- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പൊലീസിനെ ഭയന്ന് രക്ഷപ്പെടുന്നതിനിടെ കുടിയേറ്റക്കാരനായ യുവാവ് സ്‌കൂട്ടര്‍ അപകടത്തില്‍ മരിച്ച സംഭവം; സ്വിസ് നഗരമായ ലോസാനില്‍ വന്‍ കലാപം; രോഷാകുലരായ യുവാക്കളും പൊലീസും തമ്മില്‍ തെരുവില്‍ ഏറ്റുമുട്ടല്‍; വംശീയ സന്ദേശങ്ങള്‍ക്ക് നാലുപൊലീസുകാര്‍ക്ക് സസ്പെന്ഷന്
സ്വിസ് നഗരമായ ലോസാനില്‍ വന്‍ കലാപം
ലൊസാന്‍: സ്വിറ്റ്‌സര്‍ലന്‍ഡിലെ ലൊസാന്‍ നഗരത്തില്‍ പൊലീസിനെ ഭയന്ന് രക്ഷപ്പെടുന്നതിനിടെ സ്‌കൂട്ടര്‍ അപകടത്തില്‍പ്പെട്ട് 17-കാരന്‍ മരിച്ച സംഭവത്തെ തുടര്‍ന്ന് വ്യാപകമായ അക്രമസംഭവങ്ങള്‍. ഞായറാഴ്ച പുലര്‍ച്ചെയാണ് സംഭവം നടന്നത്. സംഭവത്തെ തുടര്‍ന്ന് നഗരത്തില്‍ രോഷാകുലരായ ജനക്കൂട്ടം പൊലീസുമായി ഏറ്റുമുട്ടി. കുടിയേറ്റക്കാരനായ കൗമാരക്കാരനാണ് കൊല്ലപ്പെട്ടത്.
മോഷ്ടിച്ച സ്‌കൂട്ടറില്‍ പാഞ്ഞ 17-കാരനായ മാര്‍വിന്‍ എം എന്ന യുവാവിനെ പൊലീസ് പിന്തുടരുകയായിരുന്നു. ഇതിനിടെ യുവാവ് നിയന്ത്രണം വിട്ട് മതിലിലിടിച്ച് തെറിക്കുകയായിരുന്നു. സംഭവസ്ഥലത്ത് വെച്ച് തന്നെ ഇയാളുടെ മരണം സംഭവിച്ചു. ഇയാളെ രക്ഷിക്കാനുള്ള ശ്രമം വിഫലമായി. സംഭവത്തിലേക്ക് നയിച്ച സാഹചര്യങ്ങളെ കുറിച്ച് പബ്ലിക് പ്രോസിക്യൂട്ടര്‍ ക്രിമിനല്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
സംഭവത്തെ തുടര്‍ന്ന് ഞായറാഴ്ച രാത്രി 100 ഓളം യുവാക്കള്‍ മുഖം മറച്ച് പ്രെലാസ് മേഖലയില്‍ സംഘടിക്കുകയും പൊലീസിന് നേരെ പടക്കങ്ങള്‍ വലിച്ചെറിയുകയും ചെയ്തു. കൂടാതെ, ചപ്പുചവറുകള്‍ കൂട്ടിയിട്ട് തീയിടുകയും ലൊസാന്‍ ട്രാന്‍സ്‌പോര്‍ട്ട് കമ്പനിയുടെ ബസിന് കേടുപാടുകള്‍ വരുത്തുകയും ചെയ്തു. തിങ്കളാഴ്ച രാത്രി സ്ഥിതി കൂടുതല്‍ വഷളായി. 150 മുതല്‍ 200 വരെ ആളുകള്‍ റോഡുകളില്‍ ചപ്പുചവറുകള്‍ കൂട്ടിയിട്ട് തീയിട്ട് ഗതാഗതം തടസ്സപ്പെടുത്തി. ഇതിനെ തുടര്‍ന്ന് ഏകദേശം 140 പൊലീസുകാര്‍ ഇവരെ നേരിടാന്‍ രംഗത്തെത്തുകയും കണ്ണീര്‍ വാതകവും റബ്ബര്‍ ബുള്ളറ്റുകളും പ്രയോഗിക്കുകയും ചെയ്തു.
ഇത് ലൊസാനിലെ പൊലീസ് നടപടികളുമായി ബന്ധപ്പെട്ട് അടുത്തിടെയുണ്ടായ മൂന്നാമത്തെ മരണമാണ്. 2016 മുതല്‍ ലൊസാനിലും സമീപ പ്രദേശങ്ങളിലുമായി പൊലീസ് ഇടപെടലുമായി ബന്ധപ്പെട്ട് ഏഴ് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇതില്‍ അഞ്ചും ആഫ്രിക്കന്‍ വംശജരായ പുരുഷന്മാരാണ്. കഴിഞ്ഞ ദിവസം പൊലീസുകാരുടെ സ്വകാര്യ വാട്ട്‌സ്ആപ്പ് ഗ്രൂപ്പുകളില്‍ വംശീയ, സ്ത്രീവിരുദ്ധ, വിവേചനപരമായ സന്ദേശങ്ങള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് നാല് പൊലീസുകാരെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. ഈ സംഭവങ്ങള്‍ രാജ്യത്ത് വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിട്ടുണ്ട്.