ആലപ്പുഴ : ആലപ്പുഴയില്‍ പണത്തിന് മീതെ പരുന്തും പറക്കില്ല!. നഗരഹൃദയത്തിലെ കൈയേറ്റത്തിനെതിരേ നിരന്തര പരാതികളും കോടതി ഇടപെടലുകളും ഉണ്ടായതിനെത്തുടര്‍ന്ന് അത് ഒഴിപ്പിക്കാനുള്ള ശ്രമം നടക്കുന്നതിനിടെ വീണ്ടും വെള്ളക്കെട്ടുണ്ടാക്കാന്‍ ശ്രമമെന്ന് ആക്ഷേപം. കൈയേറ്റക്കാരിലൊരാള്‍ പടിയില്ലാതിരുന്ന വീടിന്റെ ഗേറ്റിന് രണ്ടടി പൊക്കത്തില്‍ പടികെട്ടിയടച്ചതിനാല്‍ മഴവെള്ളംപോലും ഒഴുകിപ്പോകില്ലെന്നാണ് പ്രദേശവാസികള്‍ പറയുന്നത്. വെള്ളമൊഴുകിപ്പോകുന്നതിനുള്ള നീര്‍ച്ചാലിന്റെ തുടക്കം ഈ ഭാഗത്തുനിന്നാണ്. ഇതോടെ പ്രദേശത്തെ വീടുകള്‍ മഴക്കാലത്ത് വെള്ളക്കെട്ടിലാകും. ഇടവപ്പാതിയില്‍ എല്ലാരും വെള്ളത്തിലാകും. തങ്ങള്‍ക്കെതിരെ നില്‍ക്കുന്നവരെ പാഠം പഠിപ്പിക്കാനാണ് ഈ ശ്രമം. ഈ ഭാഗത്തെ വെള്ളക്കെട്ടൊഴിവാക്കാനായി നീര്‍ച്ചാല്‍ പുനഃസ്ഥാപിക്കണമെന്ന് ഹൈക്കോടതി 2023 -ജൂണില്‍ വിധി പുറപ്പെടുവിച്ചിരുന്നു. പ്രദേശവാസി നല്‍കിയ ഹര്‍ജിയിലാണ് വിധിവന്നത്. നഗരസഭ ഇത് നടപ്പാക്കിയില്ല. അതിനാല്‍ നഗരസഭയ്‌ക്കെതിരേ കോടതയലക്ഷ്യക്കേസ് നിലവിലുണ്ടെന്നാണ് നാട്ടുകാര്‍ പറയുന്നത്. ഇതിനിടെയാണ് പുതിയ പടി കെട്ടല്‍.

വിധി നടപ്പാക്കാത്തതിനെ തുടര്‍ന്ന് സ്ഥലം സന്ദര്‍ശിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ഹൈക്കോടതി നിര്‍ദേശാനുസരണം ആലപ്പുഴ ലീഗല്‍ സര്‍വീസസ് അധികൃതരും സ്ഥത്ത് പരിശോധന നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ട്. ഇതിനിടെയാണ് നഗരസഭയില്‍നിന്ന് കൈയേറ്റമൊഴിപ്പിക്കാന്‍ ചില അനക്കങ്ങള്‍ തുടങ്ങിയത്. നഗരസഭാ ഉദ്യോഗസ്ഥര്‍ സ്ഥലം സന്ദര്‍ശിച്ച് നടപടികളുടെ പ്രരംഭപ്രവര്‍ത്തനമാരംഭിച്ചപ്പോഴാണ് കൈയേറ്റക്കാരുടെ ഭാഗത്തുനിന്ന് കൂടുതല്‍ പ്രകോപനം. ആലപ്പുഴയിലെ ഒരു എംഎല്‍എയുടെ പിന്തുണ ഇതിന് പിന്നിലുണ്ട്. ആലപ്പുഴയിലെ കിടങ്ങാംപറമ്പ് വാര്‍ഡിലെ (പഴയ സനാതനം വാര്‍ഡ്)എസ് എം സില്‍ക്സ് ഉടമസ്ഥരായ സന്തോഷും രണ്ട് സഹോദരന്മാരും, പോപ്പി ഉടമസ്ഥന്‍ ഡേവിസ് തയ്യിലും മിച്ചഭൂമി കൈയ്യേറി നീര്‍ച്ചാല്‍ നികത്തിയതിന് തെളിവുകള്‍ ധാരാളം ഉണ്ടെന്നാണ് നാട്ടുകാര്‍ പറയുന്നത്.

ഹൈക്കോടതി വിധിയുണ്ട്, എന്നിട്ടും ഇതുവരെ ഒഴിപ്പിച്ചിട്ടില്ല. നാട്ടുകാര്‍ കൈയ്യേറ്റക്കാര്‍ക്കെതിരെ ഹൈക്കോടതിയില്‍ കേസും കൊടുത്തു. ഇനി ആരും ഒഴിപ്പിക്കാന്‍ വരില്ല എന്ന ഹുങ്കില്‍ പോപ്പി ഉടമസ്ഥന്‍ ഡേവിസ് തയ്യില്‍ ആള്‍ താമസം പോലും ഇല്ലാത്ത തന്റെ സ്ഥലത്ത് ഒന്നര മാസം മുന്‍പുവരെ പടിയില്ലാതിരുന്ന തന്റെ ഗെയിറ്റിന് രണ്ടടി പൊക്കത്തില്‍ പടിയും കെട്ടി മഴവെള്ളം പോലും തന്റെ പറമ്പില്‍ കേറാത്ത വിധമാക്കി.ഇതോടെ ഈ ഗെയ്റ്റിന്റെ തൊട്ടപ്പുറത്തുള്ള ശാസ്ത്ര സാഹിത്യ ഭവനും, ചുറ്റുമുള്ള വീടുകളിലും ഈ മഴക്കാലത്ത് വെള്ളത്തില്‍ മുങ്ങും.രാഷ്ട്രീയ പിന്‍ബലമില്ലെങ്കില്‍ കൈയ്യേറ്റക്കാരന്‍ ഇങ്ങിനൊക്കെ ചെയ്യുമോ? എന്ന ചോദ്യമാണ് നാട്ടൂകാര്‍ ചോദിക്കുന്നത്.

നീരൊഴുക്ക് തടസപ്പെടുംവിധം സ്വകാര്യ വ്യക്തികള്‍ തോട് നികത്തിയതിന് തെളിവുകള്‍ ഉണ്ടായിട്ടും നഗരത്തിലെ ഉന്നതരുടെ അനധികൃത കൈയ്യേറ്റ ഒഴിപ്പിക്കാന്‍ നഗരസഭയും റവന്യൂവകുപ്പും മടിക്കുന്നതായാണ് ആക്ഷേപം.കയര്‍ യന്ത്ര നിര്‍മ്മാണ കമ്പനിയുടെ വടക്കേയറ്റം അനധികൃതമായി പുറമ്പോക്ക് ഭൂമി കൈയേറി നീര്‍ച്ചാല്‍ നികത്തിയവര്‍ക്കെതിരെയാണ് നോട്ടീസ് നല്‍കിയത്. നീര്‍ച്ചാല്‍ നികത്തിയത് 14 ദിവസത്തിനകം ഒഴിയണമെന്ന് നോട്ടീസ് നല്‍കിയിട്ട് ആറു മാസം ആകുന്നു. 2025 കഴിഞ്ഞ നവംമ്പര്‍ 6നാണ് കയ്യേറ്റക്കാര്‍ക്ക് നോട്ടീസ് നല്‍കിയത്. ഇപ്പോഴും കയ്യേറ്റം ഒഴിപ്പിക്കാനായില്ല.സ്ഥലം കൈയേറിയെന്ന് താലൂക്ക്, വില്ലേജ് ഓഫീസുകളില്‍ നിന്ന് നഗരസഭക്ക് റിപ്പോര്‍ട്ട് നല്‍കിയതാണ്. 14 ദിവസത്തിനകം കൈയ്യേറ്റം പൊളിച്ചു നീക്കണമെന്നും അല്ലെങ്കില്‍ മുനിസിപ്പാലിറ്റീസ് ആക്ട് പ്രകാരം പൊളിച്ച ശേഷം ചെലവായ തുക ഈടാക്കുമെന്നും നഗരസഭ എക്സിക്യൂട്ടീവ് എന്‍ജിനിയര്‍ നോട്ടീസില്‍ വ്യക്തമാക്കിയിരുന്നു.

ഒഴിപ്പിക്കാന്‍ നഗരസഭ തയ്യാറാകത്തതിനെ തുടര്‍ന്ന് നാട്ടുകാര്‍ രണ്ടു തവണ മുഖ്യമന്ത്രിക്ക് പരാതി നല്‍കി. കളക്ടര്‍ നഗരസഭക്ക് കൈയ്യേറ്റം ഒഴിപ്പിക്കാന്‍ കര്‍ശന നിര്‍ദ്ദേശം നല്‍കിയെങ്കിലും ഫലം കണ്ടില്ല. നീതി കിട്ടാനായി പ്രദേശവാസികള്‍ ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്. ഹൈക്കോടതി കളക്ടറോട് വിശദീകരണം തേടിയെങ്കിലും റിപ്പോര്‍ട്ട് കൊടുത്തിട്ടില്ല. 14 ലക്ഷം രൂപ വിലവരുന്ന 10 സെന്റോളം ഭൂമിയാണ് കൈയ്യേറ്റക്കാരെല്ലാവരും കൂടി നികത്തിയത്. മുഖ്യമന്ത്രി, റവന്യൂ മന്ത്രി, തദ്ദേശ സ്വയംഭരണ മന്ത്രി എല്ലാ തെളിവുകളോടും കൂടി പരാതി കൊടുത്തിട്ടും നഗരസഭ കൈയ്യേറ്റം ഒഴിപ്പിക്കുന്നില്ലെന്ന് നാട്ടുകാരുടെ ആക്ഷേപം. ആലപ്പുഴ നഗരസഭയിലെ ചില കൗണ്‍സിലര്‍മാരാണ് കൈയ്യേറ്റം ഒഴിപ്പിക്കാന്‍ തടസമായി നിക്കുന്നതെന്നാണ് നാട്ടുകാരുടെ ആരോപണം. കൈയേറ്റം കളക്ടര്‍ ഇടപെട്ട് ഒഴിപ്പിച്ചില്ലെങ്കില്‍ മുഖ്യമന്ത്രിയെ നേരിട്ട് കാണാന്‍ ഒരുങ്ങുകയാണ് നാട്ടുകാര്‍.

'പുറംപോക്ക് തോട് കൈയേറിയതോടെ 35ഓളം കുടുംബങ്ങള്‍ വെള്ളക്കെട്ടിലാണ്.മഴയ്ക്ക് മുമ്പ് നികത്തിയ നീര്‍ച്ചാല്‍ പൂര്‍വസ്ഥിതിയിലാക്കണം. കുടുംബങ്ങളെ വെള്ളകെട്ടില്‍ നിന്ന് രക്ഷിക്കാന്‍ നഗരസഭ കൈയ്യേറ്റം ഒഴിപ്പിക്കണമെന്നാണ് അവരുടെ ആവശ്യം.