സിയോള്‍: ഉത്തരകൊറിയയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ യുദ്ധക്കപ്പല്‍ എന്ന ഖ്യാതിയോടെ കഴിഞ്ഞമാസം നിര്‍മ്മാണം പൂര്‍ത്തിയാക്കിയ യുദ്ധക്കപ്പല്‍ ലോഞ്ചിങ്ങിനിടെ തകര്‍ന്നതായി റിപ്പോര്‍ട്ട്. പകുതിയോളം കടലില്‍ മുങ്ങിയ നിലയില്‍ കേടുപാടുകള്‍ പറ്റിയ കപ്പല്‍ നീല ടാര്‍പോളിന്‍ ഷീറ്റുകൊണ്ട് മറച്ച നിലയിലുള്ള ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്. വടക്കുകിഴക്കന്‍ തുറമുഖമായ ചോങ്ജിനില്‍ യുദ്ധക്കപ്പലിന്റെ വിക്ഷേപണ ചടങ്ങിനിടെയാണ് അപകടം സംഭവിച്ചതെന്ന് കൊറിയന്‍ സെന്‍ട്രല്‍ ന്യൂസ് ഏജന്‍സിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. 5,000 ടണ്‍ ഭാരമുള്ള ഡിസ്ട്രോയര്‍ യുദ്ധക്കപ്പല്‍ അനുഭവപരിചയമില്ലാത്ത കമാന്‍ഡറുടെ പ്രവര്‍ത്തനത്തെ തുടര്‍ന്ന് ഫ്ളാറ്റ്കാറില്‍ നിന്ന് തെന്നിമാറുകയായിരുന്നുവെന്നും അപകടത്തില്‍ കപ്പലിന്റെ അടിഭാഗം തകര്‍ന്നെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഉത്തരകൊറിയയുടെ സൈനിക ശേഷി വര്‍ദ്ധിപ്പിക്കുന്നതിനാണ് ഡിസ്ട്രോയറുകളുടെ നിര്‍മ്മാണത്തില്‍ രാജ്യം ഇപ്പോള്‍ ശ്രദ്ധ ചെലുത്തുന്നത്.

യുദ്ധക്കപ്പല്‍ വെള്ളത്തില്‍ ഒരു വശത്തേക്ക് ചരിഞ്ഞു കിടക്കുകയാണെന്ന് ദക്ഷിണ കൊറിയന്‍ വക്താവ് പറഞ്ഞു. ഉദ്യോഗസ്ഥരുടെ നിരുത്തരവാദപരമായ തെറ്റുകള്‍ അടുത്ത മാസം ചേരുന്ന പാര്‍ട്ടി കേന്ദ്ര കമ്മിറ്റിയുടെ പ്ലീനറി യോഗത്തില്‍ കൈകാര്യം ചെയ്യപ്പെടുമെന്ന് കിം അറിയിച്ചതായും കെസിഎന്‍എയുടെ റിപ്പോര്‍ട്ടിലുണ്ട്. പ്യോങ്യാങ്, ചോ ഹ്യോണ്‍ എന്ന 5,000 ടണ്‍ ഭാരമുള്ള മറ്റൊരു ഡിസ്ട്രോയര്‍-ക്ലാസ് കപ്പല്‍ അനാച്ഛാദനം ചെയ്ത് ഒരു മാസത്തിന് ശേഷമാണ് ഈ സംഭവം നടന്നത്. കിമ്മും മകള്‍ ജു എയും യുദ്ധക്കപ്പലിന്റെ ലോഞ്ചിങ്ങ് ചടങ്ങില്‍ പങ്കെടുത്തിരുന്നു. കപ്പലില്‍ 'ഏറ്റവും ശക്തമായ ആയുധങ്ങള്‍' സജ്ജീകരിച്ചിട്ടുണ്ടെന്നും അത് അടുത്ത വര്‍ഷം ആദ്യം പ്രവര്‍ത്തനക്ഷമമാകുമെന്നും ഉത്തര കൊറിയ അവകാശപ്പെട്ടിരുന്നു.

സംഭവത്തിന് പിന്നാലെ നിര്‍മ്മാതാക്കള്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി രാജ്യത്തിന്റെ പരമോന്നത നേതാവ് കിം ജോങ് ഉന്‍ രംഗത്തെത്തി. തികഞ്ഞ അശ്രദ്ധ മൂലമുണ്ടായ ഒരു ക്രിമിനല്‍ പ്രവൃത്തി എന്നാണ് കിം അപകടത്തെ വിശേഷിപ്പിച്ചതെന്നും അത് പൊറുക്കാന്‍ കഴിയില്ല എന്ന് പറഞ്ഞതായും കെസിഎന്‍എ റിപ്പോര്‍ട്ട് ചെയ്തു. അപകടത്തിന് വഴിവെച്ച ഉദ്യോഗസ്ഥരെ അദ്ദേഹം വിമര്‍ശിക്കുകയും സംഭവം ഉത്തര കൊറിയയുടെ അന്തസ്സും ആത്മാഭിമാനവും തകര്‍ച്ചയിലേക്ക് നയിച്ചുവെന്ന് ചൂണ്ടിക്കാട്ടുകയും ചെയ്തു. അടുത്ത മാസം നടക്കുന്ന ഭരണകക്ഷിയായ വര്‍ക്കേഴ്സ് പാര്‍ട്ടിയുടെ കേന്ദ്ര കമ്മിറ്റിയുടെ പ്ലീനറി യോഗത്തിന് മുമ്പ് കപ്പല്‍ പുനഃസ്ഥാപിക്കാന്‍ അദ്ദേഹം ഉത്തരവിട്ടിട്ടുണ്ട്.

അമേരിക്കയില്‍ നിന്നും പ്രാദേശിക സഖ്യകക്ഷികളില്‍ നിന്നുമുള്ള ഭീഷണികളെ ചെറുക്കുന്നതിനും സൈനികവ്യാപ്തി വര്‍ദ്ധിപ്പിക്കുന്നതിനുമുള്ള കിം ജോങ് ഉന്നിന്റെ തന്ത്രത്തിന്റെ പ്രധാന ഭാഗമാണ് ഉത്തരകൊറിയയുടെ നാവിക നവീകരണം. ഭാവിയിലെ ഒരു ചുവടുവയ്പ്പായി ആണവശക്തിയുള്ള അന്തര്‍വാഹിനി വികസിപ്പിക്കുന്നതിനെക്കുറിച്ചും കിം സൂചന നല്‍കിയിട്ടുണ്ട്. റഷ്യയുടെ സഹായത്തോടെയാണ് ഈ കപ്പല്‍ വികസിപ്പിച്ചതെന്ന് അന്താരാഷ്ട്ര വിശകലന വിദഗ്ധര്‍ സൂചിപ്പിക്കുന്നു. കൊറിയന്‍ ഉപദ്വീപില്‍ സംഘര്‍ഷം രൂക്ഷമായ സാഹചര്യത്തിലാണ് പരാജയം സംഭവിച്ചതെന്നതും പ്രശ്നത്തിന്റെ ഗൗരവം വര്‍ധിപ്പിക്കുന്നു.

500 ടണ്‍ ഭാരം..400 ദിവസത്തില്‍ നിര്‍മ്മാണം! തകര്‍ന്നത് രാജ്യത്തെ വലിയ യുദ്ധക്കപ്പല്‍

'കിം ജോങ് ഉന്‍ സ്റ്റൈല്‍' എന്ന് വിശേഷണത്തോടെയാണ് 500 ടണ്‍ ഭാരം വരുന്ന രാജ്യത്തെ തന്നെ ഏറ്റവും വലിയ യുദ്ധക്കപ്പല്‍ നിര്‍മ്മിച്ചത്. വര്‍ക്കേഴ്സ് പാര്‍ട്ടിയുടെ വിപ്ലവ പോരാളിയായിരുന്ന ചോ ഹ്യോണിന്റെ സ്മരണാര്‍ത്ഥം ഈ പുതിയ ഡിസ്ട്രോയറിന് 'ചോ ഹ്യോണ്‍-ക്ലാസ്' എന്നാണ് പേര് നല്‍കിയിരിന്നത്. ഏകദേശം 400 ദിവസത്തിനുള്ളില്‍ പൂര്‍ണ്ണമായും തദ്ദേശീയമായ സാങ്കേതികവിദ്യ ഉപയോഗിച്ചാണ് കപ്പല്‍ നിര്‍മ്മിച്ചതെന്നാണ് അധികൃതര്‍ വ്യക്തമാക്കിയത്.

ഈ കപ്പലില്‍ നിരവധി ലംബ വിക്ഷേപണ സംവിധാനങ്ങള്‍ ഉള്‍ക്കൊള്ളുന്നു.ഇത് കപ്പലിന് കൂടുതല്‍ മിസൈലുകള്‍ വഹിക്കാനും വിക്ഷേപണം എളുപ്പമാക്കാനും സഹായിക്കും.വിവിധതരം മിസൈലുകള്‍ - ഭൂതല-വായു മിസൈലുകള്‍, കപ്പല്‍വേധ മിസൈലുകള്‍, അന്തര്‍വാഹിനിവേധ മിസൈലുകള്‍, ബാലിസ്റ്റിക്, ക്രൂയിസ് മിസൈലുകള്‍ എന്നിവ വഹിക്കാനുള്ള ശേഷി ഇതിനുണ്ടെന്ന് കരുതപ്പെടുന്നു. ചില റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത് 70-ല്‍ അധികം മിസൈലുകള്‍ വഹിക്കാന്‍ ഇതിന് സാധിക്കുമെന്നാണ്.

അത്യാധുനിക ആയുധങ്ങള്‍ ഈ കപ്പലില്‍ സജ്ജീകരിച്ചിരിക്കുന്നു എന്ന് ഉത്തരകൊറിയ അവകാശപ്പെടുന്നു.ഇതില്‍ 'ഏറ്റവും ശക്തമായ' പ്രതിരോധ, ആക്രമണ സംവിധാനങ്ങള്‍ ഉള്‍പ്പെടുന്നു.2026 ന്റെ തുടക്കത്തില്‍ നാവികസേനയുടെ ഭാഗമാക്കുക എന്ന ലക്ഷ്യത്തോടെയാണ് യുദ്ധക്കപ്പല്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്.