- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
ഞങ്ങള്‍ അധികാരത്തില്‍ എത്തിയാല്‍ ഡോക്ടര്‍മാരുടെ സമരം നിരോധിക്കും; മുന്നറിയിപ്പുമായി ടോറി ലീഡര്‍; ജൂനിയര്‍ ഡോക്ടര്‍മാരുടെ സമരത്തില്‍ ജീവന്‍ നഷ്ടപ്പെട്ട് ആയിരങ്ങള്‍; യുകെയില്‍ എമ്പാടും ഓപ്പറേഷനുകള്‍ മുടങ്ങി; ബ്രിട്ടണില്‍ ചികിത്സ പ്രതിസന്ധിയില്‍
ലണ്ടന്‍: പോലീസിന്റെയും ജയില്‍ ഉദ്യോഗസ്ഥരുടെയും കാര്യത്തില്‍ എന്നപോലെ, തങ്ങള്‍ അധികാരത്തിലെത്തിയാല്‍ ഡോക്ടര്‍മാര്‍ സമരം ചെയ്യുന്നതും നിരോധിക്കുമെന്ന് ബ്രിട്ടണിലെ കണ്‍സര്‍വേറ്റീവ് പാര്‍ട്ടി നേതാവ് കെമി ബെയ്ഡ്‌നോക്ക്. ഡോക്ടര്‍മാരുടെ പ്രതിഷേധങ്ങള്‍ നിരോധിക്കുന്നതിനായി നിയമ ഭേദഗതി കൊണ്ടുവരുമെന്ന് പറഞ്ഞ അവര്‍, ബ്രിട്ടീഷ് മെഡിക്കല്‍ അസ്സോസിയേഷന്‍ (ബി എം എ) ലക്ഷ്മണ രേഖ കടന്നിരിക്കുകയാണെന്നും പറഞ്ഞു. കഴിഞ്ഞ 18 മാസക്കാലത്തിനിടയില്‍ 11 തവണയാണ് ഡോക്ടര്‍മാര്‍ സമരം ചെയ്തതെന്ന് ചൂണ്ടിക്കാട്ടിയ ബെയ്ഡ്‌നോക്ക്, നിരവധി രോഗികള്‍ക്ക് അതുമൂലം ജീവന്‍ നഷ്ടപ്പെട്ടു എന്നും പറഞ്ഞു.
ശമ്പള വര്‍ദ്ധനവിനായി റെസിഡന്റ് ഡോക്ടര്‍മാരുടെ അഞ്ചു ദിവസത്തെ സമരം നടക്കുന്നതിനിടയില്‍ ജി ബി ന്യൂസിനോടാണ് അവര്‍ ഇത്തരത്തില്‍ പ്രതികരിച്ചത്. സമാനമായ നടപടികള്‍ എടുക്കണമെന്ന് പ്രധാനമന്ത്രി സര്‍ കീര്‍ സ്റ്റാര്‍മറോട് ആവശ്യപ്പെട്ട ബെയ്ഡ്‌നോക്ക്, ബി എം എ ഒരു തീവ്രവാദ സംഘടനയായി മാറിക്കഴിഞ്ഞെന്നും, ഈ സമരം ആവശ്യത്തിലധികം നീണ്ടുപ്പോവുകയാണെന്നും പറഞ്ഞു. അവര്‍ക്കെതിരെ നടപടികള്‍ കൈക്കൊള്ളേണ്ട കാലമായെന്നും അവര്‍ പറഞ്ഞു.
ഡോക്ടര്‍മാരുടേത് കേവലം ഒരു തൊഴില്‍ അല്ല, മഹത്തരമായ സേവനം കൂടിയാണ്. അത് പരിഗണിച്ചു തന്നെയാണ് സര്‍ക്കാര്‍ അവര്‍ക്ക് മെച്ചപ്പെട്ട ശമ്പള വര്‍ദ്ധനവ് നല്‍കിയത്. അതേസമയം നികുതിദായകരുടെ താത്പര്യവും സംരക്ഷിക്കേണ്ട ബാദ്ധ്യത സര്‍ക്കാരിനുണ്ടെന്നും അവര്‍ ചൂണ്ടിക്കാട്ടി. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി ആയിരക്കണക്കിന് ശസ്ത്രക്രിയകളും ചികിത്സകളുമാണ് റസിഡന്റ് ഡോക്ടര്‍മാരുടെ സമരം മൂലം റദ്ദാക്കപ്പെട്ടിരിക്കുന്നത്. ഇത് നിരവധി കുടുംബങ്ങളെ ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്. മാത്രമല്ല, രോഗികളെ കടുത്ത ദുരന്തത്തിലേക്ക് തള്ളിവിടുകയും ചെയ്തിരിക്കുന്നു.
രോഗികളെയും എന്‍ എച്ച് എസ്സിനെയും സംരക്ഷിക്കുന്നതിനായി തങ്ങള്‍ സര്‍ക്കാരുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്നും ബെയ്ഡ്‌നോക്ക് പറഞ്ഞു. 1992 ലെ ട്രേഡ് യൂണിയന്‍ ആന്‍ഡ് ലേബര്‍ റിലേഷന്‍സ് ആക്റ്റ് പ്രകാരം പോലീസുകാരും, ജയില്‍ ഉദ്യോഗസ്ഥരും സമരം ചെയ്യുന്നത് നിരോധിച്ചിരിക്കുകയാണ്. കണ്‍സര്‍വേറ്റീവ് പാര്‍ട്ടി അധികാരത്തിലെത്തിയാല്‍ ഈ നിയമം ഭേദഗതി ചെയ്ത് അതില്‍ ഡോക്ടര്‍മാരെയും ഉള്‍പ്പെടുത്തുമെന്നും അവര്‍ പറഞ്ഞു. വര്‍ക്ക് ടു റൂള്‍, ഓവര്‍ ടൈം ചെയ്യാതിരിക്കുക തുടങ്ങിയ സമരമുറകള്‍ തുടര്‍ന്നും അനുവദിക്കുമെന്നും അവര്‍ പറഞ്ഞു.
അത്തരമൊരു നടപടി, ഡോക്ടര്‍മാര്‍ സമരം ചെയ്യുന്നതുമായി ബന്ധപ്പെട്ട് കര്‍ശന നിയന്ത്രണങ്ങളുള്ള കാനഡ, ആസ്‌ട്രേലിയ തുടങ്ങിയ രാജ്യങ്ങളുടെ തലത്തിലേക്ക് ബ്രിട്ടനെ എത്തിക്കുമെന്നും അവര്‍ പറഞ്ഞു. അതുപോലെ, ഗ്രീസ്, ഇറ്റലി, പോര്‍ച്ചുഗല്‍ തുടങ്ങിയ രാജ്യങ്ങളില്‍ മിനിമം സര്‍വ്വീസ് ലെവല്‍ നിയമങ്ങളുമുണ്ട്. സമരത്തിനിടയിലും, അടിസ്ഥാന സേവനങ്ങള്‍ ഉറപ്പാക്കുന്ന ഇത്തരം നിയമങ്ങള്‍ ആരോഗ്യ മേഖലയെ കൂടാതെ വിദ്യാഭ്യാസം, ഗതാഗതം തുടങ്ങിയ മേഖലകളിലേക്കും വ്യാപിപ്പിക്കുമെന്നും അവര്‍ പറയുന്നു.