ന്യൂഡല്‍ഹി: വിദേശത്ത് രാഷ്ട്രീയം കളിക്കാനില്ലെന്നും ഇന്ത്യയുടെ നിലപാട് ഒറ്റക്കെട്ടായി അവതരിപ്പിക്കുമെന്നും ശശി തരൂര്‍ എംപി. ഇന്ത്യയ്ക്കകത്ത് വ്യത്യസ്ത നിലപാട് ഉയരുന്നതില്‍ തെറ്റില്ലെന്നും എന്നാല്‍ വിദേശത്തേക്ക് പോകുന്നത് ഇന്ത്യയുടെ കാഴ്ചപ്പാട് അവതരിപ്പിക്കാന്‍ മാത്രമാണെന്നും തരൂര്‍ വ്യക്തമാക്കി. ഭീകരതയുടെ ഇരയാണ് ഇന്ത്യ എന്നത് തുറന്ന് കാട്ടുമെന്നും ശശി തരൂര്‍ പ്രതികരിച്ചു. ശശി തരൂര്‍ നയിക്കുന്ന സംഘം ഇന്ന് യുഎസിലേക്ക് തിരിക്കും. ലോകത്തിന് മുന്നില്‍ പാക് ഭീകരത തുറന്ന് കാട്ടാനും ഓപ്പറേഷന്‍ സിന്ദൂറിനെക്കുറിച്ച് വിശദീകരിക്കാനുമാണ് നയതന്ത്ര തലത്തില്‍ ഇന്ത്യ പ്രതിനിധികളുടെ സംഘങ്ങളെ അയക്കുന്നത്.

എന്‍സിപി ശരദ് പവാര്‍ ഘടകത്തിന്റെ എംപി സുപ്രിയ സുലെ അധ്യക്ഷയായ സംഘം ദക്ഷിണാഫ്രിക്ക, ഖത്തര്‍, ഈജിപ്ത്, എത്യോപിയ എന്നീ രാജ്യങ്ങളില്‍ സന്ദര്‍ശനം നടത്തും. മുന്‍ വിദേശകാര്യമന്ത്രിയായ വി. മുരളീധരനും ഈ സംഘത്തിലുണ്ട്. കഴിഞ്ഞ ദിവസം പുറപ്പെട്ട ബിജെപി എംപി ബൈജയന്ത് പാണ്ഡയുടെ നേതൃത്വത്തിലുള്ള സംഘം ഇന്ന് ബഹറിനിലെത്തും. ശിവസേന എംപി ശ്രീകാന്ത് ഷിന്‍ഡെയുടെ നേതൃത്വത്തിലുള്ള സംഘത്തിന്റെ യുഎഇ പര്യടനം പൂര്‍ത്തിയായിട്ടുണ്ട്. ഡിഎംകെ എംപി കനിമൊഴിയുടെ നേതൃത്വത്തിലുള്ള സംഘം റഷ്യന്‍ പര്യടനം ഇന്ന് പൂര്‍ത്തിയാക്കും.

ഡോ.ശശി തരൂര്‍ എം പിയുടെ നേതൃത്വത്തിലുള്ള സംഘം അമേരിക്കയിലേക്ക് പുറപ്പെട്ടു. ഒമ്പതു പേര്‍ അടങ്ങുന്നതാണ് സംഘം. യുഎസ്, ബ്രസീല്‍, ഗയാന, കൊളംബിയ ഉള്‍പ്പെടെ സംഘം സന്ദര്‍ശിക്കും. ആദ്യം അമേരിക്കയിലാണ് എത്തുന്നത്. അവിടെ 9/11 മെമ്മോറിയല്‍ സംഘം സന്ദര്‍ശിക്കും. ഇന്ത്യയുടെ ഭീകരതയ്‌ക്കെതിരായ നിലപാട് വിശദീകരിക്കാന്‍ കൂടിയാണ് അത്. അതിന് ശേഷം ഗയാനയില്‍ പോകും. പനാമയും കൊളംബിയയും ബ്രസീലും സന്ദര്‍ശിച്ച് ഇന്ത്യന്‍ സംഘം പിന്നീട് അമേരിക്കയിലേക്ക് തിരിച്ചെത്തും. വാഷിങ്ടണ്‍ ഡിസിയില്‍ നിര്‍ണ്ണായക ചര്‍ച്ചകള്‍ നടക്കും. 2011ലെ സെപ്റ്റംബര്‍ 11നായിരുന്നു അമേരിക്കയിലെ വേള്‍ഡ് ട്രേഡ് സെന്റര്‍ അല്‍ഖയ്ദ ആക്രമിച്ചത്. അതിന് നേതൃത്വം നല്‍കിയ ഒസാമാ ബിന്‍ ലാദനെ അമേരിക്ക വകവരുത്തിയത് പാക്കിസ്ഥാനില്‍ വച്ചാണ്. അതേ പാക്കിസ്ഥാനിലെ തീവ്രവാദമാണ് പഹല്‍ഗാമിലെ നിരപരാധികളുടെ ജീവന്‍ എടുത്തത്. ഇത് ഓര്‍മ്മിപ്പിക്കാണ് തരൂരും സംഘം 9/11 മെമ്മോറിയല്‍ സന്ദര്‍ശിക്കുന്നത്.

വിവിധ രാജ്യങ്ങളിലേക്ക് പുറപ്പെടുന്ന നാലാം സംഘത്തിനാണ് ശശി തരൂര്‍ നേതൃത്വം നല്‍കുന്നത്. ഭീകരവാദികള്‍ ഇന്ത്യയില്‍ കടന്നെത്തി ഇന്ത്യന്‍ പൗരന്മാരെ ക്രൂരമായി കൊലപ്പെടുത്തിയ സാഹചര്യം ലോക രാജ്യങ്ങല്‍ക്കു മുമ്പില്‍ വ്യക്തതയോടെ വിശദീകരിക്കുമെന്ന് ശശി തരൂര്‍ പറഞ്ഞു. ഭീകരവാദം കൊണ്ട് നമ്മുടെ രാജ്യത്തെ നിശബ്ദമാക്കാന്‍ സാധിക്കില്ലെന്നും ലോകത്തെ അത് ബോധ്യപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. ഇത് സമാധാനത്തിന്റേയും പ്രതീക്ഷയുടേയും ദൗത്യമാണ്. സമാധാനം, ജനാധിപത്യം, സ്വാതന്ത്ര്യം തുടങ്ങി ലോകത്ത് നിലനില്‍ക്കേണ്ടതായ മൂല്യങ്ങളുടെ സംരക്ഷണത്തിനാണ് ഇന്ത്യ നിലകൊള്ളുന്നതെന്ന് ലോകത്തെ ബോധ്യപ്പെടുത്തുമെന്നും ശശി തരൂര്‍ കൂട്ടിച്ചേര്‍ത്തു.

അമേരിക്കയില്‍ എത്തുമ്പോള്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെ നേരിട്ട് കണ്ട് യു എസ് നിലപാട് മാറ്റുന്നതിന് സമ്മര്‍ദ്ദം ചെലുത്താന്‍ തരൂര്‍ ശ്രമിക്കുന്നുണ്ട്. അതേസമയം, പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരായ നീക്കങ്ങള്‍ കടുപ്പിക്കുകയാണ് കോണ്‍ഗ്രസ് പാര്‍ട്ടി. ഓപ്പറേഷന്‍ സിന്ദൂറുമായി ബന്ധപ്പെട്ട സുപ്രധാന ചോദ്യങ്ങളുമായി രാഹുല്‍ ഗാന്ധി രംഗത്തുണ്ട്. ഓപ്പറേഷന്‍ സിന്ദൂറിന്റെ പശ്ചാത്തലത്തില്‍, ഭീകരവാദത്തിനെതിരായ ഇന്ത്യയുടെ നിലപാട് വിദേശങ്ങളോട് വിശദീകരിക്കാന്‍ നിയോഗിച്ച നയതന്ത്ര സംഘത്തില്‍ ഡോ. ശശി തരൂരിനെ കേന്ദ്ര സര്‍ക്കാര്‍ ഉള്‍പ്പെടുത്തിയത് തുടക്കത്തില്‍ വിവാദമായിരുന്നു. സംഘത്തിലേക്ക് കോണ്‍ഗ്രസ്സ് നിര്‍ദേശിച്ച പേരുകളില്‍ തരൂര്‍ ഉള്‍പ്പെട്ടിരുന്നില്ല എന്നതിനാലായിരുന്നു ഇത്.

അതിനിടെ കേരള സര്‍ക്കാരിനെ വിമര്‍ശിച്ച് ശശി തരൂര്‍ രംഗത്തു വന്നു. 2023ലെ ഭൂകമ്പത്തില്‍ തുര്‍ക്കിക്ക് 10 കോടി സഹായം നല്‍കിയ കേരള സര്‍ക്കാരിനെ വിമര്‍ശിച്ചുകൊണ്ടാണ് ശശി തരൂരിന്റെ എക്‌സ് പോസ്റ്റ്. രണ്ട് വര്‍ഷത്തിന് ശേഷം തുര്‍ക്കിയുടെ പെരുമാറ്റം കണ്ട കേരള സര്‍ക്കാര്‍ തെറ്റായ മഹാമനസ്‌കതയെക്കുറിച്ച് ചിന്തിക്കുമെന്ന് പ്രതീക്ഷിക്കുന്നു. വയനാടന്‍ ജനതയെ പോലെ ദുരിതമനുഭവിക്കുന്നവര്‍ക്ക് ആ തുക ഉപയോഗിക്കാമായിരുന്നുവെന്നുമാണ് ശശി തരൂരിന്റെ പോസ്റ്റ്.

ഇന്ത്യ-പാക് സംഘര്‍ഷത്തില്‍ പാകിസ്താനെ തുര്‍ക്കി പിന്തുണച്ച പശ്ചാത്തലത്തില്‍ കൂടിയാണ് വിമര്‍ശനം. 2023ല്‍ തുര്‍ക്കിക്ക് 10 കോടി രൂപ ധനസഹായം പ്രഖ്യാപിച്ചുകൊണ്ടുള്ള കേരള സര്‍ക്കാര്‍ പ്രഖ്യാപനത്തെക്കുറിച്ചുള്ള എന്‍ഡിടിവിയുടെ വാര്‍ത്തയും തരൂര്‍ പങ്കുവെച്ചിട്ടുണ്ട്. 2023 ഫെബ്രവരി എട്ടിന് ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ നിയമസഭയില്‍ അവതരിപ്പിച്ച സംസ്ഥാന ബജറ്റിലാണ് തുര്‍ക്കിയക്ക് 10 കോടി രൂപ സാമ്പത്തിക സഹായം പ്രഖ്യാപിച്ചത്. 'ലോക ബോധത്തെ ഞെട്ടിച്ച തുര്‍ക്കിയിലെ ഭൂകമ്പം പതിനായിരക്കണക്കിന് ആളുകളുടെ ജീവന്‍ അപഹരിക്കുകയും ലക്ഷക്കണക്കിന് ആളുകളെ നിരാലംബരാക്കുകയും ചെയ്തു'വെന്ന് ബജറ്റ് പ്രസംഗത്തില്‍ മന്ത്രി കെ.എന്‍. ബാലഗോപാല്‍ ചൂണ്ടിക്കാട്ടിയിരുന്നു.