ന്യൂഡല്‍ഹി: പഹല്‍ഗാം ഭീകരാക്രമണത്തിന് കനത്ത തിരിച്ചടി നല്‍കി പാക്കിസ്ഥാനിലെ ഒന്‍പത് ഭീകരകേന്ദ്രങ്ങളില്‍ നടത്തിയ ഒപ്പറേഷന്‍ സിന്ദൂറിലൂടെ നൂറോളം ഭീകരരെ വധിച്ചെന്ന് ഇന്ത്യന്‍ സൈന്യം. ഇന്ത്യ - പാക്ക് വെടിനിര്‍ത്തല്‍ ധാരണയ്ക്കുശേഷം നടത്തുന്ന സംയുക്ത വാര്‍ത്താസമ്മേളനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. സൈന്യം ലക്ഷ്യമിട്ടത് ഭീകരവാദികളെ മാത്രമാണ്. കൃത്യവും നിയന്ത്രിതവുമായി ഇന്ത്യ തിരിച്ചടിച്ചു. ഇന്ത്യയുടെ ആക്രമണത്തില്‍ ചില ഭീകര കേന്ദ്രങ്ങളില്‍നിന്ന് ഭീകരര്‍ ഒഴിഞ്ഞുപോയെന്നും സൈന്യം വ്യക്തമാക്കി. ഡയറക്ടര്‍ ജനറല്‍ ഓഫ് മിലിറ്ററി ഓപ്പറേഷന്‍സ് ലെഫ്റ്റനന്റ് ജനറല്‍ രാജീവ് ഗായ്, എയര്‍മാര്‍ഷല്‍ എ.കെ.ഭാരതി, വൈസ് അഡ്മിറല്‍ എ.എന്‍.പ്രമോദ് തുടങ്ങിയവരാണ് വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തത്.

ഓപ്പറേഷന്‍ സിന്ദൂറില്‍ അഞ്ച് ഇന്ത്യന്‍ സൈനികര്‍ വീരമൃത്യു വരിച്ചതായി സൈന്യം അറിയിച്ചു. സായുധ സേനയിലെ അഞ്ച് സഹപ്രവര്‍ത്തകര്‍ക്കും ജീവന്‍ നഷ്ടമായ സാധാരണക്കാര്‍ക്കും ആദരാഞ്ജലി അര്‍പ്പിക്കുന്നതായും അവരുടെ ത്യാഗം എക്കാലവും ഓര്‍മിക്കപ്പെടുമെന്നും ഡിജിഎംഒ ലെഫ്റ്റനന്റ് ജനറല്‍ രാജീവ് ഘായ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. അതേസമയം, മേയ് ഏഴാം തീയതിക്കും പത്താം തീയതിക്കുമിടയില്‍ പാകിസ്താന്‍ സൈന്യത്തിന് 35-40 ഉദ്യോഗസ്ഥരെ നഷ്ടമായെന്നും സൈന്യം അറിയിച്ചു.

പാക്കിസ്ഥാനില്‍ കൃത്യമായ ബോംബിങ്ങിലൂടെ തകര്‍ത്ത കെട്ടിടങ്ങളുടെ ചിത്രങ്ങള്‍ എയര്‍മാര്‍ഷല്‍ എ.കെ.ഭാരതി പുറത്തുവിട്ടു. ബാവല്‍പുരിലെ ഭീകര ക്യാംപായിരുന്ന കെട്ടിടം പൂര്‍ണമായി തകര്‍ത്തു. മുരിദ്‌കെയിലെ ഭീകരകേന്ദ്രവും തകര്‍ത്തു. കൊടുംഭീകരരെ പരിശീലിപ്പിക്കുന്ന മുരിദ്‌കെയിലെ കേന്ദ്രം പ്രധാന ലക്ഷ്യമായിരുന്നു. പുല്‍വാമ ആക്രമണവും കാണ്ഡഹാര്‍ വിമാനറാഞ്ചലും നടത്തിയ ഭീകരരെയും വധിച്ചു. ജനവാസ കേന്ദ്രങ്ങളില്‍ നാശനഷ്ടം ഉണ്ടായിട്ടില്ലെന്നതിന്റെ തെളിവുകള്‍ വ്യോമസേന പുറത്തുവിട്ടു.

പാക്കിസ്ഥാന്‍ യാത്രാവിമാനങ്ങളെ കവചമാക്കി ആക്രമണം നടത്തിയെന്നും ഇന്ത്യ ജാഗ്രതയോടെ ഇതിനെ നേരിട്ടെന്നും എയര്‍മാര്‍ഷല്‍ എ.കെ.ഭാരതി പറഞ്ഞു. പാക്കിസ്ഥാനിലെ വ്യോമതാവളങ്ങളും റഡാര്‍ സ്റ്റേഷനുകളും തകര്‍ത്തു. റഫീഖി, ചുനിയാന്‍, സര്‍ഗോധ, റഹിംയാര്‍ഖാന്‍, സുക്കൂര്‍, ഭോലാരി, ജക്കോബാബാദ് അടക്കമുള്ള വ്യോമതാവളങ്ങളും പസ്രുരിലെ റഡാര്‍ കേന്ദ്രവും തകര്‍ത്തു. പാക്ക് സേനയുടെ എഫ് 16, ജെഎഫ് 17 യുദ്ധവിമാനങ്ങള്‍ സ്ഥിതി ചെയ്യുന്ന താവളമാണ് സര്‍ഗോധ. 35 - 40 സൈനികര്‍ കൊല്ലപ്പെട്ടെന്നാണ് പാക്കിസ്ഥാന്റെ കണക്കെന്നും സൈന്യം പറഞ്ഞു.

പാക്കിസ്ഥാന്‍ മിലിറ്ററി ഓപ്പറേഷന്‍സ് ഡയറക്ടര്‍ ഫോണില്‍ വിളിച്ചതിനെ തുടര്‍ന്നാണ് വെടിനിര്‍ത്തലിന് ധാരണയായതെന്ന് എയര്‍ മാര്‍ഷല്‍ എ.കെ.ഭാരതി പറഞ്ഞു. എന്നാല്‍, പാക്കിസ്ഥാന്‍ ഈ ധാരണ ലംഘിച്ച് വിവിധയിടങ്ങളില്‍ ആക്രമണം നടത്തി. ആക്രമണത്തിന് ഉപയോഗിച്ച ആയുധങ്ങളെക്കുറിച്ച് വെളിപ്പെടുത്താനാകില്ല. ശത്രുവിന് കനത്ത തിരിച്ചടി നല്‍കി. ചില പാക്ക് വിമാനങ്ങള്‍ തകര്‍ത്തു. എത്ര എണ്ണമാണെന്ന് ഈ ഘട്ടത്തില്‍ വെളിപ്പെടുത്തുന്നില്ല. പാക്ക് വിമാനങ്ങള്‍ തകര്‍ത്തതിനെക്കുറിച്ച് വരുംദിവസങ്ങളില്‍ കൂടുതല്‍ കാര്യങ്ങള്‍ പുറത്തുവരുമെന്നും ഇതുസംബന്ധിച്ച സാങ്കേതിക പരിശോധന നടക്കുന്നെന്നും എ.കെ.ഭാരതി വ്യക്തമാക്കി.

റഫാല്‍ വിമാനം പാക്കിസ്ഥാന്‍ തകര്‍ത്തോ എന്ന ചോദ്യത്തിന്, ഇന്ത്യന്‍ വിമാനങ്ങള്‍ തകര്‍ന്നോ, പാക്ക് വിമാനങ്ങള്‍ ഏതൊക്കെ തകര്‍ന്നു എന്നതുപോലുള്ള കാര്യങ്ങള്‍ ഈ ഘട്ടത്തില്‍ വിശദീകരിക്കാനാകില്ലെന്ന് എ.കെ.ഭാരതി മറുപടി പറഞ്ഞു. സംഘര്‍ഷം ഇപ്പോഴും നിലനില്‍ക്കുകയാണ്. അത്തരം വെളിപ്പെടുത്തലുകള്‍ എതിരാളികള്‍ക്ക് അനുകൂലമാകും. രാജ്യം ശക്തമായ തിരിച്ചടിയാണ് ശത്രുവിന് നല്‍കിയതെന്ന് മാത്രമേ ഈ ഘട്ടത്തില്‍ പറയാന്‍ കഴിയൂ. പോര്‍മുഖത്ത് നഷ്ടങ്ങളും സ്വാഭാവികമാണെന്നും എ.കെ.ഭാരതി പറഞ്ഞു.

സംയുക്ത സേനാ വാര്‍ത്താ സമ്മേളനത്തില്‍ നാവികസേനയുടെ വിവരങ്ങള്‍ വൈസ് അഡ്മിറല്‍ എ എന്‍ പ്രമോദ് ആദ്യമായി പുറത്ത് വിട്ടു. നാവികസേനയുടെ കപ്പലുകളും മുങ്ങിക്കപ്പലുകളും നാവികസേനാവിമാനങ്ങളും ഏത് സാഹചര്യത്തിനും തയ്യാറായിരുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി. തീവ്രവാദി ആക്രമണത്തിന് പിന്നാലെ 90 മണിക്കൂറിനകം തന്നെ പല തരത്തിലും ആയുധ സജ്ജീകരണങ്ങളുടെ പരീക്ഷണം നാവികസേന അറബിക്കടലില്‍ തുടങ്ങി.

സജ്ജീകരണങ്ങളുടെ തയ്യാറെടുപ്പ് ഉറപ്പാക്കാനായിരുന്നു ഇത്. അറബിക്കടലില്‍ അതിന് ശേഷം നാവികസേന എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയാക്കി. കറാച്ചിയില്‍ അടക്കം കരയിലും കടലിലും സൈനികനീക്കം നടത്തേണ്ടി വന്നാല്‍ അതിനും തയ്യാറായി നാവികസേന തുടര്‍ന്നു. നാവികസേന എല്ലാ തുഖമുഖങ്ങളിലും കരമേഖലകളിലും പ്രതിരോധത്തിന് തയ്യാറായിരുന്നുവെന്നും വൈസ് അഡ്മിറല്‍ എ എന്‍ പ്രമോദ്. ഇപ്പോഴും നാവികസേന എന്ത് തരത്തിലുള്ള സാഹചര്യവും നേരിടാന്‍ തയ്യാറാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇന്നും ആക്രമണം തുടങ്ങിയാല്‍ ശക്തമായ തിരിച്ചടിയുണ്ടാകുമെന്ന മുന്നറിയിപ്പുണ്ട്. ഏത് സാഹചര്യവും പൂര്‍ണസ്വാതന്ത്ര്യത്തോടെ നേരിടാന്‍ കരസേനാമേധാവിക്ക് അനുമതി നല്‍കി. മൂന്ന് സേനകളും സംയുക്തമായി പ്രവര്‍ത്തിച്ചു. നീതി നടപ്പാക്കിയെന്നും വാര്‍ത്താ സമ്മേളനത്തിലൂടെ അറിയിച്ചു.