- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
ഞാന്‍ റാപ്പ് പാടും, തൊണ്ടയുണ്ടെങ്കില്‍ ഗസലും പാടിയേനെ; വിഘടനവാദിയാക്കാന്‍ മനഃപൂര്‍വം ശ്രമം; സംഘപരിവാറും- ജനാധിപത്യവും തമ്മില്‍ പുലബന്ധമില്ലെന്നും റാപ്പര്‍ വേടന്‍; കെ പി ശശികലക്കെതിരെ കേസെടുക്കണമെന്ന് പി ജയരാജന്‍
സംഘ്പരിവാറിന് നിങ്ങള്‍ അത് ചെയ്താല്‍ മതിയെന്ന ധാര്‍ഷ്ട്യം: വേടന്‍
കൊച്ചി: ഹിന്ദു ഐക്യവേദി മുഖ്യരക്ഷാധികാരി കെ പി ശശികലയുടെ പരാമര്‍ശത്തിന് പ്രതികരണവുമായി റാപ്പര്‍ വേടന്‍. വേടന്‍ റാപ്പ് ചെയ്യേണ്ടന്ന തിട്ടൂരമാണ് ശശികലയുടെ പ്രസ്താവനയെന്ന് വേടന്‍ കുറ്റപ്പെടുത്തി. താന്‍ മുന്നോട്ട് വെക്കുന്ന രാഷ്ട്രീയത്തിനെ ഭയക്കുന്നത് കൊണ്ടാണത്. റാപ്പ് ചെയുന്നത് എന്തിനാണ് എന്ന ചോദ്യം ജനാധിപത്യവിരുദ്ധമാണ്. സംഘപരിവാറും- ജനാധിപത്യവും തമ്മില്‍ പുലബന്ധമില്ലെന്നും വേടന്‍ കൊച്ചിയില്‍ പറഞ്ഞു.
തന്നെ വിഘടനവാദിയാക്കാന്‍ മനഃപൂര്‍വം ശ്രമം നടക്കുകയാണ്. തനിക്ക് പിന്നില്‍ ഒരു തീവ്രവാദ ശക്തികളുമില്ല. കൃത്യമായ നികുതിയടച്ച പണമാണ് തന്റെ പക്കല്‍ ഉള്ളത്. തന്റെ കയ്യില്‍ നിന്ന് പിടിച്ച 'പുലിപ്പല്ല്'എവിടെ എന്നറിയില്ലെന്നും വേടന്‍ പറഞ്ഞു.
നിങ്ങള്‍ ഏതെങ്കിലും ഒരു കാര്യം മാത്രം ചെയ്താല്‍ മതിയെന്ന ധാര്‍ഷ്ട്യമാണ് സംഘ്പരിവാറിനെന്ന് വേടന്‍ പറഞ്ഞു. താന്‍ റാപ്പ് പാടും. പറ്റുമായിരുന്നെങ്കില്‍ ഗസലും പാടിയേനേ. ക്ലാസിക് പാടാനുള്ള തൊണ്ടയില്ലാതെ പോയി. അല്ലെങ്കില്‍ അതും പാടുമായിരുന്നുവെന്നും വേടന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.
റാപ്പ് സംഗീതവും പട്ടികജാതി, പട്ടികവര്‍ഗ വിഭാഗങ്ങളുമായി യതൊരു ബന്ധവുമില്ലെന്ന് ശശികല പറഞ്ഞല്ലോ? അപ്പോള്‍ ജനാധിപത്യവും തീവ്രഹിന്ദുത്വ രാഷ്ട്രീയവും തമ്മില്‍ യതൊരു ബന്ധവുമില്ലെന്നും വേടന്‍ മാദ്ധ്യമങ്ങളോട് പറഞ്ഞു.'റാപ്പ് സംഗീതവും പട്ടികജാതി, പട്ടികവര്‍ഗ വിഭാഗങ്ങളുമായി പുലബന്ധം പോലുമില്ലെന്നാണല്ലോ അവര്‍ പറഞ്ഞത്? അപ്പോള്‍ ജനാധിപത്യവും തീവ്രഹിന്ദുത്വ രാഷ്ട്രീയവും തമ്മില്‍ ഒരു ബന്ധവുമില്ല. ഞാന്‍ ജനാധിപത്യത്തിന്റെ കൂടെ നിന്ന് ജനങ്ങള്‍ക്ക് വേണ്ടി സംസാരിക്കുന്ന ആളായിട്ടാണ് എനിക്ക് തോന്നിയിട്ടുള്ളത്. അതുകൊണ്ടായിരിക്കാം നിരവധി പേര്‍ എനിക്കെതിരെ സംസാരിക്കുന്നത്',- വേടന്‍ പറഞ്ഞു.
സര്‍ക്കാര്‍ സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുത്തതുമായി ബന്ധപ്പെട്ട വിമര്‍ശനങ്ങളോടും വേടന്‍ പ്രതികരിച്ചു. ജനങ്ങള്‍ തിരഞ്ഞെടുത്ത സര്‍ക്കാരിന്റെ പരിപാടിക്കാണ് താന്‍ പോയത്. ഏതെങ്കിലും ഒരു പാര്‍ട്ടിയുടെ ഭാഗമായി ചിത്രീകരിക്കാന്‍ ശ്രമിക്കുന്നത് മണ്ടത്തരമായാണ് തനിക്ക് തോന്നിയിട്ടുള്ളത്. വേടന്‍ ഒരു സ്വതന്ത്ര കലാകാരനാണെന്നാണ് താന്‍ എപ്പോഴും പറയുന്നത്. കക്ഷി രാഷ്ട്രീയത്തിന്റെ ഭാഗമായി ചെയ്യുകയാണെങ്കില്‍ സ്വാതന്ത്ര്യം പോകുമെന്നാണ് കരുതുന്നത്. അതേസമയം തന്നെ എല്ലാ ജനാധിപത്യ മര്യാദകളും പാലിച്ച് ജനങ്ങള്‍ തിരഞ്ഞെടുത്ത സര്‍ക്കാരിനൊപ്പം നില്‍ക്കുക എന്നത് ഒരു പൗരന്‍ എന്ന നിലയില്‍ തന്റെ കടമയാണ്. അതാണ് താന്‍ നിര്‍വഹിച്ചതെന്നും വേടന്‍ പറഞ്ഞു.
ഇന്നലെയാണ് റാപ്പര്‍ വേടനെ കടുത്ത ഭാഷയില്‍ അധിക്ഷേപിച്ച് കെ പി ശശികല രംഗത്തെത്തിയത്. വേടന്മാരുടെ തുണിയില്ലാച്ചാട്ടങ്ങള്‍ക്ക് മുമ്പിലാണ് സമാജം അപമാനിക്കപ്പെടുന്നതെന്ന് അവര്‍ പറഞ്ഞു. പാലക്കാട് കളക്ടറേറ്റിന് മുന്നില്‍ ഹിന്ദു ഐക്യവേദി സംഘടിപ്പിച്ച പരിപാടിയിലാണ് ശശികല ഇക്കാര്യം പറഞ്ഞത്.'പട്ടികജാതി, പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്ക് തനതായ എന്തെല്ലാം കലാരൂപങ്ങളുണ്ട്? റാപ്പ് സംഗീതമാണോ അവരുടെ തനതായ കലാരൂപം? ഗോത്രസംസ്‌കൃതി അതാണോ? അവരുടെ വ്യക്തിത്വം ഉറപ്പിക്കേണ്ടത് അതിലൂടെയാണോ? പട്ടികജാതി, പട്ടികവര്‍ഗ വികസന വകുപ്പിന്റെ ഫണ്ട് ചെലവഴിച്ച് പാലക്കാട്ട് ഒരു പരിപാടി നടത്തുമ്പോള്‍ പട്ടികജാതി, പട്ടികവര്‍ഗ വിഭാഗവുമായി പുലബന്ധം പോലുമില്ലാത്ത റാപ്പ് മ്യൂസിക്കാണോ നടത്തേണ്ടത്?
കഞ്ചാവ് ഉപയോഗിക്കുന്നവര്‍ പറയുന്നതേ കേള്‍ക്കൂ എന്ന ഭരണരീതി മാറ്റണം. വേദിയിലെത്തിച്ച്, അതിന്റെ മുന്നില്‍ പതിനായിരങ്ങള്‍ തള്ളേണ്ടി വരുന്ന, തുള്ളിക്കേണ്ടി വരുന്ന ഗതികേട്, ആടിക്കളിക്കെടാ കുഞ്ഞിരാമാ ചാടിക്കളിക്കെടാ കുഞ്ഞിരാമാ എന്ന് പറഞ്ഞ്, കുഞ്ഞിരാമന്മാരെ ചാടിക്കളിപ്പിക്കുന്ന സംവിധാനങ്ങള്‍ അവസാനിപ്പിക്കാന്‍ സമയമായി. ഭരണകൂടത്തിന് മുന്നില്‍ കെഞ്ചാനല്ല, ആജ്ഞാപിക്കാനാണ് ഹിന്ദു ഐക്യവേദി എത്തിയിരിക്കുന്നത്',- എന്നാണ് അവര്‍ പറഞ്ഞത്. പാലക്കാട് ഹിന്ദു ഐക്യവേദി സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുന്നതിനിടെയായിരുന്നു വേടനെതിരെ ശശികല അധിക്ഷേപ പരാമര്‍ശം നടത്തിയത്.
റാപ്പര്‍ വേടനെതിരായ അധിക്ഷേപ പരാമര്‍ശത്തില്‍ ഹിന്ദു ഐക്യവേദി നേതാവ് കെ പി ശശികലയ്ക്കെതിരെ സിപിഎം നേതാവ് പി ജയരാജന്‍ രംഗത്ത് വന്നു. വര്‍ഗീയ വിഷപാമ്പിന്റെ വായില്‍ നിന്ന് കൂടുതല്‍ പ്രതീക്ഷിക്കേണ്ടെന്നും വേടനെതിരെ നടന്നത് ജാതീയ അധിക്ഷേപമാണെന്നും പി ജയരാജന്‍ പറഞ്ഞു.
സംഘപരിവാര്‍ പട്ടികജാതി വിഭാഗത്തെ അധിക്ഷേപിക്കുകയാണെന്ന് പി ജയരാജന്‍ പറഞ്ഞു. പട്ടികജാതിക്കാരെ സംഘ്പരിവാര്‍ അവരുടെ ആവശ്യങ്ങള്‍ക്ക് വേണ്ടി ഉപയോഗിച്ച് വലിച്ചെറിയുകയാണ്. പട്ടികജാതിക്കാരോട് സംഘ്പരിവാറിനുള്ളത് കപട സ്നേഹമാണെന്നും പി ജയരാജന്‍ പറഞ്ഞു.
നേരത്തെ, റാപ്പര്‍ വേടനെതിരായ വിദ്വേഷ പ്രസംഗത്തില്‍ കേസരി മുഖ്യപത്രാധിപര്‍ എന്‍ആര്‍ മധുവിനെതിരെ കൊല്ലം കിഴക്കേ കല്ലട പൊലീസ് കേസെടുത്തിരുന്നു. സിപിഎം കിഴക്കേ കല്ലട ലോക്കല്‍ സെക്രട്ടറി വേലായുധന്റെ പരാതിയിലാണ് കേസെടുത്തത്. കലാപ ആഹ്വാനത്തിനുള്ള വകുപ്പ് ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.
വേടന്റെ പാട്ടുകള്‍ ജാതി ഭീകരവാദം പ്രചരിപ്പിക്കുന്നവയാണെന്നാണ് മധു പ്രസംഗിച്ചത്. കൊല്ലം കുണ്ടറയിലെ ക്ഷേത്ര പരിപാടിയിലായിരുന്നു പ്രസംഗം. വളര്‍ന്നു വരുന്ന തലമുറയിലേക്ക് വിഷം കുത്തിവെക്കുന്ന കലാഭാസമാണിതെന്നും വേടന്റെ പിന്നില്‍ രാജ്യത്തിന്റെ വിഘടനം സ്വപ്നം കാണുന്ന സ്‌പോണ്‍സര്‍മാരുണ്ടെന്നും പറഞ്ഞിരുന്നു. ആള് കൂടാന്‍ വേടന്റെ പാട്ട് വെക്കുന്നവര്‍ നാളെ അമ്പല പറമ്പില്‍ ക്യാബറെ ഡാന്‍സും വെക്കുമെന്നും മധു പറഞ്ഞിരുന്നു. ഇതിനെതിരെയാണ് കേസ്.