ന്യൂഡല്‍ഹി: പാക്കിസ്ഥാനിലെ ഭീകരതാവളങ്ങളടക്കം ചുട്ടെരിച്ച ഓപ്പറേഷന്‍ സിന്ദൂറിന് പിന്നാലെ ഭീകരരെ സ്‌പോണ്‍സര്‍ ചെയ്യുന്ന പാക്കിസ്ഥാന്‍ ഭരണകൂടത്തിന്റെ നിലപാടുകളെക്കുറിച്ച് ലോകരാഷ്ട്രങ്ങള്‍ക്ക് മുന്നില്‍ വിശദീകരിക്കാനുള്ള ദൗത്യത്തിന് ഒരുങ്ങവെ കേന്ദ്രസര്‍ക്കാരിനെ വിചാരണ ചെയ്ത് വീണ്ടും ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. ഓപ്പറേഷന്‍ സിന്ദൂറിലും തുടര്‍ന്നുണ്ടായ പാകിസ്ഥാനുമായുള്ള സംഘര്‍ഷത്തിലും ഇന്ത്യയുടെ എത്ര യുദ്ധവിമാനങ്ങള്‍ നഷ്ടമായെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കണമെന്നാണ് രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടത്.


ഭീകര കേന്ദ്രങ്ങള്‍ക്ക് എതിരെ മാത്രമായിരുന്നു നീക്കമെന്ന് തുടക്കത്തില്‍ പാക്കിസ്ഥാനെ അറിയിച്ചുവെന്ന വിദേശകാര്യമന്ത്രി എസ് ജയശങ്കറിന്റെ വാക്കുകള്‍ ചൂണ്ടിക്കാട്ടിയാണ് രാഹുല്‍ ഗാന്ധി വിമര്‍ശനവുമായി രംഗത്ത് വന്നത്. പാക്കിസ്ഥാനെ ഇന്ത്യന്‍ നീക്കം അറിയിച്ചത് കുറ്റകരമാണെന്നും രാഹുല്‍ ഗാന്ധി സമൂഹ മാധ്യമമായ എക്‌സില്‍ തന്റെ ഔദ്യോഗിക ഹാന്‍ഡിലില്‍ കുറിച്ചു. എന്നാല്‍ ഭീകര കേന്ദ്രങ്ങളെല്ലാം തകര്‍ത്ത ശേഷമാണ് സൈനിക നീക്കമല്ലെന്ന മുന്നറിയിപ്പ് പാകിസ്ഥാന് നല്‍കിയതെന്ന് ഇതുമായി ബന്ധപ്പെട്ട വിവാദത്തില്‍ കേന്ദ്രസര്‍ക്കാര്‍ വൃത്തങ്ങള്‍ നേരത്തെ വിശദീകരിച്ചിരുന്നു.

ഓപ്പറേഷന്‍ സിന്ദൂറിന് പിന്നാലെ കോണ്‍ഗ്രസ് നേതാക്കള്‍ നടത്തിയ പല പ്രതികരണങ്ങളും കടുത്ത വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു. കോണ്‍ഗ്രസ് നേതാക്കളുടെ വിമര്‍ശനങ്ങള്‍ പാക്കിസ്ഥാനിലെ മാധ്യമങ്ങളടക്കം ചര്‍ച്ചയാക്കിയത് വിവാദമായിരുന്നു. ഇതിനിടെയാണ് വീണ്ടും കേന്ദ്ര വിദേശകാര്യമന്ത്രാലയത്തെടക്കം സംശയത്തിന്റെ മുനയില്‍ നിര്‍ത്തി വീണ്ടും രാഹുല്‍ ഗാന്ധി രംഗത്ത് വന്നത്. പഹല്‍ഗാം ആക്രമണം, ഓപ്പറേഷന്‍ സിന്ദൂര്, വെടിനിര്‍ത്തല്‍ എന്നിവ ചര്‍ച്ച ചെയ്യാന്‍ പ്രത്യേക പാര്‍ലമെന്റ് സമ്മേളനം വിളിക്കണമെന്ന് ആവശ്യപ്പെട്ട രാഹുല്‍ ഗാന്ധി പ്രധാനമന്ത്രി മോദിക്ക് പ്രത്യേക കത്ത് എഴുതിയിരുന്നു. എന്നാല്‍ പാര്‍ലമെന്റ് സമ്മേളനമല്ല, മറിച്ച് സര്‍വകക്ഷി സമ്മേളനമാണ് വേണ്ടതെന്ന് ഇന്ത്യമുന്നണിയിലെ പ്രമുഖ കക്ഷിനേതാക്കള്‍ പ്രതികരിച്ചിരുന്നു.

പഹല്‍ഗാം ഭീകരാക്രമണത്തിനും ഓപ്പറേഷന്‍ സിന്ദൂരിന്റെ ഭാഗമായി പാകിസ്ഥാന്‍, പാക് അധീന കശ്മീരില്‍ നടന്ന വ്യോമാക്രമണങ്ങള്‍ക്കും ശേഷം സര്‍ക്കാര്‍ ഒരു സര്‍വകക്ഷി യോഗം വിളിച്ചിരുന്നു. ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള വെടിനിര്‍ത്തല്‍ ആദ്യം അറിയിച്ചത് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ആയിരുന്നു. ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ 'എല്ലാ സൈനിക നടപടികളും നിര്‍ത്തിവയ്ക്കാന്‍' ധാരണയില്‍ എത്തിയതായി ട്രംപ് തന്റെ ട്രൂത്ത് സോഷ്യല്‍ പ്ലാറ്റ്ഫോമിലൂടെ പ്രഖ്യാപിക്കുകയായിരുന്നു. എന്നാല്‍, ഇന്ത്യയുടെ വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി വ്യക്തമാക്കിയത്, ഇന്ത്യയുടെയും പാകിസ്ഥാന്റെയും ഡയറക്ടര്‍ ജനറല്‍ ഓഫ് മിലിട്ടറി ഓപ്പറേഷന്‍സ് (DGMOs) തമ്മിലുള്ള നേരിട്ടുള്ള ചര്‍ച്ചകള്‍ വഴിയാണ് വെടിനിര്‍ത്തല്‍ ധാരണയിലെത്തിയതെന്നായിരുന്നു.

അതേ സമയം അതിര്‍ത്തി കടന്നുള്ള ഭീകരതയില്‍ ഇന്ത്യയുടെ നിലപാട് അവതരിപ്പിക്കാന്‍ വിദേശത്തേക്ക് അയക്കേണ്ടവരുടെ പട്ടികയില്‍ ശശി തരൂരിനെ കോണ്‍ഗ്രസ് ഉള്‍പ്പെടുത്താത്തിലും, തരൂരിനെ അയക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചതുമായി ബന്ധപ്പെട്ടും വിവാദം ഉയര്‍ന്നിരുന്നു. ഇന്ത്യയ്ക്കുവേണ്ടി സംസാരിക്കുന്ന സ്വന്തം പാര്‍ട്ടിക്കാരെ രാഹുല്‍ ഗാന്ധി വെറുക്കുന്നുവെന്ന് ആരോപിച്ച് ബിജെപി വക്താവ് പ്രദീപ് ഭണ്ഡാരി രംഗത്തെത്തി.

പാര്‍ലമെന്ററി പ്രതിനിധി സംഘം നയിക്കാന്‍ തിരഞ്ഞെടുത്തതിന് സ്വന്തം പാര്‍ട്ടിക്കാരനായ ശശി തരൂരിനെ ജയറാം രമേശ് എതിര്‍ക്കുന്നു. ഇന്ത്യയ്ക്കുവേണ്ടി സംസാരിക്കുന്ന സ്വന്തം പാര്‍ട്ടിയില്‍ നിന്നുള്ളവരെ പോലും രാഹുല്‍ ഗാന്ധി എന്തിനാണ് വെറുക്കുന്നത്? -പ്രദീപ് ഭണ്ഡാരി ചോദിച്ചു.

വിദേശത്തേക്ക് അയയ്ക്കേണ്ട പ്രതിനിധി സംഘത്തിലേക്ക് നാലു എം.പിമാരുടെ പേരുകള്‍ സമര്‍പ്പിക്കാന്‍ കോണ്‍ഗ്രസിനോട് കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു. കോണ്‍ഗ്രസ് സമര്‍പ്പിച്ച പേരുകളില്‍ തരൂര്‍ ഉണ്ടായിരുന്നില്ല. മുന്‍ കേന്ദ്ര കാബിനറ്റ് മന്ത്രി ആനന്ദ് ശര്‍മ്മ, ഗൗരവ് ഗൊഗോയ്, ഡോ. സയ്യിദ് നസീര്‍ ഹുസൈന്‍ എം.പി, രാജ ബ്രാര്‍ എം.പി എന്നിവരുടെ പേരുകളാണ് കോണ്‍ഗ്രസ് നല്‍കിയത്. എന്നാല്‍, പ്രതിനിധി സംഘത്തില്‍ ശശി തരൂരിനെ കേന്ദ്ര സര്‍ക്കാര്‍ ഉള്‍പ്പെടുത്തുകയും ചെയ്തു.

തങ്ങള്‍ നല്‍കിയ പട്ടികയില്‍ ശശി തരൂര്‍ ഉണ്ടായിരുന്നില്ലെന്ന് ജയ്‌റാം രമേശ് തന്നെ ഇന്ന് വ്യക്തമാക്കിയിരുന്നു. കേന്ദ്ര സര്‍ക്കാറിന്റെ ക്ഷണം ബഹുമതിയായി കാണുന്നു എന്നാണ് ശശി തരൂര്‍ പ്രതികരിച്ചത്.

നേരത്തെ, ഇന്ത്യ-പാക്കിസ്ഥാന്‍ സംഘര്‍ഷവുമായി ബന്ധപ്പെട്ട അഭിപ്രായപ്രകടനങ്ങളില്‍ ശശി തരൂരിനു കോണ്‍ഗ്രസ് നേതൃത്വം ശക്തമായ താക്കീത് നല്‍കിയിരുന്നു. പാര്‍ട്ടി നിലപാടിനു വിരുദ്ധമായ അഭിപ്രായത്തിന്റെ പേരിലായിരുന്നു താക്കീത്. തരൂര്‍ 'ലക്ഷ്മണരേഖ' കടന്നു എന്ന് പ്രവര്‍ത്തകസമിതി യോഗത്തില്‍ നേതാക്കള്‍ അഭിപ്രായപ്പെട്ടിരുന്നു.