ശുപത്രിയിലെ മറ്റേണിറ്റി വാര്‍ഡില്‍ സ്വതന്ത്രമായി വിഹരിക്കാന്‍ അനുവദിച്ച ആറു വയസ്സുകാരന്‍, ഒരു നവജാത ശിശുവിനെ താഴെയിട്ട് കൊന്ന സംഭവത്തില്‍ യഥാര്‍ത്ഥ മരണകാരണം വ്യക്തമായി., അഞ്ച് ദിവസം മാത്രം പ്രായമുള്ള സെയ്നാബ് -കസാന്‍ഡ്രയെ നിലത്ത് ബോധരഹിതമായ അവസ്ഥയില്‍ കണ്ടെത്തുകയായിരുന്നു. അവളുടെ മസ്തിഷ്‌കത്തില്‍ പരിക്ക് പറ്റിയിരുന്നു. വടക്കന്‍ ഫ്രാന്‍സിലെ ലില്ലെ നഗരത്തിലെ ജീയന്‍ ഡി ഫ്‌ലാന്‍ഡ്രെ ചില്‍ഡ്രന്‍സ് ഹോസ്പിറ്റലിലായിരുന്നു ഈ ദുരന്തം നടന്നത്.

നിലത്ത് വീണതിനെ തുടര്‍ന്നുണ്ടായ പരിക്കാണ് മരണകാരണമെന്ന് ലെല്ല് പ്രോസിക്യൂട്ടര്‍ ഓഫീസ് ഇന്നലെ വ്യക്തമാക്കി. കുഞ്ഞ് വീണു കിടന്നിരുന്നതിനെ സമീപത്ത്, ഒരു കസേരയില്‍ നില്‍ക്കുന്നതായി കണ്ട ആണ്‍കുട്ടിയാണ് കുഞ്ഞിനെ ഊഞ്ഞാലില്‍ നിന്നെടുത്ത് നിലത്തിട്ടത് എന്ന് സംശയിക്കുന്നു. എന്നാല്‍, ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. ആറ് വയസ്സുള്ള ഈ ബാലന്‍ മറ്റൊരു കുടുംബത്തിലെ അംഗമാണെന്നും പോസിക്യൂട്ടര്‍ സ്ഥിരീകരിച്ചിട്ടുണ്ട്. ഈ ബാലനെ വാര്‍ഡിനുള്ളില്‍ സ്വതന്ത്രമായി വിഹരിക്കാന്‍ വിടുകയായിരുന്നു എന്ന് ദൃക്സാക്ഷികള്‍ പറയുന്നു.

ഒരു വലിയ ശബ്ദം കേട്ടതിനെ തുടര്‍ന്ന് തൊട്ടടുത്ത മുറിയിലുണ്ടായിരുന്ന ഡെല്‍ഫൈന്‍ എന്ന യുവതി ആ മുറിയിലേക്ക് എത്തിയപ്പോഴാണ് കുഞ്ഞ് നിലത്ത് വീണുകിടക്കുന്നതായി കണ്ടത്. ഇവരും രണ്ട് ദിവസങ്ങള്‍ക്ക് മുന്‍പാണ് ഒരു കുഞ്ഞിന് ജന്മം നല്‍കിയത്. ഗര്‍ഭകാലം പൂര്‍ണ്ണമാകുന്നതിനും ആറാഴ്ചകള്‍ക്ക് മുന്‍പായിരുന്നു സെയ്നാബ് സിസേറിയന്‍ ശസ്ത്രക്രിയ വഴി ജനിച്ചത്. മൊഹമ്മദ് ഹംസ, സെഫോറ ദമ്പതികള്‍ക്ക് ജനിച്ച ഈ കുഞ്ഞ്, മരിക്കുന്നതിന് മുന്‍പ് തന്നെ രണ്ട് തവണ അബോധാവസ്ഥയിലേക്ക് പോയിരുന്നു. അതുകൊണ്ടു തന്നെ വാരാന്ത്യത്തില്‍ കുഞ്ഞ് ജീവന്‍ രക്ഷാ ഉപാധികളോടെയായിരുന്നു ജീവിച്ചിരുന്നത്.

ഇപ്പോള്‍ സംശയത്തിന്റെ നിഴലിലുള്ള ബാലന്‍ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി വാര്‍ഡില്‍ ഏറെ ശല്യങ്ങള്‍ ഉണ്ടാക്കിയിരുന്നതായി ഡെല്‍ഫൈന്‍ പറഞ്ഞു. ഈ ബാലന്റെ അമ്മയും പ്രസവം കഴിഞ്ഞ് ഇതേ വാര്‍ഡില്‍ ഉണ്ടായിരുന്നെങ്കിലും അവര്‍ ബാലനെ നിയന്ത്രിച്ചിരുന്നില്ല എന്നും അവര്‍ പറയുന്നു. ഈ ബാലന്റെ അസാധാരണമായ പെരുമാറ്റത്തെ കുറിച്ച് ആശുപത്രി ജീവനക്കാര്‍ നിരവധി തവണ ബാലന്റെ അമ്മയോട് പരാതിപ്പെട്ടിരുന്നതായി മരണമടഞ്ഞ കുഞ്ഞിന്റെ പിതാവിന്റെ ഒരു ബന്ധു മാധ്യമങ്ങളോട് പറഞ്ഞു.

മാത്രമല്ല, മരണമടഞ്ഞ സെയ്നാബിനോട് ഒരു പ്രത്യേക ആകര്‍ഷണം കാണിച്ച ഈ ബാലന്‍ കുഞ്ഞിനെ 'എന്റെ പാവക്കുട്ടി' എന്നായിരുന്നു വിളിച്ചിരുന്നതെന്നും ആ ബന്ധു പറഞ്ഞു. മരണമടഞ്ഞതിന്റെ തലേന്ന് കുഞ്ഞിനെ ഡയപ്പര്‍ ഇല്ലാതെ മൂത്രത്തില്‍ കുളിച്ച് കിടക്കുന്നതായി കണ്ടെന്നും ബന്ധു അറിയിച്ചു. എന്നാല്‍, ഇപ്പോള്‍ ഉയരുന്ന ചോദ്യം ഈ ബാലന് എങ്ങനെ സയ്നാബിന്റെ തൊട്ടിലില്‍ എങ്ങനെ ഒറ്റക്ക് എത്തിപ്പറ്റാനായി എന്നതാണ്. എന്നാല്‍, ആ ബാലന്‍ കഴിഞ്ഞ കുറച്ചു ദിവസമായി ആശുപത്രിയില്‍ എല്ലായിടത്തും കയറിയിറങ്ങുകയായിരുന്നു എന്ന് ദൃക്സാക്ഷികള്‍ പറയുന്നു.