തിരുവനന്തപുരം: കേരളാ സര്‍വ്വകലാശാലയിലെ സംഘര്‍ഷം അതിരുവിട്ടതില്‍ മുഖ്യമന്ത്രി പിണറായി വിജയന് അതൃപ്തി. ഇക്കാര്യം സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനെ നേരിട്ട് അറിയിച്ചു. ഇതോടെയാണ് ഗോവിന്ദന്‍ യൂണിവേഴ്സിറ്റി ക്യാമ്പസിലെത്തിയത്. പോലീസ് മേധാവി റവാഡ ചന്ദ്രശേഖറും സംഭവങ്ങളില്‍ മുഖ്യമന്ത്രിയുടെ ഓഫീസിനെ ആശങ്ക അറിയിച്ചിരുന്നു. കേരള സര്‍വ്വകലാശാലയില്‍ കേന്ദ്ര സേനയെ ഗവര്‍ണര്‍ അര്‍ലേര്‍ക്കര്‍ വിന്യസിക്കുമെന്ന വിവരവുമുണ്ട്. ഇതെല്ലാം മനസ്സിലാക്കിയാണ് എംവി ഗോവിന്ദന്‍ സര്‍വ്വകലാശാലയിലേക്ക് എത്തിയത്. മറ്റൊരു കൂത്തുപറമ്പിനുള്ള സാധ്യത മറുനാടന്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് സിപിഎമ്മില്‍ അതിവേഗ നീക്കങ്ങള്‍ നടന്നത്. പാര്‍ട്ടി സെക്രട്ടറി നേരിട്ട് പോയി സംഘര്‍ഷം അയവ് വരുത്തണമെന്ന് മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചതായാണ് സൂചന. സര്‍ക്കാരിനേയും പോലീസിനേയും കളങ്കപ്പെടുത്തുന്ന തരത്തിലേക്ക് സമരം മാറിയെന്ന വിലയിരുത്തല്‍ പോലീസിനുമുണ്ട്.

സംസ്ഥാനത്തെ സര്‍വ്വകലാശാലകളെ ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ കാവിവല്‍ക്കരിക്കുന്നുവെന്ന് ആരോപിച്ച് ഇടത് യുവജന വിദ്യാര്‍ത്ഥി സംഘടനകള്‍ നടത്തിയ പ്രതിഷേധമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. തിരുവനന്തപുരത്ത് കേരളാ സര്‍വകലാശാല ആസ്ഥാനത്ത് എസ്എഫ്‌ഐയുടെ നേതൃത്വത്തില്‍ വന്‍ പ്രതിഷേധമാണ് അരങ്ങേറിയത്. കേരളാ സര്‍വകലാശാല റജിസ്ട്രാര്‍ക്കെതിരായ ഗവര്‍ണറുടേയും വിസിയുടേയും നടപടിയടക്കം ചോദ്യംചെയ്താണ് എസ് എഫ് ഐ പ്രതിഷേധ മാര്‍ച്ച് നടത്തിയത്. സര്‍വകലാശാല കവാടം തള്ളിത്തുറന്ന് ആസ്ഥാനത്തേക്ക് കയറിയ എസ് എഫ് ഐ പ്രവര്‍ത്തകര്‍ സെനറ്റ് ഹാളിനുള്ളിലേക്ക് കടന്ന് പ്രതിഷേധിക്കുകയായിരുന്നു. പ്രതിഷേധക്കാര്‍ വിസിയുടേ ചേംബറിന് അടുത്ത് വരെയെത്തി.

എസ് ഐ ഐ പ്രവര്‍ത്തകര്‍ നടത്തുന്ന സമരത്തെ തടയാതെ പൊലീസ് കയ്യും കെട്ടി കാഴ്ചക്കാരായി നോക്കി നില്‍ക്കുന്ന കാഴ്ചയാണ് തുടക്കത്തില്‍ സ്ഥലത്തുണ്ടായത്. സര്‍വകലാശാല ആസ്ഥാനം മുദ്രാവാക്യം വിളികളില്‍ മുങ്ങി. ഓഫീസ് പ്രവര്‍ത്തനം സ്തംഭിപ്പിച്ചായിരുന്നു എസ് എഫ് ഐ പ്രതിഷേധം. ഗവര്‍ണറും ചാന്‍സലറുമായ രാജേന്ദ്ര ആര്‍ലേക്കറിനെതിരെ മുദ്രാവാക്യം വിളിച്ചാണ് പ്രവര്‍ത്തകര്‍ എത്തിയത്. വിസിയുടെ ഓഫീസിലേക്ക് കടക്കാനുള്ള വഴികളെല്ലാം ബലം പ്രയോഗിച്ച് തുറന്നാണ് പ്രവര്‍ത്തകര്‍ ഉള്ളിലേക്ക് കടന്നത്.

സര്‍വകലാശാലയുടെ കെട്ടിടത്തിന്റെ ജനലുകള്‍ വഴി ചിലര്‍ ഉള്ളില്‍ കടന്ന് വാതിലുകള്‍ തുറന്നു. മറ്റുള്ളവരെ ഇതുവഴിയാണ് അകത്തേക്ക് കടത്തിവിട്ടത്. ക്യാമ്പസിനുള്ളിലെ അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്കിലേക്കാണ് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ ഇരച്ചെത്തിയത്. പ്രവര്‍ത്തകരെ ബലം പ്രയോഗിച്ച് പോലീസ് ബസുകളില്‍ നീക്കുകയായിരുന്നു. സര്‍വകലാശാലയിലെ പടിക്കെട്ടുകളിലും മറ്റും പ്രവര്‍ത്തകര്‍ ഇപ്പോഴും കുത്തിയിരുന്ന് പ്രതിഷേധിക്കുകയാണ്. ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്തുണ്ടെങ്കിലും നിയന്ത്രിക്കാന്‍ കഴിഞ്ഞിരുന്നില്ല.

വിദ്യാര്‍ത്ഥി പ്രതിഷേധങ്ങള്‍ അതിരുവിടുന്നത് ക്രമസമാധാന തകര്‍ച്ചയ്ക്ക് തെളിവാണ്. ജനലില്‍ കൂടി കവര്‍ച്ചക്കാരെ പോലെ സര്‍വ്വകലാശാല ആസ്ഥാനത്തേക്ക് പ്രതിഷേധക്കാര്‍ ഇരച്ചു കയറുമ്പോള്‍ പോലീസ് വെറും നോക്കുകുത്തിയായി. ഇങ്ങനെ സമരം മുമ്പോട്ട് പോകുന്നത് അത്യാഹിതത്തിലേക്ക് കാര്യങ്ങളെത്തിക്കും. ചൊവ്വാഴ്ചത്തെ സമരം ഇനി ആവര്‍ത്തിച്ചു കൂടെന്ന് സാരം. കേരളത്തില്‍ എല്ലായിടത്തും ചൊവ്വാഴ്ച എസ് എഫ് ഐ അതിരുവിട്ടു പ്രവര്‍ത്തിച്ചു. പോലീസ് പരമാവധി സംയമനം പാലിച്ചു. സംയമനം പോലീസിന് കൈവിട്ടാല്‍ എന്തും സംഭവിക്കാം. എല്ലാ അര്‍ത്ഥത്തിലും കേരളാ സര്‍വ്വകലാശാലയെ എസ് എഫ് ഐ കീഴടക്കുകയായിരുന്നു.

ഇത്തരം സമരങ്ങള്‍ അതിരുവിടുമ്പോള്‍ പോലീസ് ഇടപെട്ടാല്‍ അത് മറ്റൊരു കൂത്തുപറമ്പിലേക്ക് കാര്യങ്ങളെത്തിക്കാം. കൂത്തുപറമ്പില്‍ വെടിവയ്പ്പിന് ഉത്തരവിട്ട പഴയ എ എസ് പി ഇന്ന് കേരളാ പോലീസിന്റെ മേധാവിയാണ്. ചുമതലയേറ്റ് ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ റവാഡ ചന്ദ്രശേഖറിന് വലിയ വെല്ലുവിളിയായി മാറുകയാണ് സര്‍വ്വകലാശാല പ്രതിഷേധം. കൂത്തുപറമ്പിലെ പഴി ഒഴിവാക്കാന്‍ കേരളാ പോലീസ് ഇത്തവണ സംയമനം പാലിച്ചു എന്നതാണ് വസ്തുത.

സര്‍ക്കാരിനെ പല വിധ വിവാദങ്ങള്‍ പിന്തുടരുന്നുണ്ട്. ആരോഗ്യ മേഖലയിലെ പ്രശ്നങ്ങളാണ് അതില്‍ പ്രധാനം. അതെല്ലാം ഗവര്‍ണ്ണര്‍-സര്‍ക്കാര്‍ പോരിലേക്ക് വഴി തിരിച്ചു വിടാനുള്ള ബോധപൂര്‍വ്വമായ ശ്രമമാണ് നടക്കുന്നതെന്ന ആക്ഷേപം ശക്തമാണ്. കേരളാ പോലീസ് മേധാവി റവാഡ ചന്ദ്രശേഖരിന് വലിയ തലവേദനയാണ് എസ് എഫ് ഐ പ്രതിഷേധം. പോലീസ് നിയമ പ്രകാരം പ്രതികരിച്ചാല്‍ എന്തും സംഭവിക്കും. അതും കൂത്തുപറമ്പിലെ വിവാദ നായകനായി ചിലര്‍ ഉയര്‍ത്തുന്ന റവാഡയ്ക്ക് വെല്ലുവിളികള്‍ കൂട്ടും. കേന്ദ്ര സര്‍വ്വീസില്‍ നിന്നും തിരിച്ചെത്തി എസ് എഫ് ഐ കുട്ടികളെ കൈകാര്യം ചെയ്തുവെന്ന തരത്തിലേക്ക് ആ പേരു ദോഷം എത്തും. അതുകൊണ്ട് കൂടിയാണ് കഴിയുന്നത്ര സംയമനം പോലീസ് പാലിക്കുന്നത് എന്ന് വേണം വിലയിരുത്താന്‍.

സര്‍വ്വകലാശാലാ ആസ്ഥാനത്ത് വിസി ഉണ്ടായിരുന്നില്ല. വിസി സിസാ തോമസ് ഉണ്ടായിരുന്നുവെങ്കില്‍ കാര്യങ്ങള്‍ കൈവിട്ടു പോകുമായിരുന്നു. ഗവര്‍ണറുടെ ചടങ്ങില്‍ ഇടപെടല്‍ നടത്തിയ രജിസ്ട്രാര്‍ അനില്‍കുമാര്‍ ഉണ്ടായിരുന്നു. സിന്‍ഡിക്കേറ്റ് അംഗങ്ങളാരും പ്രതിഷേധത്തില്‍ വന്നതുമില്ല. അതായത് പ്രധാന നേതാക്കളെല്ലാം മാറി നിന്നായിരുന്നു എസ് എഫ് ഐ യൂണിവേഴ്സിറ്റിയെ അതിക്രമിച്ച് കീഴടക്കിയത്.

സര്‍വകലാശാലകളെ കാവിവത്കരിക്കുന്നുവെന്ന് ആരോപിച്ച് ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍ക്കെതിരേ കണ്ണൂരിലും കോഴിക്കോട്ടും വന്‍ പ്രതിഷേധവുമായി എസ്എഫ്ഐ രംഗത്തു വന്നിരുന്നു. കാലിക്കട്ട് സര്‍വകലാശാലയിലും കണ്ണൂര്‍ സര്‍വകലാശാലയിലും രാവിലെ മുതല്‍ ആരംഭിച്ച പ്രതിഷേധം സംഘര്‍ഷത്തില്‍ കലാശിച്ചു. രണ്ടിടത്തും പ്രതിഷേധക്കാര്‍ക്കു നേരെ പോലീസ് ജലപീരങ്കിയും ലാത്തിയും പ്രയോഗിച്ചു. എല്ലാ പരിധിയും വിടുന്നതായിരുന്നു തിരുവനന്തപുരത്തെ പ്രതിഷേധം. കണ്ണൂര്‍ സര്‍വകലാശാലയിലെ പ്രതിഷേധമാര്‍ച്ച് പോലീസ് ബാരിക്കേഡ് ഉപയോഗിച്ച് തടഞ്ഞെങ്കിലും പ്രവര്‍ത്തകര്‍ പിന്മാറാന്‍ തയാറായില്ല. പിന്നാലെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു.