ചെന്നൈ: ഹണിമൂണ്‍ യാത്രയ്ക്കിടെ ഡോക്ടര്‍ ദമ്പതികള്‍ വിദേശത്ത് മരിച്ച സംഭവത്തില്‍ ദമ്പതിമാരുടെ കുടുംബത്തിന് 1.60 കോടി രൂപ നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവ്. ദമ്പതിമാരുടെ കുടുംബം നല്‍കിയ പരാതിയില്‍ ഉപഭോക്തൃകോടതിയാണ് ട്രാവല്‍ ഏജന്‍സിയോട് നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവിട്ടത്. ചെന്നൈ കോടമ്പാക്കം ആസ്ഥാനമായ ജെഡി ടൂര്‍ ഓപ്പറേറ്റര്‍ എന്ന സ്ഥാപനമാണ് കനത്ത നഷ്ടപരിഹാരം നല്‍കേണ്ടത്.

ചെന്നൈ പൂനമല്ലിയിലെ ഡോക്ടര്‍ ദമ്പതിമാരായ വിഭൂഷിണിയും ഭര്‍ത്താവ് ലോകേശ്വരനുമാണ് 2023 ജൂണ്‍ എട്ടിനുണ്ടായ അപകടത്തില്‍ മരിച്ചത്. ഇന്‍ഡൊനീഷ്യയില്‍ മധുവിധു ആഘോഷിക്കാന്‍പോയ സമയത്താണ് ്പകടം. ദ്വീപ് യാത്രയില്‍ ഫോട്ടോഷൂട്ട് നടത്തുമ്പോള്‍ ഇരുവരും തിരമാലയില്‍ അകപ്പെടുകയായിരുന്നു. ഇതെ തടുര്‍ന്ന് വിഭൂഷിണിയുടെ പിതാവ് ടൂര്‍ കമ്പനിക്കെതിരെ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഉപഭോക്തൃ കോടതിയെ സമീപിക്കുക ആയിരുന്നു.

ട്രാവല്‍ ഏജന്‍സി ജീവനക്കാര്‍ ശരിയായ മുന്നറിയിപ്പുനല്‍കാത്തതാണ് അപകടത്തിലേക്കു നയിച്ചതെന്നാരോപിച്ച് വിഭൂഷിണിയുടെ അച്ഛന്‍ തിരുജ്ഞാനസെല്‍വം ചെന്നൈ സൗത്ത് ഉപഭോക്തൃകോടതിയെ സമീപിച്ചു. മകളും മരുമകനും മരിച്ച ദ്വീപില്‍ മുന്‍പും ഒട്ടേറെ അപകടങ്ങളുണ്ടായിട്ടുണ്ടെന്നും അതുപരിഗണിക്കാതെയാണ് ടൂര്‍ ഓപ്പറേറ്റര്‍ അവിടെ കൊണ്ടുപോയതെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടി. കമ്പനിയുടെ സേവനത്തിലെ വീഴ്ചകള്‍ക്ക് നഷ്ടപരിഹാരമായി 1.50 കോടി രൂപയും മരണംമൂലമുണ്ടായ മാനസികവിഷമത്തിന് 50 ലക്ഷം നഷ്ടപരിഹാരം നല്‍കണമെന്നായിരുന്നു ആവശ്യം.

തങ്ങളുടെ മുന്നറിയിപ്പുവകവെക്കാത്തതാണ് മരണകാരണമെന്ന് ടൂര്‍ ഓപ്പറേറ്റര്‍മാരും വാദിച്ചു. ഇരുവിഭാഗങ്ങളുടെയും വാദംകേട്ട കോടതി, ഹര്‍ജിക്കാരന് 1.50 കോടി രൂപയും മാനസികവിഷമമുണ്ടാക്കിയതിന് പത്തുലക്ഷവും നല്‍കാന്‍ ഉത്തരവിടുകയായിരുന്നു.