- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
വളപട്ടണത്ത് റെയില്‍ പാളത്തില്‍ സിമന്റ് കട്ട വച്ച് തീവണ്ടി അട്ടിമറിക്ക് ശ്രമം നടന്നത് ദിവസങ്ങള്‍ക്ക് മുമ്പ്; ഒറ്റപ്പാലം റെയില്‍പ്പാളത്തില്‍ അഞ്ചിടത്ത് ഇരുമ്പുക്ലിപ്പുകള്‍ സ്ഥാപിച്ചവരുടെ ലക്ഷ്യവും ദുരന്തം; ഈ സംഭവങ്ങള്‍ ഇനിയെങ്കിലും ഗൗരവത്തില്‍ എടുക്കണം; കേസെടുക്കല്‍ മാത്രം പോര; ഗൂഡാലോചനക്കാരെ കണ്ടെത്തിയേ മതിയാകൂ; വീണ്ടുമൊരു റെയില്‍വേ ദുരന്തത്തില്‍ നിന്നും കേരളം രക്ഷപ്പെടുമ്പോള്‍
പാലക്കാട്: ഈ അട്ടിമറി ഗൗരവത്തില്‍ എടുത്തേ മതിയാകൂ. ഒറ്റപ്പാലം റെയില്‍പ്പാളത്തില്‍ അഞ്ചിടത്ത് ഇരുമ്പുക്ലിപ്പുകള്‍ സ്ഥാപിച്ച് ട്രെയിനുകള്‍ അട്ടിമറിക്കാന്‍ ശ്രമം. വടക്കന്‍ കേരളത്തില്‍ പലപ്പോഴും ഇത്തരം ശ്രമങ്ങളുണ്ടായി. പക്ഷേ ഇതിന് പിന്നിലെ ഗൂഡാലോചന കണ്ടെത്താന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല. തുടരെ തുടരെ സംഭവങ്ങള്‍ തുടരുകയും ചെയ്തു. ഒറ്റപ്പാലം- ലക്കിടി സ്റ്റേഷനുകള്‍ക്കിടയിലും മായന്നൂര്‍ മേല്‍പ്പാലത്തിനു സമീപവുമാണ് അഞ്ചിടത്ത് ഇരുമ്പുക്ലിപ്പുകള്‍ കണ്ടെത്തിയത്. ആര്‍പിഎഫും പോലീസും പരിശോധന നടത്തി. പാലക്കാട് ഭാഗത്തേക്കു കടന്നുപോയ മെമുവിലെ ലോക്കോ പൈലറ്റാണ് പാളത്തില്‍ അസ്വാഭാവികത അനുഭവപ്പെട്ടതായി റിപ്പോര്‍ട്ട് ചെയ്തത്. പിന്നീട് നടത്തിയ പരിശോധനയിലാണു പാളത്തെയും കോണ്‍ക്രീറ്റ് സ്ലിപ്പറിനെയും ബന്ധിപ്പിക്കുന്ന അഞ്ച് ഇആര്‍ ക്ലിപ്പുകള്‍ കണ്ടെത്തിയത്.
അപകടസാധ്യതയുണ്ടായിരുന്നുവെന്നാണ് വിലയിരുത്തല്‍. സംഭവത്തില്‍ ആ4പിഎഫും ഒറ്റപ്പാലം പോലീസും കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സംഭവസ്ഥലം വിജനമായ പ്രദേശമായതിനാല്‍ പ്രതികളെക്കുറിച്ച് സൂചനകളൊന്നും ലഭിച്ചിട്ടില്ല. കണ്ണൂരിലും കോഴിക്കോടും എല്ലാം ഇത്തരം സംഭവങ്ങള്‍ അടുത്ത കാലത്തുണ്ടായിരുന്നു. ഒറ്റപ്പാലം-ലക്കിടി റെയില്‍വേ സ്റ്റേഷനുകള്‍ക്കിടയില്‍ പാളത്തെയും കോണ്‍ക്രീറ്റ് സ്ലീപ്പറിനെയും ബന്ധിപ്പിക്കുന്ന അഞ്ച് ഇആര്‍ ക്ലിപ്പാണ് കണ്ടെത്തിയത്. തിങ്കള്‍ വൈകിട്ട് 6.15നും 6.45നും ഇടയിലാണ് സംഭവം. ഇത് കണ്ടെത്തിയ നിലമ്പൂര്‍ പാലക്കാട് പാസഞ്ചര്‍ വേഗത കുറച്ച് കടത്തിവിട്ടു. ഉറപ്പുള്ള ഇരുമ്പായതിനാല്‍ അപകടസാധ്യതയുണ്ടെന്നാണ് വിലയിരുത്തല്‍.
കുറച്ചു ദിവസം മുമ്പ് വളപട്ടണത്ത് റെയില്‍പ്പാളത്തില്‍ സിമന്റ് കട്ടവെച്ച് തീവണ്ടി അട്ടിമറിക്കാന്‍ ശ്രമം നടന്നിരുന്നു. അന്ന് പുലര്‍ച്ചെ 1.54-ന് വളപട്ടണം സ്റ്റേഷന്‍ എത്തുന്നതിന് 50 മീറ്റര്‍ മുന്‍പ് കൊച്ചുവേളി-ഭാവ്നഗര്‍ (19259) എക്‌സ്പ്രസ് ആടിയുലഞ്ഞു. വലിയ ശബ്ദം കേട്ട് ലോക്കോ പൈലറ്റ് വളപട്ടണം സ്റ്റേഷനില്‍ വണ്ടി നിര്‍ത്തി വിവരം സ്റ്റേഷന്‍ അധികൃതരെ അറിയിച്ച് യാത്ര തുടര്‍ന്നു. തുടര്‍ന്ന് പാളത്തില്‍ നടത്തിയ പരിശോധനയിലാണ് സിമന്റ് മൂടി പാളത്തില്‍ ചിതറിയ രീതിയില്‍ കണ്ടത്.
റെയില്‍വേ എര്‍ത്തിങ്ങുമായി ബന്ധപ്പെട്ടുള്ള ബോക്‌സ് ചേംബറിന്റെ സിമന്റ് മൂടിയാണ് പാളത്തില്‍ വെച്ചതെന്ന് പരിശോധനയില്‍ കണ്ടെത്തി. വളപട്ടണം പോലീസ് കേസ് രജിസ്റ്റര്‍ചെയ്തു. ഇന്ത്യന്‍ റെയില്‍വേ ആക്ട് പ്രകാരം തീവണ്ടി അട്ടിമറിക്കുള്ള സാധ്യതയ്ക്കുള്ള വകുപ്പ് ചേര്‍ത്താണ് കേസെടുത്തത്. പ്ലാറ്റ്‌ഫോമിലുണ്ടായിരുന്ന സിമന്റ് മൂടി പാളത്തിലേക്ക് എത്തിച്ചതെങ്ങനെയെന്ന അന്വേഷണം നടത്തിയെങ്കിലും ഒന്നും നടന്നില്ല.
തീവണ്ടിക്ക് കല്ലേറ് നടക്കുന്ന പ്രത്യേക സ്പോട്ടുകളായി ഇന്റലിജന്‍സ് കണ്ടെത്തിയ മേഖലയാണ് വളപട്ടണം-പപ്പിനിശ്ശേരി. ഒരുവര്‍ഷം മുന്‍പ് സമാനമായ സംഭവം വളപട്ടണത്ത് നടന്നിരുന്നു. വന്ദേഭരത് എക്സ്പ്രസിനടക്കം ഇവിടെ കല്ലേറുണ്ടായി. സിറ്റി പോലീസ് കമ്മിഷണറുടെ നിര്‍ദേശപ്രകാരം വളപട്ടണം-കണ്ണൂര്‍ ഭാഗങ്ങളില്‍ ഡ്രോണ്‍ പറത്തി റെയില്‍പ്പാളവും പ്ലാറ്റ്ഫോമും പരിശോധിച്ചിരുന്നു. സ്ഥിരമായി ലഹരി ഉപയോഗിക്കുന്ന കേന്ദ്രങ്ങളും മറ്റും പട്രോളിങ്ങില്‍ നിരീക്ഷിച്ചിരുന്നു. മുന്‍പ് ചെറുകുന്ന് താവം റെയില്‍പ്പാളത്തില്‍ സമൂഹവിരുദ്ധര്‍ വലിയ ചെങ്കല്ല് വെച്ചിരുന്നു.
കണ്ണപുരം, പാപ്പിനിശ്ശേരി, വളപട്ടണം ഭാഗങ്ങളില്‍ വയര്‍ലെസ് ക്യാമറകള്‍ സ്ഥാപിക്കണമെന്ന് ഇന്റലിജന്‍സ് വിഭാഗം വര്‍ഷങ്ങള്‍ക്ക് മുന്‍പ് ശുപാര്‍ശ ചെയ്തെങ്കിലും നടപ്പായില്ല. അതിന് മുമ്പ് ഉദുമയ്ക്ക് അടുത്ത് രാത്രിയില്‍ റെയില്‍പ്പാളത്തില്‍ കല്ലുകളും മരക്കഷണങ്ങളും നിരത്തിവെച്ച സംഭവത്തില്‍ ആറന്മുള സ്വദേശിയെ ബേക്കല്‍ പോലീസ് അറസ്റ്റ്ചെയ്തിരുന്നു. ആറന്മുള ഇരന്തുറിലെ ജോജി തോമസ് (29) ആണ് ബേക്കല്‍ പോലീസിന്റെ പിടിയിലായത്.