ന്യൂഡല്‍ഹി: ഓപ്പറേഷന്‍ സിന്ദൂറിന്റെ ഭാഗമായൊരുക്കിയ അതിര്‍ത്തിയിലെ വന്‍ സേനാസന്നാഹം ഉടനെ പിന്‍വലിക്കില്ല. വെടി നിര്‍ത്തല്‍ കരാര്‍ ഏത് സമയം വേണമെങ്കിലും പാക്കിസ്ഥാന്‍ ലംഘിക്കാനുള്ള സാധ്യത കണക്കിലെടുത്താണ് ഇത്. ഇരു രാജ്യങ്ങളും തമ്മിലെ തുടര്‍ചര്‍ച്ചകളും നിര്‍ണ്ണായകമാണ്. ഭീകരവാദത്തോട് വിട്ടുവീഴ്ചയില്ലെന്നും അത്തരത്തിലുള്ള ഏത് നീക്കവും യുദ്ധമായി കണക്കാക്കുമെന്നുമാണ് ഇന്ത്യയുടെ നിലപാട്. ഇന്ത്യ സൈനികസമ്മര്‍ദം ശക്തമായി തുടരണമെന്ന അഭിപ്രായമാണ് പ്രതിരോധരംഗത്തെ വിദഗ്ധരുള്‍പ്പെടെ പങ്കുെവക്കുന്നത്.

സൈനിക ഡയറക്ടര്‍ ജനറല്‍മാര്‍ തമ്മില്‍ നടന്ന ഉഭയകക്ഷിചര്‍ച്ചയില്‍ ഇന്ത്യ ഇക്കാര്യം വ്യക്തമാക്കിയിരുന്നു. പാക്കിസ്ഥാന്‍ കാണിക്കുന്ന വിട്ടുവീഴ്ചാമനോഭാവത്തിന്റെ അടിസ്ഥാനത്തിലാകും ഇന്ത്യയുടെ തുടര്‍നടപടികള്‍. ഓപ്പറേഷന്‍ സിന്ദൂര്‍ തുടരുമെന്ന് വ്യോമസേനയും വ്യക്തമാക്കി. ഇന്ത്യ തീവ്രവാദികളായി കാണുന്നവരെ വിട്ടുതരണമെന്ന ആവശ്യം മുമ്പോട്ട് വയ്ക്കും. ദാവൂദ് ഇബ്രാഹിം, മസൂദ് അസര്‍, ഹാഫീസ് സെയ്ദ് തുടങ്ങിയ ഭീകരരെ വിട്ടു കിട്ടണമെന്നായിരിക്കും ആവശ്യപ്പെടുക. ഇതിനോട് പാക്കിസ്ഥാന്‍ എന്ത് നിലപാട് എടുക്കുമെന്നത് നിര്‍ണ്ണായകമാണ്. ഐഎംഎഫില്‍ നിന്നുള്ള സഹായധനത്തിന്റെ കാര്യത്തിലടക്കം ആശങ്കയുയര്‍ന്നപ്പോഴാണ് പാക്കിസ്ഥാന്‍ വിട്ടു വീഴ്ചയ്ക്ക് തയ്യറായത് എന്നാണ് സൂചന.

തങ്ങളുടെ സാമ്പത്തികബുദ്ധിമുട്ടുകളുള്‍പ്പെടെ കഴിഞ്ഞ ദിവസം ഡയറക്ടര്‍ ജനറല്‍തല ചര്‍ച്ചയില്‍ പാകിസ്താന്‍ ഇന്ത്യയുമായും പങ്കുവെച്ചിട്ടുണ്ട്. തുടര്‍ ചര്‍ച്ച തിങ്കളാഴ്ച ഉച്ചയ്ക്ക് 12-ന് നടക്കും. തിങ്കളാഴ്ചത്തെ ചര്‍ച്ചയില്‍ സിന്ധുനദീജലക്കരാര്‍ മരവിപ്പിച്ചത് പുനഃപരിശോധിക്കണമെന്ന് പാക്കിസ്ഥാന്‍ ആവശ്യപ്പെട്ടേക്കും. ഇന്ത്യ വഴങ്ങില്ലെന്നാണ് സൂചന. സിന്ധു നദീജലക്കരാര്‍ മരവിപ്പിച്ചതടക്കം, പഹല്‍ഗാം ഭീകരാക്രമണത്തിനു ശേഷം ഏര്‍പ്പെടുത്തിയ ഉപരോധനടപടികള്‍ തുടരും. തീവ്രവാദികളെ വിട്ടു തന്നാല്‍ ഇക്കാര്യത്തില്‍ പുനരാലോചനയെന്ന നിലപാടും എടുക്കും. അതിനിടെ, വെടിനിര്‍ത്തല്‍ ധാരണയ്ക്കുശേഷമുള്ള സ്ഥിതിഗതികള്‍ ഞായറാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന ഉന്നതതലയോഗം വിലയിരുത്തി. പ്രതിരോധമന്ത്രി രാജ്നാഥ് സിങ്, വിദേശകാര്യമന്ത്രി എസ്. ജയ്ശങ്കര്‍, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍, സംയുക്തസേനാ മേധാവി ജനറല്‍ അനില്‍ ചൗഹാന്‍, മൂന്ന് സേനാ മേധാവികള്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.

ഇന്ത്യപാക്ക് സംഘര്‍ഷത്തിന്റെ സാഹചര്യത്തില്‍ അതിര്‍ത്തി പ്രദേശങ്ങളില്‍ അതീവ ജാഗ്രത തുടരും. വെടിനിര്‍ത്തലിന് ധാരണയായെങ്കിലും പാക്കിസ്ഥാന്റെ പ്രകോപനം ഉണ്ടായാല്‍ ശക്തമായി തിരിച്ചടിക്കാന്‍ സൈന്യത്തിന് നിര്‍ദേശം നല്‍കി. പാക്കിസ്ഥാന്റെ ഏതു വെല്ലുവിളിയും നേരിടാന്‍ സജ്ജമാണെന്ന് സൈന്യം വ്യക്തമാക്കി. ജമ്മു കശ്മീരില്‍ ചിലയിടങ്ങളില്‍ രാത്രി പാക്കിസ്ഥാന്റെ ഷെല്ലാക്രമണം ഉണ്ടായതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. സൈന്യം ശക്തമായി തിരിച്ചടിച്ചു. വെടിനിര്‍ത്തല്‍ പ്രഖ്യാപനമുണ്ടായെങ്കിലും അനിശ്ചിതത്വം തുടരുകയാണ്. പാക്ക് നടപടികള്‍ ഇന്ത്യ ജാഗ്രതയോടെ നിരീക്ഷിക്കുകയാണ്. പഞ്ചാബില്‍ പാക്കിസ്ഥാന്‍ അതിര്‍ത്തിയോട് ചേര്‍ന്ന 5 ജില്ലകളിലെ സ്‌കൂളുകള്‍ക്ക് തിങ്കളാഴ്ച അവധി പ്രഖ്യാപിച്ചു. മറ്റുള്ള ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറന്ന് പ്രവര്‍ത്തിക്കും. രാജസ്ഥാനിലെ ജയ്സല്‍മേര്‍ ജില്ലയിലും നിരീക്ഷണം തുടരും. വെടിനിറുത്തല്‍ ധാരണയ്ക്കു ശേഷം മേയ് 10ന് രാത്രിയിലും ഇന്നലെ പുലര്‍ച്ചെയും അതിര്‍ത്തി കടന്നും നിയന്ത്രണ രേഖ കടന്നും വെടിവയ്പും ഡ്രോണ്‍ ആക്രമണവും നടത്തിയ പാക് നടപടി നിര്‍ഭാഗ്യകരമാണെന്ന് ഇന്ത്യയുടെ മിലിട്ടറി ഓപ്പറേഷന്‍സ് ഡയറക്ടര്‍ ജനറല്‍(ഡി.ജി.എം.ഒ) ലെഫ്. ജനറല്‍ രാജീവ് ഗയ് അവരുടെ ഡി.ജി.എം.ഒയെ അറിയിച്ചു. നടപടി ആവര്‍ത്തിച്ചാല്‍ ശക്തമായി പ്രതികരിക്കാന്‍ സൈനിക കമാന്‍ഡര്‍ക്ക് കരസേനാ മേധാവി പൂര്‍ണ അധികാരം നല്‍കിയിട്ടുണ്ടെന്നും പത്രസമ്മേളനത്തില്‍ പറഞ്ഞു.പാകിസ്ഥാന്‍ പ്രകോപനം തുടര്‍ന്നാല്‍ പ്രതികരണം കൂടുതല്‍ വിനാശകരവും ശക്തവുമാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വെടിനിറുത്തല്‍ ചര്‍ച്ചയ്ക്കു വിളിച്ച യു.എസ് വൈസ് പ്രസിഡന്റ് ജെഡി വാന്‍സിനോട് വ്യക്തമായി പറഞ്ഞിരുന്നു.

ഏത് സാഹചര്യത്തെയും നേരിടാന്‍ എപ്പോഴും തയ്യാറാണെന്ന് ഇന്ത്യന്‍ സായുധ സേന. പാകിസ്ഥാന്റെ നടപടികളെക്കുറിച്ച് ആശങ്കയില്ല. ഞങ്ങള്‍ക്ക് കൃത്യമായ ലക്ഷ്യവും പദ്ധതിയുമുണ്ട്. അത് ശ്രദ്ധാപൂര്‍വ്വം പിന്തുടരും.വളരെയധികം സംയമനം പാലിച്ചു. നമ്മുടെ പൗരന്മാരുടെ പരമാധികാരത്തിനും സമഗ്രതയ്ക്കും സുരക്ഷയ്ക്കും നേരെയുള്ള ഏതൊരു ഭീഷണിയും ശക്തിയോടെ നേരിടും.