- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
ബെംഗളൂരുവില്‍ കെട്ടടത്തിന്റെ ഒമ്പത് നിലകള്‍ വാടകയ്‌ക്കെടുത്ത് ആപ്പിള്‍; പത്ത് വര്‍ഷത്തേക്ക് വാടക 1010 കോടി രൂപ
ഒമ്പത് നിലകള്‍ വാടകയ്‌ക്കെടുത്ത് ആപ്പിള്‍; പത്ത് വര്‍ഷത്തേക്ക് വാടക 1010 കോടി രൂപ
ബെംഗളുരു: ബെംഗളുരുവില്‍ 2.7ലക്ഷം ചതുരശ്ര അടിയില്‍ കൂറ്റന്‍ കെട്ടിടം വാടകയ്‌ക്കെടുത്ത് ആപ്പിള്‍. റിയല്‍ എസ്റ്റേറ്റ് സ്ഥാപനമായ എംബസി ഗ്രൂപ്പിന്റെ ബെംഗളുരുവിലെ വസന്ത് നഗറിലുള്ള സാങ്കീ റോഡിലുള്ള എംബസി സെനിത്ത് കെട്ടിടത്തിലെ ഒമ്പത് നിലകളാണ് ആപ്പിള്‍ പത്ത് വര്‍ഷത്തേയ്ക്ക് വാടകയ്ക്ക് എടുത്തത്. ഇക്കാലയളവില്‍ 1010 കോടിയോളം രൂപ ആപ്പിള്‍ വാടക നല്‍കേണ്ടി വരും.
6.31കോടി രൂപ മാസ വാടക നല്‍കി കെട്ടിടത്തിലെ അഞ്ച് മുതല്‍ 13 നില വരെയാണ് ആപ്പിള്‍ വാടകയ്ക്കെടുത്തിരിക്കുന്നത്. കാര്‍പാര്‍ക്കിങ് ഏരിയയും കരാറില്‍ ഉള്‍പ്പെടുന്നു. വിദേശ രാജ്യങ്ങളില്‍ ആപ്പിള്‍ വ്യവസായം വിപുലീകരിക്കുന്നതിനെതിരെ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് രൂക്ഷവിമര്‍ശനം ഉന്നയിച്ച സാഹചര്യത്തിലാണ് കമ്പനി ഇന്ത്യയില്‍ 10 വര്‍ഷക്കാലത്തേക്ക് ഓഫീസ് കെട്ടിടം വാടകയ്ക്കെടുത്തിരിക്കുന്നതെന്നത് ശ്രദ്ധേയമാണ്.
സുരക്ഷാ നിക്ഷേപമായി 31.57 കോടി രൂപ കമ്പനി നല്‍കിയതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. വര്‍ഷം 4.5 ശതമാനം വാടകയിനത്തില്‍ വര്‍ധനവുമുണ്ടാവും. 2025 ഏപ്രില്‍ മൂന്നിനാണ് കരാര്‍ ആരംഭിച്ചത്. 1.5 കോടി രൂപ സ്റ്റാമ്പ് ഡ്യൂട്ടിയായും കമ്പനി നല്‍കിയിട്ടുണ്ട്. ഇതിന് പുറമെ സ്പാര്‍ക്കിള്‍ വണ്‍ മാള്‍ ഡെവലപ്പേഴ്സില്‍ നിന്ന് 8000 ചതുരശ്ര അടി ഓഫീസ് സ്പേസും 10 വര്‍ഷത്തേക്ക് കമ്പനി വാടകയ്ക്കെടുത്തിട്ടുണ്ട്. വര്‍ഷം 2.09 കോടി രൂപയോളമാണ് ഇതിന്റെ വാടക.
ഇന്ത്യയില്‍ വ്യവസായം വിപുലീകരിക്കുന്നതിന്റെ ഭാഗമായി രാജ്യത്ത് എഞ്ചിനീയറിങ്, ഓപ്പറേഷന്‍ ടീമുകള്‍ വിപുലീകരിച്ചുകൊണ്ടിരിക്കുകയാണ് ആപ്പിള്‍. ഇതോടൊപ്പം റീട്ടെയില്‍ രംഗത്തും സാന്നിധ്യം വര്‍ധിപ്പിച്ചുവരികയാണ്. മുംബൈയിലും ഡല്‍ഹിയിലും സ്റ്റോറുകള്‍ ആരംഭിച്ചതിന് പിന്നാലെ ബെംഗളുരുവിലെ ഫീനിക്സ് മാള്‍ ഓഫ് ഏഷ്യയില്‍ ഇന്ത്യയിലെ മൂന്നാമത്തെ ആപ്പിള്‍ സ്റ്റോര്‍ ആരംഭിക്കാനൊരുങ്ങുകയാണ് കമ്പനി.