മിഷിഗണ്‍: അമേരിക്കയിലെ മിഷിഗണില്‍ നിരവധി സാമൂഹ്യസേവനങ്ങള്‍ നടത്തി ആളുകളെ വിസ്മയിപ്പിച്ച ഒരു വ്യക്തി തന്റെ അന്ത്യയാത്രയിലും എല്ലാവരേയും ഞെട്ടിപ്പിച്ച വാര്‍ത്തയാണ് പാശ്ചാത്യ മാധ്യമങ്ങളില്‍ നിറയുന്നത്. മരിക്കുന്നതിന് മുമ്പ് നിര്‍ദ്ദേശിച്ചിരുന്നത് പ്രകാരം ഇദ്ദേഹത്തിന്റെ ശവസംസ്‌ക്കാര ചടങ്ങില്‍ ഹെലികോപ്ടറില്‍ നിന്ന് പണത്തിന്റെ മഴയാണ് വീട്ടുകാര്‍ നടത്തിയത്.

ഈസ്റ്റ് ഡിട്രോയിറ്റിലെ പ്രമുഖ കാര്‍ വാഷ് ഉടമയായ ഡാരെല്‍ 'പ്ലാന്റ്' തോമസ്, കഴിഞ്ഞ മാസം അവസാനമാണ് അല്‍ഷിമേഴ്‌സ് ബാധിച്ച് മരിച്ചത്. ജൂണ്‍ ഇരുപത്തിഏഴിനാണ് അദ്ദേഹത്തിന്റെ മൃതദേഹം സംസ്‌കരിച്ചത്. തോമസിന്റെ മൃതദേഹവും വഹിച്ചു കൊണ്ടുള്ള വിലാപയാത്ര അദ്ദേഹത്തിന്റെ സ്ഥാപനത്തിന് സമീപത്ത് കൂടി കടന്ന് പോകുമ്പോള്‍ പെട്ടെന്ന് പറന്നെത്തിയ ഒരു ഹെലികോപ്ടറില്‍ നിന്ന് റോസാദളങ്ങളും കറന്‍സി നോട്ടുകളും താഴേക്ക് വര്‍ഷിക്കാന്‍ തുടങ്ങി. പിന്നീട് സംഭവിച്ചത് ദുഖകരമായി നടക്കേണ്ട വിലാപയാത്ര ഒരു ആഘോഷ ചടങ്ങായി മാറി എന്നതാണ്.

കെട്ടു കണക്കിന് നോട്ടുകളാണ് താഴേക്ക് വീണത്. തുടര്‍ന്ന് പണം കൈക്കലാക്കാന്‍ ആളുകള്‍ പരക്കം പായുകയായിരുന്നു. ഇതിനെ തുടര്‍ന്ന് ഈ മേഖലയിലെ ആറ് ലൈനുകളിലും ഗതാഗതം സ്തംഭിക്കുകയായിരുന്നു. റോഡിന്റെ നടുക്ക് വാഹനങ്ങള്‍ നിര്‍ത്തി ഡ്രൈവര്‍മാരും പണം എടുക്കാന്‍ ഇറങ്ങിയോടുകയായിരുന്നു. തോമസിന്റെ മക്കളാണ് നാടകീയമായ ഈ യാത്രഅയപ്പ് സംഘടിപ്പിച്ചത്. ഇത് പിതാവിന്റെ ആഗ്രഹപ്രകാരമാണ് നടത്തിയതെന്നാണ് മക്കള്‍ വിശദീകരിച്ചത്. തോമസിന്റെ അനന്തിരവളായ ക്രിസ്റ്റല്‍ പെറി സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചത് ഇത്തരത്തില്‍ അയ്യായിരം ഡോളറാണ് ഹെലികോപ്ടറില്‍ നിന്ന് വര്‍ഷിക്കാനായി അമ്മാവന്‍ മാറ്റി വെച്ചിരുന്നത് എന്നാണ്.

നീലാകാശത്തിലൂടെ ഹെലികോപ്ടര്‍ താണുപറക്കുന്നത് ദൃശ്യങ്ങളില്‍ കാണാം. താഴെ വിലാപയാത്രയില്‍ പങ്കെടുക്കാന്‍ എത്തിയവര്‍ പണം കിട്ടിയതിന്റെ ആഹ്ലാദത്തില്‍ ആര്‍ത്ത് വിളിക്കുന്നതും പണത്തിനായി ഭ്രാന്തമായി ഓടിനടക്കുന്നതും എല്ലാം ദൃശ്യങ്ങളിലുണ്ട്. ഒരു കൊച്ചുകുട്ടി വീട്ടുകാരോട് ഞാന്‍ പോയി പണം എടുക്കട്ടെ എന്ന് ഉറക്കെ ചോദിക്കുന്നതും വീഡിയോയില്‍ കേള്‍ക്കാം. എന്നാല്‍ തോമസിന്റെ ജീവനക്കാരിയായ ലിസാ നൈഫ് പറയുന്നത് ജനങ്ങള്‍ വലിയ തോതില്‍ പ്രശ്നങ്ങള്‍ ഉണ്ടാക്കിയില്ല എന്നാണ്. താന്‍ പണം എടുത്തിട്ടില്ലെന്നും അവര്‍ വ്യക്തമാക്കി. തങ്ങളുടെ പിതാവ് ഇതിഹാസ തുല്യനായ ഒരാള്‍ ആണെന്നും അദ്ദേഹം ജനങ്ങള്‍ക്ക് നല്‍കിയ അവസാന അനുഗ്രഹമാണ് ഇതെന്നുമാണ് മക്കള്‍ വാദിക്കുന്നത്.

അതേ സമയം ഈ നടപടി ജനങ്ങളെ വല്ലാതെ വലയ്ക്കുക തന്നെയാണ് ചെയ്തത്. ഗ്രാഷ്യറ്റ് അവന്യൂവിലും കോണര്‍ സ്ട്രീറ്റിലും പോലീസ് ഗതാഗതം താല്‍ക്കാലികമായി നിര്‍ത്തി വെയ്പ്പിച്ചിരുന്നു. ഹെലികോപ്ടറില്‍ നിന്ന് റോസാദലങ്ങള്‍ വര്‍ഷിക്കുമെന്ന് തോമസിന്റെ കുടുംബം പോലീസിനെ അറിയിച്ചിരുന്നു എങ്കിലും പണവും അക്കൂട്ടത്തില്‍ ഉണ്ടെന്ന കാര്യം അറിയിച്ചിരുന്നില്ല. പോലീസ് സംഭവത്തെ കുറിച്ച് അന്വേഷണം നടത്തുന്നില്ല. എന്ന്ാല്‍ അമേരിക്കയിലെ വ്യോമയാന വകുപ്പ് ഇതിനെ കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.