- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
'ഇന്ത്യന്‍ സൈന്യത്തിന്റെ ഗര്‍ജനം പാക്ക് സൈനിക ആസ്ഥാനത്തുവരെ പ്രതിധ്വനിച്ചു; ഭീകരവാദികള്‍ എവിടെ ഒളിച്ചാലും സുരക്ഷിതരായിരിക്കില്ല; പാക്കിസ്ഥാന്‍ ലക്ഷ്യമിട്ടത് ഇന്ത്യയിലെ ജനവാസ മേഖലകളെ; ഇന്ത്യ ആക്രമണം നടത്തിയത് പാക്കിസ്ഥാനില്‍ ഒളിച്ച ഭീകരവാദികള്ക്കുനേരെയെന്നും രാജ്നാഥ് സിങ്
ഇന്ത്യന്‍ സൈന്യത്തിന്റെ ഗര്‍ജനം പാക്ക് സൈനിക ആസ്ഥാനത്തുവരെ പ്രതിധ്വനിച്ചു
ന്യൂഡല്‍ഹി: ഇന്ത്യയില്‍ ആക്രമണം നടത്തിയ പാക്കിസ്ഥാന്‍ ഭീകരര്‍ക്ക് രാജ്യം ഓപ്പറേഷന്‍ സിന്ദൂറിലൂടെ ഉചിതമായ മറുപടി നല്‍കിയെന്ന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്. നിരവധി സ്ത്രീകളുടെ നെറ്റിയിലെ സിന്ദൂരംമായ്ച്ച ഇന്ത്യാവിരുദ്ധ-തീവ്രവാദസംഘടനകളോട് ഓപ്പറേഷന്‍ സിന്ദൂറിലൂടെ സൈന്യം പകരംവീട്ടി. ലഖ്നൗവിലെ ഉത്തര്‍ പ്രദേശ് പ്രതിരോധ വ്യവസായ ഇടനാഴിയില്‍ ബ്രഹ്‌മോസ് സൂപ്പര്‍സോണിക് ക്രൂയിസ് മിസൈല്‍ പ്രൊഡക്ഷന്‍ യൂണിറ്റ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു രാജ്നാഥ് സിങ്.
ഓപ്പറേഷന്‍ സിന്ദൂര്‍ ഒരു സൈനിക നടപടി മാത്രമല്ലെന്നും ഇന്ത്യയുടെ നയതന്ത്ര, സാമൂഹിക ശക്തിയുടെ തെളിവാണെന്നും മന്ത്രി പറഞ്ഞു. ഭീകരവാദികള്‍ എവിടെയൊളിച്ചാലും സുരക്ഷിതരായിരിക്കില്ലെന്ന് രാജ്യം തെളിയിച്ചു. പാക്കിസ്ഥാനില്‍ ഒളിച്ച ഭീകരവാദികള്‍ക്കുനേരെയാണ് ഇന്ത്യ ആക്രമണം നടത്തിയത്. ജനവാസ കേന്ദ്രങ്ങളെ നാം ലക്ഷ്യമിട്ടില്ല. എന്നാല്‍ പാക്കിസ്ഥാന്‍ ഇന്ത്യയിലെ ജനവാസ മേഖലകളെ ലക്ഷ്യമിട്ടു. നമ്മള്‍ പാക്കിസ്ഥാന്റെ അതിര്‍ത്തി പോസ്റ്റുകളെ മാത്രമല്ല ലക്ഷ്യമിട്ടത്.
ഇന്ത്യന്‍ സൈന്യത്തിന്റെ ഗര്‍ജനം അതിര്‍ത്തിമേഖലകളില്‍ മാത്രമായി ചുരുങ്ങിയില്ലെന്നും റാവല്‍പിണ്ടിയിലെ പാക്കിസ്ഥാന്റെ സൈനിക ആസ്ഥാനത്തും ഉച്ചത്തില്‍ പ്രതിധ്വനിച്ചെന്ന് രാജ്നാഥ് സിങ് കൂട്ടിച്ചേര്‍ത്തു. ഓപ്പറേഷന്‍ സിന്ദൂറിന് പിന്നാലെ സാധാരണക്കാരെയും ആരാധനാലയങ്ങളെയും ലക്ഷ്യംവെച്ചുള്ള പാക് പ്രതികരണത്തെ അദ്ദേഹം രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തു. ഇന്ത്യ നടത്തിയ തിരിച്ചടിയില്‍, സൈന്യം കൃത്യതയോടെ ഭീകരവാദ കേന്ദ്രങ്ങളെ മാത്രമാണ് തകര്‍ത്തതെന്നും രാജ്നാഥ് സിങ് പറഞ്ഞു.
പഹല്‍ഗാം ഭീകരാക്രമണത്തിന് ഓപ്പറേഷന്‍ സിന്ദൂറിലൂടെ ഇന്ത്യ മറുപടി നല്‍കിയതിനു പിന്നാലെ പാക്കിസ്ഥാന്റെ ഭാഗത്തുനിന്ന് വലിയ പ്രകോപനമുണ്ടായിരുന്നു. പാക്കിസ്ഥാന്റെ ഡ്രോണ്‍, മിസൈല്‍ ആക്രമണങ്ങളെ ഇന്ത്യ പ്രതിരോധിക്കുകയും തരിപ്പണമാക്കുകയും ചെയ്തിരുന്നു. മൂന്നുദിവസത്തിലേറെ നീണ്ടുനിന്ന സംഘര്‍ഷത്തിന് ശനിയാഴ്ച വൈകിട്ടത്തെ വെടിനിര്‍ത്തല്‍ ധാരണയോടെയാണ് അയവുണ്ടായത്. എന്നാല്‍, പ്രഖ്യാപനം വന്ന് മണിക്കൂറുകള്‍ക്കിടെയും പാക്കിസ്ഥാന്റെ ഭാഗത്തുനിന്ന് വീണ്ടും പ്രകോപനമുണ്ടായിരുന്നു.
ഇന്ത്യ ഇന്ന് ലോകത്തിലെ ശക്തിയേറിയ രാഷ്ട്രങ്ങളില്‍ ഒന്നാണ്. നമ്മള്‍ ശക്തി വീണ്ടും വര്‍ധിപ്പിക്കുകയാണ്. ഈ ബ്രഹ്‌മോസ് കേന്ദ്രം രാജ്യത്തിന്റെ ശക്തി വര്‍ധിപ്പിക്കുന്നതിനു സഹായകരമാകും. യുപി പ്രതിരോധ ഇടനാഴി രാജ്യത്തിന്റെ അഭിമാനമായി മാറും. വാജ്പേയ് സര്‍ക്കാര്‍ പൊഖ്‌റാനില്‍ ആണവ പരീഷണം നടത്തി വര്‍ഷങ്ങള്‍ക്ക് മുന്‍പുതന്നെ ഇന്ത്യയുടെ സാങ്കേതികവിദ്യയുടെ ശക്തി തെളിയിച്ചിരുന്നു. സൈനിക പദ്ധതികളെ സമയബന്ധിതമായി പൂര്‍ത്തിയാക്കേണ്ടതുണ്ടെന്നാണ് ഇന്നത്തെ സാഹചര്യങ്ങള്‍ വ്യക്തമാക്കുന്നതെന്നു മന്ത്രി പറഞ്ഞു. വളരെ വേഗത്തില്‍ മിസൈല്‍ കേന്ദ്രം യാഥാര്‍ഥ്യമാക്കിയ യുപി സര്‍ക്കാരിനെയും ശാസ്ത്രജ്ഞരെയും മന്ത്രി അഭിനന്ദിച്ചു.
പ്രതിരോധ മന്ത്രി ഉദ്ഘാടനം ചെയ്ത ബ്രഹ്‌മോസ് കേന്ദ്രത്തില്‍ ഒരു വര്‍ഷം 80 മുതല്‍ 100 മിസൈലുകള്‍ വരെ നിര്‍മിക്കാനാകും. ഇത് ഭാവിയില്‍, പ്രതിവര്‍ഷം 150 എന്ന നിലയിലേക്ക് ഉയര്‍ത്താനാകുമെന്നാണ് കണക്കുകൂട്ടല്‍. ഡിആര്‍ഡിഒയും റഷ്യയും സംയുക്തമായാണ് ബ്രഹ്‌മോസ് മിസൈല്‍ വികസിപ്പിച്ചത്. 290 മുതല്‍ 400 കിലോമീറ്റര്‍ ദൂരപരിധിയുള്ള മിസൈലുകളാണ് കേന്ദ്രത്തില്‍ ഉല്‍പാദിപ്പിക്കുന്നത്. 80 ഹെക്ടറിലാണ് മിസൈല്‍ കേന്ദ്രം സ്ഥിതി ചെയ്യുന്നത്. 300 കോടിരൂപയാണ് നിര്‍മാണ ചെലവ്. 2021ലാണ് കേന്ദ്രത്തിന് തറക്കല്ലിട്ടത്.