരവുമാണ് ആക്രമിച്ചത്. എന്നാല്‍ പാക് ആക്രമണങ്ങളെ ഇന്ത്യഫലപ്രദമായി നേരിടുന്നുവെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി, കേണല്‍ സോഫിയ ഖുറേഷി, വിങ് കമാന്‍ഡര്‍ വ്യോമിക സിംഗ് എന്നിവരാണ് മാധ്യമങ്ങളെ കണ്ടത്. ഇന്ത്യന്‍ വിമാനതാവളങ്ങളെലക്ഷ്യം വെച്ച് അതിവേഗ മിസൈലുകള്‍ ഉപയോഗിച്ചു. എന്നാല്‍ അവയെ ബാലിസ്റ്റിക് മിസൈല്‍ ഉപയോഗിച്ച് ഇന്ത്യ നേരിട്ടു. പാക് ആക്രമണത്തെ പ്രതിരോധിക്കാന്‍ ഇന്ത്യ പാകിസ്ഥാന്റെ സൈനിക കേന്ദ്രങ്ങള്‍ മാത്രമാണ് ലക്ഷ്യം വെച്ചത്. ആക്രമണത്തെക്കുറിച്ച് തുടര്‍ച്ചയായി പാകിസ്ഥാന്‍ കള്ളങ്ങള്‍ പ്രചരിപ്പിക്കുകയാണ്. ഇന്ത്യയുടെ എസ്400 സിസ്റ്റം തകര്‍ത്തു, സിര്‍സയിലെ വ്യോമസേനാ താവളങ്ങള്‍ നശിപ്പിക്കപ്പെട്ടു മുതലയായ കള്ള പ്രചരാണങ്ങളാണ് പാകിസ്ഥാന്‍ നടത്തുന്നത്. ഇതിനെ ഇന്ത്യ പൂര്‍ണമായും തള്ളി. പാകിസ്ഥാന്‍ സ്റ്റേറ്റ് ഏജന്‍സികളാണ് ഇത് പ്രചരിപ്പിക്കുന്നതെന്നും സേന വ്യക്തമാക്കി.

ഒറ്റരാത്രികൊണ്ട് 26 നഗരങ്ങളെ പാകിസ്ഥാന്‍ ആക്രമിച്ചു. ഉധംപൂര്‍, പത്താന്‍കോട്ട്, ഭുജ്, ഭട്ടിന്‍ഡ ഉള്‍പ്പെടെ 26 സ്ഥലങ്ങളാണ് വെള്ളിയാഴ്ച രാത്രി പാകിസ്ഥാന്‍ ആക്രമിക്കാന്‍ ശ്രമിച്ചത്. പഞ്ചാബിലെ വ്യോമതാവള കേന്ദ്രത്തിലേയ്ക്ക് രാത്രി 1:40 ന് പാകിസ്ഥാന്‍ അതിവേഗ മിസൈലുകള്‍ പ്രയോഗിച്ചു. പാകിസ്ഥാന്‍ സൈന്യം പടിഞ്ഞാറന്‍ അതിര്‍ത്തികളില്‍ തുടര്‍ച്ചയായി ആക്രമണം നടത്തുകയാണ്. നിയന്ത്രണ രേഖയിലും ഇന്ത്യയുടെ സൈനിക കേന്ദ്രങ്ങളിലും പാകിസ്ഥാന്‍ ഡ്രോണുകള്‍ ഉപയോഗിച്ച് ഒന്നിലധികം വ്യോമാക്രമണം നടത്തി. ആക്രമണങ്ങള്‍ക്ക് മറയായി സിവില്‍ വിമാനങ്ങള്‍ ഉപയോഗിക്കുന്നത് തുടരുകയാണ് അവര്‍. പാകിസ്ഥാന്റെ എല്ലാ ആക്രമണങ്ങള്‍ക്കും സായുധ സേന ഫലപ്രദമായി നേരിടുന്നുണ്ട്. ദീര്‍ഘദൂര മിസൈലുകള്‍, യുദ്ധവിമാനങ്ങളും ഉപയോഗിച്ച് നിലവിലെ നാഹചര്യം കൂടുതല്‍ സംഘര്‍ഷഭരിതമാക്കുന്നത് പാക്കിസ്ഥാനാണെന്നും പാക്സൈന്യം മുന്നോട്ടുള്ള പ്രദേശങ്ങളിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണെന്നും സംയ്ക്തസേന പറഞ്ഞു.

സൈനിക കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് പാക്കിസ്ഥാന്റെ ആക്രമണമുണ്ടായെന്ന് ഇന്ത്യ പറയുന്നു. ആക്രമണം ഇന്ത്യ ശക്തമായി ചെറുത്തു. പാക് സൈനിക താവളങ്ങള്‍ക്ക് നേരെ ഇന്ത്യ തിരിച്ചടിച്ചെന്നും കേന്ദ്രം സ്ഥീരീകരിച്ചു. ആറ് പാക് സൈനിക താവളങ്ങളിലും രണ്ട് വ്യോമതാവളങ്ങളിലും ഇന്ത്യ പ്രത്യാക്രമണം നടത്തി. ഡ്രോണുകളും മിസൈലുകളും യുദ്ധവിമാനങ്ങളും ഉപയോഗിച്ച് തുടര്‍ച്ചയായിട്ടായിരുന്നു പാക് ആക്രമണം. പഞ്ചാബിലെ വിവിധ വ്യോമതാവളങ്ങളെ ലക്ഷ്യമിട്ട് അതിവേഗ മിസൈല്‍ ആക്രമണങ്ങളും പാക്കിസ്ഥാന്‍ നടത്തി. ശ്രീനഗറിലെയും അവന്തിപ്പോരയിലെയും ഉധംപുരിലെയും വ്യോമതാവളങ്ങള്‍ക്ക് സമീപമുള്ള മെഡിക്കല്‍ സെന്ററിലും സ്‌കൂളിലും പാക്കിസ്ഥാന്‍ ആക്രമണം നടത്തി. യാത്രാ വിമാനങ്ങളെ മറയാക്കിയായിരുന്നു പാക് ആക്രമണം. അന്താരാഷ്ട്ര വ്യോമപാത അടക്കം പാക്കിസ്ഥാന്‍ ദുരുപയോഗം ചെയ്തു. ഇന്ത്യയുടെ വ്യോമതാവളങ്ങള്‍ക്ക് നേരിയ കേടുപാടുകളുണ്ടെന്നും എങ്കിലും അവയെല്ലാം സുരക്ഷിതമാണെന്നും സൈന്യം അറിയിച്ചു.

എന്നാല്‍ ഇന്ത്യയുടെ ബ്രഹ്‌മോസ് സംവിധാനം തകര്‍ത്തെന്നത് പാക്കിസ്ഥാന്റെ വ്യാജ പ്രചാരണമാണെന്നും സൈന്യം വ്യക്തമാക്കി. ഇന്ത്യയുടെ പവര്‍ ഗ്രിഡുകളും സുരക്ഷിതമാണ്. ഇന്ത്യ ജനവാസമേഖല ലക്ഷ്യംവച്ചിട്ടില്ല. എന്നാല്‍ പാക്കിസ്ഥാന്‍ ബോധപൂര്‍വം ഇന്ത്യയിലെ സാധാരണക്കാര്‍ക്ക് നേരെ ആക്രമണം നടത്തിയെന്നും ഇത് ഭീരുത്വമാണെന്നും സൈന്യം പറഞ്ഞു.

പാകിസ്ഥാന്റെ വ്യാജ പ്രചാരണങ്ങള്‍ അടിസ്ഥാന രഹിതമെന്ന് ഇന്ത്യന്‍ വിദേശ, പ്രതിരോധ മന്ത്രാലയം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി വ്യക്തമാക്കിയിട്ടുണ്ട്. വലിയ രീതിയില്‍ വ്യാജ പ്രചാരണങ്ങള്‍ പാകിസ്ഥാന്‍ തുടരുകയാണ്. ഇന്ത്യന്‍ സൈനിക താവളങ്ങള്‍ ആക്രമിച്ച് തകര്‍ത്തുവെന്ന തരത്തില്‍ പാക് മാധ്യമങ്ങളടക്കം പ്രചാരണം നടത്തുന്നുണ്ട്. പാകിസ്ഥാന്‍ ഇപ്പോഴും ജനവാസമേഖലകളില്‍ തുടര്‍ച്ചയായി ആക്രമണം നടത്തുന്നു എന്ന പ്രചാരണം വ്യാജമാണ്. ഇന്ത്യന്‍ ഊര്‍ജ ഇടനാഴിയും പവര്‍ ഗ്രിഡും നിര്‍വീര്യമാക്കിയെന്ന തരത്തിലുള്ള പ്രചാരണവും അടിസ്ഥാനരഹിതമാണ്. ശ്രീ അമൃത്സര്‍ സാഹിബിന് നേരെ ആക്രമണം നടത്തിയത് ഇന്ത്യ തന്നെയെന്ന പാക് പ്രസ്താവന തെറ്റാണ്. ഇന്ത്യന്‍ മിസൈലുകള്‍ അഫ്ഗാനിസ്ഥാനില്‍ ആക്രമണം നടത്തിയെന്നും വ്യാജ പ്രചാരണം നടത്തുന്നു. അഫ്ഗാനില്‍ കഴിഞ്ഞ കുറച്ച് കാലമായി ആക്രമണം നടത്തിയത് ആരെന്ന് അവര്‍ക്ക് തന്നെ അറിയാം എന്നും വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഓപ്പറേഷന്‍ സിന്ദൂര്‍ ഇന്ത്യ തുടരും. സ്വന്തം ജനതയ്ക്ക് മുമ്പില്‍ പിടിച്ചു നില്‍ക്കാന്‍ വേണ്ടിയാണ് പാക്കിസ്ഥാന്‍ കള്ളം പ്രചരിപ്പിക്കുന്നതെന്നതാണ് യാഥാര്‍ത്ഥ്യം.